Tuesday 27 July 2021 04:15 PM IST : By സ്വന്തം ലേഖകൻ

മഴയായാലും തണുപ്പായാലും കാൽപാദങ്ങള്‍ സുന്ദരമായി സൂക്ഷിക്കാം; വീട്ടിൽ ചെയ്യാവുന്ന ആറു സിമ്പിൾ ടിപ്സ്

cracked-feet

തണുപ്പുകാലത്തും മഴക്കാലത്തുമെല്ലാം പലരെയും അലട്ടുന്ന പ്രശ്‌നമാണ് കാല്‍പാദങ്ങള്‍ വിണ്ടുകീറൽ. പാദങ്ങള്‍ വിണ്ടുകീറുമ്പോള്‍ പലര്‍ക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. ചർമ്മം വരണ്ടുപോകുന്നതും കട്ടി കൂടുന്നതുമാണ് പാദം വിണ്ടുകീറാന്‍ കാരണം. കാൽപാദങ്ങള്‍ എന്നും സുന്ദരമായി സൂക്ഷിക്കാന്‍ വീട്ടിൽ ചെയ്യാവുന്ന ആറു സിമ്പിൾ ടിപ്സ് ഇതാ... 

1. പാദങ്ങളില്‍ എപ്പോഴും എണ്ണമയം നിലനിർത്തണം. ഇതിനായി വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പതിവായി പാദങ്ങള്‍ മസാജ് ചെയ്യുക. 

2.  ചൂടു വെള്ളത്തിൽ അൽപം കല്ലുപ്പും നാരങ്ങനീരും ഗ്ലിസറിനും പനിനീരും ചേർക്കാം. 10-15 മിനിറ്റ് പാദങ്ങൾ വെള്ളത്തിൽ മുക്കി വയ്ക്കണം. ഇതിനു ശേഷം പ്യൂമിക് സ്റ്റോണോ സ്ക്രബ്ബറോ ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യാം. ശേഷം ഒരു ടീസ്പൂണ്‍ ഗ്ലിസറിനും ഒരു ടീസ്പൂണ്‍ പനിനീരും അതേ അളവിൽ നാരങ്ങാനീരും യോജിപ്പിച്ച് വിണ്ടുകീറലുള്ള ഭാഗത്ത് പുരട്ടണം. 

3. പഴുത്ത ഒരു ഏത്തപ്പഴം എടുത്ത് നന്നായി ഉടയ്ക്കുക. ഇത് വിണ്ടുകീറലുള്ള ഭാഗത്ത് പുരട്ടാം. 10-15 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. 

4. അൽപ്പം വേപ്പില എടുത്ത് അത് നന്നായി അരയ്ക്കുക. ഇനി ഇതിലേക്ക് മൂന്നു ടീസ്പൂൺ മഞ്ഞൾപൊടി ചേർക്കണം. ഇവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം വിണ്ടുകീറലുള്ള ഭാഗത്ത് പുരട്ടണം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. 

5. ഒരു മുറി നാരങ്ങ എടുത്ത് നീര് നന്നായി പാദങ്ങളിൽ എത്തും വിധം വിണ്ടുകീറലുള്ള ഭാഗത്ത് ഉരയ്ക്കുക. 5 മിനിറ്റ് നേരം ഇത് തുടരാം. നാരങ്ങാനീരിലെ ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. ശേഷം മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യണം. ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. 

6. ഒരു പിടി തുളസിയില എടുത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും ഒരു ടീസ്പൂൺ കർപ്പൂരത്തിന്റെ പൊടിയും രണ്ട് ടേബിൾപൂൺ കറ്റാർ വാഴയുടെ നീരും ചേർത്ത് മിശ്രിതം തയാറാക്കുക. ഇത് വിണ്ടുകീറലുള്ള ഭാഗത്ത് പുരട്ടി 15 മുതൽ 29 മിനിറ്റ് വരെ കാത്തിരിക്കണം. അതിനു ശേഷം ചെറു ചൂടുവെള്ളത്തിൽ പാദങ്ങൾ കഴുകണം.

Tags:
  • Glam Up
  • Beauty Tips