Monday 13 November 2023 03:49 PM IST

‘ഇന്‍ജക്‌ഷൻ സൂചികളെയും ഏകാന്തതയേയും പേടിയുള്ള അപ്പ, ഒരു പരാതിയുമില്ലാതെ എല്ലാം സഹിച്ചു’: അപ്പയുടെ അച്ചു: വനിത അഭിമുഖം

Vijeesh Gopinath

Senior Sub Editor

achu-oommen

ചീപ്പു തൊടാത്ത മുടിയുണ്ടായിരുന്ന, ഇസ്തിരിയിടാത്ത കുപ്പായമിട്ടിരുന്ന അച്ഛന്റെ മകളാണു മുന്നിലിരിക്കുന്നത്. ജനങ്ങളായിരുന്നു ആ അച്ഛന്റെ കണ്ണാടി. ആ കണ്ണാടിയിൽ മുഖം നോക്കിയാണ് അദ്ദേഹം എന്നും ‘ഒരുങ്ങി’ ഇറങ്ങിയിരുന്നത്.

എന്നാൽ അച്ചു ഉമ്മൻ സംസാരിച്ചു തുടങ്ങിയതു രാജ്യാന്തര പ്രശസ്തയായ ഡിസൈനര്‍ അനാമിക ഖന്നയുടെ പുതിയ കലക്‌ഷനുകളെക്കുറിച്ചും ദുബായിലെ ‘പ്രീ ലവ്ഡ് ഷോപ്പിങ് കൾച്ചറി’നെക്കുറിച്ചും ആയിരുന്നു. ലോകത്തെ പുതിയ സ്റ്റൈൽ തരംഗങ്ങളെക്കുറിച്ച് ഇൻസ്റ്റ പോസ്റ്റുകൾ സ്ക്രോൾ ചെയ്യുന്ന വേഗത്തിൽ അച്ചു പറഞ്ഞു കൊണ്ടിരുന്നു. രാഷ്ട്രീയത്തിലെ ‘ഒൗട്ട്ഫിറ്റുകളെ’ക്കുറിച്ചു നന്നായറിഞ്ഞിരുന്ന അച്ഛനെ ഒാർ‌ത്തു ചോദിച്ചു, ‘ഉമ്മൻചാണ്ടിയിൽ നിന്ന് അച്ചു ഉമ്മനിലേക്ക് എത്ര ദൂരം?’

അച്ചു ഒന്നു നിശബ്ദയായി. ‘‘അപ്പയെ പോലെയാകാൻ ആർക്കു സാധിക്കും? എല്ലാം ക്ഷമിക്കുന്ന, ഉള്ളിലൊതുക്കുന്ന ആൾ. ആക്രമിക്കാൻ വന്നവർക്കു പോലും മാപ്പുകൊടുത്തില്ലേ? അപ്പയ്ക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിെഎ റിപ്പോർട്ടു കിട്ടിയിട്ടു പോലും പ്രതികരിച്ചില്ല.

എനിക്കതു പറ്റില്ല. എല്ലാം കേട്ടു മിണ്ടാതിരിക്കാനുമാകില്ല. അതുകൊണ്ടാണു സൈബർ ആക്രമണമുണ്ടായപ്പോൾ പൊലീസിൽ പരാതി കൊടുത്തത്. അപ്പയുണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ, ‘കേസൊന്നും വേണ്ട, അങ്ങനൊന്നും പറയണ്ട, അ തൊക്കെ വിട്ടേക്ക്...’ എന്നൊക്കെ. അത്ര സൗമ്യനായ മനുഷ്യനെതിരെ പ്രവർത്തിച്ചവർക്കു കാലം മാപ്പു നല്‍കില്ല, ഉറപ്പ്.’’ അ ച്ചുവിന്‍റെ വാക്കുകളില്‍ കനൽപ്പൊള്ളൽ.

‘‘കുട്ടിക്കാലം തൊട്ടേ അപ്പയോട് അത്ര അഡിക്ടഡ് ആണ് ഞാൻ. ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന അപ്പയെ എനിക്കു കിട്ടിയിരുന്നില്ല. പക്ഷേ, രോഗബാധിതനായ കാലത്ത് അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നിന്നു പരിചരിക്കാനുള്ള ഭാഗ്യമുണ്ടായി. ഇന്‍ജക്‌ഷൻ സൂചികളെയും ഏകാന്തതയേയും പേടിയുള്ള ആൾ ഒരു പരാതിയുമില്ലാതെ എല്ലാം സഹിച്ചു. ജനുവരിയിൽ ഞാൻ വലതു കൈത്തണ്ടയിൽ ടാറ്റൂ ചെയ്തു, അപ്പാസ് പ്രിൻസസ്. അപ്പയെ അതു കാണിച്ചപ്പോൾ സ്നേഹപൂര്‍വം അതിൽ തലോടി തമാശ മട്ടിൽ ചിരിച്ചു.

