Monday 19 February 2024 05:18 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങൾ വായതുറന്ന് ഉറങ്ങുന്നത് നിസാരമായി കാണരുത്: പതിയിരിക്കുന്ന അപകടങ്ങൾ ഇങ്ങനെ

kids-sleep

വായ തുറന്നുവച്ചു കുട്ടികൾ ഉറങ്ങുന്നത് നിസ്സാരമായി കാണരുത്. അത് മുഖത്തിന്റെ ആകൃതിയേയും സൗന്ദര്യത്തേയും ബാധിക്കാം. കേൾവിക്കുറവുമുതൽ പഠന വൈകല്യങ്ങൾ വരെ ഉണ്ടാക്കാം.

കുട്ടികള്‍ വായ തുറന്ന് ഉറങ്ങുന്നത് കണ്ടിട്ടില്ലേ? അങ്ങനെ ഉറങ്ങുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ?

കുട്ടികള്‍ വായ തുറന്ന് ഉറങ്ങുന്നതിനു കാരണം അവരുടെ മൂക്കിലെ തടസ്സങ്ങളാവാം. മൂക്കിനുള്ളില്‍ ദശവളര്‍ച്ച പോലുള്ളവ കുട്ടികള്‍ക്കും സംഭവിക്കാം. മുതിര്‍ന്നവരുടെ കാര്യത്തില്‍ ദശവളര്‍ച്ചയൊക്കെ ഗൗരവമായി കണ്ട് ചികിത്സിക്കുന്ന രീതി വ്യാപകമാണ്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ അങ്ങനെയല്ല. എന്നാൽ ഈ പ്ശ്നം നിസ്സാരമായി കാണാനുമാവില്ല.

വായ തുറന്ന് ഉറങ്ങുന്നത് എങ്ങനെയാണ് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുകയെന്ന് നോക്കാം. മൂക്കിലൂടെ ശ്വസനം സ്വാഭാവികമായി നടക്കാത്ത സാഹചര്യത്തിലാണ് കുട്ടി വായ തുറന്ന് ഉറങ്ങുന്നത്. പന്ത്രണ്ടു വയസ്സുകഴിഞ്ഞാല്‍ കുട്ടികളുടെ ദന്തനിര ക്രമീകരിക്കാനായി പല്ലിൽ കമ്പികെട്ടുന്നത് വളരെ വ്യാപകമാണ്. വാസ്തവത്തില്‍ നമുക്ക് ഇടപെടാനുള്ളത് ഈ പ്രായമെത്തും മുമ്പാണ്. പന്ത്രണ്ടു വയസ്സാകുമ്പോഴേക്കും പലപ്പോഴും കുട്ടികളുടെ മുഖത്തിന്റെ ആകൃതിയില്‍ ആവശ്യമായ വളര്‍ച്ച കൈവന്നു കഴിഞ്ഞിരിക്കും.

കുഞ്ഞായിരിക്കെ തന്നെ കുട്ടി വായ തുറന്നാണ് ഉറങ്ങുന്നതെങ്കില്‍ ഓമനത്വമുള്ള മുഖം നഷ്ടപ്പെട്ട് പല്ലുന്തിയ, മുഖത്തിന്റെ രൂപം മാറിയ ഒരു കുട്ടിയാവാനുള്ള സാധ്യത കൂടുതലാണ്. പല കുട്ടികളും വളരെ കുഞ്ഞായിരിക്കുമ്പോഴുള്ള മുഖസൗന്ദര്യമാവില്ല, അല്പം വളര്‍ന്നു കഴിയുമ്പോള്‍ കാണുന്നത്.

