Wednesday 26 April 2023 03:00 PM IST

‘കേക്ക്, പേസ്ട്രി ഇവയുടെ അമിതോപയോഗം കരളിൽ കൊഴുപ്പടിയാൻ ഇടയാക്കും’; മദ്യം മാത്രമല്ല കരൾ കവരുന്ന പിശാച്, അറിയാം

Roopa Thayabji

Sub Editor

liver543567hhkkk

കരൾ ഒരു അദ്ഭുത അവയവമാണ്. 80 ശതമാനം പ്രവർത്തന ശേഷി നഷ്ടപ്പെട്ടാലും അതു രോഗലക്ഷണമൊന്നും അത്ര തീവ്രമായി പ്രകടമാക്കില്ല. കരളു പോലെ കാക്കുമെന്ന വാക്കിന് വില കൂടുന്നു. മലയാളികൾക്കിടയിൽ കരൾ രോഗം ഒന്നിനൊന്നു കൂടു‌കയാണെന്നു ഹോസ്പിറ്റൽ കണക്കുകൾ സൂചിപ്പിക്കുന്നു. മദ്യപിക്കാത്തവരും സ്ത്രീകളും ഉൾപ്പെടുന്ന കരൾ രോഗബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. ആഹാരശീലങ്ങളും ജീവിതശൈലിയും മാത്രമാണോ ഇതിനു കാരണം? കരൾ രോഗത്തെക്കുറിച്ചുളള എല്ലാ ആശങ്കകൾക്കും വിദഗ്ധ മറുപടികൾ ഇതാ.

സിറോസിസ് എന്നു കേട്ടാലുടൻ അതിനോടു ചേർത്തു നമ്മൾ പറയുന്ന ഒരു വാചകമുണ്ട്. ‘കളളുകുടി തന്നെ, അല്ലാതെന്താ....’കരളിനെ കാർന്നു തിന്നുന്ന സിറോസിസിന്റെ കാരണം മദ്യപാനം മാത്രമാണ് എന്നാണു പലരുടേയും ധാരണ.

ആ ധാരണ തെറ്റാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. കാരണം കണ്ടുപിടിക്കാൻ സാധിക്കാത്തത് എന്നു മെഡിക്കൽ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരുന്ന കരൾ രോഗമാണ്, ക്രിപ്റ്റോജനിക് സിറോസിസ്. മദ്യപിക്കാത്തവരും സ്ത്രീകളും ഉൾപ്പെടുന്നവരിലാണ് ഈ സിറോസിസ് കൂടുതൽ കണ്ടുവരുന്നത്. രോഗബാധിതരുടെ ആരോഗ്യചരിത്രം വിശദമായി പരിശോധിച്ചപ്പോഴാണു മനസ്സിലായത്, മെറ്റബോളിക് പ്രശ്നങ്ങളാണ് വില്ലൻ. പ്രമേഹം, രക്തസമ്മർദം എന്നിവ പോലുളള ജീവിതശൈലി രോഗങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുമാണ് ഇതിനു വഴിതെളിക്കുന്നത്. അതെ, മദ്യം മാത്രമല്ല കരൾ കവരുന്ന പിശാച്.

പ്രമേഹ രോഗികളായ മാതാപിതാക്കളുടെ മക്കൾക്ക് രോഗം വരാനുളള സാധ്യത കൂടുതലാണത്രെ. രോഗലക്ഷണങ്ങൾ പുറമേ പ്രകടമാകില്ല എന്നതാണ് മിക്കപ്പോഴും ചികിത്സ വൈകാൻ കാരണം. രോഗം രൂക്ഷമായി കരൾ മാറ്റിവയ്ക്കേണ്ടി വരുന്നവരുടെ എണ്ണവും അനുദിനം കൂടുകയാണ്.

കരളിനെ സംബന്ധിക്കുന്ന സംശയങ്ങളും അവയ്ക്കുളള വിദഗ്ധ മറുപടികളും

1 കരൾ രോഗങ്ങൾ എന്തൊക്കെ?

വിഷബാധകൾ, മദ്യം, ചില മരുന്നുകൾ, വൈറസ് രോഗബാധ ഇവയൊക്കെ കരളിനെ സാരമായി ബാധിക്കാം. കരളിനുണ്ടാകുന്ന നീർവീഴ്ചയാണ് കരൾ വീക്കം അഥവാ ഹെപ്പറ്റൈറ്റിസ്. കോശങ്ങൾ നശിച്ച് കരൾ ചുരുങ്ങുന്ന അവസ്ഥയാണ് സിറോസിസ്. കരളിനകത്ത് സിസ്റ്റ് രൂപപ്പെടുന്ന പോളിസി സ്റ്റിക് ലിവർ ഡിസീസ്, കാൻസർ ബാധ, കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന ഫാറ്റി ലിവർ എന്നിവയും വരാം. കരൾ രോഗങ്ങളിൽ ഏറ്റവും തീവ്രം സിറോസിസാണ്. പക്ഷേ, കേരളത്തിൽ കൂടുതൽ കണ്ടു വരുന്നത് ഫാറ്റി ലിവർ പ്രശ്നങ്ങളാണ്.

