Saturday 13 April 2024 04:37 PM IST

‘കൊളാജൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലത്’; വ്യായാമത്തിനൊപ്പം ചർമത്തിന്റെ ചെറുപ്പവും തുടിപ്പും നിലനിര്‍ത്താം, അറിയേണ്ടതെല്ലാം

Ammu Joas

Sub Editor

beauty-tippppp

വ്യായാമം ആരോഗ്യത്തിനു പ്രധാനം തന്നെ. പക്ഷേ, ചിലപ്പോഴെങ്കിലും വ്യായാമം സൗന്ദര്യപ്രശ്നങ്ങൾ ഉണ്ടാക്കാം...

സുന്ദരമായ ജീവിതത്തിനുള്ള ഗ്രീൻ ഫ്ലാഗ് ആണു വ്യായാമം. ആരോഗ്യം മെച്ചപ്പെടുത്തും, ജീവിതശൈലി രോഗങ്ങളെ ദൂരെ നിർത്തും, ശരീരാകൃതി സുന്ദരമായി നിലനിർത്തും, മാനസികാരോഗ്യത്തിന് ഉന്മേഷം പകരും. ഇതിനൊപ്പം ചർമത്തിനു തെളിച്ചവും തുടിപ്പും നൽകുകയും ചെയ്യും.

പക്ഷേ, വ്യായാമത്തിനു മുൻപും ശേഷവും ചർമപരിപാലനത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചർമപ്രശ്നങ്ങളാകും ഫലം. മുഖക്കുരു വരാം, ചർമം അയഞ്ഞുതൂങ്ങാം, അലർജി അലട്ടാം. ഇതു പരിഹരിക്കാൻ ചില കാര്യങ്ങൾ വർക്കൗട്ട് ചെയ്താൽ മതി.

തീരുമാനിക്കും മുൻപ്

അമിതവണ്ണം കുറയ്ക്കാൻ വ്യായാമം തുടങ്ങാം എന്നു ചിന്തിക്കും മുൻപ് സൗന്ദര്യസംരക്ഷണത്തെക്കുറിച്ചുള്ള ചിന്തയും മനസ്സിൽ വേണം. കാരണം, ഭക്ഷണനിയന്ത്രണത്തിലൂടെയും  വ്യായാമം  ചെയ്തും ശരീരഭാരം കുറയ്ക്കുമ്പോൾ മുടികൊഴിച്ചിൽ വരാം, ചർമത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുന്ന സാഹചര്യം വരാം.

ശരീരഭാരം നിയന്ത്രിക്കാനായി ക്രാഷ് ഡയറ്റ് എടുക്കരുത്. മൂന്നു നേരത്തെ ഭക്ഷണം ഒഴിവാക്കി ഒരു നേരമാക്കുക, കാർബോഹൈഡ്രേറ്റ്സിനെ പേടിച്ചു  ധാന്യങ്ങളും കിഴ ങ്ങുവർഗങ്ങളും പാടെ ഒഴിവാക്കുക, ഭക്ഷണത്തിന്റെ അളവു വളരെ കുറയ്ക്കുക. ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ഇ തു മുടികൊഴിച്ചിലിനു മാത്രമല്ല, ആരോഗ്യം തന്നെ മോശമാകാന്‍ കാരണമാകും. ഫിസിക്കൽ ട്രെയ്നറുടെ സഹായത്തോടെ വ്യായാമത്തിനനുസരിച്ചുള്ള ഡയറ്റ് പ്ലാൻ തയാറാക്കി സമീകൃതാഹാരം കഴിക്കുകയാണു വേണ്ടത്.

∙ ഡയറ്റിങ്ങിനും വർക്കൗട്ടിനും മുൻപ് മുടിയുടെ ആരോഗ്യം കാക്കുന്ന പോഷകങ്ങളായ വൈറ്റമിൻ ഡി, ബി12, കാൽസ്യം, ഫെറിറ്റിൻ, സിങ്ക് എന്നിവയുടെ അളവ് രക്തം പരിശോധിച്ചു മനസ്സിലാക്കണം. ആവശ്യമെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന സപ്ലിമെന്റ്സ് കഴിച്ചു തുടങ്ങുക. ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

∙ ചർമത്തിന്റെ ആരോഗ്യത്തിനും ഉന്മേഷത്തിനും വേണ്ട പോഷകങ്ങൾ ഒഴിവാക്കരുത്. വൈറ്റമിൻ എ, സി, ഇ, സിങ്ക്, സെലിനിയം എന്നിവ ചർമത്തിന്റെ ആരോഗ്യത്തിനു വേണ്ടതാണ്. നട്സ്, വിത്തുകൾ, അവക്കാഡോ, ഇലക്കറികൾ എന്നിവ ചർമം തിളങ്ങാനുള്ള ഹെൽതി ഫാറ്റ്സ് നൽകും.  

