Wednesday 18 September 2024 02:07 PM IST

‘ചികിത്സ തേടിയിട്ടും ഒരാഴ്‌ചയിൽ കൂടുതൽ ചുമയും കഫക്കെട്ടും നീണ്ടു നിന്നാൽ അവഗണിക്കരുത്’; കുഞ്ഞുങ്ങളിലെ കഫക്കെട്ട്, അറിയേണ്ടതെല്ലാം

Ammu Joas

Senior Content Editor

_08I4386

ചുമയും  കഫക്കെട്ടുമല്ലേ, മൂന്നാലു ദിവസം കൊണ്ട് മാറിക്കോളും എന്നു കരുതരുത്. കുഞ്ഞുങ്ങളിലെ കഫക്കെട്ടു നിസ്സാരമല്ല. തക്ക സമയത്തു ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ അ തു ന്യുമോണിയ ആയി മാറാം. ജീവനു തന്നെ ഭീഷണിയാകും. കുഞ്ഞുങ്ങളിലെ കഫക്കെട്ടിനെക്കുറിച്ചും  പ്രതിരോധ മാർഗങ്ങളെ പറ്റിയും അറിയാം.

അവയവങ്ങളുടെ കാവൽ

രോഗാണുക്കളിൽ നിന്ന് അവയവങ്ങളെ കാക്കുന്ന സുര ക്ഷാ ആവരണമാണു കഫം. യുദ്ധം മുറുകുമ്പോൾ സേനാമേധാവി കൂടുതൽ പട്ടാളക്കാരെ അയയ്ക്കില്ലേ. അതു തന്നെയാണു ശരീരവും ചെയ്യുന്നത്.

രോഗാണുക്കൾ പെരുകുമ്പോൾ അതിനെ നേരിടാൻ ശരീരം കഫമുണ്ടാക്കും.  ഇതു കഫക്കെട്ടായി മാറും. യുദ്ധഭൂമിയിലെ ശബ്ദകോലാഹലം പോലെ ചുമയും കൂടെയെത്തും.  മൂക്കു മുതൽ ശ്വാസകോശം വരെയുള്ള ശ്വസനവ്യവസ്‌ഥയുടെ ഏതു ഭാഗത്തും കഫം ഉണ്ടാകാം.

കഫക്കെട്ടു പ്രധാനമായും രണ്ടു തരത്തിൽ വരാം. അ ണുബാധ മൂലവും അലർജി മൂലവും. അണുബാധ മൂലമുണ്ടാകുന്ന കഫക്കെട്ടുണ്ടെങ്കിൽ  പനി വരും. ശ്വാസകോശം, മൂക്ക്, തൊണ്ട എന്നിവടങ്ങളിൽ അണുബാധയും ഉണ്ടാകാം. അലർജി മൂലം കഫക്കെട്ടുണ്ടാകുമ്പോൾ സാധാരണ പനി ഉണ്ടാകാറില്ല. എന്നാൽ കുറുകൽ ശബ്ദങ്ങളും മറ്റു വൈഷമ്യങ്ങളും ഉണ്ടാകും.

ശരീരത്തിന്റെ പ്രതിരോധകവചം കടന്നു പലതരത്തിലാണു രോഗാണുക്കൾ അകത്തുകടക്കുന്നത്.  പൊടി, പല തരത്തിലുള്ള അന്തരീക്ഷ മലിനീകരണം  ഇവ ഒക്കെ രോഗാണുവാഹകരായി മാറും.

തണുത്ത കാലാവസ്ഥ, തണുത്ത വെള്ളവും ഭക്ഷണവും ഇവ രോഗാണുക്കൾ പെരുകാൻ അനുകൂല സാഹച ര്യമൊരുക്കുന്നവയാണ്. തണുക്കുമ്പോൾ പ്രതിരോധശക്തി കുറയും. ആ തക്കം നോക്കി രോഗാണുക്കൾ ശരീരത്തിൽ വേഗത്തിൽ കയറിപ്പറ്റും.