2. ലക്ഷണങ്ങൾ എന്തെല്ലാം?

20 ശതമാനമെങ്കിലും പ്രവർത്തന ക്ഷമമായിരുന്നാൽ കരൾ രോഗത്തിന്റെ ലക്ഷണങ്ങളൊന്നും പുറത്തു കാണില്ല. മറ്റൊരു തരത്തിൽ ഇത് അപകടവുമാണ്. രോഗം സ്ഥിതീകരിക്കുന്ന സമയത്ത് കരൾ ഗുരുതരാവസ്ഥയിൽ എത്തിയിരിക്കും. കരളിനുണ്ടാകുന്ന എന്ത് പ്രശ്നവും പുറത്ത് ആദ്യം പ്രകടമാക്കുന്നത് മഞ്ഞപ്പിത്തമായാകും. മദ്യപിക്കുന്ന ഒരാൾക്ക് കടുത്ത ക്ഷീണം പ്രകടമായാൽ നിർബന്ധമായും ടെസ്റ്റുകൾ നടത്തണം. കവിളിന്റെ വശത്തുളള ഗ്രന്ഥി വീർക്കുക, വയർ വീർത്തിരിക്കുക എന്നിവ ലക്ഷണങ്ങളാണ്. 

ശരീരത്തിനും കണ്ണിനും മൂത്രത്തിനും മഞ്ഞനിറമുണ്ടാകും. പനി, വിശപ്പില്ലായ്മ. ഓക്കാനം എന്നിവയുണ്ടാകാം. കാലിൽ നീരോ ശരീരത്തിൽ കറുത്ത പാടുകളോ കാണുന്നത് സിറോസിസിന്റെ ലക്ഷണങ്ങളാണ്. വിശപ്പില്ലായ്മ, ഭാരം കുറയുക, മഞ്ഞപ്പിത്തം എന്നിവയോടൊപ്പം സങ്കീർണമായ അവസ്ഥയിൽ രക്തം ഛർദിക്കുക, ആന്തരിക രക്തസ്രാവം എന്നിവയുമുണ്ടാകും. വയറിന്റെ വലതുവശത്ത് വേദന, ഛർദി ഇവ ഫാറ്റിലിവറിന്റെ ലക്ഷണങ്ങളാണ്. ബ്ലീഡിങ് സാധ്യത കൂടും.

3. എന്താണ് ഫാറ്റി ലിവർ?

കഴിക്കുന്ന ഭക്ഷണത്തിലെ എരിഞ്ഞുതീരാത്ത അധിക കൊഴുപ്പ് ശരീരത്ത് അടിഞ്ഞുകൂടുമെന്ന് അറിയാമല്ലോ. ഇങ്ങനെ കരളിൽ അടിയുന്ന കൊഴുപ്പാണ് ഫാറ്റി ലിവറിനു കാരണം. ഇത് കരളിന്റെയും അതുവഴി ശരീരത്തിന്റെ ആകെയുളള പ്രവർത്തനങ്ങളെയും ബാധിക്കും.

4. ജങ്ക് ഫൂഡ് ദോഷമോ?

അമിതമധുരമുളള ഭക്ഷണപാനീയങ്ങളുടെ നിത്യേനയുളള ഉപയോഗം ദോഷമാണ്. ഈ അധിക കാലറി കൊഴുപ്പായി ശരീരത്തിൽ അടിയും. മാംസം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കേക്ക്, പേസ്ട്രി ഇവയുടെ അമിതോപയോഗം കരളിൽ കൊഴുപ്പടിയാൻ ഇടയാക്കും.

5. മരുന്നുപയോഗം ബാധിക്കുമോ?

പല മരുന്നുകളുടെയും അശാസ്ത്രീയമായ ഉപയോഗം കരളിന്റെ പ്രവർത്തനങ്ങളെ ബാധിക്കും. നിർദേശിക്കുന്നതിലും കൂടിയ അളവിൽ കഴിക്കുക, കൂടുതൽ കാലം കഴിക്കുക എന്നിവ അപകടം ക്ഷണിച്ചു വരുത്തും. ഫാറ്റി ലിവറോ കരൾ രോഗസാധ്യതയോ ഉളളവരിൽ മദ്യം അപകടമാകുന്നത് പോലെ തന്നെയാണ് ഇത്തരം മരുന്നുകളും. പാരസിറ്റമോൾ, ഐബൂപ്യൂഫൻ, ഇൻഡോമെനാസിസ് എന്നീ വേദന സംഹാരികളും എറിത്രോമൈസിൻ, സൾഫാ മരുന്നുകൾ, ടെട്രാസൈ ക്ലിൻ എന്നീ ആന്റീബയോട്ടിക്കുകളും ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ കഴിക്കരുത്.

