വിവാഹ ഫോട്ടോസ് കാണുമ്പോഴാണ് പല വരന്മാർക്കും മേക്കപ് ചെയ്യാഞ്ഞതിന്റെ നിരാശ തോന്നുന്നത്. മേക്കപ് ചെയ്ത്, മിന്നും സാരിയും ആഭരണങ്ങളും ധരിച്ച് അണിഞ്ഞൊരുങ്ങിയ പെണ്ണിനൊപ്പം നിൽക്കുമ്പോൾ കല്യാണച്ചെക്കൻ ആകെ ഡൾ. അതുകൊണ്ടു തന്നെ നമ്മുടെ പയ്യൻസ് എല്ലാം മേക്കപ്പിലും ഗ്രൂം ഗ്രൂമിങ്ങിലും ശ്രദ്ധ നൽകിത്തുടങ്ങി.
മേക്കപ് ട്രെൻഡ് എന്താണ്?
ചെക്കനിഷ്ടം മേക്കപ് ഇല്ലാത്ത മേക്കപ് ലുക് ആണ്. തികച്ചും സ്വാഭാവികമെന്നു തോന്നണം. എന്നാൽ കണ്ണാടിയിൽ നോക്കുമ്പോൾ ‘ഞാൻ പൊളിയാണല്ലോ’ എന്നു തോന്നുകയും വേണം.
മാറ്റ് ഫിനിഷ് മേക്കപ് : നാച്ചുറൽ ലുക് ആഗ്രഹിക്കുന്നതു കൊണ്ടു തന്നെ മാറ്റ് ഫിനിഷിങ്ങിനോടാണ് ആണുങ്ങൾക്കു പ്രിയം. എണ്ണമയം തെല്ലും തോന്നില്ല. ക്ലീൻ ലുക് ലഭിക്കുകയും ചെയ്യും. പ്രൈമറും ഫൗണ്ടേഷനും കൺസീലറുമെല്ലാം തന്നെ പുരുഷന്മാരെ മേക്കപ് അണിയിക്കുമ്പോഴും ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ഇവ വളരെ കുറച്ച് അളവിൽ ആവശ്യമുള്ള ഭാഗത്തു മാത്രമാണെന്നു മാത്രം. മേക്കപ് ചെയ്യുമ്പോൾ കണ്ണിന്റെ ഭംഗിക്കായി കൺപീലികളിൽ ട്രാൻസ്പരന്റ് മസ്കാരയാണ് അണിയുക.
ഹൈഡ്രേറ്റിങ് മേക്കപ് : പുരുഷന്മാരുടെ ചർമം പൊതുവേ പരുക്കനാണ്. മിക്കവർക്കും ആ സ്വാഭാവികത നിലനിർത്തുന്നതാണു താൽപര്യവും. ഇനി അതല്ല, കല്യാണമല്ലേ മുഖത്തിനു തിളക്കം വേണ്ടേ എന്നാണു ചിന്തിക്കുന്നതെങ്കിൽ ഹൈഡ്രേറ്റിങ് മേക്കപ് തിരഞ്ഞെടുക്കാം. ചർമം ജലാംശത്തിന്റെ തിളക്കത്തിൽ ഫ്രെഷ് ആയിയിരിക്കും.
നോട്ട് ദിസ് മേക്കപ് പോയിന്റ്
മീശ, താടി, മുടി... ആണൊരുക്കത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇവ.
∙ വിവാഹത്തിനു രണ്ടു ദിവസം മുൻപു മുടി വെട്ടാനും താടി മീശയും റെഡിയാക്കാനും നിൽക്കല്ലേ. ഒരാഴ്ച മുൻപു തന്നെ ഹെയർ കട്ടും ബിയേർഡ് ഗ്രൂമിങ്ങും ചെയ്യണം. മേക്കപ് ചെയ്യുന്ന സമയത്ത് അനുസരണയില്ലാതെ നിൽക്കുന്ന താടിയിലെയും മീശയിലെയും രോമങ്ങൾ ട്രിം ചെയ്തുകൊടുത്താൽ മതി.
