Monday 14 August 2023 01:34 PM IST : By സ്വന്തം ലേഖകൻ

മകളുടെ വിവാഹത്തിനു സ്വരൂപിച്ച തുക നിര്‍ധനര്‍ക്ക്; അഞ്ചു കുടുംബങ്ങളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സഫലമാക്കി സുന്ദരൻ

sundharan-home

മകളുടെ വിവാഹത്തിനു വേണ്ടി സ്വരൂപിച്ച തുക കൊണ്ട് പാവപ്പെട്ട അഞ്ചു കുടുംബങ്ങളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സഫലമാക്കി സുന്ദരൻ മേസ്തിരി. ഇരിട്ടി പായത്തെ കോളിക്കടവ് തെങ്ങോല സ്വദേശിയാണ് സുന്ദരൻ മേസ്തിരി. മകളുടെ വിവാഹം നടത്താൻ  കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയ തുകയാണ് അദ്ദേഹവും കുടുംബവും അഞ്ചു നിർധന കുടുംബങ്ങൾക്ക് നൽകിയത്. ‘എന്റെ വീട്’ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് നന്മയുടെ കഥ പങ്കുവച്ചിരിക്കുന്നത്. 

‘എന്റെ വീട്’ പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പ് വായിക്കാം;

മകളുടെ വിവാഹത്തിന് സ്വരൂപിച്ച തുകകൊണ്ട് പാവപെട്ട അഞ്ചു കുടുംബങ്ങളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സഫലമാക്കി സുന്ദരൻ മേസ്ത്രി. കഠിനാധ്വാനത്തിലൂടെയാണ് ഇരിട്ടി പായത്തെ കോളിക്കടവ് തെങ്ങോലയിലെ സുന്ദരൻ മേസ്ത്രി മകളുടെ വിവാഹം നടത്താൻ തുകയുണ്ടാക്കിയത്. ബെംഗളൂരുവിൽനിന്ന്‌ ഉന്നതപഠനം കഴിഞ്ഞെത്തിയ മകൾ രണ്ടുവർഷം ജോലി ചെയ്തശേഷം മതി കല്യാണമെന്ന് തീരുമാനമെടുത്തു. ഈ ആഗ്രഹം അച്ഛനും സമ്മതമായി. 

മകളുടെ സമ്മതത്തോടെ ആ പണം ജീവകാരുണ്യ പ്രവർത്തനത്തിന് ചെലവഴിച്ചപ്പോൾ അദ്ദേഹത്തിന് ലഭിച്ചതാകട്ടെ കോടികൾ വില കൊടുത്താലും ലഭിക്കാത്തത്രയും പുണ്യം. തന്റെ മേസ്ത്രിപ്പണികൊണ്ട് സ്വരൂപിച്ച പണം കൊണ്ട് തന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലത്ത് ഇദ്ദേഹം പണികഴിപ്പിച്ച അഞ്ച് വീടുകൾ അന്ന് അദ്ദേഹവും കുടുംബവും അഞ്ചു നിർധന കുടുംബങ്ങൾക്ക് നൽകും. 

കോളിക്കടവ് തെങ്ങോലയിൽ വീടുകളുടെ അവസാന മിനുക്കുപണികളിലാണ് മേസ്ത്രിയും തൊഴിലാളികളും. 750 ചതുരശ്ര അടിയിൽ ഒരേ ഘടനയിൽ പണിത അഞ്ച് കോൺക്രീറ്റ് വീടുകളാണ് അഞ്ച് കുടുംബങ്ങൾക്ക് ലഭിക്കുന്നത്. രണ്ട് കിടപ്പുമുറികൾ, അടുക്കള, വരാന്ത, പിൻവശത്ത് ഷീറ്റ് മേഞ്ഞ മുറ്റം, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് വീടുകൾ. ചുറ്റുമതിൽ കെട്ടി വേർതിരിച്ച നാല് സെന്റ് വീതമുള്ള സ്ഥലത്താണ് വീടുകൾ. പൊതുവായി നിർമിച്ച കിണറിൽനിന്ന് അഞ്ച് വീട്ടിലേക്കും കുടിവെള്ളവും എത്തും.

home-sundaran56

പ്ലാസ്റ്റിക് കൂരയിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പായം വട്ട്യറയിലെ മറിയാമ്മയ്ക്കും പത്തു വർഷം മുന്‍പ് സുന്ദരൻ മേസ്ത്രി കോൺക്രീറ്റ് വീട് നിർമിച്ചു നൽകിയിരുന്നു. അന്ന് ഒറ്റമുറി വീട്ടിലായിരുന്നു മേസ്ത്രിയും മക്കളും കഴിഞ്ഞിരുന്നത്. ഇതിനുപിന്നാലെ കെട്ടിടനിർമാണ കരാർ രംഗത്ത് നേടിയ പുരോഗതിയാണ് ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് മേസ്ത്രിയെ നയിച്ചത്.

സുന്ദരൻ മേസ്ത്രിയും ഭാര്യ ഷീനയും മക്കളായ സോനയും സായന്തുമാണ് വീടുകളുടെ പണിക്ക് നേതൃത്വംനൽകുന്നത്. അഞ്ചുവീടുകൾക്കും സ്ഥലത്തിനുംകൂടി ഒരു കോടിയോളം രൂപയാണ് ചെലവ്. 165 അപേക്ഷകൾ ലഭിച്ചു. കൃത്യമായ പരിശോധനയിലൂടെയാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്. പായം പഞ്ചായത്തിലെ മൂന്നും അയ്യങ്കുന്നിലെ രണ്ടും കുടുംബങ്ങൾക്കാണ് വീടുകൾ നൽകുന്നത്. നിരയായി നിർമിച്ച വീടുകളിൽ ഒന്നാമത്തേത് ഭിന്നശേഷിയിൽപ്പെട്ട കുടുംബത്തിനാണ്. മറ്റ് നാലുവീട്‌ ആർക്കൊക്കെ എന്ന ക്രമം കണ്ടെത്താൻ കുടുംബങ്ങളെ പങ്കെടുപ്പിച്ച് ഞായറാഴ്ച രാവിലെ പത്തിന് കോളിക്കടവിൽ നറുക്കെടുപ്പ് നടത്തും.

അഞ്ച് കുടുംബങ്ങൾക്കും 20,000 രൂപ വീതം ഈ വർഷം ഉപജീവനത്തിനും നൽകും. പുതിയ വീട്ടിൽ കിടക്കയും കട്ടിലും ഉൾപ്പെടെ മറ്റ് സൗകര്യങ്ങളും മേസ്ത്രിയും കുടുംബവും ഒരുക്കും. ജീവിതം കൊണ്ട് സുന്ദരകാണ്ഡം രചിച്ച് സുന്ദരൻ മേസ്ത്രിയും കുടുംബവും…

sundharan77678
Tags:
  • Spotlight