രക്തസ്മ്മർദം കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ചില മരുന്നുകളും പ്രമേഹം, അപസ്മാരം, മാനസിക രോഗ ചികിത്സയ്ക്കുളള ചില മരുന്നുകളും കരളിനെ ബാധിക്കാം. ഗർഭനിരോധനഗുളികകളിലെ ചില ഘടകങ്ങളും കരളിന്റെ പ്രവർത്തനത്തെ ബാധിക്കാം. ഗർഭനിരോധന ഗുളികകളിലെ ചില ഘടകങ്ങളും കരളിന്റെ പ്രവർത്തനത്തെ ബാധിക്കും. ഡോക്ടറുടെ നിർദേശം അനുസരിച്ച് മാത്രം മരുന്നു കഴിക്കുക.

6. കുടവയറും പ്രശ്നമോ?

അമിതവണ്ണം കരൾരോഗത്തിന്റെ സാധ്യതയാണ് കാണിക്കുന്നത്. ബോഡിമാസ് ഇൻഡക്സ് മുപ്പത്തിയഞ്ചോ അതിൽ കൂടുതലോ ഉളളവരിൽ 90 ശതമാനത്തിനും ഫാറ്റി ലിവർ സാധ്യതയുണ്ട്. വണ്ണമുളളവർക്കാണ് ഫാറ്റി ലിവർ വരുന്നതെന്ന് തികച്ചും തെറ്റിദ്ധാരണയാണ്. മെലിഞ്ഞ ശരീരപ്രകൃതി ഉളളവർക്കും ഈ രോഗം വരാം. മലയാളികളുടെ പ്രധാന പ്രശ്നമാണ് കുടവയർ അഥവാ ട്രങ്കൽ ഒബിസിറ്റി. ബോഡി മാസ് ഇൻഡക്സ് നോർമലായവരിൽ പോലും കുടവയറുണ്ടാകും. കുടവയറും പൊക്കിളിനു ചുറ്റും കൊഴുപ്പടിഞ്ഞു കൂടുന്നതും ഫാറ്റി ലിവറിന്റെ സൂചനയാണ്.

7. ജനിതകമായി ലഭിക്കുമോ?

ജനിതകമായി കരൾ രോഗം വരാം. അമിതമായി ഇരുമ്പും ചെമ്പും ആഗിരണം ചെയ്യപ്പെടുന്ന അവസ്ഥയാണിത്. ‍ജങ്ക് ഫൂഡിന്റെയും സോഫ്റ്റ് ഡ്രിങ്കുകളുടേയും അമിതോപയോഗം കൊച്ചു കുട്ടികൾക്ക് പോലും കരൾ രോഗത്തിനുളള സാധ്യത വർധിപ്പിക്കും. ദേഹമിളകിയുളള കളികളിൽ ഏർപ്പെടാത്തതും വ്യായാമമില്ലായ്മയും കുട്ടികളെ ഫാറ്റി ലിവറിന് അടിമയാക്കുന്നു. ചെറുപ്രായത്തിൽ തന്നെ ഫാറ്റി ലിവർ ഉളളവർക്ക് 30 വയസെത്തുമ്പോഴേക്കും സിറോസിസ് വരാനുളള സാധ്യത ഇരട്ടിയിലധികം. ഫാറ്റി ലിവർ‌ പ്രശ്നമുളള കുട്ടികൾക്ക് മരുന്നുകളേക്കാൾ പ്രയോജനപ്പെടുക വ്യായാമവും ആഹാരക്രമീകരണവുമാണ്.

8. സ്ത്രീകൾക്ക് ഫാറ്റി ലിവർ വരുമോ?

ജനിതകമായി സ്ത്രീകളിൽ ഫാറ്റി ലിവർ വരുത്തുന്ന ഘടകങ്ങളൊന്നുമില്ല. വിവാഹശേഷം വീട്ടു ജോലികളുമായി ഒതുങ്ങിക്കൂടുകയും പ്രസവശേഷം വണ്ണം കൂടി വ്യായാമമില്ലാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളിൽ ഫാറ്റി ലിവർ സാധ്യതയുണ്ട്. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണം മുഴുവൻ കഴിച്ചു തീർക്കുന്ന ശീലം അപകടമാണ്. അമിത കൊഴുപ്പ് അടിഞ്ഞ് ഫാറ്റി ലിവറിലെത്താവുന്ന സാഹചര്യമാണിത്. ഗർഭനിരോധന ഗുളികകളും വേദന സംഹാരികളും ഡോക്ടറുടെ നിർദേശം അവഗണിച്ച് കഴിക്കുന്ന ശീലം കരൾ രോഗത്തിലാകും അവസാനിപ്പിക്കുക.

മദ്യപിക്കുന്ന സ്ത്രീകൾക്ക് ഫാറ്റിലിവർ രോഗം വരാനുളള സാധ്യത മദ്യപിക്കുന്ന പുരുഷന്മാരേക്കാൾ ഇരട്ടിയാണ്. പുരുഷന്മാർക്ക് ആഴ്ചയിൽ 21 യൂണിറ്റ് സ്റ്റാൻഡേർഡ് ഡ്രിങ്ക് കഴിക്കാമെന്നിരിക്കേ സ്ത്രീകൾക്ക് ഇത് 14 ആണ്. അതിനാൽ തന്നെ പുരുഷന്മാരുടെ മദ്യപാനത്തേക്കാൾ ഗുരുതരമാണ് സ്ത്രീകളുടെ മദ്യപാനം. സ്ത്രീ ഹോർമോണുകളുടെ സ്വാധീനവും മദ്യത്തിന്റെ ഉപാപചയ പ്രക്രിയയിലെ വ്യത്യാസവുമാണ് ഇതിനു കാരണം.

