Saturday 18 March 2023 02:54 PM IST : By സ്വന്തം ലേഖകൻ

വാൻ ഇഫ്രയിൽ വീണ്ടും ‘വനിത ഓൺലൈൻ’: ഓഡിയൻസ് എൻഗേജ്മെന്റിനുള്ള സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ പുരസ്കാരം ഏറ്റുവാങ്ങി

wan-ifra-delhi ന്യൂഡൽഹിയിൽ വാൻ ഇഫ്രയുടെ സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ പുരസ്കാരം വനിത ഓൺലൈൻ ചീഫ് സബ് എഡിറ്റർ ബിനോയ് കെ ഏലിയാസ് ഏറ്റുവാങ്ങുന്നു

വാൻ ഇഫ്ര പുരസ്കാര വേദിയിൽ വീണ്ടും അഭിമാന നേട്ടവുമായി വനിത ഓൺലൈൻ. വാൻ ഇഫ്രയുടെ സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ പുരസ്കാരം വനിത ഓൺലൈൻ ഏറ്റുവാങ്ങി. ഡല്‍ഹിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മികച്ച ഓഡിയൻസ് എൻഗേജ്മെന്റിനുള്ള വെങ്കല പുരസ്കാരം വനിത ഓൺലൈൻ ചീഫ് സബ് എഡിറ്റർ ബിനോയ് കെ ഏലിയാസ് ഏറ്റുവാങ്ങി. വാൻ ഇഫ്ര ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തോമസ് ജേക്കബാണ് പുരസ്കാരം സമ്മാനിച്ചത്. വാൻ ഇഫ്ര പ്രസിഡന്റ് ഫെർനാൻഡോ ഡി യാർസ ചടങ്ങിൽ സന്നിഹിതനായിരുന്നു.

സ്ത്രീധന–ഗാർഹിക പീഡനങ്ങളുടെ പേരിൽ കണ്ണീർവാർക്കുന്ന പെൺജീവിതങ്ങളുടെ ഉള്ളുതൊട്ടറിഞ്ഞ് പങ്കുവച്ച ‘കണ്ണീരാകരുത് കല്യാണം’ ക്യാംപയിനാണ് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പുരസ്കാര നേട്ടത്തിന് വനിത ഓൺലൈനെ ഒരിക്കൽ കൂടി അർഹമാക്കിയത്. ഏഷ്യയിലെയും ഇന്ത്യയിലേയും മുൻനിര ഡിജിറ്റൽ മാധ്യമങ്ങളോട് മത്സരിച്ചാണ് വനിത ഓൺ‌ലൈൻ ഈ അസുലഭ നേട്ടം സ്വന്തമാക്കിയത്. പുരസ്കാരം നേടിയ കേരളത്തില്‍ നിന്നുള്ള ഏക മാധ്യമ സ്ഥാപനവും വനിതഓൺലൈനാണ്.

വനിത പങ്കുവച്ച ആശയം ഏറ്റവും ഉദാത്തമെന്ന് ജൂറി അഭിപ്രായപ്പെട്ടു. സമകാലിക പ്രധാന്യമുള്ള വിഷയം അതിന്റെ എല്ലാ ഗൗരവവും ഉൾക്കൊണ്ട് അർഹിക്കുന്ന പ്രധാന്യത്തോടെ പങ്കുവയ്ക്കാൻ കഴിഞ്ഞെന്നും ജൂറി പ്രത്യേകം ചൂണ്ടിക്കാട്ടി. എബിപിയുടെ എബിപി സെന്റിനറി ക്യാംപയിനാണ് ഓഡിയൻസ് എൻഗേജ്മെന്റ് വിഭാഗത്തിൽ സ്വർണ മെഡൽ നേടിയത്. ദി ഡെയിലി പ്രൊതോം അലോയുടെ പദ്മ ബ്രിഡ്ജ് ഇനാഗുറേഷൻ ക്യാംപയിനാണ് ഇതേ വിഭാഗത്തിൽ വെള്ളി. പതിമൂന്ന് വിഭാഗങ്ങളിലായാണ് വാൻ ഇഫ്ര അവാർഡുകൾ വിതരണം ചെയ്യുന്നത്. ‘ദി വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പബ്ലിഷേഴ്സിന്റെ (WAN-IFRA) ആറാമത് എഡിഷൻ അവാർഡുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.