∙ ശരീരഭാരമനുസരിച്ച് ഒരു കിലോഗ്രാമിന് 1.5-2.5 ഗ്രാം എന്ന അളവിൽ ദിവസവും പ്രോട്ടീൻ കഴിക്കണം. മാംസ വിഭവങ്ങളും പയറുപരിപ്പു വർഗങ്ങളുമാണ് സ്രോതസ്സ്. മുടി, ചർമം, പേശികൾ ഇവയുടെ ആരോഗ്യത്തിനു പ്രോട്ടീൻ ആവശ്യമാണ്. കൊഴുപ്പ് കുറവുള്ള പ്രോട്ടീൻ അടങ്ങിയ ഡയറ്റ് പ്ലാനാണ് വെയ്റ്റ് ലോസ്സിനും സഹായിക്കുക.

∙ വ്യായാമം ചെയ്യുമ്പോൾ ചിലർക്ക് സ്ട്രെച്ച് മാർക്സ് വരാം. ഇതൊഴിവാക്കാൻ മോയിസ്ചറൈസേഷനാണു വ ഴി. ഇടുപ്പ്, വയർ, കാൽമുട്ടിന്റെ പുറകുവശം, കക്ഷത്തിനോടു ചേർന്ന ഭാഗം എന്നിങ്ങനെ സ്ട്രെച്ച് മാർക്സ് വരാൻ കൂടുതൽ സാധ്യതയുള്ള ഇടങ്ങളിൽ ഏതെങ്കിലും മോയിസ്ചറൈസർ എല്ലാ ദിവസവും ഉപയോഗിക്കണം.  

∙ ജലാംശം വേണ്ടുവോളമില്ലെങ്കിൽ ചർമം ഡൾ ആയിരിക്കും. മാത്രമല്ല, ശരീരഭാരം കുറയുന്നതു ചർമം അയഞ്ഞു  തൂങ്ങുന്നതിനും കാരണമാകും. ഇതു തടയാൻ വെള്ളം കുടിക്കണം. ശരീരഭാരം അനുസരിച്ചു വേണം വെള്ളം കുടിക്കാൻ. 20 കിലോ ഭാരത്തിന് ഒരു ലീറ്റർ വെള്ളം. അതായത് 60 കിലോ തൂക്കമുള്ളയാൾ മൂന്നു ലീറ്റർ വെള്ളം കുടിക്കണം.

∙ വ്യായാമത്തിനൊപ്പം ചർമത്തിന്റെ ചെറുപ്പവും തുടിപ്പും കാക്കുന്ന കൊളാജൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ബോൺ ബ്രോത്, ചിക്കൻ, മീൻ എന്നിവ കഴിക്കാം. വെജിറ്റേറിയൻസ് ബ്രോക്‌ലി, ബെറീസ്, ചിയ സീഡ്സ്, വോൾനട്സ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക. ആവശ്യമെങ്കിൽ കൊളാജൻ, ഒമേഗ 3 സപ്ലിമെന്റ്സ് ഇ വ കഴിക്കാം.  

വ്യായാമത്തിനു മുൻപ്

∙ വ്യായാമം ചെയ്യുന്നതിനു മുൻപ് ചർമത്തിന്റെ സ്വഭാവത്തിനു യോജിച്ച ഫെയ്‌സ്‌വാഷ് ഉപയോഗിച്ചു മുഖം വൃത്തിയാക്കണം. പുറത്തു പോയാണ് വ്യായാമം ചെയ്യുന്നതെങ്കിൽ സൺസ്ക്രീൻ പുരട്ടാൻ മറക്കരുത്.

ജിമ്മിലേക്കു വെയിലേറ്റു പോകേണ്ട സാഹചര്യമുണ്ടെങ്കിലും ജിം വർക്കൗട്ട് രാവിലെ എട്ടു മണിക്കു ശേഷമാണെങ്കിലും സൺസ്ക്രീൻ പുരട്ടണം.

∙ വ്യായാമം ചെയ്യുന്നതിനു മുൻപ് ചുണ്ടിൽ അൽപം വെണ്ണ പുരട്ടാം. വ്യായാമത്തിനിടെ വായിൽക്കൂടി ശ്വാസമെടുക്കുന്നതു മൂലം ചുണ്ടു വരളുന്നത് ഒഴിവാക്കാനാണിത്.

∙ മേക്കപ് തെല്ലുമില്ലാതെ വേണം വ്യായാമം ചെയ്യാൻ.  വ്യായാമത്തിനിടയിൽ വിയർക്കാനും പൊടിയും അഴുക്കും വന്നടിയാനും സാധ്യതയുണ്ട്. ഇവ മേക്കപ്പുമായി ചേർന്ന് ചർമസുഷിരങ്ങൾ അടയും, മുഖക്കുരുവിനു കാരണമാകും. ചുവന്ന പാടുകൾ, ചൊറിച്ചിൽ പോലുള്ള ചർമപ്രശ്നങ്ങളിലേക്കും നയിക്കും.

വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുന്നവർ ഫെയ്സ്‍വാഷ് ഉപയോഗിച്ചു മുഖം കഴുകി വൃത്തിയാക്കിയശേഷം മാത്രം വ്യായാമം തുടങ്ങുക.

∙ ചർമപരിപാലനത്തിനായി മോണിങ് സ്കിൻകെയർ റുട്ടീൻ വേണ്ടതു തന്നെ. പക്ഷേ, വ്യായാമത്തിനു ശേഷം മതിയെന്നു മാത്രം. എണ്ണയുപയോഗിച്ചുള്ള ഫെയ്സ് മസാജും വേണ്ട. വ്യായാമത്തിനു മുൻപ് ക്രീം, എണ്ണ തുടങ്ങിയവ ചർമത്തിൽ പുരട്ടിയാൽ അമിതമായി വിയർപ്പ് അടിയുമ്പോൾ ചർമത്തിന് അസ്വസ്‌ഥതയുണ്ടാകാം.

∙ വ്യായാമത്തിനു മുൻപു സ്ക്രബ് ചെയ്യുന്നതും വാക്സ് ചെയ്യുന്നതും ഒഴിവാക്കണം. ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുമ്പോൾ ചർമം അസ്വസ്ഥമാകുന്നുണ്ട്. ഉടനെ തന്നെ വിയർപ്പും പൊടിയുമടിയുമ്പോൾ പലവിധ ചർമപ്രശ്നങ്ങളിലേക്കു നയിക്കാം.

∙ വ്യായാമം ചെയ്യാൻ പോകുംമുൻപ് ഏതെങ്കിലും സൗന്ദര്യവർധകവസ്‌തു ആദ്യമായി പരീക്ഷിക്കുന്നതും നല്ലതല്ല.

∙ വിയർപ്പ് അണുക്കളുമായി ചേരുമ്പോഴാണു ചർമപ്രശ്നങ്ങളും വിയർപ്പുനാറ്റവും ഉണ്ടാകുന്നത്. പെട്ടെന്നു വിയർപ്പടിയുന്ന കക്ഷത്തിൽ ആന്റി പെർസിപിരന്റ് റോൾ ഓൺ ഉ പയോഗിക്കുന്നതു വിയർപ്പു തടയാൻ സഹായിക്കും.

∙ അമിതഭാരമുള്ളവർ അധികമായി വിയർക്കാൻ സാധ്യതയുണ്ട്. ശരീരത്തിന്റെ മടക്കുകളിൽ ആന്റി ഫംഗൽ ഡസ്റ്റിങ് പൗഡർ ഇടുന്നത് വിയർപ്പിനും വിയർപ്പു മൂലമുള്ള ചർമപ്രശ്നങ്ങൾക്കും തടയിടും.

∙ വ്യായാമം ചെയ്യുമ്പോൾ ധരിക്കാനുള്ള വിയർപ്പ് പിടിക്കാത്ത തരം മോയിസ്ചർ കൺട്രോൾ  വസ്ത്രങ്ങൾ ലഭ്യമാണ്. ഇവ അണിഞ്ഞാൽ വസ്ത്രങ്ങളിൽ വിയർപ്പു തങ്ങില്ല, വിയർപ്പുനാറ്റവും അധികം ബുദ്ധിമുട്ടിക്കില്ല. വിയർപ്പ് വസ്ത്രത്തിൽ തങ്ങിനിന്നാൽ ചർമവുമായി കൂടുതൽ സ മ്പർക്കത്തിൽ വരികയും ഫംഗസ് അണുബാധ ഉണ്ടാകുകയും ചെയ്യും.

440166898

വ്യായാമത്തിനിടയിൽ

∙ വ്യായാമത്തിനിടെ മുഖത്തു കൈകൾ കൊണ്ട് സ്‌പർശിക്കുന്നത് ഒഴിവാക്കണം. വിയർപ്പ് ഒപ്പി മാറ്റുന്നതിനു വൃത്തിയുള്ള ടവ്വലോ ടിഷ്യുവോ ഉപയോഗിക്കുക.   

∙ ജിം മെഷീൻസിൽ വിയർപ്പു പറ്റാതിരിക്കാനായി വിരിക്കുന്ന ടവ്വൽ തന്നെ മുഖത്തെ വിയർപ്പ് ഒപ്പിയെടുക്കാൻ ഉപയോഗിക്കരുത്. മുഖം തുടയ്ക്കാനായി മാത്രം ഒന്നോ രണ്ടോ ടവ്വൽ കരുതുക.