ചുമയെ അവഗണിക്കരുത്

ചുമയോടൊപ്പം എല്ലായ്പ്പോഴും കഫക്കെട്ടു വരണമെന്നില്ല. കഫമുള്ള ചുമയും കഫമില്ലാത്ത ചുമയുമുണ്ട്. ചില സാഹചര്യങ്ങളിൽ വരണ്ട ചുമയാകും തുടക്കം. പിന്നീടതു കഫക്കെട്ടിലേക്കു മാറാം. കുട്ടികളെ ഏറ്റവുമധികം ബാധിക്കുന്ന രോഗലക്ഷണങ്ങളാണു ചുമയും കഫക്കെട്ടും. പനി പോലെ അത്ര എളുപ്പം മാറില്ല ചുമ. ചികിത്സ തേടി യിട്ടും ഒരാഴ്‌ചയിൽ കൂടുതൽ ചുമയും കഫക്കെട്ടും നീണ്ടു നിന്നാൽ അവഗണിക്കുകയോ സ്വയം ചികിത്സിക്കുകയോ അരുത്.

ചുമയ്ക്കുമ്പോൾ കുട്ടി തളർന്നു പോകുക, ചുമയുടെ ഇടവേള കുറയുക, ശ്വാസം വലിക്കുമ്പോൾ സാധാരണയിലും നെഞ്ച് ഉയർന്നു പൊങ്ങുക, ശ്വാസമെടുക്കുന്ന ശബ്ദം മാറുക ഇങ്ങനെ ലക്ഷണമുണ്ടെങ്കിൽ ചികിത്സ ഒട്ടും വൈകാതെ ഡോക്ടറെ കാണിക്കണം.

കുട്ടികളെ ബോധ്യപ്പെടുത്തണേ

_08I4492

ചുമയിലൂടെ കഫത്തെ പുറന്തള്ളുമ്പോൾ വൈറൽ, ബാക്ടീരിയൽ അണുബാധ മൂലമുള്ള രോഗാണുക്കളും കഫത്തോടൊപ്പം പുറത്തു പോകും. രോഗാണുക്കളെ പുറത്തുചാടിക്കാനുള്ള ശരീരത്തിന്റെ  മാർഗം കൂടിയാണ് ചുമയും കഫവും. കഫത്തിലൂടെ പുറത്തെത്തിയ രോഗാണു വളരെ പെട്ടെന്നു മറ്റൊരാളുടെ ശരീരത്തിൽ എത്തിച്ചേരാം.

അതുകൊണ്ടാണു തുറസ്സായ സ്‌ഥലങ്ങളിൽ കഫം തുപ്പരുതെന്നു പറയുന്നത്. വാഷ് ബേസിനിൽ തുപ്പിയശേഷം വെള്ളം തുറന്നു വിട്ട് ക്ലീൻ ചെയ്യണം. കുട്ടികളെ ഇക്കാര്യം ബോധ്യപ്പെടുത്തണം. നമ്മുടെ ശ്രദ്ധക്കുറവ് മറ്റൊരാളുടെ ആരോഗ്യത്തെ ബാധിക്കാമെന്നു മനസ്സിലാക്കിക്കൊടുക്കുക.

ചെറിയ കുട്ടികൾ പലപ്പോഴും കഫം തുപ്പിക്കളയാതെ വായിൽ വയ്ക്കുകയോ വിഴുങ്ങുകയോ ചെയ്യും. അതിൽ പേടിക്കേണ്ടതില്ല. വിഴുങ്ങിയ കഫത്തിലുള്ള രോഗാണുക്കളെ ആമാശയത്തിലുള്ള ഹൈഡ്രോക്ലോറിക് ആസിഡ് നശിപ്പിക്കും.

ആമാശയത്തിൽ നിന്നു താഴേക്കു പോകുമ്പോൾ ദഹനരസങ്ങൾ ശേഷിക്കുന്ന അണുക്കളെയും കൊല്ലും. അതു മലത്തിലൂടെ ശരീരം പുറംതള്ളും. അതുകൊണ്ടു കുഞ്ഞ്, കഫം വിഴുങ്ങിയാലും വേവലാതിപ്പെടേണ്ട കാര്യമില്ല.

