‘തായി അർച്ചന ബന്ദിദാരെ... തായി നന്നാന്നു ആശീർവദിസുവില്ലാവേ...’ ശ്രീകോവിലിലേക്കു നോക്കി അർച്ചന ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പിന്നെ, മൂന്നുതവണ അമ്പലമണി മുഴക്കി. നടയ്ക്കൽ നെറ്റിമുട്ടിച്ചു പ്രാർഥിച്ചു. അപ്പോഴേക്കും അർച്ചനയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
മുത്തങ്ങയ്ക്കടുത്ത് കർണാടക അതിർത്തിയിലെ പൊൻകുഴി സീതാദേവിക്ഷേത്രത്തിനു മുന്നിൽ നിന്നാണ് ഈ കാഴ്ച. ക്ഷേത്രത്തിനു പിറകിലെ പടുകൂറ്റൻ ആൽമരത്തിൽ കാറ്റടിക്കുന്നുണ്ടായിരുന്നു അപ്പോഴും. ഈ ആൽമരച്ചുവട്ടിലാണത്രേ ശ്രീരാമന്റെ നിർദേശപ്രകാരം ലക്ഷ്മണൻ സീതയെ തേരിൽ നിന്നിറക്കി കാട്ടിൽ ഉപേക്ഷിച്ചത്.
‘രാമനും സീതയ്ക്കും ഹനുമാനും ലവകുശന്മാർക്കും ക്ഷേത്രങ്ങൾ, വാൽമീകിയുടെ ആശ്രമം, സീത അന്തർധാനം ചെയ്ത ഭൂമി, സീതയുടെ കണ്ണുനീരാണെന്നു സങ്കൽപിക്കുന്ന സീതാതീർഥം. ലവകുശന്മാർ ഓടിക്കളിച്ച ശിശുമല... അങ്ങനെ ഉത്തരരാമായണ കഥകളും ഐതിഹ്യങ്ങളും നിറഞ്ഞ വയനാടിന്റെ രാമായണ പുണ്യഭൂമിയിലൂടെയാകാം ഈ കർക്കടക മാസത്തിലെ തീർഥയാത്ര.
സീതാപരിത്യാഗം, ലവകുശപ്പിറവി, യാഗാശ്വബന്ധനം, വാൽമീകിആശ്രമം സീതാന്തർധാനം അങ്ങനെ ഉത്തരരാമായണ കഥാമൂഹൂർത്തങ്ങളുടെ പേരിലുള്ള സ്ഥലപ്പേരുകളും വിശ്വാസങ്ങളും ഇന്നും വയനാട്ടിൽ സജീവമാണ്.
പുൽപ്പള്ളി, മുള്ളൻകൊല്ലി, നൂൽപ്പുഴ എന്നിവിടങ്ങളിലെ വനാന്തർഭാഗം ഗോത്ര സംസ്കാരത്തിന്റെ വിളനിലമാണ്. കുറുമരും പണിയരും ഊരാളിമാരും കാട്ടുനായ്ക്കരുമടങ്ങുന്ന ആദിവാസി സമൂഹം. വയനാടൻ െചട്ടിമാരും കളനാടികളും പതിയരുമായ പൗരാണിക ജാതികൾ ഇവിെട രാമായണത്തിന്റെ ഭാഗമാകുന്നു. ഉത്തരരാമായണത്തിന്റെ കഥാഭൂമി വയനാട് ആണെന്നാണു വിശ്വാസം.
വയനാട് മൈസൂർ റോഡിൽ, അതിർത്തിയായ മുത്തങ്ങയ്ക്കും അപ്പുറമാണു പൊൻകുഴി. ബത്തേരിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ. മൂന്നു സംസ്ഥാനങ്ങളുടെ സംഗമഭൂമി. വടക്ക് കർണാടകയും െതക്ക് തമിഴ്നാടും. നാലു കിലോമീറ്റർ കർണാടക അതിർത്തി. അഞ്ചു കിലോമീറ്റർ തമിഴ്നാട്ടിലേക്ക്. പിന്നെ, കാട്ടാനയും കടുവയും കരടിയും കാട്ടുപോത്തും പുലിയും മാനും ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ. 3000 വർഷത്തെ വാമൊഴി ചരിത്രം.
