മുടിയിലെ തുളസിക്കതിരിനുമുണ്ട് ഒരു പ്രത്യേക ഭംഗി. വാലിട്ടെഴുതിയ കണ്ണുകളിൽ ആകാശനീലിമ മുഴുവനുമുണ്ടെന്നു തോന്നും. പുളിയിലക്കര പുടവയുടുത്ത്, നെറ്റിയിൽ ഇലക്കുറി തൊട്ട്, പൊൻവെയിലിന്റെ കാന്തിയോടെ അവൾ വരികയാണ്. അരുണിമയാർന്ന ചുണ്ടുകളിൽ മൃദുസ്മിതം. മൈലാഞ്ചിച്ചോപ്പലിഞ്ഞ പാദങ്ങൾക്കും കുപ്പിവളക്കൈകൾക്കും എന്തൊരഴകാണ്! കാലമെത്ര കഴിഞ്ഞാലും നമ്മുടെ മനസ്സിലെ നാടൻ പെണ്ണിന്റെ ചിത്രം ഇങ്ങനെ തന്നെയാണ്. പരിഷ്കാരങ്ങളുടെ ഈ പുതിയ കാലത്ത്, തനിക്കു പ്രിയപ്പെട്ട നാടൻ സൗന്ദര്യക്കൂട്ടുകൾ പങ്കു വയ്ക്കുകയാണ് മലയാളിയുടെ പ്രിയ അഭിനേത്രിയും പുതു തലമുറയിലെ പ്രിയതാരവുമായ ഷഫ്ന.
മുഖക്കുരു ഉള്ളതു കൊണ്ട് ഞാൻ മുഖത്ത് തുളസിനീരു പുരട്ടാറുണ്ട്. നാരങ്ങാനീരും തേനും യോജിപ്പിച്ചും മുഖത്തു പുരട്ടും. രക്തചന്ദനത്തിനൊപ്പം പാൽപാട അല്ലെങ്കിൽ തേൻ യോജിപ്പിച്ചും പുരട്ടാറുണ്ട്. അൽപം ഉണങ്ങുമ്പോൾ അതു കഴുകും. പപ്പായപ്പഴവും ഒാറഞ്ചും മുഖത്തുരസും. ഷൂട്ട് കഴിയുമ്പോൾ മേക്കപ് മാറ്റിയ ശേഷം തക്കാളി കൊണ്ടും മുഖത്തുരസാറുണ്ട്. ഉരുളക്കിഴങ്ങ് കുഴമ്പു രൂപത്തിലാക്കി അതിൽ തേനും ചിലപ്പോൾ തൈരും ചേർത്ത് മുഖത്തു പായ്ക്ക് ഇടാറുണ്ട്. മുടിയുടെ ആരോഗ്യത്തിനു വേണ്ടി ശുദ്ധമായ വെളിച്ചെണ്ണയിൽ രണ്ടു സ്പൂൺ ആവണക്കെണ്ണ ചേർത്ത് ഹോട്ട് ഒായിൽ മസാജ് ചെയ്യും. നേന്ത്രപ്പഴം ഉടച്ച് അതിൽ മുട്ട വെള്ളയും ഒരു സ്പൂൺ എണ്ണയും ചേർത്ത് യോജിപ്പിച്ചും മുടിയിൽ തേയ്ക്കും. പ്രകൃതിദത്ത സൗന്ദര്യക്കൂട്ടുകളാണ് എനിക്ക് ഇഷ്ടം.