Wednesday 09 April 2025 10:41 AM IST : By സ്വന്തം ലേഖകൻ

‘പ്രിയപ്പെട്ട അച്ഛന്...’: ജയിലിൽ അയാളെ തേടി വന്ന കത്തുകൾ, പെൺകുട്ടികളുടെ ഹീറോ: മകളുടെ അടുത്തേക്ക് ഈ യാത്ര

sankara-narayanan-krishna ശങ്കരനാരായണന്‍, മുഹമ്മദ് കോയ (ഫയൽ ചിത്രം: മനോരമ)

ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരുപാട് പെൺകുട്ടികളുടെ അച്ഛൻ‌. ജയിലിൽ അയാളെ തേടി വന്ന കത്തുകൾ ആ വാക്കുകൾ അടിവരയിടും. മകളെ ക്രൂരമായി കൊന്നവനോട് പ്രതികാരം ചെയ്ത ശങ്കര നാരായന്റെ വിയോഗം മനസുകളെ മുറിവേൽപിക്കുന്നത് അദൃശ്യമായ ആ സ്നേഹബന്ധം കൊണ്ടു കൂടിയാണ്. ‘പ്രിയപ്പെട്ട... അച്ഛന്’ എന്ന ആമുഖത്തോടെ കണ്ണൂർ സെൻട്രൽ ജയിലിൽ അയാളെ തേടിവന്ന കത്തുകളും അതിലെ സ്നേഹാക്ഷരങ്ങളും ഹൃദ്യമായ ബന്ധത്തിന്റെ നേരെഴുത്താണ്.

കാലം പിന്നിലേക്കൊഴുകുമ്പോൾ ഒരച്ഛൻ അനുഭവിച്ചു തീർത്ത വേദനയുടെയും അയാളുടെ നെഞ്ചിലെരിഞ്ഞ പകയുടേയും നേർചിത്രം കാണാം. മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ആൺമക്കള്‍ രണ്ട്. ഒടുവിൽ കാത്തിരിപ്പിന്റെ കൺമണിയെന്ന പോലെ ആ കുഞ്ഞുവീട്ടിലേക്ക് അവർ ആഗ്രഹിച്ച നിധിയെത്തി. അച്ഛനും അമ്മയ്ക്കും ഏട്ടൻമാർക്കും ലാളിക്കാൻ കൃഷ്ണപ്രിയയെന്ന കുഞ്ഞ്.

എളങ്കൂർ പിഎംഎസ്എ ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രിയ. ദാരുണമായ ആ സംഭവം നടക്കുമ്പോൾ അന്നവൾക്ക് 13 വയസ്സ്. 2001 ഫെബ്രുവരി 9ന് പതിവുപോലെ സ്കൂളിൽ പോയ കൃഷ്ണപ്രിയ തിരിച്ചുവന്നില്ല. കാണാതായതിന്റെ പിറ്റേ ദിവസം വീടിനടുത്ത കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടുകിട്ടി. ശ്വാസംമുട്ടിച്ചും ബലാൽസംഗം ചെയ്‌തും കൊലപ്പെടുത്തിയതാണെന്നു വ്യക്തമായി.

യൂണിഫോമിന്റെ ഭാഗമായ ജാക്കറ്റ് കൊണ്ട് കഴുത്തിൽ മുറുക്കിയായിരുന്നു കൊലപാതകം. ഉപദ്രവിക്കപ്പെട്ടതിന്റെ അടയാളങ്ങൾ ശരീരത്തിലുണ്ടായിരുന്നു.ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. പരിശോധനയിൽ പീഡനം സ്ഥിരീകരിക്കപ്പെട്ടു. 13 വയസ്സുള്ള പെൺ‌കുട്ടി ക്രൂരമായി കൊല്ലപ്പെട്ട വാർത്ത കേട്ട് കേരളം നടുങ്ങി. പൊലീസ് നടത്തിയ അന്വേഷണത്തിൽ, നാട്ടുകാരനായ ചാരങ്കാവ് ചെറുവണ്ണൂരിൽ മുഹമ്മദ് കോയ (24) പിടിയിലായി.

പൊലീസ് അന്വേഷണം അയൽവാസിയായ മുഹമ്മദ് കോയയിലേക്ക് എത്തി. വസ്ത്രത്തിൽ ചോരക്കറയും കൈത്തണ്ടയിലെ മുറിപ്പാടുകളും തെളിവുകളായി. ഫെബ്രുവരി 11ന് മാനന്തവാടി കാട്ടിക്കുളത്ത് സുഹൃത്തിന്റെ വീട്ടിൽനിന്ന് അറസ്‌റ്റിലായി. പൊലീസ് കുറ്റപത്രം നൽകാൻ വൈകിയതോടെ സെപ്റ്റംബർ 20ന് മുഹമ്മദ് കോയയ്ക്ക് കോടതി ജാമ്യം നൽകി. എന്നാൽ, വിധിയുടെ മറ്റൊരു നിയോഗം മുഹമ്മദ് കോയയെ കാത്തിരിക്കുന്നുണ്ടായിരുന്നു. 2002 ജൂൺ 27 മുഹമ്മദ് കോയയെ വീട്ടിൽനിന്നു 2 പേർ കൂട്ടിക്കൊണ്ടുപോയി. ചാരങ്കാവ് വിഷ്‌ണു ക്ഷേത്രത്തിനു സമീപം പാറപ്പുറത്ത് സംഘം ഒത്തുകൂടി മദ്യപിച്ചു. ഇതിനിടെ മുഹമ്മദ് കോയയ്ക്ക് വെടിയേറ്റു. ഒറ്റക്കുഴൽ തോക്കിൽനിന്നാണ് വെടിയേറ്റത് എന്നു പൊലീസ് കണ്ടെത്തി. മൃതദേഹം ആരുമറിയാതെ പൊട്ടക്കിണറ്റിൽ കുഴിച്ചുമൂടി. മുഹമ്മദ് കോയയെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. 

ശങ്കരനാരായണനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ജൂലൈ 5ന് മുഹമ്മദ് കോയയുടെ മൃതദേഹം കണ്ടെത്തി. ശങ്കരനാരായണൻ പൊലീസിൽ കീഴടങ്ങി. ഓഗസ്റ്റിൽ ശങ്കരനാരായണനും മറ്റു പ്രതികൾക്കും ജില്ലാ സെഷൻസ് കോടി ജാമ്യം അനുവദിച്ചു. 2005 ഒക്‌ടോബർ 20നു കേസിലെ പ്രതികൾക്ക് ഫാസ്‌റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചെങ്കിലും 2006 മേയ് 24ന് ശങ്കരനാരായണനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ക്രിമിനൽ സ്വഭാവമുള്ള പ്രതിക്കു മറ്റു ശത്രുക്കളുമുണ്ടാകാമെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. അന്നു മുതൽ നാടിന്റെ മനഃസാക്ഷിയുടെ കോടതിയിൽ മാത്രമല്ല, നിയമത്തിനു മുന്നിലും ശങ്കരനാരായണൻ കുറ്റവിമുക്തനായി. കൃഷ്ണപ്രിയയുടെ വിയോഗം കാൽനൂറ്റാണ്ടോടടുക്കുമ്പോൾ അവളുടെ ഒരിക്കലും മായാത്ത ഓർമകളുമായി ആ പിതാവും ജീവിതത്തിൽനിന്നു മടങ്ങി.