Thursday 19 July 2018 05:28 PM IST : By സ്വന്തം ലേഖകൻ

ടേബിൾ വൃത്തിയാക്കുന്നതിനിടയ്‌ക്ക് സാരിയിൽ ഒരല്പം വെള്ളം വീണു; തമിഴ് ബാലനെ അധിക്ഷേപിച്ച് വീട്ടമ്മ! കുറിപ്പ് വൈറൽ

child-rela

നമ്മുടെ രാജ്യത്ത് ബാലവേല നിരോധന നിയമം നിലവിലുണ്ടെങ്കിലും, ഹോട്ടലുകളിൽ ക്ളീനിങ്ങിനായി ഇപ്പോഴും കുട്ടികളെകൊണ്ട് ജോലി ചെയ്യിപ്പിക്കാറുണ്ട്. ഇങ്ങനെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും തമിഴ് ബാലന്മാരായിരിക്കും. വീട്ടിലെ കഷ്ടപ്പാട് കൊണ്ടും ജീവിക്കാൻ നിവൃത്തിയില്ലാതെയുമായിരിക്കും ഇവർ ജോലിക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. എന്നാൽ ഈ കുട്ടികളോടുള്ള സമൂഹത്തിന്റെ സമീപനമാണ് അതിലേറെ ദയനീയം. പലപ്പോഴും പരസ്യമായി ഇവർ അവഹേളിക്കപ്പെടുന്നു. അത്തരമൊരു അനുഭവം തുറന്നുകാട്ടുകയാണ് സന്തോഷ്‌ കൊല്ലകടവ് എന്നയാളുടെ ഫെയ്സ്ബുക് കുറിപ്പിലൂടെ. അഞ്ചു വർഷം മുൻപ് ഇദ്ദേഹം എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാലികപ്രസക്തമായതിനാലാണ് ഇന്നും ഈ കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ പലരും ഷെയർ ചെയ്യുന്നത്.

സന്തോഷ്‌ കൊല്ലകടവ് എഴുതിയ കുറിപ്പ് വായിക്കാം;


കഴിഞ്ഞ ദിവസം കുമിളിക്ക് പോയി മടങ്ങി വരവേ ,ഞങ്ങള്‍ വഴിയരികില്‍ നാടന്‍ ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ കയറി, സാമാന്യം തിരക്കുണ്ട്.. ഞങ്ങള്‍ ഇരുന്ന മേശക്കു സമീപം മധ്യ വയസ് കഴിഞ്ഞ മാന്യനായ ഒരു മനുഷ്യനും പ്രൗഡ ആയ ഒരു സ്ത്രീയും ഭക്ഷണം കഴിച്ച ശേഷം ബില്ല് കാത്തിരിക്കുന്നു, ഈ സമയം മേശ ക്ലീനാക്കാന്‍ ഒരു പയ്യനെത്തി, അവൻ അവരുടെ മേശയുടെ പുറത്തുനിന്നും പാത്രങ്ങള്‍ എടുത്തു മാറ്റുന്നതിനിടയില്‍ കൈ തട്ടി ഗ്ലാസിലിരുന്ന വെള്ളം അവരുടെ സാരിയില്‍ വീണു.

അവര്‍ ദേഷ്യത്തോടെ അലറി ആ പയ്യനെ ചീത്ത വിളിച്ചു, പയ്യന് കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞു, അവന്‍ യാചനാ സ്വരത്തില്‍ പറഞ്ഞു ‘ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്’ അത് അവര്‍ക്ക് തീരെ പിടിച്ചില്ല. അതോടെ അവര്‍ ഹോട്ടലിന്റെ മനേജരോടായി കയര്‍പ്പു.

അവരുടെ ഭര്‍ത്താവ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ല. അവര്‍ ആക്രോശിക്കുകയാണ്. ‘ഇതുപോലുള്ള ജന്തുക്കളെ ഇവിടെ നിര്‍ത്തിയിരിക്കുന്നതിനു, നിങ്ങളുടെ പേരില്‍ നടപടി ഞാനെടുപ്പിക്കും ബാലവേല നിരോധിച്ചിരിക്കുക ആണന്നു അറിയാമല്ലോ’

തുടങ്ങി ആയമ്മ കത്തിക്കയറി. എനിക്ക് കലിപ്പ് അടക്കാന്‍ പറ്റുന്നില്ല സാരിയില്‍ അല്‍പ്പം വെള്ളം വീണു, അതിനിത്ര ബഹളം വെക്കണോ. ഞാന്‍ പ്രതികരിക്കും എന്ന് അറിഞ്ഞു എന്റെ കൂടെ ഉള്ള ആള്‍ എന്റെ കൈയില്‍ പിടിച്ചു വേണ്ടാ എന്ന് സൂചിപ്പിച്ചു.