പൊൻകുഴിയിലെ ശ്രീരാമൻ
നൂൽപ്പുഴഗ്രാമത്തിന്റെ തണലും തണുപ്പുമാണു പൊൻകുഴിപ്പുഴ. ഭക്തരെയും സഞ്ചാരികളെയും എന്നും ആകർഷിക്കുന്നു പൊൻകുഴി ശ്രീരാമക്ഷേത്രം. ‘സീതയ്ക്കും ഹനുമാനും പ്രത്യേക ക്ഷേത്രങ്ങളുണ്ടെങ്കിലും ‘സീതാലക്ഷ്മണ ഹനുമത് സമേതശ്രീരാമ’നാണ് ഇവിടെ പ്രതിഷ്ഠ. ഒരു ശ്രീകോവിലിനുള്ളിൽ തന്നെയാണിത്. ഇതുവളരെ അപൂർവമായ പ്രതിഷ്ഠയാണ്.’ പൂജാരിയായ ഗിരീശ അയ്യർ വാഴ്ത്തിപ്പറഞ്ഞു; ശ്രീരാമന്റെ അപദാനങ്ങൾ.
കർണാടകയിൽ നിന്നു ൈമസൂർ വഴി വരുമ്പോൾ കാണുന്ന, കേരളത്തിലെ ആദ്യത്തെ ക്ഷേത്രമാണിത്, വയനാട് – മൈസൂർ ദേശീയപാത ശ്രീരാമ സീതാക്ഷേത്രങ്ങൾക്കു നടുവിലൂടെയാണു പോകുന്നത്. ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശമാണിത്. അതുകൊണ്ടു ക്ഷേത്രനിർമിതികൾ മാത്രമേ ഈ പ്രദേശത്തുള്ളൂ. നിലവിലുള്ള ക്ഷേത്രത്തിനു വടക്കുമാറി മൂന്നുകിലോമീറ്റർ അകലെ ഘോരവനത്തിലായിരുന്നു ഈ ക്ഷേത്രം. അന്ന് ക്ഷേത്രത്തിനു തീ പിടിച്ചപ്പോഴാണു പൊൻകുഴി പുഴയോരത്തു നിന്നു കിട്ടിയ സാളഗ്രാമങ്ങൾ ഇവിടെ പ്രതിഷ്ഠിച്ചതെന്നു വിശ്വസിക്കുന്നു. ‘വനത്തിനുള്ളിൽ മനുഷ്യനിർമിതികളുടെ അവശിഷ്ടങ്ങൾ ധാരാളമുണ്ട്. നമുക്ക് അദ്ഭുതം തോന്നും എത്രയോ നൂറ്റാണ്ടുകൾക്കു മുൻപേ പണിതതായിരുന്നു ഇതൊക്കെ എന്നോർക്കുമ്പോൾ...’ പൊൻകുഴി പണിയക്കോളനിയിലെ ചന്ദ്രന്റെ വാക്കുകൾ. പൊൻകുഴി ക്ഷേത്രജീവനക്കാരനാണു ചന്ദ്രൻ. ഒരു മകൻ തിരുവനന്തപുരത്ത് പഠിക്കുന്നുണ്ട്. ‘‘ഞങ്ങളുടെ കുട്ടികൾ കാടിറങ്ങാൻ ശ്രമിക്കുകയാണ്. വന്യമൃഗങ്ങളെ ഭയന്നു കൃഷി പോലും ചെയ്യാൻ കഴിയുന്നില്ല. പിന്നെ, എങ്ങനെ ജീവിക്കും?’’ ചന്ദ്രൻ ജോലിയിലേക്കു കടന്നു.
