Tuesday 26 April 2022 04:08 PM IST : By സ്വന്തം ലേഖകൻ

‘ബുദ്ധിമുട്ടിച്ച് മുഖക്കുരു, ഒടുവിൽ സർജറി ചെയ്യേണ്ടി വന്നു’: അനുഭവം പങ്കിട്ട് ശിൽപ ബാല: വിഡിയോ

silpa-bala-vid

നടിയായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് ശിൽപ ബാല. ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും വിശേഷങ്ങളും കൊച്ചുവർത്താനങ്ങളുമൊക്കെയായി ശിൽപ സോഷ്യൽ മീഡിയക്കു മുന്നിലും എത്താറുണ്ട്. പ്രത്യേകിച്ച് മകളോടൊപ്പം കുസൃതി വർത്താനങ്ങനങ്ങളുമായി ശിൽപയെത്തുന്നത് പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

കഴിഞ്ഞ ദിവസം ശിൽപ പങ്കുവച്ച വിഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവർ ഏറ്റെടുത്തിരിക്കുന്നത്. മകളുമൊന്നിച്ച് എത്തിയ വിഡിയോയിൽ മുഖക്കുരുവാണ് സംസാര വിഷയം. മുഖക്കുരു എങ്ങനെയാണ് വരുന്നതെന്നുള്ള ചോദ്യത്തിന് മകളുടെ കൊഞ്ചിയുള്ള മറുപടിയും വിഡിയോയിലുണ്ട്.

മുഖക്കുരു എങ്ങനെയെല്ലാം വരുമെന്ന് ശില്പ മകളോട് ചോദിക്കുമ്പോള്‍, മേക്കപ്പ് അധികം ഇട്ടാലും, ജങ്ക് ഫുഡ് (പ്രത്യേകിച്ചും എണ്ണ അമിതമായി ഉപയോഗിക്കുന്ന ഫാസ്റ്റ്ഫുഡ് ഗണത്തിലുള്ളവയും, മധുരം കൂടിയ പലഹാരങ്ങളും) കഴിച്ചാലും മുഖക്കുരു വരുമെന്നാണ് മകള്‍ പറയുന്നത്.

വിശേഷം പറച്ചിലുകൾക്കൊടുവിൽ പലരും തന്നോട് ചോദിച്ച ചോദ്യത്തിനുള്ള മറുപടിയും താരം നൽകി. എങ്ങനെയാണ് തന്റെ മുഖക്കുരു മാറ്റിയത് എന്ന ചോദ്യത്തുനുള്ള ഉത്തരമാണ് ശില്പ പറയുന്നത്.

'ആദ്യമായി വന്നപ്പോള്‍ കരുതിയത്, പ്രായത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും വരുന്നതുപോലെ വന്നതാണെന്നാണ്. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ കുറച്ച് അധികമായി വരാന്‍ തുടങ്ങി. ആ സമയത്ത് ദുബൈയില്‍ ചില ഷോകള്‍ ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ ക്യാമറയില്‍ കുരു കിട്ടാതിരിക്കാന്‍ കൂടുതല്‍ മേക്കപ്പ് ചെയ്യേണ്ടിവന്നു. അങ്ങനെയങ്ങനെ ആത്മവിശ്വാസം ഏറക്കുറെ മുഴുവനായും നഷ്ടമായി. മാനസികമായും ചില പ്രശ്‌നങ്ങളെല്ലാം ഇതിന്റെ ഭാഗമായി വന്നു. അങ്ങനെയാണ് ഡോക്ടറെ കാണുന്നതും ട്രീറ്റ്‌മെന്‍്‌റുകള്‍ എടുക്കുന്നതും. പ്രശ്‌നങ്ങള്‍ ഏറെക്കുറെ ശരിയായി വന്നു. പക്ഷെ അതിന്റെയെല്ലാം ഭാഗമായി മറ്റ് സ്‌കിന്‍ പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങി. അങ്ങനെയാണ് ഒരു സര്‍ജറിയിലേക്കെത്തുന്നത്.' ശില്പ പറയുന്നു.

ശിൽപയുടെ വിഡിയോ കാണാം: