Wednesday 07 February 2024 03:57 PM IST

വയർ കുറയ്ക്കാൻ ജിമ്മിലെത്തിയ 40കാരി, മിസ് ആലപ്പുഴയായി 10–ാം ക്ലാസുകാരന്റെ അമ്മ: രങ്കുവിന്റെ വിജയഗാഥ

Binsha Muhammed

rengu

‘വയർ കുറയ്ക്കണം, പിന്നെ മെലിഞ്ഞൊതുങ്ങിപ്പോയ ശരീരം മെച്ചപ്പെടുത്തി വണ്ണം വയ്ക്കണം.’ കായംകുളം പത്തിയൂരിലെ മന്ദഹാസ് ട്രാൻസ്‌ഫോർമേഷൻസ് ജിമ്മിന്റെ പടികൾ ചവിട്ടിക്കയറുമ്പോൾ മുപ്പത്തിയൊമ്പതുകാരിയായ രങ്കുവിന് അതിലും വലിയ ‘അതിമോഹമൊന്നും’ ഉണ്ടായിരുന്നില്ല. ജിമ്മിലെ ഉപകരണങ്ങളോടു മൽപിടുത്തം നടത്തി ദിവസങ്ങൾ തള്ളിനീക്കുമ്പോഴും മനസ് മന്ത്രിച്ചു ‘ഇച്ചിരി വണ്ണം വയ്ക്കണം... ഫിറ്റ്നസിലേക്ക് തിരികെയെത്തിയാൽ ജിംനേഷ്യത്തിനോടു സലാം പറയണം.’

അഡ്മിഷനെടുത്തിട്ട് മുങ്ങാത്ത ജിംനേഷ്യത്തിലെ അനുസരണയുള്ള കുട്ടിയായിരുന്നു രങ്കു. കൃത്യമായി വരും, തന്റെ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കും. ‘ വെയ്റ്റ് എടുക്കലിന്റെ’ ഘട്ടം വന്നപ്പോഴാണ് കഥമാറിയത്. പ്രായവും ജിമ്മിൽ വീട്ടമ്മമാർക്കുള്ള സ്വതസിദ്ധമായ ചമ്മലും സൈഡിലേക്ക് മാറി. രണ്ട് കുട്ടികളുടെ അമ്മയായ സാധാരണക്കാരിയായ ഈ വീട്ടമ്മ പുഷ്പം പോലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നു. ആ കാഴ്ച കണ്ടപ്പോഴാണ് ട്രെയിനർ മനു മന്ദഹാസിന്റെ തലയിൽ ബൾബ് മിന്നിയത്. ‘രങ്കുവിൽ ഒരു ചാമ്പ്യൻ ഒളിഞ്ഞു കിടപ്പുണ്ട്. ’

ബോഡി ബിൾഡിങ്, ഫിറ്റ്നസ്, ചാമ്പ്യൻഷിപ്പുകളെന്ന സ്വപ്നങ്ങളിലേക്ക് രങ്കുവിനെ മനുവും ഭാര്യയും ട്രെയിനറുമായ സജിഷയും കൈപിടിച്ചു നടത്തുന്നത് അങ്ങനെയാണ്.  രണ്ട് മക്കളുടെ അമ്മയും സാധാരണ വീട്ടമ്മയുമായ തന്നെക്കൊണ്ട് ആ ‘വലിയ ഭാരം’ എടുത്താൽ പൊങ്ങുമോ രങ്കു സ്വാഭാവികമായും ശങ്കിച്ചു. പക്ഷേ വീട്ടുകാരുടെ പിന്തുണയും ട്രെയിനറുടെ കട്ടയ്ക്കുള്ള പിന്തുണയും കൂടിയായപ്പോൾ രങ്കു വിട്ടുകൊടുത്തില്ല. ആ ഉറച്ച തീരുമാനം സാധാരണക്കാരിയായ വീട്ടമ്മയെ കൊണ്ടെത്തിച്ചതാകട്ടെ നേട്ടങ്ങളുടെ നെറുകയിലും.

ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് നടന്ന മിസ് ആലപ്പുഴ 2024 വിമൻസ് ഫിറ്റ്നസ് , വിമൺസ് വെൽനെസ്സ് ,  വിമൺസ് ബോഡിബിൽഡിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിൽ ഓവറോൾ ടൈറ്റിൽ കിരീടം ചൂടി  ചാമ്പ്യൻ രങ്കു ഏവരേയും ഞെട്ടിച്ചു. പ്രായത്തേയും മുൻവിധികളേയും തോൽപ്പിച്ച് വിജയകിരീടം ചൂടിയ കഥ രങ്കു വനിത ഓൺലൈനോടു പങ്കുവയ്ക്കുന്നു.

rengu-2

പ്രായം വെറും നമ്പർ

‘ആദ്യം നന്ദി പറയേണ്ടത് എന്റെ ഭർത്താവിനോടാണ്. നാട്ടുകാർ എന്തു പറയും, രണ്ട് കുട്ടികളുടെ അമ്മയ്ക്ക് ഇതൊക്കെ പറഞ്ഞിട്ടുള്ളതാണോ എന്ന ‘നാട്ടുവർത്താനങ്ങളെ’ കൂസാക്കാതെ കട്ടയ്ക്ക് കൂടെ നിന്നു എന്റെ പൊലീസുകാരനായ കെട്ട്യോൻ. പിന്നെ എന്റെ മക്കൾ, പത്താം ക്ലാസുകാരനായ അർജുനും. ആറാം ക്ലാസുകാരിയായ ആരാധ്യയും. അവരുടെ സ്കൂളിൽ ഞാനിപ്പോൾ സൂപ്പർ സ്റ്റാറാണേ...’, പിന്നെ എല്ലാത്തിനും കൂടെ നിന്നെ എവിടേം വരെ എത്തിച്ച ട്രൈനേഴ്സിനോടും നന്ദി– രങ്കു പറഞ്ഞു തുടങ്ങുകയാണ്.

