Wednesday 04 December 2024 03:39 PM IST : By സ്വന്തം ലേഖകൻ

‘രോഗം ബാധിച്ച ‌ചർമത്തിൽ നിന്ന് സ്പർശനത്തിലൂടെ പകരും’; കുഴിനഖവും അരിമ്പാറയും മാറ്റാൻ, അറിയാം ഇക്കാര്യങ്ങള്‍

wart67787

പല രൂപത്തിലും ആകൃതിയിലും തടിപ്പുകളായി പ്രത്യക്ഷപ്പെടുന്ന രോഗമാണ് അരിമ്പാറ. ഏതു പ്രായക്കാരിലും വരാം. ചാരനിറത്തിൽ കാണുന്ന ഇവയുടെ ഉപരിതലം പരുപരുത്തതായിരിക്കും. ചിലതരം അരിമ്പാറകളിൽ ‌വിരലുകൾ പോലുള്ള തടിപ്പുകൾ കാണാം. ഗൃഹ്യഭാഗങ്ങളിലെ അരിമ്പാറകൾ മൃദുലമാണ്. ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് അരിമ്പാറയുണ്ടാക്കുന്നത്. രോഗം ബാധിച്ച ‌ചർമത്തിൽ നിന്നു സ്പർശനത്തിലൂടെയാണ് ഇതു പകരുന്നത്.

മികച്ച ലേപനങ്ങൾ

ഏതു ഭാഗത്താണ് അരിമ്പാറ എന്നതിനെ ആശ്രയിച്ചാണ് ചികിത്സ. ഇലക്ട്രോകോട്ടറി, ക്രയോതെറപ്പി തുടങ്ങിയ മാർഗങ്ങളിലൂടെ അരിമ്പാറ നീക്കം ചെയ്യാം. കാൽപാദത്തിനടിയിലും കൈപ്പത്തിക്ക് അകത്തുമുള്ള അരിമ്പാറകളിൽ സാലിസിലിക് ആസിഡ്, ലാക്റ്റിക് ആസിഡ് ലേപനങ്ങൾ ഫലപ്രദമാണ്. ഗൃഹ്യഭാഗത്തെ അരിമ്പാറകള്‍ക്ക് പോക്ലോഫിലിൻ റെസിൻ എന്ന ലേപനം പുര‌ട്ടിയും ക്രയോതെറപ്പി വഴിയും സുഖപ്പെടുത്താം. ഗൃഹ്യ അരിമ്പാറകളുണ്ടാക്കുന്ന വൈറസുകൾ ഗര്‍ഭാശയ അർബുദത്തിനും കാരണമായേക്കാം.

കുഴിനഖം

നഖത്തിനു ചുറ്റുമുള്ള ചർമത്തിലുണ്ടാകുന്ന നീർവീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. അധികസമയം കൈകാലുകളിൽ നനവ് ഉണ്ടാ‌കുന്ന ജോലികളിൽ ഏർപ്പെടുന്നവർ (വീട്ടമ്മമാര്‍, കൃഷിക്കാർ) പ്രമേഹരോഗികൾ, മറ്റു കാരണങ്ങൾ കൊണ്ടു രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് സാധാ‌രണയായി ഇതുണ്ടാകുന്നത്.

നനവ് അധികമായി ഉണ്ടാകുമ്പോഴും ഡിറ്റർജെന്റ്, വളം തുടങ്ങിയവയുടെ നിരന്തരമായ കൈകാര്യം ചെയ്യൽ കാരണവും നഖത്തിനും ചുറ്റുമുള്ള ചർമ‌ത്തിനും ഇടയിലുള്ള ക്യൂട്ടിക്കിൾ എന്ന ഭാഗത്തിനു ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിനും ചുറ്റുമുള്ള ചർമത്തിലേക്കും പ്രവേശിക്കുന്നു. തത്ഫലമായി നഖത്തിനു ‌ചുറ്റും ചുവപ്പും തടി‌പ്പും വീക്കവും വേദനയും ‌ഉണ്ടാകുന്നു. ആ ഭാഗത്തു നിന്നും പഴുപ്പും ഉണ്ടാകാറുണ്ട്. ഈ അവസ്ഥ നീണ്ടുനിന്നാൽ അതു നഖത്തിലും കേടുപാടുകൾ ഉണ്ടാക്കും. നഖത്തിൽ നിറംമാറ്റം, പൊടിഞ്ഞുപോകൽ, വളര്‍ച്ച കുറയൽ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.

നനവില്ലാതെ നഖവും ചർമവും

നഖവും ചുറ്റുമുള്ള ചർമവും നനവില്ലാതെ സൂക്ഷിക്കുക. നനവുണ്ടാകാൻ സാധ്യതയുള്ള ജോലികളിൽ ഏർപ്പെടുമ്പോൾ ഗ്ലൗസ് ധരിക്കുക. കൈകാലുകൾ ഉപ്പു ലായനിയിൽ 10 മിനിറ്റ് വീതം രാവിലെയും രാത്രിയും മുക്കിവയ്ക്കുക. ഡോക്ടറുടെ നിർദേശാനുസരണം ലേപനങ്ങളും ഗുളികകളും ഉപയോഗിക്കണം.

Tags:
  • Health Tips
  • Glam Up