ജലദോഷം വരാതെ നോക്കണം

കഫക്കെട്ട് വരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം ജലദോഷമോ ചുമയോ കുട്ടികളെ ബാധിക്കാതെ നോക്കുക എന്നതാണ്. വീട്ടിൽ മുതിർന്നവർക്കു ജലദോഷമോ ചുമയോ ഉണ്ടെങ്കിൽ അതു പകരാതിരിക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യകാര്യങ്ങൾക്കു മാത്രം കുട്ടിയുടെ അടുത്തു പോകുക. ഇടയ്ക്കിടെ കൈകൾ നന്നായി സോപ്പിട്ടു കഴുകി, തുടച്ചു വൃത്തിയാക്കുകയും വേണം.

‌കുട്ടിയുടെ സമീപത്തിരുന്നു തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്. മൂക്കു തുടച്ച തുണി കയ്യിൽ പിടിക്കുകയും വേണ്ട. ഇതിലൂടെയെല്ലാം കുഞ്ഞുശരീരത്തിലേക്കു രോഗാണുക്കൾ കടന്നു കൂടാം. മൂക്കും വായയും മൂടുന്ന വിധത്തിലുള്ള മാസ്ക് ധരിക്കുന്നതാണ് ഉത്തമം.

ജലദോഷവും പനിയും ചുമയുമുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാതെ വീട്ടിൽ വിശ്രമിക്കാൻ അനുവദിക്കുക. മറ്റു കുട്ടികളുടെയും ആരോഗ്യത്തിന് അതാണു നല്ലത്.

ചുമയോ ജലദോഷമോ കഫക്കെട്ടോ ഉണ്ടായാൽ കുഞ്ഞുങ്ങളുടെ മൂക്ക് അടയും. അടഞ്ഞ മൂക്ക് തുറന്നു കിട്ടാൻ സലൈൻ നേസൽ ഡ്രോപ്പുകൾ ഒന്നോ രണ്ടോ തുള്ളി വീതം ഓരോ മൂക്കിലും ഇറ്റിച്ചു കൊടുക്കാം.

ചുമയും കഫക്കെട്ടും ഉള്ളപ്പോൾ നെഞ്ചുഭാഗം തലയണ വച്ച് ഉയർത്തി കുഞ്ഞിനെ കിടത്താം. ചുമ കുറഞ്ഞ് കുഞ്ഞു സുഖമായി ഉറങ്ങും.

ന്യൂമോണിയയുള്ള കുട്ടികളിലെ കഫക്കെട്ടു തുടക്കത്തിൽ അറിയാൻ കഴിയണമെന്നില്ല. പനി, പതിവിലും വേഗത്തിലുള്ള ശ്വാസഗതി ഇവയുണ്ടെങ്കിൽ കുട്ടിയെ ശ്രദ്ധിക്കണം. ആറു മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളിൽ മിനിറ്റിൽ 60ലും ആറു മാസം മുതൽ ഒരു വയസ്സു വരെയുള്ള കുഞ്ഞുങ്ങളിൽ മിനിറ്റിൽ 50ലും ഒരു വയസ്സിൽ കൂടുതലുള്ള കുഞ്ഞുങ്ങളിൽ 40ലും കൂടുതലാണു ശ്വാസഗതിയെങ്കിൽ ന്യൂമോണിയ മൂലമുള്ള കഫക്കെട്ടും ശ്വാസതടസ്സവുമുണ്ടോയെന്നു പരിശോധിക്കണം.

അലർജിയുള്ളവർക്കു വേണം കരുതൽ

അലർജി മൂലം  കഫക്കെട്ടുണ്ടാകുമ്പോഴും  കുറുകൽ ശ ബ്ദമുണ്ടാകാം എന്നാൽ പനിയുണ്ടാകാറില്ല. ഒരാഴ്ചയിലധികം ചുമയും കഫക്കെട്ടും നീണ്ടു നിന്നാൽ അലർജിയാണോ കാരണമെന്നു പരിശോധിക്കണം. കുട്ടികളിലെ അലർജിക്കു കാരണം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ   ആ സ്‌മയായി മാറാം. ചർമത്തിൽ അലർജിയോ മറ്റോ ഉള്ള കുട്ടികൾക്കു പ്രത്യേക ശ്രദ്ധ നൽകണം.

ആസ്മയുള്ള കുഞ്ഞുങ്ങളിൽ കഫക്കെട്ട് ഉള്ളതു പോ ലെ തോന്നാം. പക്ഷേ, ചുമയ്ക്കുമ്പോൾ കഫം പുറത്തേക്കു വരണമെന്നില്ല.