വായ തുറന്ന് ഉറങ്ങുമ്പോള്‍ പതുക്കെപ്പതുക്കെ പല്ലുകള്‍ പുറത്തേക്ക് തള്ളി വരുന്നത് കണ്ടിട്ടില്ലേ. വായ തുറന്നുള്ള ഉറക്കം കുട്ടിയുടെ സ്‌കെലിറ്റല്‍ ഡവലപ്‌മെന്റിനെ ബാധിക്കുകയും മുഖത്തിന്റെ ആകൃതി തന്നെ മാറ്റുകയും ചെയ്യും. മുഖത്തിന്റെ രൂപം തന്നെ മാറ്റുന്ന മൂക്കിന്റെ അടപ്പ് അഥവാ തടസ്സം മാറ്റിയാല്‍, ഇ.എന്‍.ടി., ദന്ത ഡോക്ടര്‍മാരുടെ സമയാസമയത്തുള്ള ഇടപെടലും ഉണ്ടായാല്‍ ഇത് സംഭവിക്കാതെ നോക്കാന്‍ സാധിക്കും. ദശവളര്‍ച്ച പോലുള്ള കാരണങ്ങളാണ് കണ്ടെത്തുന്നതെങ്കില്‍ അത് നീക്കം ചെയ്യുന്നതോടെ കുട്ടി വായ പൂട്ടി സുഖമായുറങ്ങാനുള്ള വഴി തെളിയും.

അമിത വണ്ണമുള്ള കുട്ടികള്‍ക്ക് സ്വാഭാവികമായും കഴുത്തിന്റെ വണ്ണവും കൂടും. കഴുത്തിന്റെ തടി കൂടുന്നതിനനുസരിച്ച് ശ്വസന പാത നേര്‍ത്തതാകാനുള്ള സാധ്യത വര്‍ധിക്കും. ഇതോടെ ശ്വാസമെടുക്കാന്‍ വായ തുറന്നു പിടിക്കുന്ന അവസ്ഥ വരും. കൂടുതല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കുട്ടി പോകാനുള്ള സാധ്യത കൂടിയാണ് ഇതോടെ വരുന്നത്.

മറ്റൊരു പ്രശ്‌നം, വായ തുറന്ന് ഉറങ്ങുന്ന, ശ്വസനപാതയില്‍ അസ്വാഭാവികതയുള്ള കുട്ടികള്‍ക്ക് പഠനവൈകല്യങ്ങള്‍ കാണാനുള്ള സാധ്യത കൂടുതലാണ്. കുട്ടി വായ തുറന്ന് ഉറങ്ങുന്നത് എങ്ങനെയാണ് പഠനത്തെ ബാധിക്കുകയെന്ന് സാധാരണക്കാര്‍ ചോദിച്ചേക്കാം. ശ്വാസതടസ്സം മൂലം വാസ്തവത്തില്‍ സംഭവിക്കുന്നത് ശ്വാസകോശത്തിലേക്ക് എത്തേണ്ട ഓക്‌സിജന്റെ അളവ് കുറയുകയാണ്. കോശ വളര്‍ച്ചയുടെ അടിസ്ഥാന ഘടകമായ ഓക്‌സിജന്‍ വേണ്ട അളവില്‍ ലഭിക്കാതെ വരുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്റെ സ്വാഭാവികതയെയും അത് ബാധിക്കും. ശ്വാസതടസ്സം അനുഭവിക്കുന്ന കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടുന്നത് ശ്രദ്ധിച്ചിട്ടില്ലേ. നിമിഷാര്‍ധത്തിലേക്കാണെങ്കിലും വിതരണ സംവിധാനങ്ങള്‍ക്ക് സംഭവിക്കുന്ന തടസ്സമാണ് ഇതിനു കാരണമാകുന്നത്. ഫലത്തില്‍ അഗാധമായ ഉറക്കം കുട്ടിക്ക് ലഭിക്കില്ല.

അക്കാദമികമായി മികവു പുലര്‍ത്തണമെങ്കില്‍ കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടണം. ഉറക്കത്തിന്റെ തോതനുസരിച്ച് പറഞ്ഞാല്‍ സ്റ്റേജ് -4 എത്തുമ്പോഴാണ് കുട്ടികള്‍ക്ക് അഗാധമായ ഉറക്കം ലഭിക്കുക. ഇത്തരത്തില്‍ ഗാഢമായ ഉറക്കം ലഭിക്കുന്നതിനു മുമ്പെ ഇടയ്ക്കിടെ ഞെട്ടുകയും നിദ്രാഭംഗം സംഭവിക്കുകയും ചെയ്യുന്നത് പരോക്ഷമായി പഠനത്തെയും ബാധിക്കും.