9. ഗർഭിണികൾക്ക് രോഗം വരുമോ?

ഗർഭകാലത്തുണ്ടാകുന്ന കരൾ രോഗങ്ങൾ പല തരമുണ്ട്. പ്രഭാതത്തിലെ ഛർദി, ക്ഷീണം എന്നിവ രൂക്ഷമാകുന്നത് കരൾ രോഗത്തിന്റെ ലക്ഷണമാകാം. ഭക്ഷണം കഴിക്കാൻ പോലും സാധിക്കാതെ ബുദ്ധിമുട്ടുണ്ടാകുമ്പോൾ കരൾ ഉല്പാദിപ്പിക്കുന്ന എൻസൈമുകളുടെ അളവ് രക്തത്തിൽ കൂടും. ഐവി ഫ്ലൂയിഡും മരുന്നുകളും നൽകി ഭേദമാക്കേണ്ട അവസ്ഥയാണിത്. ഗർഭിണികളിൽ മാത്രം കണ്ടു വരുന്ന ഇൻഫ്രാ ഹൈപ്പാറ്റിക് കോൾ സ്റ്റാസിസ് ഓഫ് പ്രഗ്നൻസി ഗർഭത്തിന്റെ അവസാന മൂന്നു മാസത്തിലാണ് കാണപ്പെടുക. പ്രത്യേകിച്ച് 34–37 ആഴ്ചകൾക്കിടയിൽ ദേഹം മുഴുവൻ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുളള ചൊറിച്ചിലാണ് ഇതിന്റെ പ്രധാന ലക്ഷണം.

രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാം. മാസം തികയാതെയുളള പ്രസവം, രക്തസ്രാവം, കുഞ്ഞിന് അനക്കം കുറയുക തുടങ്ങിയ സങ്കീർണതകളും കണ്ടേക്കാം. ആദ്യഗർഭത്തിലാണ് മിക്കവാറും ഈ പ്രശ്നങ്ങളുണ്ടാവുക. പ്രസവശേഷം പ്രത്യേകിച്ച് മരുന്നുകളൊന്നും കഴിക്കാതെ തന്നെ കരളിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലെത്തും. ഇരട്ടകളെ ഗർഭം ധരിച്ചിരിക്കുന്നത് പോലുളള സാഹചര്യങ്ങളിൽ അമ്മയുടെ കരളിനുണ്ടാകുന്ന അവസ്ഥയാണ് അക്യൂട്ട് ഫാറ്റി ലിവർ ഓഫ് പ്രഗ്നൻസി. ഏഴായിരം ഗർഭിണികളിൽ ഒരാൾക്ക് ഇതുണ്ടാകുന്നു എന്നാണ് കണക്ക്.

10. കുഞ്ഞുങ്ങൾക്ക് രോഗം വരുമോ?

മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങൾക്ക് കരൾരോഗമുണ്ടാകാനുളള സാധ്യത വളരെ കുറവാണ്. പക്ഷേ, ജനിതകമായി തന്നെ കരളിനെ ബാധിക്കുന്ന രോഗങ്ങളുമുണ്ട്. മെറ്റബോളിസം സാധ്യമാക്കുന്ന എൻസൈമുകൾ ഇല്ലാത്ത അവസ്ഥ വരാം. കഠിനമായ മഞ്ഞപ്പിത്തവുമായിട്ടാകും ഇത്തരം കുട്ടികൾ ജനിക്കുക. ഫോട്ടോ തെറാപ്പിയോ യു.വി. തെറാപ്പിയോ ആണ് ഇതിനു ചികിത്സ ശരീരത്തിൽ ചില വൈറസുകളുടെ സാന്നിധ്യത്തോടെ കുട്ടികൾ ജനിക്കാം. അമ്മയ്ക്ക് വൈറസ് ബാധയുണ്ടെങ്കിലാണ് നിയോനേറ്റൽ ഹെപ്പറ്റൈറ്റിസ് എന്ന ഈ അവസ്ഥയുണ്ടാകുക. ജനിക്കുമ്പോൾ തന്നെ പിത്തക്കുഴലുകൾ ഇല്ലാത്ത അവസ്ഥയും ഉണ്ടാകാം.

11. മദ്യം ബാധിക്കുന്നതെങ്ങനെ?

ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളിൽ ബിയറും വൈനും കളളും ഉൾപ്പെടും. 30 മില്ലി വിദേശമദ്യം കഴിച്ചാൽ ശരീരത്തിലെത്തുന്നത് 10 ഗ്രാം ഈതൈൽ ആൽക്കഹോളാണ്. 100–250 മില്ലി ലിറ്റർ വൈനിലും 250–300 മില്ലി ബിയറിലും ഇത്ര അളവിൽ തന്നെ ആൽക്കഹോളുണ്ട്. അതായത് നാലു സ്മോൾ കഴിക്കുന്ന ആൾ അകത്താക്കുന്നതിനേക്കാൾ ആൽക്കഹോളാണ് രണ്ടു കുപ്പി ബിയർ കുടിക്കുന്നയാളുടെ ഉളളിലെത്തുന്നത്. 30 മി.ലീ വിദേശമദ്യം=100 മി.ലീ വൈൻ= 250 മി.ലീ ബിയർ= 500മി.ലീ കളള് എന്നാണ് ആൽക്കഹോളിന്റെ അളവ് കണക്കാക്കുന്നത്. മദ്യം കരളിൽ വച്ച് വിഘടിക്കുമ്പോൾ നടക്കുന്ന രാസമാറ്റങ്ങൾ കരളിലെ കോശങ്ങളെ ദോഷകരമായി ബാധിക്കും.

രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുളള കരളിന്റെ കഴിവ് ഇതോടെ കുറയും. കരൾ കോശങ്ങളിൽ കൊഴുപ്പടിയുന്നതും നീർക്കെട്ടുമാണ് ഇതിന്റെ ഫലം. കരളിന്റെ പ്രവർത്തനങ്ങൾ താറുമാറാക്കുന്ന ഫാറ്റി ലിവർ‌ എന്ന അവസ്ഥ ഇങ്ങനെയാണ് ആരംഭിക്കുന്നത്. മദ്യപാനം തുടരുന്നതോടെ കരൾ കൊഴുപ്പടിഞ്ഞ് വീർക്കും. ഫാറ്റി ലിവറുളളയാൾ രോഗം തിരിച്ചറിയാതെ വീണ്ടും മദ്യപിച്ചാൽ കോശങ്ങൾക്ക് ചുറ്റും വെളുത്ത രക്താണുക്കൾ അടിഞ്ഞ് കരൾ വെളുപ്പുനിറമാകും. കരളിലെ കോശങ്ങളിൽ പൊറ്റകൾ രൂപപ്പെടും. ഇത് തുടർന്നാൽ സിറോസിസ് എന്ന അവസ്ഥയിലെത്തും.

12. എന്താണ് സിറോസിസ്?

‌‌‌കരളിലെ കോശങ്ങൾക്ക് നാശം സംഭവിക്കുന്ന അവസ്ഥയാണ് സിറോസിസ്. എ,ബി,സി എന്നിങ്ങനെ മൂന്നു ഘട്ടങ്ങളുണ്ട് ഇതിന്. ആദ്യഘട്ടത്തിൽ യാതൊരു രോഗ ലക്ഷണവുമുണ്ടാകില്ല. മറ്റെന്തെങ്കിലും പരിശോധനകൾക്കിടെ പ്ലീഹയോ കരളോ വീങ്ങിയോ ചുരുങ്ങിയോ ഇരിക്കുന്നത് ശ്രദ്ധയിൽ പെടാം. ചിലർക്ക് ക്ഷീണമുണ്ടാകാം. രക്തം ഛർദിച്ച് ആശുപ ത്രിയിലെത്തുന്നവരെ പരിശോധിക്കുമ്പോൾ ഈ ഘട്ടം തിരിച്ചറിയുന്ന സന്ദർഭങ്ങളുമുണ്ട്.

കണ്ണിനും മൂത്രത്തിനും മഞ്ഞ നിറവും കാലിലെ നീരുമാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷണങ്ങൾ. ‌ക്ഷീണവും വിളർച്ചയുമുണ്ടാകും. കാലിലും വയറ്റിലും നീര്, രക്തം ഛർദിക്കുക, ബോധക്ഷയം എന്നിവയാണ് മൂന്നാം ഘട്ടത്തിലെ ലക്ഷണങ്ങൾ. ചിലർക്ക് ഈ മൂന്ന് ഘട്ടത്തിലും രോഗം തിരിച്ചറിയണമെന്നില്ല. അത് കാൻസർ ബാധയായി മാറും.

കരൾ ചുരുങ്ങി സിറോസിസിന്റെ സങ്കീർണാവസ്ഥയിലെത്തിയാൽ പിന്നീട് പ്രവർത്തനക്ഷമമായി പൂർവസ്ഥിതിയിലെത്തിക്കുക ബുദ്ധിമുട്ടാണ്. കോശങ്ങൾ വീണ്ടും നശിക്കാതെ സംരക്ഷിക്കുകയാണ് പ്രധാനം.

13. മദ്യപാനം മാത്രമാണോ കരൾരോഗത്തിനു കാരണം?

