Monday 03 July 2023 02:25 PM IST

കല്യാണം കയ്പ്പാകുന്നത് ആർക്കെല്ലാം...,വിവാഹത്തെ പേടിക്കുന്നത് ഗാമോഫോബിയ ഉള്ളവരോ?; എന്താണ് ഗാമോഫോബിയ?

Santhosh Sisupal

Senior Sub Editor

gamophobia-fear-anxiety-in-relationship-cover

മകൾ വിവാഹത്തിനു സമ്മതിക്കുന്നില്ല എന്ന സങ്കടവുമായി സൈക്കോളജിസ്റ്റിനെ കാണാൻ, അമ്മയാണ് മകളേയും കൂട്ടി വന്നത്. കൊച്ചി നഗരത്തിൽ ഒരു മൾട്ടിനാഷനൽ കമ്പനിയിൽ ജോലി ചെയ്യുന്ന 29 കാരിയാണ് മകൾ.

‘‘സർ, മകളോടു കാര്യം ചോദിച്ചു മനസിലാക്കണം. അവൾക്കു മറ്റെന്തെങ്കിലും താൽപര്യം,.. മറ്റാരെയെങ്കിലും ഇഷ്ടമാണെങ്കിലും ഞങ്ങൾക്കു സമ്മതമാണ്. കല്യാണം വൈകുന്നതിനാൽ ഒരു സമാധാനവുമില്ല’’–അവർ പറഞ്ഞു.

‘‘എനിക്കു വിവാഹം കഴിക്കാൻ താൽപര്യമില്ല. എന്തിനാണ് എല്ലാവരും വിവാഹത്തിനു നിർബന്ധിക്കുന്നത്. വിവാഹത്തെക്കുറിച്ചു ആലോചിക്കുമ്പോൾ പേടിയാണ്’’– വിഷാദവും ഉതകണ്ഠയും കലർന്ന ഭാവത്തോടെ മകൾ.

വിവാഹത്തെക്കുറിച്ച് പറയുമ്പോൾ 30 വയസ്സു കഴിഞ്ഞ് ആലോചിക്കാം എന്നു പറയുന്ന കുട്ടികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ എണ്ണം കൂടിവരുന്നു. കല്യാണം കയ്പ്പാണ് എന്ന മനോഭാവം പെൺകുട്ടികളിൽ കൂടിവരുന്നുണ്ട് എന്ന നിരീക്ഷണവും പൊതുമണ്ഡലത്തിലുണ്ട്. ഗാമോഫോബിയ എന്ന വാക്കിൽ വിവാഹത്തോടുള്ള ഈ വിരോധത്തെ കാണുന്നതിൽ അർഥമുണ്ടോ? എന്താണ് ഗാമോഫോബിയ?

ഗാമോഫോബിയ

gamophobia-fear-anxiety-in-relationship

വിവാഹം പോലെയുള്ള ഉത്തരവാദിത്വമുള്ള ബന്ധങ്ങളിൽ ഏർപ്പെടാനുള്ള ഭയമാണ് ഗാമോഫോബിയ (Gamophobia). മറ്റു എല്ലാ ഫോബിയകളേയും പോലെ ഉത്കണ്ഠയെ അടിസ്ഥാനമാക്കിയുള്ള ഒരു മാനസികാരോഗ്യ പ്രശ്നമാണ് ഗാമോഫോബിയയും. ഇതിനു സ്ത്രീ–പുരുഷ ഭേദമില്ല, ആരിലുമുണ്ടാവാം.

അടിസ്ഥാനരഹിതമായ ഭയം അഥവാ ഫോബിയ തീവ്രമാണെങ്കിൽ വിവാഹത്തിനു മാത്രമല്ല നിണ്ടകാല ബന്ധങ്ങൾക്കെല്ലാം തടസ്സമായി എന്നു വരാം. ഉദാഹരണമായി തീവ്രമായ ഗാമോഫോബിയ ഉള്ള ഒരു വ്യക്തിക്കു നീണ്ടുനിൽക്കുന്ന സൗഹൃദബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനു പോലും ബുദ്ധിമുട്ടുണ്ടായി എന്നു വരാം. അഥവാ ഒരു ബന്ധത്തിൽ തുടരാൻ തീരുമാനിച്ചാലും അതു അവസാനിച്ചു പോകുമോയെന്ന ഉത്കണ്ഠ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും.

ഗാമോഫീലിയ ഉള്ളവർക്ക് പലപ്പോഴും മറ്റു സന്തുഷ്ടരായ ദമ്പതികളെയോ പ്രണയിതാക്കളെയോ കാണുമ്പോൾ കാര്യമായ ഉത്കണ്ഠ അനുഭവപ്പെടുകയും ആ സാഹചര്യങ്ങളെ ഇല്ലാതാക്കാനോ ഒഴിഞ്ഞുമാറാനോ പരമാവധി ശ്രമിച്ചെന്നും വരും. തന്നിൽ നിന്നും മറ്റുള്ളവരെ അകാരണമായി അകറ്റി നിർത്തുന്നതും ബന്ധങ്ങൾ പൊടുന്നനെ അവസാനിപ്പിക്കുന്നതും ഇക്കൂട്ടരിൽ സാധാരണമാണ്.