∙ ജിം ബഡ്ഡീസ് പരസ്പരം ടവ്വലും മറ്റും കൈമാറി ഉപയോഗിക്കുന്നത് നല്ലതല്ല. ഓരോരുത്തരുടെയും വിയർപ്പും ചർമവും വ്യത്യസ്തമാണ്. ഇത്തരം ശീലങ്ങൾ ചർമപ്രശ്നങ്ങളിലേക്കു നയിക്കാം.

∙ വ്യായാമത്തിനിടെയും ശേഷവും ആവശ്യത്തിനു വെ ള്ളം കുടിക്കണം. നിർജലീകരണം ഒഴിവാക്കാനും ചർമത്തിനു ജലാംശം ഉറപ്പാക്കി ഭംഗിയേകാനും വെള്ളം വളരെ ആവശ്യമാണ്.

വ്യായാമത്തിനുശേഷം

∙ വ്യായാമം കഴിഞ്ഞാലുടൻ മുഖം വെള്ളമുപയോഗിച്ചു കഴുകുക. വീട്ടിലെത്തിയശേഷം ഫെയ്സ് വാഷ് കൊണ്ടു കഴുകുക. വിയർക്കുമ്പോൾ ജലാംശത്തിനൊപ്പം സ്വാഭാവികമായ എണ്ണയും അഴുക്കും പൊടിയും മൃതകോശങ്ങളുമെല്ലാം ചർമത്തിൽ തങ്ങി നിൽക്കുന്നതു ചർമപ്രശ്‌നങ്ങൾക്കും മുഖക്കുരുവിനുമിടയാക്കാം. ഇതൊഴിവാക്കുന്നതിനാണ് ഫെയ്സ് വാഷ് കൊണ്ടു മുഖം കഴുകുന്നത്. ക്ലെൻസർ ഉപയോഗിച്ചാലും മതി. മുഖം വൃത്തിയാക്കിയ ശേഷം ചർമത്തിനു യോജിച്ച മോയ്സ്ചറൈസർ പുരട്ടാം.

∙ മുടി കെട്ടിവച്ചു വ്യായാമം ചെയ്യുന്നതാണു സുഖകരം. വ്യായാമത്തിനു ശേഷം മുടി അഴിച്ചിട്ടു വിയർപ്പകറ്റണം. ഏ റെനേരം വിയർപ്പടിയുന്നതു താരനും തലയിൽ കുരുക്കളും വരാൻ ഇടയാക്കും. ദിവസവും തല കഴുകുന്ന ശീലമില്ലാത്തവർ നിർബന്ധമായും ഇങ്ങനെ ചെയ്യണം. അല്ലെങ്കിൽ ഉടൻ തല കഴുകി കുളിക്കുക.

∙ വ്യായാമം കഴിഞ്ഞാലുടൻ കുളിക്കുന്നതു ചർമത്തെ ഫംഗൽ, ബാക്ടീരിയൽ ഇൻഫെക്‌ഷനിൽ നിന്നകറ്റി നിർത്തും. മാത്രമല്ല, വ്യായാമം ചെയ്യുമ്പോൾ ശരീരം ചൂടാകുന്നതിനാൽ ചിലർക്ക് ബേണിങ് സെൻസേഷൻ തോന്നാറുണ്ട്. ഇതൊഴിവാക്കാനും കുളിക്കുന്നതാണു നല്ല വഴി. ഇനി ഉടൻ കുളിക്കാൻ കഴിഞ്ഞില്ലെങ്കിൽ വെറ്റ് വൈപ്സ് ഉപയോഗിച്ചു മടക്കുഭാഗങ്ങൾ വൃത്തിയാക്കിയശേഷം വ സ്ത്രം മാറാൻ ഓർക്കുക.

∙ കുളി കഴിഞ്ഞാലുടൻ ശരീരത്തിൽ മോയിസ്ചറൈസർ/ബോഡി ലോഷൻ പുരട്ടുക.  

∙ വ്യായാമം ശീലമാക്കിയവർ രണ്ടാഴ്‌ചയിലൊരിക്കൽ മുഖവും ശരീരവും സ്ക്രബ് പുരട്ടി വൃത്തിയാക്കുന്നത് മൃതകോശങ്ങളകറ്റി ചർമം വൃത്തിയാക്കാൻ സഹായിക്കും.

വിവരങ്ങൾക്കു കടപ്പാട് : ഡോ. അമൃത എലിസബത് വർഗീസ്, കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ് & കോസ്മറ്റോളജിസ്റ്റ്, അൽ നീർ പോളിക്ലിനിക്, റാഷിദിയ, ദുബായ്

Tags:
  • Glam Up
  • Beauty Tips