ആദിവാസി വിഭാഗത്തിലെ തന്നെ ചെട്ടി, പതിയ, പണിയ, കാട്ടുനായ്ക്കർ, ഊരാളി, കുറുമ തുടങ്ങിയ ആറു സമുദായക്കാരുെട ക്ഷേത്രമായിരുന്നു പൊൻകുഴി. ഇതിൽ ചെട്ടി സമുദായക്കാരുടെ നേതൃത്വത്തിലായിരുന്നു പൂജയും ഉത്സവങ്ങളും മറ്റു ക്ഷേത്രചടങ്ങുകളും. ഈ ക്ഷേത്രത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇപ്പോഴും വ്യത്യാസമില്ല. എന്നാൽ ക്ഷേത്രഭരണം തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിനു കൈമാറി. ബത്തേരി ഗണപതി ക്ഷേത്രം. മാരിയമ്മൻ ക്ഷേത്രം, പൊൻകുഴി ക്ഷേത്രം തലച്ചില്യൻ ക്ഷേത്രം എന്നിങ്ങനെ നാലുക്ഷേത്രങ്ങളുടെ ഭരണം ഈ ഒരു ട്രസ്റ്റിനു കീഴിലാണ്.
വയനാട്ടിൽ വേറെയും ശ്രീരാമക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം വേറെ വേറെ ഭരണസമിതിക്കു കീഴിലാണു പ്രവർത്തിക്കുന്നത്. പൊൻകുഴി ക്ഷേത്രത്തിൽ ശ്രീരാമ ന് ഉത്സവമില്ല. സീതയ്ക്ക് കുളനാടികളുടെ തിറയുണ്ട്. രാത്രിയിലാണ് ഉത്സവം. ‘‘എല്ലാ ആദിവാസി വിഭാഗങ്ങൾക്കും അവരവരുടെ ആചാരാനുഷ്ഠാനങ്ങളും കലാപരിപാടികളും അവതരിപ്പിക്കാനുള്ള അവസരം ക്ഷേത്രത്തിലുണ്ട്.’’ ക്ഷേത്ര ട്രസ്റ്റിന്റെ സെക്രട്ടറി സുരേന്ദ്രൻ ആവേത്താൻ പറയുന്നു. ശ്രീരാമക്ഷേത്രത്തിനോടു തൊട്ടടുത്തു വാൽമീകി – ഗുരുവരാനന്ദാശ്രമം. ആശ്രമത്തിനുള്ളിൽ വാൽമീകി പ്രതിഷ്ഠയുണ്ട്. പൂജയും കേരളത്തിലെ അപൂർവം വാൽമീകി പ്രതിഷ്ഠകളിൽ ഒന്നാണിത്. ആശ്രമത്തിന്റെ മേൽക്കൂരയിൽ രാമകഥ കൊത്തിവച്ചിരിക്കുന്നു. ചുമരുകളിൽ രാമായണ ശിൽപങ്ങളും.
‘‘ൈമസൂരു നിന്നു ടിപ്പു സുൽത്താന്റെ പട കടന്നുവന്ന വഴിയാണിത്. ആ ചരിത്രം നോക്കുകയാണെങ്കിൽ ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട് ഈ കാനനപാതയ്ക്കും അതിനു ചുറ്റുമുള്ള ക്ഷേത്രങ്ങൾക്കും. ആദിവാസി പാരമ്പര്യവിശ്വാസപ്രകാരം ഏകദേശം മൂവായിരത്തിലധികം വർഷങ്ങളുടെ പഴക്കമാണ് ഈ രാമായണക്ഷേത്രങ്ങൾ പറയുന്നത്.’’ ക്ഷേത്രട്രസ്റ്റിന്റെ പ്രസിഡന്റ് കെ. ജി. ഗോപാലപിള്ളയുടെ വാക്കുകൾ. ൈഹവേയുടെ കിഴക്ക് പൊൻകുഴിപ്പുഴയും ശ്രീരാമക്ഷേത്രവും. പടിഞ്ഞാറ് സീതാക്ഷേത്രവും സീതാതീർഥവും. പൊൻകുഴിപ്പുഴയുടെ കരയിലാണ് ശ്രീരാമസ്വാമിക്ഷേത്രം. പടിഞ്ഞാറു നിന്നു കിഴക്കോട്ടൊഴുകുന്ന കബനിയുടെ കുസൃതി പോലെ കൈവഴിയായ പൊൻകുഴിപ്പുഴയും പിതൃപുണ്യങ്ങളുടെ സ്മരണകളും പേറി കിഴക്കോട്ട് ഒഴുകുന്നു. ചിലപ്പോൾ തെളിഞ്ഞും മറ്റുചിലപ്പോൾ കലങ്ങിയും. നിത്യബലിയുള്ള ക്ഷേത്രങ്ങളിൽ ഒന്നാണു പൊൻകുഴി. കർക്കടകത്തിലെ വാവുബലിക്കാണ് ഏറ്റവും തിരക്ക്.