വായ തുറന്നുള്ള ഉറക്കം ഉണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള സാധ്യത കൂട്ടുമെന്നുള്ളതാണ്. ഉറങ്ങുമ്പോള്‍ ശരീരം അതിന്റെ സ്വാഭാവിക പ്രക്രിയ എന്ന നിലയില്‍ മൂക്കിലൂടെ ശ്വാസമെടുക്കാന്‍ ശ്രമിക്കും. കിട്ടാതെ വരുമ്പോള്‍ വായ തുറക്കും. ഇടയ്ക്കിടെ ഉറക്കത്തിനു തടസ്സം വരുംവിധം ഞെട്ടും. ആ സമയത്ത് ഓരോ തുള്ളി മൂത്രം ഒറ്റും. ഉറക്കത്തില്‍ ചിലര്‍ കണ്ണും തുറന്നു വയ്ക്കുന്നത് കണ്ടിട്ടില്ലേ?

വായ തുറന്ന് ഉറങ്ങുന്ന കുട്ടികള്‍ക്ക് കേള്‍വിക്കുറവ് അനുഭവപ്പെടുക പതിവാണ്. സാധാരണ ജലദോഷമുള്ള ഒരാള്‍ക്കുണ്ടാവുന്ന കേള്‍വിയേ ഈ കുട്ടികള്‍ക്ക് ലഭിക്കുകയുള്ളൂ. ജലദോഷമുള്ളപ്പോള്‍ ചെവിയുടെ ഭാഗത്ത് കഫം അടഞ്ഞതുകൊണ്ടു സംഭവിക്കുന്ന കേള്‍വിക്കുറവിന് സമാനമായ അവസ്ഥയാണ് വായ തുറന്ന് ഉറങ്ങുന്ന കുട്ടികളിലും കാണുന്നത്.

മുതിര്‍ന്നവരില്‍ കൂര്‍ക്കം വലിക്കുന്ന ശാന്തമായ ഉറക്കം ലഭിക്കാത്തവര്‍ക്ക്, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ അത് കുറയാനുള്ള സാധ്യതയും ഇത് ഇല്ലാതാക്കുന്നു.

ശരീരവും ആന്തരികാവയവങ്ങളും അനിവാര്യമായ അതിന്റെ വിശ്രമാവസ്ഥയിലേക്ക് പോകുന്ന ഘട്ടമാണ് ഗാഢമായ ഉറക്കം എന്നത്. ഈ ഉറക്കത്തിന് തടസ്സം വരുന്നത് കുട്ടികളായാലും മുതിര്‍ന്നവരായാലും ഉന്‍മേഷത്തെയും ജീവിതത്തെ തന്നെയും പ്രതികൂലമായി ബാധിക്കുന്ന ഗൗരവമേറിയ കാര്യമാണെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കുട്ടികളുടേതായാലും മുതിര്‍ന്നവരുടേതായാലും മൂക്കുമായി ബന്ധപ്പെട്ട രോഗാവസ്ഥകളെ യഥാ സമയം തിരിച്ചറിഞ്ഞ് അര്‍ഹമായ പരിഗണന നല്‍കി ചികിത്സിച്ചാല്‍ ആരോഗ്യപരമായി സംഭവിച്ചേക്കാവുന്ന വലിയ അപകടങ്ങള്‍ ഒരുപരിധി വരെ വഴിമാറ്റാന്‍ സാധിക്കും.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണക്രമീകരണം, പതിവായ വ്യായാമം തുടങ്ങിയവയിലൂടെ ആരോഗ്യം നിലനിര്‍ത്തുകയാണ് ഏറ്റവും ഉചിതം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ഹാനിഷ് ഹനീഫ

സീനിയര്‍ കണ്‍സല്‍ട്ടന്റ്, സര്‍ജന്‍

ഇ.എന്‍.ടി. ഡിപ്പാര്‍ട്ട്‌മെന്റ്,

തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍,തലശ്ശേരി