ഒരിക്കലുമല്ല, മദ്യപിക്കാത്തവർക്കും കരൾ രോഗം വരാം. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ പ്രശ്നങ്ങളാണ് ഇവ. മെറ്റബോളിക് സിൻഡ്രോം ഉളളവരിൽ തന്നെ മറ്റേതെങ്കിലും ഒരു കാരണം കൂടി ഉണ്ടാകുമ്പോൾ അത് കരൾ രോഗത്തി ലേക്ക് നയിക്കാം. ഭക്ഷണത്തിലെ കെമിക്കലുകൾ, കീടനാശിനികൾ, രാസവളങ്ങളുടെ അംശങ്ങൾ, മരുന്നുകൾ തുടങ്ങിയവ കരളിലെത്തിക്കുന്ന വിഷം മതിയാകും ഇതിന്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ പ്രശ്നങ്ങളുളളവരിൽ തന്നെ മൂന്നു മുതൽ അഞ്ചു വരെ ശതമാനത്തിനേ അത് ഗുരുതര കരൾ രോഗമായി മാറൂ.

ഹെപ്പറ്റൈറ്റിസ് ബിയും സിയും കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്. രക്തത്തിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന അണുക്കളാണ് ഇവയുടേത്. ശരിയായി അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ ഉപയോഗിച്ചുളള ശസ്ത്രക്രിയ, എൻഡോസ്കോപ്പി തുടങ്ങിയവയൊക്കെ ഇതു പകരാനിടയാക്കും. അണുബാധയേറ്റ രക്തത്തിന്റെ അംശം ഭക്ഷണത്തിലൂടെയോ മറ്റോ ശരീരത്തിലെത്തുന്നതും രോഗം പരത്തും. ഞരമ്പിലേക്കു നേരിട്ട് മയക്കുമരുന്ന് കുത്തി വയ്ക്കുന്നവരിലും ഈ രോഗത്തിന് സാധ്യത കൂടുതലാണ്.

14. രോഗം സ്ഥിരീകരിക്കുന്നതെങ്ങനെ?

ലിവർ ഫങ്ഷൻ ടെസ്റ്റാണ് (എൽ.എഫ്.ടി) കരൾ രോഗം സ്ഥിരീകരിക്കാനുളള ഒരു മാർഗം. കൂടാതെ അൾട്രാസൗണ്ട് സ്കാനും ഹെപ്പറ്റൈറ്റിസ് വൈറസുകളെ കണ്ടെത്താൻ പ്രത്യേക പരിശോധനയുമുണ്ട്. കരൾ രോഗമുണ്ടാകാൻ സാധ്യതയുളളവരും മദ്യപാനശീലമുളളവരും മുമ്പ് മഞ്ഞപ്പിത്തം വന്നിട്ടുളളവരും കരളിനെ ബാധിക്കുന്ന തരം മരുന്നുകൾ ഉപയോഗിക്കുന്നവരും കൃത്യമായ ഇടവേളകളിൽ എൽ.എഫ്.ടി ചെയ്യണം.

15. ചികിത്സ എന്ത്?

മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗങ്ങളിൽ ഏറ്റവും പ്രധാനം മദ്യം ഉപേക്ഷിക്കുക എന്നതാണ്. ആഹാരനിയന്ത്രണം, വ്യായാമം എന്നിവയ്ക്കൊപ്പം രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനുളള മരുന്നുകളും കഴിക്കണം. പ്രമേഹമുളളവർ അവയ്ക്കുളള മരുന്നുകളും കഴിക്കണം. ഫാറ്റിലിവർ ചികിത്സയ്ക്ക് മരുന്നുകളേക്കാൾ പ്രധാനം ശരീരഭാരം കുറയ്ക്കുക എന്നതാണ്. പത്തു കിലോ കുറയുമ്പോൾ തന്നെ രോഗം പകുതി ഭേദമാകും.

വ്യായാമം ചെയ്യുന്നത് കരളിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. ദിവസേന കുറഞ്ഞത് ഒരു മണിക്കൂർ നടക്കുന്നതാണ് ഏറ്റവും സൗകര്യപ്രദമായ വ്യായാമം. ജിമ്മിലെ എക്സർസൈസുകൾ, എയ്റോബിക്സ്, നീന്തൽ എന്നിവയും നല്ലതാണ്. മുടങ്ങാതെ ചെയ്യുക എന്നതാണ് പ്രധാനം. ഭക്ഷണത്തിലൂടെ ശരീരത്തിൽ പ്രോട്ടീൻ എത്തുന്നുവെന്നും ഉറപ്പാക്കണം. ആൽബുമിൻ എന്ന പ്രോട്ടീൻ ഉണ്ടാകുന്നത് കരളിലാണ്. കരൾ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ ആൽബുമിൻ കുറയുകയും വേണ്ടത്ര പ്രോട്ടീൻ ലഭിക്കാതെ രോഗി അപകടത്തിലാകുകയും ചെയ്യും.

16. ചികിത്സ ചെലവേറിയതാണോ?

