Wednesday 06 March 2024 12:16 PM IST : By സ്വന്തം ലേഖകൻ

നിബിന്റെ ഭാര്യ ഫിയോണ ഏഴു മാസം ഗർഭിണി... കൺമണിയെ കാണാതെ മടക്കം: അലമുറയിട്ട് കരഞ്ഞ് അമ്മ

nibin-israel

മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയാണ് വാടി പനമൂട് പുരയിടം കാർമൽ കോട്ടേജിൽ നിബിൻ ഇസ്രയേലിലേക്കു പോയത്. പക്ഷേ, ആ സ്വപ്നം ബാക്കിവച്ചാണ് നിബിന്റെ നിശ്ചലമായ മടക്കം. ‘നീ രക്ഷപ്പെടാൻ പോയതല്ലേടാ.... എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കില്ല’ – നിബിന്റെ മാതാവ് റോസ്‌ലിൻ അലമുറയിട്ടു കരയുമ്പോൾ സാന്ത്വനിപ്പിക്കുവാൻ ബന്ധുക്കൾക്കും അയൽവാസികൾക്കും വാക്കുകളില്ല. വാർത്ത കേട്ടറിഞ്ഞ് എത്തിയവർ അമ്മയുടെ നൊമ്പരംകേട്ടു വിതുമ്പി.  

ആന്റണി മാക്സ്‌വെൽ–റോസ്‌ലിൻ ദമ്പതികൾക്ക് 3 ആൺ മക്കളാണ്. രണ്ടാമത്തെ മകനാണ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നിബിൻ. ഭാര്യയുടെ കരച്ചിൽ കേൾക്കാനാകാതെ വീടിനു പുറത്തിറങ്ങി നിൽക്കുകയാണ് ആന്റണി. വാടി കടപ്പുറത്തിന്റെ മകനായ ആന്റണി മറ്റുള്ളവരെ ധൈര്യപ്പെടുത്താനും ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ശ്രമിക്കുന്നുണ്ട്. 

ആന്റണി മാക്സ്‌വെലിന്റെ വാക്കുകൾ: കോഴി ഫാമിലാണ് നിബിൻ ജോലി ചെയ്തിരുന്നത്. അവിടെ നേരത്തേ ഷെൽ ആക്രമണത്തിൽ കുറെ കോഴികൾ ചത്തിരുന്നു. മറ്റു കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അന്ന് അവൻ പറഞ്ഞത്. ഇസ്രയേലിൽ അപകടം നടന്ന കാര്യം തിങ്കളാഴ്ച വൈകിട്ട് ഏകദേശം നാലരയ്ക്കു മൂത്ത മകൻ നിവിനാണ് വിളിച്ചു പറഞ്ഞത്. ഞാൻ അപ്പോൾ വീട്ടിലിരിക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞു.

പിന്നീടാണ് അപകട വാർത്ത പറഞ്ഞത്. 2 തായ്‌ലൻഡുകാർ കൊല്ലപ്പെട്ടെന്നും നിബിന് നേരിയ പരുക്കുണ്ടെന്നും മാത്രമാണ് അപ്പോൾ അവൻ പറഞ്ഞത്. നിബിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് അഖിൽ ആശുപത്രിയിലേക്ക് പോയിട്ടുണ്ടെന്നും പറഞ്ഞു. അവർ അവിടെ പല ആശുപത്രികളിലും കയറിയിറങ്ങി. ഒടുവിൽ രാത്രി 12.45ന് നിബിൻ മരിച്ച വിവരം അവൻ സ്ഥിരീകരിച്ചു. 

ഗൾഫിൽ നല്ല ജോലി ലഭിച്ചില്ല. തിരികെ നാട്ടിൽ എത്തിയപ്പോഴാണ് ഇസ്രയേലിലേക്കുള്ള വീസ ലഭിച്ചതും അങ്ങോട്ടു പോയതും. നിബിന്റെ സഹോദരൻ നിവിനും ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ചാണ് ഇസ്രയേലിൽ എത്തിയതെന്നും ആന്റണി മാക്‌സ്‌വെൽ പറഞ്ഞു. നിബിന്റെ ഭാര്യ ഫിയോണ ഏഴു മാസം ഗർഭിണിയാണ്. ഭർത്താവിന്റെ മരണ വാർത്തയറിഞ്ഞ് ദേഹാസ്വാസ്ഥ്യം നേരിട്ടതോടെ ഫിയോണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ, എം. മുകേഷ് എംഎൽഎ എന്നിവർ വീട് സന്ദർശിച്ചു.