∙ അണിയുന്ന വസ്ത്രങ്ങൾ കൂടി മനസ്സിൽ കണ്ടു വേണം ഹെയർ കട്ടും ബിയേർഡ് ഗ്രൂമിങ്ങും.
∙ അകാലനര ഉള്ളവർ കല്യാണത്തിനു മൂന്നു ദിവസം മുൻപ് മുടി കളർ ചെയ്തു നര മറയ്ക്കുക. തലേദിവസം ഹെയർ കളർ ചെയ്യാൻ നിൽക്കരുതേ...
∙ പുരികങ്ങളും ആരുമറിയാത്ത വിധം ആകൃതി വരുത്താം. അങ്ങിങ്ങായുള്ള അധികരോമങ്ങൾ നീക്കിയാൽ മതി.
∙ മേക്കപ് ചെയ്യുമ്പോൾ പുരികത്തിലെയും താടിയിലെയും മീശയിലെയും വിടവുകൾ നികത്താനാകും. മുടിയിഴകൾക്കു ഉള്ളു തോന്നിപ്പിക്കാൻ ഹെയർ ലൈൻ ഫിൽ ചെയ്തുകൊടുക്കുകയും ചെയ്യും.
∙ മേക്കപ് എല്ലാം കഴിഞ്ഞു സെറ്റിങ് സ്പ്രേ അടിച്ചു മേക്കപ് ഫിനിഷ് ചെയ്യുന്നതിനു റോസ് വാട്ടർ ഉപയോഗിച്ച് ബ്ലെൻഡ് ചെയ്തുകൊടുക്കാറുണ്ട്. ഇതു നാചുറൽ ലുക് കിട്ടാൻ സഹായിക്കും.
∙ നല്ല ഉറക്കം നല്ല മേക്കപ്പിന് ആവശ്യമാണ്. ചർമത്തിന് ആവശ്യത്തിനു വിശ്രമം ലഭിച്ചാലാണു ചർമത്തിന് ഉന്മേഷമുണ്ടാകുക. വിവാഹത്തലേന്ന് എട്ടു മണിക്കൂർ ഉറപ്പായും ഉറങ്ങാൻ ശ്രദ്ധിക്കുക.
കല്യാണമുറപ്പിച്ചാൽ ഒരുങ്ങിക്കോളൂ
∙ ഇതുവരെ സ്കിൻ കെയര്‍ റുട്ടീൻ ഒന്നും പിന്തുടർന്നിട്ടില്ലെങ്കിൽ ഒട്ടും വൈകാതെ തുടങ്ങിക്കോളൂ. മുഖം വൃത്തിയാക്കാൻ ക്ലെൻസർ, മുഖത്തിന് ഇണങ്ങുന്ന മോയിസ്ചറൈസർ, വെയിലിനെ തോൽപ്പിക്കാൻ സൺസക്രീൻ... ഈ മൂന്നു കാര്യങ്ങളെങ്കിലും ചർമപരിപാലനത്തിൽ ഉൾപ്പെടുത്തണം. രാവിലെയും രാത്രിയും സ്കിന്‍ കെയർ റൂട്ടീൻ പിന്തുടരണമെന്ന് ഓർക്കുക.
∙ മുഖക്കുരുവും താരനും അകറ്റാനുള്ള വഴി നേരത്തേ തന്നെ തുടങ്ങണം. കൃത്യമായ ഇടവേളയിൽ ട്രീറ്റ്മെന്റ് എടുത്ത് ഈ രണ്ടു പ്രശ്നങ്ങളേയും പരിഹരിക്കാനാകും.
∙ പെഡിക്യൂറും മാനിക്യൂറും ഉറപ്പായും വേണം. കൈകാലുകളുടെ വൃത്തി ആണിനും പെണ്ണിനും അഴകാണ്.
വിവരങ്ങൾക്കു കടപ്പാട്: ബിന്ദു മാമൻ, മേക്കപ് ആർട്ടിസ്റ്റ്, നാചുറൽസ്, ആലുവ