ഞാനിനി എവിടെയൊക്കെ എത്തിയാലും എന്തൊക്കെ ആ യാലും ഉമ്മൻചാണ്ടിയുടെ മകൾ എന്ന പേരിലാണ് അറിയപ്പെടേണ്ടത്. അതാണെന്റെ ഐഡന്റിറ്റി. അതിനപ്പുറം ഒന്നുമില്ല, ഒ ന്നും വേണ്ട.’’

വനിതയുെട കവർപേജില്‍ അച്ചുവിനെ ഇങ്ങനെ കാണുമ്പോള്‍ ആരുമൊന്നു വിസ്മയിക്കും. ആരാണ് ഇപ്പോള്‍ അച്ചു ഉമ്മൻ?

ഞാൻ കണ്ടന്റ് ക്രിയേറ്ററാണ്. ആരുടെയും കീഴിലല്ലാതെ നമ്മുടെ ക്രിയേറ്റിവിറ്റിക്കനുസരിച്ചു ചെയ്യാനാകുന്ന ജോലിയാണത്. എന്തു ചെയ്യണമെന്നത് ഒാരോ വ്യക്തിയുടെയും സ്വാതന്ത്ര്യം അല്ലേ? അതു സ്വയം തീരുമാനിക്കേണ്ട കാര്യമാണ്.

‘സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ’ എന്ന ലോകം വളരെ വലുതാണ്. നമ്മുടെ പേജ് ഫോളോ ചെയ്യുന്നവരിലേക്ക് ഒരുപാടു കാര്യങ്ങൾ എത്തിക്കാനാകും. ഫാഷൻ‌, ലൈഫ്സ്റ്റൈൽ, ട്രാവൽ, ഫാമിലി ഇത്രയുമാണ് എന്റെ പേജിലൂടെ ചെയ്യുന്നത്. ഇതു നാലും വളരെ വലിയ വിഷയങ്ങളാണ്. അതുകൊണ്ടു ത ന്നെ ഒരുപാടു വിവരങ്ങൾ ഉള്‍ക്കൊള്ളിക്കാനാകും. ഇതു മോഡ ലിങ് അല്ല. ഞാനൊരു മോഡലുമല്ല.

പഠിച്ചത് എംബിഎ ആണെങ്കിലും ഡിസൈനിങ്ങിലായിരുന്നു താൽപര്യം. പഠനകാലത്തു തന്നെ ഡിസൈനർ വസ്ത്രമേള സംഘടിപ്പിച്ചിരുന്നു. വിവാഹത്തിനു മുന്നേ തന്നെ ഞാൻ ദുബായിലെത്തി. സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു. ഒരു പാഷനായി ഇന്‍റീരിയർ ഡിസൈനിങ് ചെയ്തു തുടങ്ങി. പിന്നെ വിവാഹം. മക്കൾ ജനിച്ചതോടെ അവരുടെ കാര്യങ്ങൾക്കൊപ്പം ഒരു ഇവന്റ്മാനേജ്മെന്റ് കമ്പനി തുടങ്ങി. ഒരുപാടു നല്ല ഇവന്റുകൾ സംഘടിപ്പിച്ചു. കോവിഡ് കാലത്തു പ്രോഗ്രാമുകൾ നിലച്ചപ്പോഴാണു സോഷ്യൽമീഡിയ ഇൻഫ്ലുവൻസിങ് ആരംഭിക്കുന്നത്.

ഷൂട്ടിന് ഉപയോഗിക്കുന്ന വിലകൂടിയ വസ്ത്രങ്ങൾ തിരഞ്ഞെടുപ്പു കാലത്തു വാർത്താ പ്രാധാന്യം നേടിയല്ലോ...?

ആ രംഗത്തെ പ്രവർത്തനശൈലിയിലെ അറിവില്ലായ്മ കൊണ്ടു പലരും തെറ്റായി വ്യാഖ്യാനിച്ചതാണത്. ക്രിയേറ്റീവ് ആയി ചിന്തിച്ചാൽ ദുബായിൽ ഇത്തരം വലിയ ബ്രാന്‍ഡുകളുെട ഉൽപന്നങ്ങള്‍ കിട്ടാന്‍ ധാരാളം വഴികളുണ്ട്. ഒന്നുകില്‍ ബ്രാൻഡ് ഷോറൂമുകളിൽ നിന്നു നേരിട്ടു വാങ്ങാം. പക്ഷേ, വലിയ പണം മുടക്കേണ്ടിവരും. അതിനു സാധിക്കുന്നില്ലെങ്കില്‍ സബ്സെല്ലേഴ്സുമായി സഹകരിക്കാം. ‘പ്രീ ലവ്ഡ് ഷോപ്പു’കളും റെന്റൽസും മറ്റു രണ്ട് ഒാപ്ഷനുകളാണ്. ഒരു നല്ല ഡിജിറ്റൽ ക്രിയേറ്റര്‍ക്കു ബുദ്ധിപൂർവം ആലോചിച്ചാൽ ഒരുപാടു വഴികള്‍ മുന്നിലുണ്ട്. ഇ തൊന്നും മനസ്സിലാക്കാത്തവരാണ് ആരോപണങ്ങളുമായി എത്തുന്നത്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ഒക്ടോബർ 28– നവംബർ 10 ലക്കത്തിൽ വായിക്കാം