Tuesday 26 March 2024 02:45 PM IST : By സ്വന്തം ലേഖകൻ

‘എന്തിനാ അവൻ എന്റെ കുഞ്ഞിനെ കൊന്നത് ? ഞാൻ പൊന്നുപോലെ നോക്കുമായിരുന്നല്ലോ? നെഞ്ചുനീറി വല്യുമ്മ

fathima-father-fayis-98 1ഫാത്തിമ നസ്‌റീൻ (2) ഫായിസ്

'എന്തിനാ എന്റെ കുഞ്ഞിനെ കൊന്നത്? ഞാൻ നോക്കുമായിരുന്നല്ലോ?

‘എന്തിനാ അവൻ എന്റെ കുഞ്ഞിനെ കൊന്നത് ? വേണ്ടെങ്കിൽ എന്നെ ഏൽപിച്ചാൽ പോരായിരുന്നോ. ഇത്രയും കാലം ഞാനല്ലേ വളർത്തിയത്. ആയുസ്സുള്ള കാലത്തോളം ഞാൻ പൊന്നുപോലെ നോക്കുമായിരുന്നല്ലോ?’’പേരക്കുട്ടി രണ്ടര വയസ്സുകാരി ഫാത്തിമ നസ്റീൻ കൊല്ലപ്പെട്ടതറിഞ്ഞ് വല്യുമ്മ റംലത്തിന്റെ വിലാപം വീട്ടിൽ ആശ്വാസവാക്കുകളുമായെത്തിയവരുടെ കണ്ണുകൾ നനയിച്ചു. ‘‘അവന് തൂക്കുകയറ് കിട്ടണം. ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ അവൻ ഇതു തന്നെയല്ലേ ചെയ്യൂ.’’ കൺമുന്നിൽ വച്ച് കുഞ്ഞ് കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽ മരവിച്ച മനസ്സുമായി കഴിയുന്ന മകളെ ചേർത്തുപിടിച്ച് റംലത്ത് കണ്ണീർ വാർത്തു.

റംലത്തിന്റെ ഭർത്താവ് 11 വർഷം മുൻപ് ഹൃദ്രോഗം ബാധിച്ച് മരിച്ചതാണ്. റംലത്തും ഹൃദ്രോഗിയാണ്. കൊച്ചുവീടാണ് കുടുംബത്തിന് ആകെയുള്ളത്. അയൽ വീടുകളിൽ ചെറിയ ജോലികൾ ചെയ്തും ബന്ധുക്കളുടെ സഹായം കൊണ്ടുമാണ് മക്കളെ റംലത്ത് വളർത്തിയത്. നസ്റീന്റെ ഉമ്മ ചുങ്കത്തറ മാർത്തോമ്മാ കോളജിൽ ബിരുദം പൂർത്തിയാക്കിയതാണ്. കേൾവിക്കുറവുണ്ടായിരുന്നതിനാൽ സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്.

വാട്സാപ്പിലാണ് ഫായിസിനെ പരിചയപ്പെട്ടത്. ഗർഭിണിയായി 6 മാസം ആയപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞത്. പ്രസവശേഷവും മകളും കുഞ്ഞും വീട്ടിൽ തുടർന്നു. ഇടയ്ക്ക് ഫായിസ് വീട്ടിൽ വന്ന് മകളെയും കുട്ടിയെയും ഉപദ്രവിക്കുമായിരുന്നുവെന്ന് റംലത്ത് പറഞ്ഞു. തന്നെയും ദേഹോപദ്രവം ഏൽപിച്ചിട്ടുണ്ട്.

കുഞ്ഞ് വാവിട്ടു കരഞ്ഞിട്ടും ക്രൂരമനസ് അലിഞ്ഞില്ല, രണ്ടര വയസ്സുകാരിയെ കൊണ്ടുപോയത് കൊല്ലുമെന്നു പറഞ്ഞ്

2 വർഷം മുൻപാണ് ഇവരുടെ പരാതിയിൽ ഫായിസിനെതിരെ പൂക്കോട്ടുംപാടം പൊലീസ് പീഡനത്തിന് കേസെടുത്തത്. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരി 3ന് നിക്കാഹ് നടത്തി. 2 മാസം കഴിഞ്ഞ് ഫായിസ് ഉദിരംപൊയിലിലെ വീട്ടിലേക്ക് ഭാര്യയെയും കുഞ്ഞിനെയും കൊണ്ടുപോയി. ഭർതൃമാതാവ്, ഫാരിസിന്റെ സഹോദരി, ഭർത്താവ്, അവരുടെ 2 മക്കൾ എന്നിവരാണ് വീട്ടിലുള്ളത്. മകളെയും കുട്ടിയെയും അവിടെവച്ച് ഉപദ്രവിക്കുമായിരുന്നു.

