മലയാളികൾക്ക് ഏറെ സുപരിചിതനായ ബോളിവുഡ് താരമാണ് സുനിൽ ഷെട്ടി. പ്രായം 57 ആണെങ്കിലും അദ്ദേഹത്തെ കണ്ടാൽ ആരും അങ്ങനെ പറയില്ല. കാരണം 35 വയസ്സിന്റെ ചെറുപ്പമാണ് ഇപ്പോഴും. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് സുനിൽ ഷെട്ടി. കാരിരുമ്പിന്റെ കരുത്തുള്ള ഈ ശരീരം സ്വന്തമാക്കിയത് എങ്ങനെയെന്ന് ചോദിച്ചാൽ സുനിൽ ഷെട്ടിയുടെ മറുപടി ഇങ്ങനെ;

"സിക്സ്പാക്ക് ആണ് ഫിറ്റ്നസെന്ന് തെറ്റിദ്ധരിക്കുന്ന പലരുമുണ്ട്. അതുകൊണ്ടുതന്നെ മാർക്കറ്റിൽ അതിനായി നിരവധി സപ്ലിമെന്റുകള്‍ ലഭ്യമാണ്. ഇവയിൽ ഉപയോഗിക്കാൻ പാടില്ലാത്ത സ്റ്റിറോയ്ഡ് ചേർന്ന ഉല്‍പന്നങ്ങളുമുണ്ട്. ഇതൊക്കെ ഉപയോഗിക്കും മുമ്പ് നിങ്ങള്‍ അറിയുന്നവരോട് ചോദിക്കണം. നന്നായി കഠിനാധ്വാനം ചെയ്യുന്ന അത്ലറ്റുകളോ കായികതാരങ്ങളോ ഇത്തരം സപ്ലിമെന്റുകള്‍ ഉപയോഗിക്കാറില്ല. കാരണം അത് സ്വന്തം ശരീരത്തെ കേടാക്കുമെന്ന് അവര്‍ക്ക് അറിയാം. കിഡ്നിക്ക് കൂടുതല്‍ ജോലിഭാരം നല്കുന്നവയാണ് ഇവ.

ഫിറ്റ്നസ്സിനായി ഞാൻ പ്രോട്ടീന്‍ പൗഡറുകളോ സപ്ലിമെന്റുകളോ ടാബ്ലെറ്റുകളോ ഉപയാഗിക്കാറില്ല. യഥാർത്ഥത്തിൽ ഫിറ്റ്നസ്സിനു വേണ്ടത് കുറുക്കുവഴികളല്ല. അങ്ങനെ ഫിറ്റ്നസ് സാധ്യവുമല്ല. ‘മസില് മെമ്മറി’ എന്നൊരു പ്രക്രിയ ഉണ്ടെന്ന് മറക്കരുത്. ദിവസവും പരിശീലനം നടത്തിയാല്‍ നല്ല ഫിറ്റ്നസ് സാധ്യമാവും. ഓരോ ദിവസവും പരിശീലനം ചെയ്യുന്തോറും അടുത്ത ദിവസം നിങ്ങളുടെ ശരീരം തയ്യാറായി ഇരിക്കും. വളരെ നല്ല മാറ്റം കാണാനാവും. എന്റെ ശീലങ്ങളാണ് എനിക്ക് ഫിറ്റ്നസ് സമ്മാനിക്കുന്നത്.

വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണത്തിലും അതീവ ശ്രദ്ധ പുലർത്താറുണ്ട്. രാജാവിനെ പോലെ പ്രാതല്‍ കഴിക്കുക, രാജ്ഞിയെ പോലെ ഉച്ചഭക്ഷണം കഴിക്കുക, ദരിദ്രനെ പോലെ അത്താഴം കഴിക്കുക ഇതാണ് എന്റെ പോളിസി. ‘ഫിറ്റ്നസ് കുട്ടിക്കളിയാണ്’ എന്നുപറഞ്ഞ് ഇന്ത്യക്കാരെ മുഴുവന്‍ പ്രചോദിപ്പിക്കണം എന്നാണ് എന്റെ സ്വപ്നം. കാരണം ഇത് ശരിക്കും മനസ്സിന്റെ കളിയാണ്. നമ്മള് നമ്മളില്‍ വിശ്വസിക്കുകയും പോസിറ്റീവ് ആയി ചിന്തിക്കുകയും ചെയ്താല്‍ മാറ്റം കണ്ടുതുടങ്ങും."- സുനിൽ ഷെട്ടി പറയുന്നു.