കുറേ നേരം ബഹളം വെച്ചിട്ട്, ബില്ലും കൊടുത്തു അവരുപോയി. ആ പയ്യന്റെ മുഖം വിളറി, അവന്‍ ദയനീയമായി ഞങ്ങളെ നോക്കി, ഞാന്‍ അവനെ ആശ്വസിപ്പിച്ചു. ‘സാരമില്ല നീ ഇതൊന്നും കാര്യമാക്കണ്ടാ’

ഞങ്ങള്‍ ഭക്ഷണം കഴിച്ചു ബില്ല് കൊടുക്കുമ്പോള്‍ ഹോട്ടലിന്റെ മാനേജര്‍ പറഞ്ഞു ‘സാറെ കുട്ടികളെ കൊണ്ട് പണി എടുപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്’. അതെനിക്കും അറിയാം ആ പയ്യനെ ഞാനിവിടെ നിറുത്തിയിരിക്കുന്നത് എനിക്ക് ലാഭത്തിനല്ല …അവന്റെ അവസ്ഥ അറിഞ്ഞിട്ടാ ..’- ആ മനുഷ്യന്‍ പറഞ്ഞത് മുഴുവനും കേട്ടപ്പോള്‍ കണ്ണുനിറഞ്ഞു.

അവന്റെ അച്ഛന്‍ തമിഴ് വംശജനാണ്, അമ്മ ഇവിടുത്തുകാരിയും. അച്ഛന്‍ ലോറിയില്‍ പണിക്കുപോയി ഒരു അപകടത്തില്‍ പെട്ട്, നാല് വര്‍ഷങ്ങളായി കിടപ്പിലാ, തോട്ടത്തില്‍ പണിക്കുപോകുമായിരുന്നു അമ്മ ഇപ്പൊ ആസ്മയുടെ ശല്യം കാരണം പണി ചെയ്യാന്‍ വയ്യ, അവന്റെ മൂത്തത് ഒരു പെണ്‍കുട്ട്യാണ്. അത് 12-ാം ക്ലാസില്‍ പഠിക്കുന്നു.

കുടുംബം പുലര്‍ത്താന്‍ വേണ്ടി ആ പാവം രാവിലെ ഇറങ്ങുന്നതാ. രാവിലെ ഒരു ചായ പീടികയില്‍ ചായ കൊടുക്കാന്‍ നിൽക്കും. 100 രൂപ അവരുകൊടുക്കും, ഉച്ചക്ക് ഇവിടെ തിരക്കുള്ള സമയമാ, ആ സമയം ഇവിടെ നിൽക്കും അതിനു 200 രൂപ കൊടുക്കും. വൈകിട്ടവന് അങ്ങാടിയില്‍ ലോട്ടറി വിൽക്കാന്‍ പോകും അവിടെ ഞാന്‍ കണ്ട രണ്ടു മുഖങ്ങള്‍ !

പെങ്ങള്‍കുട്ടിയുടെ പഠനം, അച്ഛനമ്മമാരുടെ ചികിത്സ, ഇതിനൊക്കെ വേണ്ടി സ്വന്തം ബാല്യം ഉപേക്ഷിച്ച ആ കുട്ടി !സാരിയില്‍ അല്‍പം വെള്ളം വീണതിനു ഇത്രമേല്‍ ബഹളം ഉണ്ടാക്കിയ, ബാല വേല നിരോധനം പൊക്കി പിടിച്ച ആ സ്ത്രീ !!

തിരികെ ഒന്നും പ്രതികരിക്കാത്ത, നിസ്സഹായരോട് കയര്‍ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഒന്നോര്‍ക്കണം പ്രതികരിക്കാനാവാത്ത അവന്റെ കണ്ണില്‍ നിറയുന്ന കണ്ണുനീരിനു നിങ്ങളുടെ എല്ലാ സൗഭാഗ്യങ്ങളും തകര്‍ത്ത് കളയാനുള്ള ശക്തി ഉണ്ട് !

ബാലവേല നിയമം കൊണ്ട് നിരോധിക്കാം, പട്ടിണിയും, രോഗവും നിയമം കൊണ്ട് നിരോധിക്കാമോ ..വിശപ്പിനെ നിയമം കൊണ്ട് നിരോധിക്കാമോ ?

സങ്കടങ്ങളിൽ വീണുപോകുന്നവനെ എങ്ങനെ ചേർത്തുപിടിക്കണം എന്ന് പ്രവാസിയെ ആരും പഠിപ്പിക്കേണ്ട! കുറിപ്പ് വൈറൽ

‘ഓർമ്മയുണ്ടോ പൃഥ്വി?’; സുപ്രിയയുടെ ചോദ്യത്തിനു പിന്നിൽ ഒളിഞ്ഞിരുന്ന രഹസ്യമിതാണ്

‘മരണമുഖത്തു നിന്നും രക്ഷപ്പെട്ട് അവളെത്തിയത് വേദനകളുടെ ലോകത്തേക്ക്...’

ഒടുവിൽ നഷ്ടങ്ങൾ മാത്രമേ ഞങ്ങളുടെ കണക്കുപുസ്തകത്തിൽ കാണൂ; പ്രവാസത്തിനു മുൻപേ വായിച്ചിരിക്കേണ്ട കുറിപ്പ്!