Tuesday 16 April 2024 04:12 PM IST : By സ്വന്തം ലേഖകൻ

‘വീടിനകത്തായാൽ പോലും സൺസ്ക്രീനുകൾ പുരട്ടുന്നത് ശീലമാക്കണം’; സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ആറു സിമ്പിള്‍ ടിപ്സ്

suncreen-45666

പരസ്യത്തിലേതു പോലുള്ള സോപ്പോ, ക്രീമോ പുരട്ടിയതുകൊണ്ടോ മാത്രം പ്രായം കുറവു തോന്നിക്കുമോ? ഇല്ലേയില്ല. യുവത്വം കാത്തുസൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. മുടിയും മുഖവും ശരീരവുമൊക്കെ സുന്ദരമായി നിലനിർത്താൻ സ്വന്തമായി താഴെ പറയുന്ന ചില കാര്യങ്ങൾ ശീലിച്ചാൽ മതി. യുവത്വം കാത്തുസൂക്ഷിക്കാന്‍ ആറു കാര്യങ്ങൾ ഇതാ...

വയർ കുറയ്ക്കാന്‍ ഒരെളുപ്പവഴി

ഇന്നു ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്മാണ് കുടവയർ. ഇത് കുറയ്ക്കാന്‍ ഒരെളുപ്പവഴിയുണ്ട്. തൊലിക്കും മസിലിനും ഇടയിലാണ് കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. നമ്മൾ തന്നെ നടക്കുമ്പോൾ വയറൊന്നു ഉള്ളിലേക്കു പിടിച്ചു നടന്നാൽ ആ ഭാഗത്തെ മസിലുകൾ ഒന്നു ദൃഢമാകും. അതുകൊണ്ട് കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള പ്രവണത കുറയും. ഇരുന്നു ജോലി ചെയ്യുന്നവർക്ക് ഇങ്ങനെ ചെയ്യുന്നതിലൂടെ 80 ശതമാനത്തോളം വയറിൽ അടിയുന്ന കൊഴുപ്പിനെ ഇങ്ങനെ കുറയ്ക്കാൻ കഴിയും.

കണ്ണുമടച്ചു വിശ്വസിക്കരുത്!

പല പരസ്യങ്ങളിലും കാണാറുണ്ട് ഒരാഴ്ചയ്ക്കുള്ളിൽ വെളുത്തു തുടുക്കാൻ ഈ ക്രീം ഉപയോഗിക്കൂ, ഈ ഫെയ്സ്‌വാഷ് ഉപയോഗിക്കൂ എന്നെല്ലാം. എന്നാൽ പെട്ടെന്നു ഫലം നൽകുമെന്നു പറയുന്ന മിക്ക ഉൽപ്പന്നങ്ങളെയും കണ്ണുമടച്ചു വിശ്വസിക്കരുത്. അവയെല്ലാം അതിനൊപ്പം വിപരീതഫലങ്ങളും നൽകുമെന്നതിൽ സംശയമില്ല. മറ്റൊന്ന് ഏതെങ്കിലും ഉൽപ്പന്നം ഉപയോഗിച്ചു ദിവസങ്ങൾക്കുള്ളിൽ മുഖക്കുരു രൂപപ്പെടുകയാണെങ്കിൽ അപ്പോൾ തന്നെ അതുപേക്ഷിക്കണം, നിങ്ങളുടെ ചർമത്തിനു ചേരുന്നതല്ല ആ ഉൽപ്പന്നം എന്നതാണ് മുഖക്കുരു പൊങ്ങുന്നതിലൂടെ വ്യക്തമാകുന്നത്.