സീതയുടെ കണ്ണുനീർ
പ്രജകളുടെ അപവാദപ്രചരണം കേട്ടു ശ്രീരാമനാൽ ത്യജിക്കപ്പെട്ട സീത ഈ കൊടുങ്കാട്ടിൽ എത്തി എന്നാണു സങ്കൽപം. വാൽമീകി മഹർഷി തന്റെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതുവരെ സീത ഇവിടെയായിരുന്നു. ലോകത്തിന്റെ ഗതിവിഗതികളിൽ ആകുലപ്പെട്ടു. തന്റെ ദുർവിധിയെക്കുറിച്ചോർത്ത് വിലപിച്ചു. അങ്ങനെ ചിന്താവിഷ്ടയായ സീതയുടെ കണ്ണുനീർ തളംെകട്ടി ഉണ്ടായ ത ടാകമാണിതെന്നു വിശ്വാസം.
‘ഇതൊരു സീതയുടെ മാത്രം കണ്ണീരാവില്ല. യുഗങ്ങളായി കരഞ്ഞുകൊണ്ടിരിക്കുന്ന സീതമാരുടെ കണ്ണുനീരാവും.’ പൊൻകുഴിയിലെ സീതാതീർഥം കാണുമ്പോൾ നാം അറിയാതെ പറഞ്ഞുപോകും. തറനിരപ്പിൽ നിന്ന് അധികം താഴ്ചയിലല്ല ഈ തടാകം എന്നതു കാണുന്നവരെ അദ്‌ഭു തപ്പെടുത്തും. വാൽമീകി മഹർഷി തന്റെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതുവരെ സീത ഇവിടെയായിരുന്നു. വന്യജീവി സങ്കേതത്തിനുള്ളിലായതുകൊണ്ടു നിർമാണപ്രവർത്തനങ്ങളൊന്നും അനുവദനീയമല്ല. അതുകൊണ്ടാകും പായലു മൂടിയ നിലയിലാണു സീതാതീർഥം. കരയിൽ നിന്ന മരങ്ങൾ ഒടിഞ്ഞുവീണു കിടപ്പുണ്ട്.
‘‘സീതാദേവിയുടെ കണ്ണീരു വീണു തടാകമായ സ്ഥലമല്ലേ പൊൻകുഴി. ഇവിടെ ഉയരുന്ന പ്രാർഥനകൾ അമ്മ കേൾക്കാതിരിക്കില്ല.’’ അശോക് ശങ്കർ ഭട്ട് എന്ന ശങ്കർസ്വാമി ഒരുനിമിഷം കണ്ണടച്ചു പ്രാർഥിച്ചു. ശങ്കർസ്വാമികൾ സീതാക്ഷേത്രത്തിലെയും തൊട്ടടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലെയും മേൽശാന്തിയാണ്. ഉഡുപ്പിയാണു സ്വദേശം. കന്നടയാണു ഭാഷ. എങ്കിലും ഇപ്പോൾ നന്നായി മലയാളം സംസാരിക്കും. ശങ്കർ സ്വാമികൾ ശ്രീകോവിലിനുള്ളിലേക്ക് കയറിപ്പോയി. സീതാദേവിക്കു മുന്നിൽ, ആഞ്ജനേയനു മുന്നിൽ നെറ്റിമുട്ടിച്ചു പ്രാർഥിക്കുന്നവർ അപ്പോഴുമുണ്ടായിരുന്നു അവിടെ.
‘‘കർണാടകയിൽ നിന്നു ശബരിമലയിലേക്കു വരുന്ന അയ്യപ്പഭക്തന്മാരുടെ ആദ്യത്തെ ഇടത്താവളമാണു പൊൻകുഴി ക്ഷേത്രം. മണ്ഡലമഹോത്സവകാലത്തു താൽക്കാലിക പന്തൽ ഉയർത്തിയാണ് അയ്യപ്പന്മാർക്കു വിരിവയ്ക്കാൻ േവണ്ട സൗകര്യം ഒരുക്കുന്നത്. സ്ഥിരം കെട്ടിടത്തിനുവേണ്ട പ്രാഥമിക നടപടികൾ ഇപ്പോൾ ആരംഭിച്ചു.’’ ക്ഷേത്രം മാനേജർ നളിനാക്ഷൻ പറയുന്നു.
ക്ഷേത്രത്തിനുള്ളിൽ വച്ചാണു കഴകക്കാരനായ ശ്രീനിവാസൻ നമ്പീശനെ കണ്ടത്.‘‘കാട്ടാനകൾ വന്നു കുറുമ്പു കാട്ടി പോകും. അതുപോലെയല്ല പുലിയും കടുവയും. ചിലപ്പോൾ എവിടെയെങ്കിലും പതുങ്ങിക്കിടക്കും. അങ്ങനെ കിടക്കുന്നതു കണ്ടിട്ടുണ്ടു ധാരാളം.’’ നമ്പീശന്റെ വാക്കുകൾ. പൊൻകുഴി ക്ഷേത്രത്തിനു തൊട്ടുമുന്നിലാണു സത്യന്റെ ചായക്കട. 35 വർഷത്തിലേറെയായി സത്യൻ പൊൻകുഴി ക്ഷേത്രത്തിനു മുന്നിലുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും ആഹാരത്തിനുള്ള ആശ്രയം സത്യേട്ടന്റെ ചായക്കട തന്നെ. ‘‘റോഡിനു വീതി കൂടി. വാഹനങ്ങൾക്കു വേഗത വർധിച്ചു. മനുഷ്യരെപ്പോലെ തന്നെ കാട്ടുമൃഗങ്ങൾക്കും മ ര്യാദയില്ലാതായി.’’ സത്യേട്ടൻ ചിരിക്കുന്നു. സത്യേട്ടന്റെ ചായക്കടയ്ക്കു ചുറ്റിലും ൈവദ്യുതഫെൻസിങ് ഉണ്ട്. കാട്ടാനകളിൽ നിന്നും മറ്റു മൃഗങ്ങളിൽ നിന്നും രക്ഷയ്ക്കായി. യാഗാശ്വത്തെ പിടിച്ചു കെട്ടിയ ആലുംകളം
പൊൻകുഴിയിൽ നിന്ന് ഹൈവേയിലൂടെ അധികം ദൂരമില്ല ആലുംകളത്തിലേക്ക്. മുത്തങ്ങ ചെക്ക് പോസ്റ്റിന് എതിർവശത്തുള്ള ചെറിയ കാട്ടുവഴിയാണ് ആലുംകളത്തിലേക്കുള്ളത്. ശ്രീരാമചന്ദ്രന്റെ യാഗാശ്വത്തെ ലവകുശന്മാർ പിടിച്ചുകെട്ടുകയും ഹനുമാനെ ബന്ധിയാക്കുകയും ചെയ്തത് ഈ ആലിന്റെ ചുവട്ടിലാണ് എന്നാണു സങ്കൽപം. ആലും അതിനു ചുറ്റും അൽപം ഉയരത്തിൽ കെട്ടിയുയർത്തിയ തറയുമാണ് ഇവിടെയുള്ളത്. പ്രത്യേക ക്ഷേത്രമില്ല. ലവകുശന്മാരെ കരിമുരിക്കനും ബെമ്മുരിക്കനുമായി കളനാടികൾ ആരാധിക്കുന്നു. ഉത്സവദിവസം കളനാടികളുടെ തിറയാണു പ്രധാന ആഘോഷം. എളവല്ലിയെന്നും പൂവില്ലിയെന്നും മറ്റൊരു സങ്കൽപത്തിലും ഇവിടെ ലവകുശന്മാർ ആരാധിക്കപ്പെടുന്നു. ആലിന്റെ ചുവട്ടിൽ കുത്തുവിളക്കുകളുണ്ട്. ഉത്സവങ്ങൾക്കും മറ്റു ചടങ്ങുകൾക്കും ഈ വിളക്കുകളാണു തെളിക്കുന്നത്. വിജനവും വിശാലവുമായ വനപ്രദേശമാണിത്. ഇടയ്ക്കിടയ്ക്കു ചെറിയ ആദിവാസിവീടുകൾ. ആലിനു തൊട്ടടുത്തു ചെറിയൊരു തോടും ഒഴുകുന്നുണ്ട്. ഭക്തരും സഞ്ചാരികളും ധാരാളമായി എത്തുന്ന ഇടമാണ്.
