വിവാഹത്തിന് ടെൻഷനില്ലാതെ രാജകുമാരിയെപ്പോലെ തിളങ്ങണമെങ്കിൽ കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും തയാറെടുപ്പുകൾ തുടങ്ങിയേ തീരൂ. വിവാഹദിനത്തിൽ മിന്നിത്തിളങ്ങാൻ ഇതാ അഞ്ചു ടിപ്സ്...
∙ കൃത്യമായ പ്ലാനിങ്ങാണ് ആദ്യം വേണ്ടത്. ഒരു മാസം കൊണ്ട് 20 കിലോ കുറയ്ക്കാമെന്നു കരുതരുത്. ശരീരഭാരം കുറയ്ക്കേണ്ടവർ അഞ്ചാറു മാസം മുൻപെങ്കിലും ഇതിനുള്ള തയാറെടുപ്പുകൾ തുടങ്ങണം. ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയതായിരിക്കണം പ്രഭാതഭക്ഷണം. ബ്രൗൺ ബ്രഡ്, പാൽ, ഡ്രൈ ഫ്രൂട്ട്സ്, മുട്ടയുടെ വെള്ള തുടങ്ങിയവ ഉൾപ്പെടുത്താം. എന്തു കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണു കൃത്യമായ സമയത്ത് കൃത്യമായ അളവിൽ ഭക്ഷണം കഴിക്കുന്നതും. മൂന്നുനേരം വയറു നിറച്ച് ഭക്ഷണം കഴിക്കുന്നതിനേക്കാൾ രണ്ടോ മൂന്നോ മണിക്കൂറിന്റെ ഇടവേളയിൽ അളവു കുറച്ചു കഴിക്കുന്നതാണു നല്ലത്.
∙ പഴങ്ങളും പച്ചക്കറികളും നിർബന്ധമായും കഴിക്കണം. ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ഫൈബറുകളും ശരീരഭാരം കുറയ്ക്കാനും ചർമത്തിനു നിറവും തിളക്കവും നൽകാനും സഹായിക്കും. ദിവസവും ഒരു കപ്പ് സാലഡ് കഴിക്കുന്നതു വളരെയധികം പ്രയോജനം ചെയ്യും.
∙ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. കാപ്പിയും ചായയും ദിവസവും ഒരു കപ്പ് മതി. അച്ചാറുകളും വറുത്തെടുത്ത ഭക്ഷണപദാർഥങ്ങളും വേണ്ടേ വേണ്ട. എത്രത്തോളം വെള്ളം കുടിക്കുന്നോ അത്രത്തോളം ചർമത്തിന്റെ തിളക്കവും കൂടും. അതിനാൽ എവിടെപ്പോയാലും ഒരു കുപ്പി വെള്ളം കൈയ്യിൽ കരുതുക.
∙ ഭക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്യായാമവും. ശരീരഭാരം കുറച്ച് ആകാരഭംഗി വർധിപ്പിക്കുന്നതിനോടൊപ്പം രക്തയോട്ടം വർധിപ്പിച്ച് ചർമത്തിനു തിളക്കം നൽകാനും വിയർപ്പിലൂടെ ചർമത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകളെ പുറംതള്ളാനും വ്യായാമം സഹായിക്കും.
∙ എന്തൊക്കെ ചെയ്താലും ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ എല്ലാ തയാറെടുപ്പുകളും പാഴായിപ്പോകും. അതിനാൽ ദിവസവും 6-8 മണിക്കൂർ ഉറക്കം ശീലിക്കുക.ഒരു മാസം ഇവയെല്ലാം കൃത്യമായി ചെയ്താൽ വിവാഹദിനത്തെക്കുറിച്ചു ടെൻഷൻ വേണ്ടേ വേണ്ട.