പൊതുവേ മെലിഞ്ഞ ശരീരമാണ് എന്റേത്. പ്രസവം കഴിഞ്ഞ് 60കിലോ വരെയൊക്കെ എത്തിയിരുന്നെങ്കിലും പിന്നാലെ പഴയ ഭാരത്തിലേക്ക് തിരിച്ചിറങ്ങി. അതായത് 40ലോ 45ലോ കൂടില്ല  ഭാരം. ഉയരത്തിന് ആനുപാതികമായി വണ്ണം വയ്ക്കുക, പിന്നെ വയർ കുറയ്ക്കുക. അത്രയേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ. അല്ലാതെ പേടിച്ച് ഡയറ്റെടുക്കാനോ  ജിം നേരമ്പോക്ക് ആക്കാനോ എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. മക്കളൊക്കെ സ്കൂളിൽ പോകുന്ന നേരം, ഭർത്താവ് സന്തോഷ് കുമാർ പൊലീസ് ഡ്യൂട്ടിക്കായി പോകുന്ന നേരം ജിമ്മിനുവേണ്ടി തിരഞ്ഞെടുത്തു. കാർഡിയോ, ലൈറ്റ് വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങിയ കാര്യങ്ങളാണ് ജിമ്മിൽ ചെയ്തു പോന്നിരുന്നത്.

rengu-3

വെയ്റ്റ് എടുക്കുന്നത് കണ്ട് ട്രെയിനര്‍ മനു ഒരു ദിവസം ആ ചോദ്യം ചോദിച്ചു. ‘ചേച്ചീ... ഒരു കോമ്പറ്റീഷനിൽ പങ്കെടുത്താലോ?’ ആ ചോദ്യമാണ് ജീവിതത്തിൽ വഴിത്തിരിവായത്. എന്നെക്കൊണ്ട് പറ്റുമോ എന്ന് തിരിച്ചു ചോദിച്ചു. അക്കാര്യം ഞങ്ങൾക്കു വിട്ടേക്കാൻ മനുവും ഭാര്യ സജിഷയും പറഞ്ഞു. മറ്റൊന്ന് ഈ പ്രായത്തിൽ മത്സരാർഥികളായ ചെറു പ്രായക്കാരോട് പിടിച്ചു നിൽക്കാൻ എനിക്കാകുമോ എന്ന് സംശയമുണ്ടായിരുന്നു. ഷോർട്സും ടൈറ്റ്സുമൊക്കെ ധരിച്ച് ഇറങ്ങാനും തെല്ലൊരു ചമ്മൽ. പക്ഷേ ട്രെയിനർമാർ ആത്മവിശ്വാസമേകി ഒപ്പം നിന്നു.

മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ച അന്നു മുതൽ ഇടതടവില്ലാത്ത പരിശീലനങ്ങളും ഫിറ്റ്നസ് പാഠങ്ങളുമായി മനു ഒപ്പം നിന്നു. ആദ്യം ഡയറ്റിൽ ശ്രദ്ധിച്ചു. കോമ്പറ്റീഷൻ ആരംഭിക്കുന്ന ജനുവരി 21 മുൻപുള്ള ഒരാഴ്ച ഭക്ഷണം നിയന്ത്രിച്ചു. മുട്ടയുടെ വെള്ളയും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. ഒരു ദിവസം 40 മുട്ട വരെ കഴിച്ചിട്ടുണ്ട്. അതുകൂടാതെ ദിവസവും രണ്ട് മണിക്കൂർ പരിശീലനം. കാലിനും കൈക്കും വയറിനും ഷോൾഡറിനും വെയിറ്റ് പരിശീലനങ്ങൾ. ആ അധ്വാനങ്ങളെല്ലാം വെറുതെയായില്ല.

rengu-5

ഒരു ട്രോഫി അല്ലെങ്കില്‍ എങ്കിലും നമുക്ക് നേടണം ചേച്ചീ എന്നാണ് മനു എന്നോട് പറഞ്ഞത്. പക്ഷേ മൂന്ന് വിഭാഗങ്ങളിൽ മിന്നും പ്രകടനം നടത്തി വിജയകിരീടം ചൂടാൻ സാധിച്ചത് ഭാഗ്യമെന്ന് കരുതുന്നു.   ആലപ്പുഴയെ പ്രതിനിധീകരിച്ച് മത്സരിച്ച വിമൻ ഫിറ്റ്നസ്, വെൽനസ്, ബോഡി ബിൽഡിങ് തുടങ്ങി മൂന്ന് വിഭാഗത്തിലും വിജയം നേടാനായി.

പെണ്ണായതിന്റെ പേരിൽ നിങ്ങളുടെ ബോഡി ബിൽഡിങ്ങ് ഫിറ്റ്നസ് സ്വപ്നങ്ങൾ മാറ്റിവയ്ക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. എനിക്കു സാധിച്ചെങ്കിൽ നിങ്ങൾക്കും സാധിക്കും. സ്റ്റേറ്റ് ലെവൽ ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിലാണ് ഞാനിപ്പോൾ, എന്റെ കധിനാദ്ധ്വാനം വെറുതെയാകില്ല എന്നു തന്നെയാണ് പ്രതീക്ഷ. ഫെബ്രുവരി 10ന് പാലായിൽ വച്ചിട്ടാണ് മത്സരം.– റെങ്കു പറഞ്ഞു നിർത്തി.

rengu-1