രാവിലെ ഒാഫിസിൽ പോകാൻ നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത് മുഖമാകെ നീരു വന്ന് വീങ്ങിയപോലെ. തലേന്ന് ഒരുപാട് താമസിച്ച് ഉറങ്ങിയതിന്റെ പ്രശ്നമാണ്. ഇനി എന്തു ചെയ്യും? വിങ്ങിവീർത്ത മുഖവുമായി വന്ന് ‘നിനക്ക് എന്തുപറ്റി?’ എന്ന ചോദ്യം കേട്ട് മടുക്കാനൊന്നും പുതിയകാലത്തെ പെൺകുട്ടികളെ കിട്ടില്ല. നേരേ ഫ്രീസറിൽ നിന്ന് ഒരു ഐസ് കഷണം എടുക്കുന്നു ഒരു ടവലിൽ പൊതിഞ്ഞ് മുഖത്തു കൂടി ഒന്നു രണ്ടു തവണ തടവുന്നു. മുഖമതാ സൂപ്പർ ഫ്രഷ്... ഇങ്ങനെ നൊടിയിട കൊണ്ട് സുന്ദരിയാകാൻ സഹായിക്കുന്ന പൊടിക്കൈകളും ഇൻസ്റ്റന്റ് മേക്ക് ഒാവർ ടിപ്സും അറിയാം. ഒപ്പം വളരെ കുറഞ്ഞ ദിവസം കൊണ്ടു തന്നെ സൗന്ദര്യപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ചികിത്സകളെക്കുറിച്ചും വായിക്കാം.
10 ദിവസം കൊണ്ട് സുന്ദരിയാകാൻ ചികിത്സകൾ
പെട്ടെന്ന് ഒരു ഫങ്ഷൻ വരുമ്പോഴാകും മുഖത്തെ പാടിനെക്കുറിച്ചും കരിവാളിപ്പിനെക്കുറിച്ചും ചിന്തിക്കുന്നത്. പക്ഷേ, രാവിലെ പോയി ശരിയാക്കി വൈകിട്ടു മടങ്ങാവുന്നതു പോലുള്ള സൗന്ദര്യചികിത്സകൾ ഉള്ളപ്പോൾ ഈ പ്രശ്നങ്ങൾ ആരു കാര്യമാക്കുന്നു. ചില ചികിത്സകൾ കഴിഞ്ഞ് രണ്ടു മൂന്നു ദിവസത്തേക്ക് ചെറിയ പാടുകൾ കാണും. അതുകൊണ്ട് കുറഞ്ഞത് 10 ദിവസമെങ്കിലും വേണം ഈ ചികിത്സ ചെയ്ത് ഫലം പൂർണമായും പ്രകടമാകാനെന്നു മാത്രം.
തിളങ്ങുന്ന മുഖചർമത്തിന്
∙ പീലിങ്: മുഖക്കുരു മൂലമുള്ള പാടുകൾ, മൃതചർമം, പിഗ്െമന്റേഷൻ, മുഖത്തെ കരുവാളിപ്പ് എന്നിവ മാറ്റി ചർമം തിളക്കമുള്ളതാക്കുന്നു. മുഖത്തെ അടഞ്ഞ സുഷിരങ്ങൾ തുറന്ന് മുഖക്കുരു പരിഹരിക്കുന്നു. പലതരത്തിലുള്ള പീലിങ് ഉണ്ട്. മുഖത്തെ പ്രശ്നങ്ങളുടെ ആഴവും വ്യാപ്തിയും അനുസരിച്ചാണ് ഏതു പീലിങ് വേണം എന്നു നിശ്ചയിക്കുന്നത്.
∙ െെമക്രോ ഡെർമബ്രേഷൻ: മുഖചർമം വരണ്ട് ജീവനില്ലാത്തതാണെങ്കിൽ അലുമിനിയം, ഡയമണ്ട് െെമക്രോ ക്രിസ്റ്റലുകൾ എന്നിവ ഉപയോഗിച്ചു മെഷീന്റെ സഹായത്തോടെ ചർമം പോളീഷ് ചെയ്യാം. മുഖചർമത്തിലെ സുഷിരങ്ങൾ തുറന്നു മുഖക്കുരു കുറച്ച് പുതിയ ചർമം രൂപപ്പെടാനും ഇതു സഹായിക്കും. .
∙ ലേസർ ട്രീറ്റ്മെന്റ്: ചർമത്തിലെ പിഗ്‌മെന്റേഷനും പാടുകളും അനാവശ്യരോമങ്ങളും കുഴികളും മറ്റും കുറയ്ക്കാൻ ഏറ്റവും ഫലപ്രദമാണ് ലേസർ ചികിത്സ. കെമിക്കൽ പീലിങ്ങിലൂടെ മാറാത്ത പാടുകൾ പോലും മായ്ക്കാം. മാത്രമല്ല ഇത് ചർമത്തിലെ കൊളാജെൻ ഉത്തേജിപ്പിക്കുകയും അയഞ്ഞുതൂങ്ങിയ ചർമം ദൃഢമാക്കുകയും ചെയ്യുന്നു. മുഖത്തെ അനാവശ്യരോമങ്ങൾ കരിച്ചുകളയാനും ഉപയോഗിക്കുന്നു.