ഹെപ്പറ്റൈറ്റിസ് ബി ബാധിതർക്ക് ദിവസം 45 രൂപയോളം വില വരുന്ന ഗുളികകൾ മൂന്നോ നാലോ വർഷം തുടർച്ചയായി കഴിക്കേണ്ടി വരും. ഹെപ്പറ്റൈറ്റിസ് സി ബാധിതർക്ക് മാസം 15,000– 20,000 രൂപ വരെ വില വരുന്ന മരുന്നുകളാണ് കഴിക്കേണ്ടത്. മൂന്നു മുതൽ ആറുമാസം വരെ ഗുളികകൾ കഴിക്കേണ്ടി വരും. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സാധാരണ 18–25 ലക്ഷം രൂപ ചെലവു വരും. ശസ്ത്രക്രിയക്കു ശേഷം രോഗി വർഷങ്ങളോളം മരുന്നുകളും കഴിക്കണം.

17. കരൾ മാറ്റിവയ്ക്കൽ എപ്പോൾ?

സിറോസിസിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലാണ് കരൾ മാറ്റി വയ്ക്കൽ സാധാരണ വേണ്ടി വരുന്നത്. രണ്ടാം ഘട്ടത്തിലെ സങ്കീർണതകളെ തുടർന്നും മൂന്നാം ഘട്ടത്തിൽ മറ്റ് ചികിത്സ കൾ ഫലപ്രദമാകാതെ വരുമ്പോഴും കരൾ മാറ്റി വയ്ക്കണം. പക്ഷേ, ആദ്യഘട്ടത്തിലാണെങ്കിൽ പോലും കരളിൽ കാൻസർ ബാധ കണ്ടെത്തിയാൽ ട്രാൻസ്പ്ലാന്റേഷൻ വേണം. മദ്യപാനത്തെ തുടർന്നുണ്ടാകുന്ന കരൾ രോഗങ്ങളിൽ ശസ്ത്രക്രിയയ്ക്ക് ആറുമാസം മുമ്പെങ്കിലും രോഗി മദ്യപാനം നിർത്തി എന്ന് ഉറപ്പാക്കും.

18. കരൾ ദാനം എന്നാൽ?

രണ്ടു തരം കരൾദാനമാണ് ഉളളത്. മസ്തിഷ്ക മരണം സംഭവിച്ചയാളിന്റെ കരൾ സ്വീകരിക്കുന്നതും ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുവിന്റെ കരൾ സ്വീകരിക്കുന്നതും. രക്തഗ്രൂപ്പിലെ സാമ്യമാണ് കരൾ സ്വീകരിക്കുന്നതിന്റെ മാനദണ്ഡം. ശസ്ത്രക്രിയ വേണ്ടി വരുന്ന രണ്ടു രോഗികളുടെ ബന്ധുക്കൾക്ക് പരസ്പരം കരൾ ദാനം ചെയ്യാൻ അനുവദിക്കുന്ന സന്ദർഭങ്ങളുമുണ്ട്. ദാനം ചെയ്യുന്ന ആളിന്റെ കരളിന്റെ 40 ശതമാനമാണ് രോഗിക്കായി എടുക്കുക.

ദാതാവിൽ നിന്ന് കരൾ എടുത്താൽ 4–6 മണിക്കൂറിനുളളിൽ രോഗിയിൽ വച്ചു പിടിപ്പിക്കണം. മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ രണ്ടര–മൂന്നു മാസം കൊണ്ട് ദാതാവിന്റെയും സ്വീകർത്താവിന്റെയും കരൾ പൂർണ വളർച്ചയെത്തും. രോഗിക്കും ദാതാവിനും ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാഴ്ച ഇന്റസീവ് കെയർ ആവശ്യമാണ്. ദാതാവിന് രണ്ടോ മൂന്നോ മാസം കൊണ്ടു തന്നെ പഴയതുപോലെ ജോലികൾ ചെയ്യാനാകും. പക്ഷേ, രോഗിക്ക് അണുബാധ ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. രോഗിക്ക് ആറുമാസം വരെ മെഡിക്കൽ സഹായം നൽകും.

19. ദാതാവിനു ഫാറ്റി ലിവറുണ്ടെങ്കിൽ?

ആളിന്റെ വലിപ്പം കരൾ സ്വീകരിക്കുന്നതിൽ ഘടകമാകാറുണ്ട്. രോഗി നല്ല തടിയുളള ആളാണെങ്കിൽ മെലിഞ്ഞയാളുടെ കരൾ സ്വീകരിക്കാൻ പറ്റില്ല. തടിച്ച രോഗിക്കു വേണ്ടി മെലി‍ഞ്ഞ ദാതാവിന്റെ കരൾ 40 ശതമാനം എടുത്താൽ മതിയാകില്ല. പക്ഷേ, മെലിഞ്ഞ രോഗികൾക്ക് തടി കൂടുതലുളളവർ കരൾ ദാനം ചെയ്യുന്നതിൽ പ്രശ്നമൊന്നുമില്ല. ഫാറ്റിലിവറുളളവര്‍ ദാതാവാകുന്നത് മുമ്പ് അനുവദിച്ചിരുന്നില്ല. എന്നാൽ ഫാറ്റി ലിവർ ഗ്രേഡിങ് അനുസരിച്ച് രൂക്ഷമായ പ്രശ്നമില്ലാത്തവരുടെ കരൾ ഇപ്പോൾ സ്വീകരിക്കാറുണ്ട്.