പലരും സ്വയം തിരിച്ചറിയാതെ പോകുന്ന, ഈ മാനസിക വൈകല്യം ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ അഞ്ചു മുതൽ 10 ശതമാനം പേരിൽ ഉണ്ടാകാമെന്നാണ് കണക്കാക്കുന്നത്.

സാധ്യത കൂടിയവർ

താൻ ഉപേക്ഷിക്കപ്പെടുമോ എന്ന അരക്ഷിതബോധം അനുഭവിക്കുന്ന മാനസിക വൈകല്യമാണ് ബോഡർലൈൻ പെഴ്സണാലിറ്റി ഡിസോർഡർ(BPD). ഈ വ്യക്തിത്വവൈകല്യം സ്ത്രീകളിലാണ് കൂടുതൽ കാണാറ്. ഈ പ്രശ്നമുള്ളവരിൽ ഗാമോഫോബിയ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ബന്ധങ്ങളിൽ അസ്ഥിരത ഉണ്ടായിക്കൊണ്ടിരിക്കും. ഉത്കണ്ഠാരോഗങ്ങളുള്ള കുടുബചരിത്രമുള്ളവർക്കും ഈപ്രശ്നം രൂപപ്പെട്ടു എന്നു വരാം.

വിവാഹത്തോടുള്ള ഭയം

gamophobia-fear-anxiety-in-relationship-marriage-fear

എന്നാൽ, ഇത്തരത്തിൽ വിവാഹത്തോടു ഭയം പുലർത്തുന്ന എല്ലാവർക്കും ഗാമോഫോബിയ ആകണമെന്നില്ല. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഭയം (ഫിലോഫോബിയ), സെക്സിനോടുള്ള ഭയം (ജിനോഫോബിയ), സ്നേഹിക്കുന്നവരാൽ വേദനിപ്പിക്കപ്പെടുമോയെന്ന ഭയം (പിസ്റ്റാന്ത്രോഫോബിയ) തുടങ്ങിയ കാരണങ്ങളോ അവയുടെ സമ്മിശ്രണങ്ങളോ വിവാഹ ഭയത്തിനു കാരണായി എന്നു വരാം.

അച്ഛനമ്മരുടെ അസ്വസ്ഥകരമായ ജീവിതം, ഒരു മുൻ ബ്രക്കപ്പ് അഥവാ വേർപിരിയൽ ഉണ്ടാക്കിയ മാനസികാഘാതം, തെറ്റായ ഒരു വ്യക്തി തന്റെ ജീവിത്തിലേക്കു കടന്നു വരുമോ എന്ന ഭയം, ഒരു മുന്നറിവുമില്ലാത്ത ഒരാളെ സാമൂഹിക സാംസ്കാരിക നിയമങ്ങളനുസരിച്ച് അറേഞ്ച് മാര്യേജിലൂടെ സ്വീകരിക്കാനുള്ള ഭയം ഇങ്ങനെ വിവിധ കാരണങ്ങളാലും ഗാമോഫോബിയ രൂപ്പെടാം.

ആദ്യം പറഞ്ഞ പെൺകുട്ടിക്കു ഗാമോഫോബിയ രൂപപ്പെടുന്നതിലേക്കു നയിച്ചത് അച്ഛനമ്മമാരുടെ സംഘർഷം നിറഞ്ഞ ജീവിതവും കുട്ടിക്കാലത്തു സംഭവിച്ച ഒരു സെക്ഷ്വൽ അബ്യൂസുണ്ടാക്കിയ മാനസികാഘാതവുമായിരുന്നു. കാരണങ്ങളെ തിരിച്ചറിഞ്ഞു പരിഹരിക്കാനായാൽ ഗമോഫോബിയയെ മറികടക്കാനാവും. കോഗ്നിറ്റീവ് ബിഹേവിയർ തെറപ്പി(CBT) വളരെ ഫലപ്രദമാണ്. സിസ്റ്റമിക് ഡീസെൻസിറ്റേഷൻ തെറപ്പി എന്നിവയും ഗുണം ചെയ്യും.

ഗാമോഫോബിയ ഉള്ളവർക്ക് കടുത്ത വിഷാദം, ആവർത്തിച്ചുള്ള ആത്മഹത്യ ചിന്തകളോ ശ്രമമോ, പാനിക് അറ്റാക്ക്, ലഹരി ഉപയോഗിക്കാനുള്ള താൽപര്യം തുടങ്ങിയവ ഉണ്ടെന്നു തോന്നിയാൽ ഒരു സൈക്യാട്രിസ്റ്റിന്റെ സേവനം ആദ്യമേ തേടാൻ മടിക്കരുത്. അവർക്കു തുടക്കത്തിൽ മരുന്നകളും പിന്നീട് മനശ്ശാസ്ത്ര പരിഹാരങ്ങളുമായിരിക്കും അഭികാമ്യം.