Monday 21 April 2025 10:04 AM IST : By സ്വന്തം ലേഖകൻ

ഒരു നോക്ക് കണ്ട് പോപ്പിയും, കണ്ണീരോർമയായി അഭിരാം; കോൺക്രീറ്റ് തൂൺ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

abhiram-demise

ഓടിക്കളിച്ച മണ്ണിൽ അഭിരാം ഇനി കണ്ണീരോർമ. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കോൺക്രീറ്റ് തൂൺ വീണു മരിച്ച 4 വയസ്സുകാരൻ അഭിരാമിന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാവിലെ ഒൻപതോടെ അഭിരാം പഠിച്ചുകൊണ്ടിരുന്ന ഗണേശ വിലാസം ഗവ. എൽപി സ്കൂളിൽ പൊതുദർശനത്തിനു വച്ചശേഷമാണ് വീട്ടിലെത്തിച്ചത്. 

കഴിഞ്ഞ ദിവസമാണ് കോന്നിയിലെ ക്ഷേത്ര ദർശനത്തിനുശേഷം ആനക്കൂട് സന്ദർശിക്കവേ തോയിപ്പാട് അഭിരാം ഭവനിൽ അജി, ശാരി ദമ്പതികളുടെ മകൻ അഭിരാം കോൺക്രീറ്റ് തൂൺ വീണ് മരിച്ചത്. സംഭവത്തിൽ 6 വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഒരു നോക്ക് കണ്ട് പോപ്പിയും അപ്പുക്കുട്ടനെ ഒരു നോക്കു കാണാൻ പോപ്പിയെയും മൃതദേഹത്തിനരികിലെത്തിച്ചു. 

അഭിരാമെന്ന അപ്പുക്കുട്ടന്റെ വളർത്തു നായയാണ് പോപ്പി. കുട്ടിയുമായി ഏറെ ചങ്ങാത്തത്തിലായിരുന്ന പോപ്പിയെ കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. ഇന്നലെ അഭിരാമിന്റെ അച്ഛന്റെ ആഗ്രഹപ്രകാരമായിരുന്നു പോപ്പിയെ വീട്ടിൽ തിരികെ എത്തിച്ച് അഭിരാമിന്റെ മൃതദേഹം കാണിച്ചത്. ഒരിക്കൽ വീട്ടുമുറ്റത്ത് സൈക്കിളിൽ നിന്ന് അഭിരാം വീണപ്പോൾ കുരച്ച് വീട്ടുകാരെ അറിയിച്ചത് പോപ്പിയാണ്. പോപ്പിയുമായി ഏറെ ചങ്ങാത്തത്തിലായിരുന്നു അഭിരാം.

സുരക്ഷാ വീഴ്ച ജീവനക്കാരുടെ  തലയിൽകെട്ടിവയ്ക്കാൻ ശ്രമമെന്ന് ആക്ഷേപം. കോന്നി ആനക്കൂട്ടിലെ പൂന്തോട്ടങ്ങളുടെ സൗന്ദര്യവൽക്കരണത്തിനായി ഉപയോഗിച്ച വേലിക്കല്ല് മറിഞ്ഞുവീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനപാലകരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ജീവനക്കാരുടെ വിവിധ സംഘടനകൾ. ആനക്കൂടിന്റെ ചുമതലക്കാരായിരുന്ന ഒരു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറെയും 5 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയുമാണ് സസ്പെൻഡ് ചെയ്തത്. 

ഇക്കോ ടൂറിസം പ്രവർത്തനങ്ങൾക്ക് 2002 ൽ പൊതുവായ മാർഗ നിർദേശങ്ങൾ വനം വകുപ്പ് തയാറാക്കിയിരുന്നു. സുരക്ഷാ ഓഡിറ്റും നിർദേ‍ശിച്ചിരുന്നു. റേഞ്ച് ഓഫിസർ, പൊതുമരാമത്ത്, ടൂറിസം, ഹെൽത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരായ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയുള്ള സംഘമാണ് സുരക്ഷ ഓഡിറ്റ് നടത്തേണ്ടത്.

എന്നാൽ, ഇവിടെ ഇതു നടന്നിട്ടില്ല.  വനം മേഖല  സിസിഎഫ് ചെയർമാനും കോന്നി ഡിഎഫ്ഒ  ഓഫിസറുമായിട്ടുള്ള കോന്നി വന വികാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഇത്തരത്തിലുള്ള സുരക്ഷ ഓഡിറ്റ് നടത്തിയിട്ടില്ല. ഇവിടത്തെ സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താതെയാണ് സന്ദർശകരെ പ്രവേശിപ്പിച്ചുകൊണ്ടിരുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 

മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ച കാരണം സംഭവിച്ച അപകടത്തിനു താഴെത്തട്ടിലെ ജീവനക്കാരുടെ തലയിൽ കെട്ടിവച്ച് അവരെ ബലിയാടുകളാക്കുകയാണ് ദക്ഷിണ വനം മേഖല സിസിഎഫും കോന്നി ഡിഎഫ്ഒയും ചെയ്തതെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്.

Tags:
  • Spotlight