Friday 06 December 2019 11:42 AM IST : By സ്വന്തം ലേഖകൻ

വീടുകളിൽ ഇനി വൈൻ ഉണ്ടാക്കാൻ പാടില്ല; ജാമ്യമില്ലാതെ അകത്തുപോകുമെന്ന് എക്‌സൈസ്!‌

homemade-wine4456

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വൈൻ ഉണ്ടാക്കാൻ തയാറെടുക്കുന്നവർ ജാഗ്രതൈ. ഇനി വീട്ടിൽ വൈൻ ഉണ്ടാക്കിയാൽ ജാമ്യമില്ലാതെ അകത്താകുമെന്ന കര്‍ശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എക്സൈസ് ഡിപ്പാർട്ട്മെന്റ്. വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണതെന്ന് എക്സൈസ് സര്‍ക്കുലറിൽ പറയുന്നു. 

ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളും എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വിഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവർക്കും ഇത്തവണ പിടിവീഴും. മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കി നടപടികള്‍ കര്‍ശനമാക്കി. 

സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും അടക്കം നാല്‍പത് ലിറ്റര്‍ എക്സൈസ് പിടികൂടി. വീട്ടില്‍ താമസക്കാരനായ യുവാവ് ജാമ്യം കിട്ടാതെ റിമാന്‍ഡിലാകുകയും ചെയ്തു. അതേസമയം വീടുകളിൽ മദ്യത്തിന്റെ അംശം ഇല്ലാതെ വീഞ്ഞുണ്ടാക്കുന്നതിന് തടസ്സമില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പിന്നീട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. പള്ളികൾക്ക് നിശ്ചിത നികുതി അടച്ച് വീഞ്ഞുണ്ടാക്കാനുള്ള അനുമതി തുടരും.  

അയല്‍സംസ്ഥാനങ്ങളില്‍ നിന്നും സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനൊപ്പം കാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നുണ്ട്. കുടാതെ അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാന്‍ ശ്രമമുണ്ട്.

ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ക്കായി ഓരോ ജില്ലയിലും സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും. 

Tags:
  • Spotlight