സ്ത്രീധന പീ‍ഡനങ്ങളുടെ പേരിൽ ജീവിതം തന്നെ ഹോമിക്കേണ്ടി വന്ന വിസ്മയയേയും ഉത്രയേയും പോലുള്ള ആയിരക്കണക്കിന് പെൺമനസുകൾക്കുള്ള ആദരമായിരുന്നു വനിത ഓൺലൈന്റെ ‘കണ്ണീരാകരുത് കല്യാണം’ ക്യാംപയിൻ. ഒരുതരി പൊന്ന് കുറഞ്ഞതിന്റെ പേരിലോ അളന്നു തിട്ടപ്പെടുത്തി നൽകുന്ന സ്വത്തിന്റെ പേരിലോ ഇനിയൊരു പെൺകുട്ടിയുടേയും കണ്ണീർ വീഴരുതെന്ന് ക്യാംപയിനിലൂടെ വനിത വായനക്കാരോട് സംവദിച്ചു. പൊന്നും പണവും പണ്ടങ്ങളും ഇല്ലാതെയും ജീവിതത്തിൽ ഒരുമിക്കാമെന്ന് പറയാതെ പറഞ്ഞ ഒരു കൂട്ടം ജീവിതങ്ങളെ വനിത വായനക്കാർക്കു മുന്നിൽ പരിചയപ്പെടുത്തി. പുറംമോടിയിലോ സ്വത്തിന്റെ വലുപ്പത്തിലോ അല്ല, മനസുകളുടെ ചേർ‌ച്ചയാണ് പ്രധാനമെന്നും ക്യാംപയിനിന്റെ ഭാഗമായ പലരുടേയും അനുഭവങ്ങൾ മുൻനിർത്തി പങ്കുവയ്ക്കുകയുണ്ടായി. പവൻ തിളക്കമോ പണച്ചാക്കുകളോ ഇല്ലാതെ ആഘോഷങ്ങളില്ലാതെ ജീവിക്കാൻ തീരുമാനിച്ചവരുടെ കഥ കേൾക്കാനും ഏറ്റെടുക്കാനും ലക്ഷക്കണക്കിന് പേരാണ് എത്തിയത്.

വാൻ–ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ പുരസ്കാരം മുമ്പും വനിത ഓൺലൈനെ തേടിയെത്തിയിട്ടുണ്ട്. ഏറ്റവും മികച്ച ഓഡിയൻസ് എൻഗേജ്മെന്റിനുള്ള വെങ്കല മെ‍ഡൽ പുരസ്കാരം 2021ൽ സ്വന്തമാക്കി. നരയെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റ് ആക്കിയ പുതുതലമുറയെക്കുറിച്ചുള്ള #ഞാനൊരു നരൻ ക്യാംപെയ്നാണ് വനിത ഓൺലൈനെ (www.vanitha.in) അന്ന് പുരസ്കാരത്തിന് അർഹമാക്കിയത്. മികച്ച നേറ്റീവ് അഡ്വർടൈസ്മെന്റിനുള്ള വെള്ളി മെ‍ഡൽ വനിത ഓൺലൈന് ലഭിച്ചത് 2020ലാണ്. വിവാഹശേഷം ഗർഭം ധരിക്കാൻ വൈകുന്ന സ്ത്രീകൾ സമൂഹത്തിലും കുടുംബത്തിലും നേരിട്ട മാനസിക പീഡനങ്ങള്‍ തുറന്നുകാട്ടിയ ഇവിടെ നല്ല വിശേഷം ക്യാംപെയ്ന് വനിത ഓൺലൈൻ 2019ൽ സ്വർണ മെഡൽ നേടിയിരുന്നു.

120 രാജ്യങ്ങളിലായി 3000 പ്രസാധക സ്ഥാപനങ്ങളെയും 18,000 പ്രസിദ്ധീകരണങ്ങളെയും പ്രതിനിധീകരിക്കുന്ന ആഗോള പത്രസംഘടനയാണു വാൻ–ഇഫ്ര. മാറുന്ന വാർത്താലോകത്തിൽ വായനക്കാർക്കായി ഡിജിറ്റൽ–മൊബൈൽ സമീപനം കൂടി സ്വീകരിച്ചു കൂടുതൽ മികച്ച വിഭവങ്ങളെത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളെ അംഗീകരിക്കാനാണു പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

പുരസ്കാരത്തിന് അർഹമാക്കിയ ക്യാമ്പയിനിലെ ഫീച്ചറുകൾ ചുവടെ വായിക്കാം:


‘ആഭരണങ്ങൾ വാടകയ്ക്ക്, ഒരുതരി പൊന്നില്ല, വേണമെങ്കിൽ കല്യാണവസ്ത്രവും കിട്ടും’: മാതൃകയാക്കാം ഈ കല്യാണം

‘സ്ത്രീധനത്തേക്കാൾ വലിയ സ്വത്താണ് അവർ എനിക്കു തന്നത്, അവളാണെന്റെ ധനം’: ‘കണ്ണീരാകരുത് കല്യാണം’: പരമ്പര തുടരുന്നു

‘എന്റെ കുടുംബം പതിമൂന്നാമത്തെ വാടകവീട്ടിലാണ്, സമ്പാദ്യം കല്യാണത്തില്‍ കളയാന്‍ എങ്ങനെ മനസുവരും’ :‘ കണ്ണീരാകരുത് കല്യാണം...’ : മൃദുല പറയുന്നു