Thursday 16 May 2024 04:05 PM IST

ഭക്ഷണം ഉരുട്ടി കൊടുക്കണം, ബന്ധുക്കളുടെ നമ്പർ ബ്ലോക്ക് ചെയ്യിച്ചു: ക്രൂരത മറയ്ക്കാൻ കള്ളക്കഥകളും രാഹുലിന്റേത് ഭ്രാന്തമായ പെരുമാറ്റം

Binsha Muhammed

pantheerankavu-rahul

ഒരച്ഛന്റെ സമയോചിതമായ ഇടപെടലായിരുന്നു പന്തീരാങ്കാവിൽ കണ്ടത്. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ വിസ്മയയുടെയും ഉത്രയുടെയും പേരിന്റെ കൂടെ പന്തീരാങ്കാവിലെ പെൺകുട്ടിയുടെ പേരും ചേർത്തു വായിക്കേണ്ടി വന്നേനെ. മധുര പലഹാരങ്ങളുമായി മകളെ കാണാൻ പോയ അച്ഛനും ബന്ധുക്കളും ചോരയിൽ നീലിച്ച ശരീരവുമായി നിൽക്കുന്ന മകളെ കണ്ടതോടെയാണ് രാഹുല്‍ പി ഗോപാലെന്ന വ്യക്തിയുടെ ക്രൂരതകളുടെ ചുരുളഴിയുന്നത്. നവവധുവിനെ മർദ്ദിച്ചത് സത്യമാണെന്ന് വിദേശത്തിരുന്ന് ചാനലുകളോട് നിസംഗമായി പറഞ്ഞ രാഹുലിന്റെ വാക്കുകളോട് ‘വനിത ഓൺലൈനിലൂടെ’ മറുപടി പറയുകയായിരുന്നു പെൺകുട്ടിയുടെ അച്ഛൻ. വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ നാട്ടിലെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് പറയുമ്പോഴും എല്ലാ വേദനകളും ഉള്ളിലൊതുക്കി ആ വാക്കുകൾ അച്ഛൻ ആവർത്തിക്കുന്നു.

‘വെറുമൊരു ഉപദ്രവമല്ലായിരുന്നു അവിടെ കണ്ടത്. നേരാംവണ്ണം ഭക്ഷണം കഴിക്കാന്‍ പോലും എന്റെ കുഞ്ഞിനെ കൊണ്ടാവുന്നില്ല. അവളുട മൂക്കിലും ചെവിയിലുമൊക്കെ ഇപ്പോഴും കാണാം അവൻ ഉപദ്രവിച്ചതിന്റെ ബാക്കിപത്രമായ ചോരപ്പാടുകൾ. ഞങ്ങൾക്ക് നീതി വേണം.’– അച്ഛന്റെ വാക്കുകൾ.

സ്നേഹമല്ല ഇത് ഭ്രാന്ത്...

‘രണ്ടാഴ്ചയിൽ കൂടുതൽ അവനും എന്റെ മകളും ഒരുമിച്ച് താമസിച്ചിട്ടില്ല. പക്ഷേ ഒരു മനുഷ്യയാസിൽ ഓർക്കാന്‍ കഴിയാത്തത്ര ക്രൂരതകൾ അവനെന്റെ കുഞ്ഞിനോടു കാട്ടിയിട്ടുണ്ട്. അച്ഛനോടു തുറന്നു പറയാൻ കഴിയാത്ത പലതും അവളെന്നോട് പറഞ്ഞിട്ടുണ്ട്.’– ഉള്ളുപൊള്ളുന്ന വേദനയിൽ പെൺകുട്ടിയുടെ അമ്മയുടെ വാക്കുകൾ.

ശാരീരികമായ ഉപദ്രവങ്ങൾ അവിടെ നിൽക്കട്ടെ. അതിനേക്കാളേറെ മനസു തകർക്കുന്ന ഭ്രാന്തമായ പെരുമാറ്റങ്ങളാണ് അവന്റെ ഭാഗത്തു നിന്നുണ്ടായത്. അച്ഛൻ, അമ്മ, ചേട്ടൻ അതിനുമപ്പുറം മറ്റൊരാളെ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ അവൻ അനുവദിച്ചിരുന്നില്ല. എന്റെയും അവളുടെ അച്ഛന്റേയും സഹോദരങ്ങളുടെ മക്കളുണ്ട്, അവളുടെ കസിൻസ്. കൂടപ്പിറപ്പുകളെ പോലെ കളിച്ചു വളർന്നവരാണ് അവർ. വിവാഹം കഴിഞ്ഞപാടെ അവരുടെ നമ്പരുകളെല്ലാം അവളുടെ ഫോണിൽ നിന്ന് ബ്ലോക്ക് ചെയ്തു. വിവാഹം കഴിഞ്ഞപാടെ ആശംസയറിയാക്കാൻ പല സുഹൃത്തുക്കളും വിളിച്ചു. അവരെയും കാരണം പോലും ചോദിക്കാതെ ബ്ലോക്ക് ചെയ്തു. പുതിയ കാലത്തെ കുട്ടികൾ സൈക്കോ എന്നൊക്കെ പറയില്ലേ, അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജറുടെ നമ്പരും ബ്ലോക്ക് ചെയ്തു.അതുപോലെയുള്ള പെരുമാറ്റം.

അടുക്കളയിലേക്ക് കയറാനോ അവന്റെ അമ്മയെ സഹായിക്കാനോ അവൻ അനുവദിച്ചിരുന്നില്ല. അതവളോട് സ്നേഹക്കൂടുതൽ ഉള്ളതു കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. മുറിയിൽ അടച്ചുപൂട്ടിയിരുന്നോണം എന്നു പറയാതെ പറയുന്നതായിരുന്നു ആ പെരുമാറ്റം.