ആസ്മയ്ക്കു ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണമെന്നതു തെറ്റായ ധാരണയാണ്. യഥാർഥ കാരണം കണ്ടെത്തി മുടങ്ങാതെ മരുന്നു കഴിച്ചാൽ കുറഞ്ഞകാലം കൊണ്ട് അലർജി കൊണ്ടുള്ള ആസ്‌മ ഭേദമാക്കാം.

അലർജിയുള്ള കുട്ടികൾ വീട്ടിലുണ്ടെങ്കിൽ വീടു വൃത്തിയാക്കി വയ്ക്കുക. സാധനങ്ങൾ വലിച്ചുവാരിയിടാതെ അടുക്കി വയ്ക്കാൻ ശ്രദ്ധിക്കണം. കർട്ടൻ, ബെഡ് ഷീറ്റ്, കുഷന്‍ കവർ എന്നിങ്ങനെ സോഫ്റ്റ് ഫർണിഷിങ് കൃത്യമായ ഇടവേളയിൽ മാറ്റാനും വാക്വം ക്ലീൻ ചെയ്യാനും ഓർക്കുക. അരുമ മൃഗങ്ങളെയും പക്ഷികളെയും കുഞ്ഞുങ്ങളിൽ നിന്ന് അകറ്റി നിർത്തുക. ഇങ്ങനെ അലർജി ഒഴിവാക്കാൻ പൊതുവായി ചെയ്യാവുന്ന കാര്യങ്ങളുണ്ട്. ഇവയിൽ ശ്രദ്ധ വയ്ക്കുക. കൂടാതെ കുട്ടികൾക്ക് അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ നിരീക്ഷിച്ചു കണ്ടെത്തി ഒഴിവാക്കാനും ശ്രദ്ധിക്കുക.

മഴക്കാലവും ആഹാരവും

∙ കുട്ടികൾക്ക് കഫരോഗങ്ങൾ ഒഴിവാക്കുന്ന ആഹാരം വേണം മഴക്കാലത്തു നൽകാൻ. തണുപ്പുള്ളവ ഒഴിവാക്കാം. ഐസ്‌ക്രീമോ തണുത്ത വെള്ളമോ മാത്രമല്ല പറയുന്നത്. തൈര്, തണ്ണിമത്തൻ പോലുള്ളവയും ഒഴിവാക്കണം.

∙ ആഹാരം ചൂടോടെ നൽകുന്നതു ദഹനം സുഗമമാ  ക്കാനും മഴക്കാല ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കഞ്ഞിവെള്ളം നൽകുന്നതു ക്ഷീണമകറ്റും. പച്ചക്കറി ചേർത്ത് സൂപ്പ് തയാറാക്കിയും നൽകാം.

∙ എണ്ണമയവും എരിവുമുള്ള ആഹാരം കുഞ്ഞുങ്ങൾക്ക് നൽകാതിരിക്കുന്നതാണു നല്ലത്. അത്താഴ വിഭവങ്ങളില്‍ നിന്നു പ്രത്യേകിച്ചും. 

∙ ധാരാളം വെള്ളം കുടിപ്പിക്കണം. നിർജലീകരണം വ രാതിരിക്കാൻ മാത്രമല്ല കഫത്തിന്റെ കട്ടി കുറയ്ക്കാനും അതുവഴി കഫം അലിയിച്ചു കളയാനും ഇതു നല്ല വഴിയാണ്.  

∙ മഴക്കാലത്തു ശരീരത്തിൽ അധികം തണുപ്പടിക്കാതെ ശ്രദ്ധിക്കണം. കുട്ടികളെ ഉറക്കാൻ കിടത്തുമ്പോൾ സോക്സ് ധരിപ്പിക്കുക. പുതപ്പിച്ചു കിടത്തുക.

ഫോട്ടോ: ശ്യാംബാബു

വിവരങ്ങൾക്കു കടപ്പാട്: ഡോ. മുരാരി കെ.എസ്.

കൺസൽറ്റന്റ് പീഡിയാട്രിഷൻ,

ജനറൽ ഹോസ്പിറ്റൽ, കോട്ടയം

Tags:
  • Health Tips
  • Glam Up