ഫാറ്റി ലിവർ നിയന്ത്രണത്തിലായാൽ പിന്നീട് അത് കൂടാതിരിക്കുവാനുളള ജീവിതശൈലീ മാറ്റം പിന്തുടരുകയാണ് പ്രധാനം. മദ്യപാനം പൂർണമായും ഉപേക്ഷിക്കണം. വിറ്റമിൻ ഇ ഗുളികകൾ കഴിക്കുന്നത് കരളിനെ കാക്കും. മെറ്റബോളിക് പ്രശ്നങ്ങളെ തുടർന്ന് കരൾ രോഗം വന്നവർക്ക് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനുളള മരുന്നുകളും നൽകാം.

20. കരൾ കാക്കും ജീവിതചര്യ ഉണ്ടോ?‌

മദ്യപാനം പൂർണമായും ഉപേക്ഷിക്കണം. സിറോസിസിന്റെ ആദ്യഘട്ടത്തിലുളള രോഗികൾ മരുന്നിനൊപ്പം കരളിനെ കാക്കാൻ ജീവിതചര്യയിലും ഭക്ഷണത്തിലും കർശനമായ ശ്രദ്ധ പുലർത്തണം.

സിറോസിസ് ബി, സി ഘട്ടങ്ങളിലെ രോഗികൾ ഉപ്പ് തീരെ കുറയ്ക്കണം. വയറിൽ നീരുവരുന്നത് ഒഴിവാക്കാനാണിത്. ഭക്ഷണത്തിലെ പ്രോട്ടീനിന്റെ അളവ് കൂട്ടണം. പച്ചക്കറി– പരിപ്പ് വർഗങ്ങളിലൂടെ ശരീരത്തിലെത്തുന്ന പ്രോട്ടീന്റെ അളവ് കൂട്ടേണ്ടതാണ്. മാംസാഹാരം കുറയ്ക്കണം. സിറോസിസിന്റെ മൂന്നാം ഘട്ടത്തിലുളള രോഗികൾക്ക് മലബന്ധമുണ്ടായാൽ ബോധക്ഷയവും തലച്ചോറിന് പ്രശ്നങ്ങളും ഉണ്ടാകാം. അതിനാൽ തന്നെ പച്ചക്കറികൾ, പരിപ്പു വർഗങ്ങൾ, മുട്ട പാൽ, തൈര്, സോയാബീൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ‌

കരൾ അത്ര കുഴപ്പക്കാരനാണോ?

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയ രണ്ടാമത്തെ അവയവമാണ് കരൾ, ഏറ്റവും വലിയ ഗ്രന്ഥിയും. പ്രായപൂർത്തിയായ ഒരാളിന്റെ ആരോഗ്യമുളള കരളിന് ഏകദേശം 1.8 കിലോഗ്രാം വരെ ഭാരം ഉണ്ടാകും. ഉപാപചയ പ്രവർത്തനങ്ങളെയും ശാരീരിക പ്രവർത്തനങ്ങളെയും ശാരീരിക പ്രവർത്തനങ്ങളെയും നിയന്തിക്കുന്ന അഞ്ഞൂറിലേറെ രാസപ്രക്രിയകൾ നടക്കുന്ന കെമിക്കൽ ഫാക്ടറിയാണു കരൾ. കരളാണ് പിത്തരസം ഉത്പാദിപ്പിക്കുന്നത്.

ആഹാരത്തിലെ കൊഴുപ്പ്, അന്നജം, മാംസ്യം തുടങ്ങിയവയെ സംസ്കരിക്കാൻ ഇത് അത്യാവശ്യമാണ്. നാം കഴിക്കുന്ന മരുന്നുകൾ‌, മദ്യം എന്നിവ കരളിലെത്തിയ ശേഷമാണ് വിഘടിക്കുന്നത്. മിനിറ്റിൽ ഏകദേശം ഒന്നര ലിറ്റർ രക്തം കരളിലൂടെ ഒഴുകും. ശരീരത്തിലെ വിഷപദാർഥങ്ങളെ രക്ത്തിൽ നിന്ന് അരിച്ചുമാറ്റുന്ന ജോലി ചെയ്യുന്നതും കരളാണ്. ഇവയിലെ എന്തുമാറ്റവും ആദ്യം ബാധിക്കുക കരളിനെയാകും എന്നു പറയേണ്ടതില്ലല്ലോ.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. വർഗീസ് തോമസ്, ഹെഡ് ആൻഡ് പ്രഫസർ, ഗ്യാസ്ട്രോ എൻട്രോളജി,‍ മെഡിക്കൽ കോളജ്, കോഴിക്കോട്. ഡോ. പ്രേമലത എൻ., ഹെഡ് ആൻഡ് പ്രഫസർ, ഗ്യാസ്ട്രോ എൻട്രോളജി,‍ മെഡിക്കൽ കോളജ്, കോട്ടയം  

Tags:
  • Health Tips
  • Glam Up