∙െെഹഡ്രഫേഷ്യൽ: സാധാരണ ഫേഷ്യലിൽ നിന്നും വ്യത്യസ്തമായി മുഖചർമം കൂടുതൽ ശോഭയുള്ളതാക്കാൻ സഹായിക്കും.
ചുളിവുകൾക്കു ബോട്ടോക്സ്
മുഖചർമത്തിലെ ചുളിവുകളിലേക്കു ശുദ്ധീകരിച്ച പ്രോട്ടീൻ കുത്തിവയ്ക്കുകയാണു ചെയ്യുന്നത്. ആന്റി ഏജിങ് ക്രീമുകളെ അപേക്ഷിച്ച് ഏറെ ഫലപ്രദമാണ് ഈ ചികിത്സ. 10 മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന ചികിത്സയുടെ ഫലം ഏഴു ദിവസം കൊണ്ട് മുഖത്തു പ്രകടമാകും. സാധാരണയായി നെറ്റിത്തടങ്ങൾ, പുരികങ്ങൾക്ക് ഇടയിലുള്ള ഭാഗം, കണ്ണുകൾക്ക് ഇരുവശം, ചുണ്ടുകളുടെ വശങ്ങൾ, കൺ കോണുകൾ എന്നീ ഭാഗങ്ങളിലെ ചുളിവുകൾ ഈ രീതിയിൽ പരിഹരിക്കാം. കവിളുകൾ കുറയ്ക്കുക, മോണകാട്ടിയുള്ള ചിരി (Gummy Smile) ശരിയാക്കുക, പുരികങ്ങൾ അഴകുള്ളതാക്കുക, കണ്ണുകൾക്ക് ചുറ്റുമുള്ള വരകൾ മായ്ക്കുക എന്നിവയ്ക്കും ബോട്ടോക്സ് ഇൻജക്‌ഷൻ എടുക്കുന്നു.
കവിൾ തുടുക്കാൻ ഫില്ലറുകൾ
പ്രായം കൂടുന്തോറും ശരീരത്തിൽ നിന്നു നഷ്ടമാകുന്ന െെഹലുറോണിക് പ്രോട്ടീൻ െജൽരൂപത്തിൽ കുത്തിവച്ചു ചർമം ഇടിഞ്ഞുതൂങ്ങുന്നതു കുറയ്ക്കുന്നു. കവിളും മുഖവും തുടുക്കാൻ മാത്രമല്ല മുഖത്തുള്ള കുഴികൾ നികത്താനും പുരികത്തിന് ആകൃതി വരുത്താനും ഒട്ടിയ മൂക്കിന് ആകൃതി നൽകാനും കണ്ണിനു താഴെയുള്ള കുഴി മാറ്റാനും താടി ആകൃതി വരുത്തുക (Chin shaping), കഴുത്തിനു മുൻവശത്തായി കാണപ്പെടുന്ന ബാൻഡ് പോലുള്ള കുഴികൾ നികത്താനും ഇതു സഹായിക്കും. 30 മിനിറ്റ് മാത്രമെടുക്കുന്ന ചികിത്സയുടെ ഫലം ആറു മാസം മുതൽ രണ്ടു വർഷം വരെ നിൽക്കും.
കണ്ണിന്റെ ചുറ്റുമുള്ള കറുപ്പ് അകറ്റാനും താഴെ വീർത്തു സഞ്ചി പോലെ തൂങ്ങിക്കിടക്കുന്നത് മാറ്റാനും ബ്ലഫറോപ്ലാസ്റ്റി ചെയ്യാം. ഒരു ദിവസം കൊണ്ട് ചെയ്ത് വീട്ടിൽ പോകാം. കൺപോളയിലെ ചുളിവു മാറ്റി യുവത്വവും സൗന്ദര്യവും നൽകാനും ചികിത്സകളുണ്ട്.
ഇരട്ടതാടിയും ചപ്പിയ മൂക്കും
താടിക്കു താഴെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇരട്ടതാടിയായി കാണുന്നത്. കീ ഹോൾ രീതിയിൽ കൊഴുപ്പ് വലിച്ചെടുത്ത് കളഞ്ഞ് സുന്ദരമാക്കാം. ശസ്ത്രക്രിയ കൂടാതെ മൂക്കിന്റെ ആകൃതി ശരിയാക്കുന്ന രീതിയാണ് നോൺ സർജിക്കൽ റൈനോപ്ലാസ്റ്റി. ചപ്പിയ മൂക്ക്, പരന്ന മൂക്ക് എന്നിവ ഇതുവഴി പരിഹരിക്കാം.
എന്തിനും ഇൻസ്റ്റന്റ് പരിഹാരം തേടുന്ന പുതുതലമുറയ്ക്ക് ഈ പുത്തൻ ചികിത്സാമാർഗങ്ങളും പൊടിക്കൈകളും അനുഗ്രഹം തന്നെയാണ്. പക്ഷേ വെളുക്കാൻ തേച്ചത് പാണ്ടാകാതിരിക്കണമെങ്കിൽ അൽപം ശ്രദ്ധ പുലർത്തണമെന്നു മാത്രം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. അഞ്ജന മോഹൻ
കൺസൽറ്റന്റ് കോസ്മറ്റിക് ഡെർമറ്റോളജിസ്റ്റ്, സ്കിൻ സീക്രട്ട്സ് ക്ലിനിക്, ഇടപ്പള്ളി, കൊച്ചി
ശിവ;മേക്കപ് ആർട്ടിസ്റ്റ്, തൃശൂർ