തുടർന്ന് വീട്ടിൽ തിരിച്ചുകൊണ്ടുവന്നാക്കി. മധ്യസ്ഥന്മാരും മറ്റും ഇടപെടുമ്പോൾ വീണ്ടും കൊണ്ടുപോകും. ദേഹോപദ്രവം തുടരുകയും ചെയ്യും. ഫായിസിന്റെ മാതാവും സഹോദരിയും എല്ലാറ്റിനും കൂട്ടുനിന്നെന്നും കുട്ടിയെ അവരും ഉപദ്രവിച്ചെന്നും റംലത്ത് ആരോപിച്ചു. മകൾ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ച കാലത്ത് മർദനമേറ്റതിനെത്തുടർന്ന് രക്തസ്രാവമുണ്ടായി. അന്നും വീട്ടിൽ കൊണ്ടുവന്നാക്കി.

ഉദിരംപൊയിലിൽ കാണാൻ ചെല്ലുമ്പോൾ കുട്ടിയുടെ ദേഹത്ത് പരുക്കുകൾ കണ്ടിട്ടുണ്ടെന്ന് റംലത്തും ബന്ധുക്കളും പറയുന്നു. ഉപ്പച്ചി ഉപദ്രവിച്ചതാണെന്ന് കുട്ടി പറയും. കുട്ടികൾ കളിക്കുമ്പോൾ ഉണ്ടായതാണെന്ന് ഫായിസും വീട്ടുകാരും പറഞ്ഞത്. മകളെ അവർ മിണ്ടാൻ അനുവദിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.

പൊലീസുകാർ തട്ടിക്കളിച്ചു, രാഷ്ട്രീയ നേതാവ് ഇടപെട്ടു

കുട്ടിയെയും ഭാര്യയെയും ഉപദ്രവിച്ചതിന് ഫായിസിനെതിരെ പലതവണ പൂക്കോട്ടുംപാടം, കാളികാവ് പൊലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകിയതാണെന്ന് റംലത്ത് പറഞ്ഞു. പൂക്കോട്ടുംപാടം സ്റ്റേഷനിൽ പരാതി നൽകാൻ കാളികാവിൽനിന്നു പറയും. പൂക്കോട്ടുംപാടം സ്റ്റേഷനിൽനിന്ന് തിരിച്ചും.

നിലവിൽ കേസുള്ളുതിനാൽ വേറെ കേസ് പറ്റില്ലെന്നാണ് പൊലീസ് പറഞ്ഞ മറ്റൊരു ന്യായം. കാളികാവ് സ്റ്റേഷനിൽ ഒരിക്കൽ ഫായിസിനെ വിളിപ്പിച്ചു. ഫലമൊന്നും ഉണ്ടായില്ല. പരാതി കൊടുക്കുമ്പോഴെല്ലാം 2 സ്റ്റേഷനുകളിൽ ഒരു രാഷ്ട്രീയ നേതാവ് മധ്യസ്ഥത പറഞ്ഞ് ഫായിസിനുവേണ്ടി ഇടപെട്ടു. തങ്ങൾക്കുവേണ്ടി പറയാൻ ആരുമുണ്ടായില്ല.

നിക്കാഹ് നടക്കുമ്പോൾ നേതാവ് തന്നോട് 3000 രൂപ കടം വാങ്ങിയെന്ന് റംലത്ത് പറഞ്ഞു. മഹർ വാങ്ങാൻ ഫായിസിന് പണമില്ലെന്നു പറഞ്ഞാണ് വാങ്ങിയത്. തിരികെ തന്നില്ല. പിന്നീട് വിളിച്ചപ്പാേഴൊന്നും അയാൾ ഫോൺ എടുത്തിട്ടില്ല. പൊലീസ് വേണ്ടരീതിയിൽ ഇടപെട്ടിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടപ്പെടുമായിരുന്നില്ലെന്ന് റംലത്ത് പറഞ്ഞു.