പിന്നെ ഒരുമിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോൾ അതിൽ നിന്നും ഒരു ഉരുള രാഹുലിന് കൊടുക്കണം. രാഹുലിന് കൊടുക്കാതെ കഴിച്ചാൽ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നു. ഇതിനെയൊക്കെ എന്തു പേരിട്ടു വിളിക്കണം. സ്നേഹമെന്നോ, ഞങ്ങളുടെ കുഞ്ഞ് ശരിക്കും പറഞ്ഞാൽ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.–അമ്മയുടെ വാക്കുകളെ കണ്ണീർ മുറിച്ചു.

അവളെ ക്രുരമായി മർദ്ദിച്ചതിനു പിന്നിൽ രാഹുലിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ അവർ അത് ഞങ്ങളോട് തുറന്നു പറയുമായിരുന്നു, ഈ കാണിച്ചു കൂട്ടിയതിൽ നിന്നൊക്കെ മകനെ തടയുമായിരുന്നു.–വികാരാധീനനായി പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു തുടങ്ങി.

മേയ് 5ന് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ഒൺപതിന് ഞങ്ങളുടെ വീട്ടിൽ റിസപ്ഷൻ. അതിനു ശേഷമാണ് ചെറുക്കന്റെ വീട്ടിലേക്ക് ഞങ്ങൾ റിസപ്ഷന് പോകുന്നത്. മധുര പലഹാരങ്ങളുമായി മകളേയും മരുമകനേയും കാണാൻ പോയ ഞങ്ങളെ കാത്തിരുന്നത് ഭീതിദമായ അനുഭവങ്ങളാണ്. ഞങ്ങളെ വാതിൽക്കൽ കാത്തു നിൽക്കുമെന്ന് പ്രതീക്ഷിച്ച മകളെ അവിടെയെങ്ങും കണ്ടില്ല. ചോദിക്കുമ്പോൾ പരസ്പര വിരുദ്ധമായ മറുപടികൾ. പിന്നെയാരോ പറഞ്ഞു ഡ്രസ് ചേഞ്ച് ചെയ്യുകയാണെന്ന് ഒടുവിൽ മകളെ കണ്ടപ്പോൾ ഞെട്ടിപ്പോയി. ഒടുവിൽ കണ്ടപ്പോൾ മകളാണെന്ന് പോലും തിരിച്ചറിയാൻ പോലും പറ്റാത്തത്ര വല്ലാത്ത രൂപം. നെറ്റിയിൽ മുഴ, മുഖത്തു നീര്... വല്ലാത്തൊരു രൂപം. ബാത്ത്റൂമിൽ വീണു എന്നാണ് അവർ പറഞ്ഞത്. ആശുപത്രിയിൽ പോയോ, എക്സ് റേ എടുത്തോ എന്നൊക്കെ ചോദിക്കുമ്പോൾ എല്ലാം ചെയ്തിട്ടുണ്ട് എന്ന് രാഹുലിന്റെ അമ്മയുടെ മറുപടി.

rahul-p-gopal

പക്ഷേ ഞങ്ങൾക്ക് അത് വിശ്വസിക്കാൻ തോന്നിയില്ല. അവളുടെ മൂക്കിലെയും മുഖത്തേയും ചോരപ്പാട് കണ്ടപ്പോൾ ഉറപ്പിച്ചു. മകളെ വിളിച്ചിരുത്തി കാര്യങ്ങൾ ചോദിക്കുമ്പോഴാണ് അവന്റെ ക്രൂരതയെല്ലാം അറിഞ്ഞത്. ലഹരി ഉപയോ​ഗിച്ച് കഴിഞ്ഞാൽ മറ്റൊരു മുഖമാണ് കാണാൻ കഴിയുക. നെറ്റിയിലെ മുഴ അവൻ മുഷ്ടി ചുരുട്ടി ഇടിച്ചപ്പോൾ ഉണ്ടായതാണ്. കീഴ്ചുണ്ട് വലിച്ച് ഇറക്കി വായിൽ അവന്റെ വിരലുകൾ ഇടിച്ചു കയറ്റി. ആ വേദന ഇപ്പോഴുമുണ്ട്. അവൾക്ക് ബ്രഷ് ചെയ്യാൻ പോലും എന്റെ കുഞ്ഞിന് കഴിയുന്നില്ല. കുനിച്ചു നിർത്തി ഇടിച്ചു, കഴുത്തിൽ മൊബൈൽ ചാർജർ കൊണ്ട് വരിഞ്ഞുമുറുക്കി. വാവിട്ടു കരയുകയായിരുന്നില്ല, ശരിക്കും എന്റെ കുഞ്ഞ് നിലവിളിക്കുകയായിരുന്നു.– അച്ഛന്റെ വാക്കുകൾ മുറിഞ്ഞു.

ഈ ക്രൂരതയെല്ലാം മറച്ചു വയ്ക്കാനാണ്. അവൾ മദ്യപാനിയാണ്. അവൾക്ക് കാമുകൻമാരുണ്ട് എന്നൊക്കെ പറഞ്ഞു പരത്തുന്നത്. എന്തു മാത്രം ക്രൂരതയും വിഷവുമുണ്ട് ഇവരുടെയൊക്കെ മനസിൽ എന്നോർക്കണം. ചില മാധ്യമങ്ങൾ അവർ പറഞ്ഞതിനെയെല്ലാം എന്തോ മഹാകാര്യമായി പറഞ്ഞ് വാർത്തയാക്കുന്നുണ്ട്. തകർന്നിരിക്കുകയാണ് ഞങ്ങളുടെ കുടുംബം ഇനിയും വേദനിപ്പിക്കരുത്.– അമ്മ പറഞ്ഞുനിർത്തി.