ജഡയറ്റകാവും വാൽമീകി ആശ്രമവും
സീതാതീർഥവും ആലുംകളവും കണ്ടാൽ പിന്നെയുള്ളതു ജഡയറ്റകാവും വാൽമീകി ആശ്രമവുമാണ്. പുൽപ്പള്ളിക്കടുത്ത് ആശ്രമംകൊല്ലിയിലാണു വാൽമീകി ആശ്രമം. പൊൻകുഴിയിൽ നിന്നു നാൽപതിലേറെ കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. മന്ദാരച്ചെടികൾ പൂക്കുന്ന ആശ്രമമുറ്റം. മണ്ണിൽ കെട്ടിയുയർത്തിയ പുല്ലു മേഞ്ഞ ഒരു പുര. നിലവിളക്കും മറ്റു പൂജാസാധനങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ലവകുശന്മാർ ജനിച്ചത് ഇവിടെയെന്നാണു സങ്കൽപം. ആശ്രമത്തിനു തൊട്ടുമുന്നിലൂടെ അരകിലോമീറ്റർ നടന്നാൽ മുനിക്കല്ലു കാണാം. വാൽമീകി മഹർഷി തപസ്സു ചെയ്തിരുന്നു എന്നു സങ്കൽപിക്കുന്ന ഇടമാണിത്.
ആൽമരത്തിന്റെ വേരുകൾ പടർന്നു കയറിയ തണൽ നിറഞ്ഞ പാറയാണിത്. ‘‘ ഈ ഗുഹാമുഖത്തു നിന്ന് ഇപ്പോഴും രാമനാമം േകൾക്കാറുണ്ടെന്നാണു വിശ്വാസം. പക്ഷേ, മനസ്സും ശരീരവും ശ്രീരാമനിൽ അർപ്പിക്കണം.’’ നാട്ടുകാരനായ മല്ലയ്യന്റെ വാക്കുകൾ.
പുൽപ്പള്ളി ക്ഷേത്രത്തിന്റെ കീഴേടമായ താഴെങ്ങാടിയിലാണു ജഡയറ്റകാവ്. ശ്രീരാമനും പരിവാരങ്ങളും വന്നു സീതയെ അയോധ്യയിലേക്കു തിരിച്ചുവിളിക്കുകയും സീത അ തു നിരസിക്കുകയും തന്റെ സങ്കടങ്ങളിൽ നീറി ഭൂമി പിളർന്നു താഴേക്കു പോകുകയും െചയ്ത ഐതിഹ്യത്തിൽ നിന്നാണു ജഡയറ്റകാവ് ഉണ്ടാകുന്നത്.
പിളർന്ന ഭൂമിയിലേക്കു സീത പതിക്കുമ്പോൾ ശ്രീരാമൻ സീതയുടെ തലമുടി പിടിച്ചുവലിച്ചു രക്ഷിക്കാൻ ശ്രമിച്ചെന്നും മുടി മാത്രം മുറിഞ്ഞുവെന്നുമാണ് ഐതിഹ്യം. അങ്ങനെ സീത അന്തർധാനം ചെയ്ത സ്ഥലം ജഡയറ്റ കാവായി. ഇവിടെ ഭൂമിക്കു വിള്ളലുണ്ടായിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ചേടറ്റിലമ്മയായി ഇവിടെ സീതയെ ആരാധിക്കുന്നു.