അധികമായാൽ നാടനും നന്നല്ല

നാട്ടുമ്പുറത്തുള്ളവരുടെ സൗന്ദര്യ സംരക്ഷണത്തിൽ മുന്നിലാണ് കടലപ്പൊടി, പയറുപൊടി, മഞ്ഞൾ എന്നിവയുടെ സ്ഥാനം. എന്നാൽ ഇവ കഴിയുന്നതും ഒഴിവാക്കുന്നതാണു നല്ലത്. കാരണം ചർമത്തെ കൂടുതൽ വരണ്ടതാക്കുന്നവയാണ് ഇവയിലേറെയും. പിന്നെ ആചാരങ്ങള്‍ക്കു വേണ്ടിയെല്ലാം വല്ലപ്പോഴും മാസത്തിലൊരിക്കൽ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. മഞ്ഞൾ തേക്കുകയാണെങ്കിൽ തന്നെ അധികനേരം ഇരിക്കരുത്, കഴുകിയതിന് ശേഷം ഉടൻ തന്നെ മോയ്സ്‌ചറൈസിങ് ക്രീം ഉപയോഗിക്കുകയും വേണം.

കണ്ടീഷണർ ഇൻ

മുടിയുടെ സംരക്ഷണത്തിന് കണ്ടീഷണറിന് വലിയ സ്ഥാനമാണുള്ളത്. ഷാംപൂ ഉപയോഗിച്ചാൽ കണ്ടീഷണർ നിർബന്ധമാക്കണം. അല്ലെങ്കിൽ മുടി വരണ്ടു പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. മുടിയുടെ ആരോഗ്യം നിലനിർത്താൻ ഹെയർ ഡ്രൈയറിന്റെ ഉപയോഗം കുറയ്ക്കണം. ഹോട്ട് എയറിൽ നേരിട്ട് ഉണക്കുമ്പോൾ മുടിയുടെ വേരുകൾക്കു കേ‌ടുപാടു വരാൻ സാധ്യതയുണ്ട്. 

കൂടുതല്‍ ഡയറ്റ് വേണ്ട!

വണ്ണം കുറയ്ക്കാനായി സമയാസമയം ഭക്ഷണം കഴിക്കാത്തവരുണ്ട്. വണ്ണം കുറയുകയല്ല മറിച്ച് ശരീരത്തിനു വേണ്ട പ്രോട്ടീനുകളും കലോറിയും കിട്ടാതിരിക്കുന്നതിലൂടെ ആരോഗ്യത്തെ അതു ഗുരുതരമായി ബാധിക്കുകയാണു ചെയ്യുന്നത്. എഴുപതു ശതമാനം ഡയറ്റും മുപ്പതു ശതമാനും വ്യായാമവും എന്നതാണ് ശരിയായ രീതി. ഭക്ഷണം തീർത്തും ഒഴിവാക്കാതെ രണ്ടു മണിക്കൂറിടവിട്ട് ഭക്ഷണത്തിന്റെ അളവ് കുറച്ച് കഴിക്കാം. അല്ലാത്തപക്ഷം അതു പ്രതിരോധശേഷിയെ കുറയ്ക്കുകയും നിങ്ങളുടെ സ്വാഭാവിക സൗന്ദര്യത്തെ ഇല്ലാതാക്കുകയും ചെയ്യും.

എന്നെന്നും സൺസ്ക്രീൻ

സൺസ്ക്രീൻ ക്രീമുകൾ പുരട്ടുന്നത് നിർബന്ധമാക്കുക. നല്ലൊരു മോയ്സചറൈസർ എന്നതിലുപരി മികച്ചൊരു ആന്റിഎയ്ജിങ് ക്രീം കൂടിയാണ് സൺസ്ക്രീനുകൾ. ശരീരം വരണ്ടതാകുമ്പോഴാണ് പെട്ടെന്നു വെയിലേറ്റു കരിവാളിക്കാനുള്ള സാധ്യത കൂടുതൽ. വീടിനകത്തായാൽ പോലും സൺസ്ക്രീനുകൾ പുരട്ടുന്നത് ശീലമാക്കണം.

Tags:
  • Glam Up
  • Beauty Tips