സീതാതീർഥവും ക്ഷേത്രവും പൊൻകുഴിയിലാണെങ്കിലും പുൽപ്പള്ളിയിലും മറ്റൊരു സീതാക്ഷേത്രമുണ്ട്. സീതാക്ഷേത്രം മാത്രമല്ല ലവകുശന്മാർക്കും ഇവിടെ ക്ഷേത്രമുണ്ട്. വാൽമീകിയാശ്രമത്തിൽ വളർന്ന ലവകുശന്മാർക്കും സീതാദേവിക്കും കാട്ടിൽ ഗോത്രരാജാവ് പുതിയ വീടൊരുക്കിക്കൊടുത്തു. ആ വീടാണ് ഇന്നു കാണുന്ന ക്ഷേത്രമെന്നാണു വിശ്വാസം. കാലാന്തരത്തിൽ മാറ്റം വരുത്തിയതാണു ക്ഷേത്രത്തിന് ഇന്നത്തെ രൂപം കൈവന്നത്.
ആദ്യകാലത്തു സീതാദേവി ഉപദേവതയും ലവകുശന്മാർ പ്രധാന പ്രതിഷ്ഠയുമായിരുന്നു. പിന്നീട് അതുമാറി. സീതാപ്രതിഷ്ഠ മുഖ്യമായി. ഇപ്പോഴും ആദിവാസികളുമായി ബന്ധപ്പെട്ട ആചാരങ്ങൾ തന്നെയാണു കൂടുതലും. ധനുമാസത്തിൽ കുളനാടികളുടെ തിറയും വെള്ളാട്ടുമുണ്ട്. ഗോത്രത്തലവൻ വാഴക്കുല വെട്ടി ഉത്സവത്തിനു തുടക്കം കുറിക്കുന്നു. പുതുപ്പള്ളി ക്ഷേത്രത്തിനു വേറെയും ചരിത്രപ്രാധാന്യമുണ്ട്. ബ്രിട്ടീഷുക്രാർക്കെതിരെ യുദ്ധം നയിച്ച പഴശ്ശിയുടെ ഒളിസങ്കേതം ഈ ക്ഷേത്രമായിരുന്നു.
1805–ൽ ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്തു പോരാടാൻ മൂവായിരം പേർ ഇവിടെ വച്ചു പ്രതിജ്ഞയെടുത്തതായി ചരിത്രരേഖകൾ പറയുന്നു. പൊൻകുഴിയിലെ സീതാതീർഥത്തിൽ തുടങ്ങി ജഡയറ്റകാവിലെ പിളർന്ന ഭൂമിയിൽ അവസാനിക്കുന്നില്ല രാമായണത്തിന്റെ വയനാടൻ കാഴ്ചകൾ. അതുപിന്നെയും പരന്നു കിടക്കുന്നു ഇപ്പോൾ കർണാടകയുെട ഭാഗമായ വെമ്പള്ളി ലവകുശക്ഷേത്രം വരെ. ഇതു വയനാടിന്റെ മാത്രം പ്രത്യേകതയാണ്; ശ്രീരാമന്റെയും സീതയുെടയും ആഞ്ജനേയന്റെയും ലവകുശന്മാരുെടയും വാൽമീകിയുടെയും പാദമുദ്രകൾ പതിഞ്ഞിരിക്കുന്നു ഈ നാട്ടുവഴികളിൽ, ക്ഷേത്രമായും ആശ്രമമായും ആൽമരമായും തടാകമായും പിന്നെ, മന്ദാരപ്പൂക്കളായും രാമായണ പുണ്യം നിറഞ്ഞു നിൽക്കുന്നു.
ഫോട്ടോ: സുജിത് കാരോട്, ബാദുഷ