Saturday 29 May 2021 03:35 PM IST

‘ചേച്ചി ഭക്ഷണമൊന്നും കഴിക്കാതെ വിഷമിച്ച് ഇരുന്നു; അന്വേഷിച്ചപ്പോൾ ഓഫിസിലെ ടെൻഷനാണ് എന്നാണു പറഞ്ഞത്’; പാതിയിൽ പൊലിഞ്ഞ ‘സ്വപ്നം’

Roopa Thayabji

Sub Editor

bankk6643fgcgvgvffg

ജീവിതവും ജോലിയും മുന്നിൽ വലിയ ചോദ്യ ചിഹ്നമായപ്പോഴാണ് സ്വപ്നയ്ക്ക് ഒരു നിമിഷം കൊണ്ട് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്..

ണ്ണുത്തിയിലെ ഈ വീടിന്റെ പണി നടക്കുന്നതിനിടയിൽ ഗൃഹനാഥനെ മരണം കൂട്ടിക്കൊണ്ടു പോയി. വീടുപണി കഴിഞ്ഞപ്പോഴേക്കും ഗൃഹനാഥയെയും. ഇതു സ്വപ്നയുടെ വീടാണ്. ജോലിയുടെ സമ്മർദം താങ്ങാനാകാതെ ജീവിതം അവസാനിപ്പിച്ച കെ. എസ്. സ്വപ്ന എന്ന ബാങ്ക് മാനേജരുടെ വീട്. ഇവിടെയിപ്പോൾ സ്വപ്നയുടെ മക്കളുണ്ട്. മകൻ സാബുവിനെയും മരുമകളെയും അകാലത്തിൽ നഷ്ടപ്പെട്ട അച്ഛനമ്മമാരുണ്ട്. കണ്ണീരും ദീർഘനിശ്വാസവും കെട്ടിനിൽക്കുന്ന വീടിന്റെ ഓരോ ചുമരിലും ഇവരുടെ സന്തോഷ നിമിഷങ്ങൾ നിറഞ്ഞു നിൽക്കുന്നുമുണ്ട്.

സന്തോഷത്തിന്റെ നാളുകൾ

മണ്ണുത്തി അയ്യപ്പക്ഷേത്രത്തിനു തൊട്ടടുത്തുള്ള കുടുംബവീടിനോടു ചേർന്ന് സ്വപ്നം കൊണ്ടു കൂടുകൂട്ടുമ്പോൾ വിളിക്കാതെ എത്തിയ ദുർവിധി വിശ്വസിക്കാനാകുന്നില്ല സാബുവിന്റെ അച്ഛൻ കെ.ടി. ശ്രീധരനും അമ്മ രുഗ്മിണിക്കും. ‘‘ഇലക്ട്രിക്കൽ എൻജിനീയറിങ് പാസായി ഗൾഫിൽ നല്ല ജോലിയായിരുന്നു മോന്. ആയിടയ്ക്കാണ് നാട്ടിൽ പിഎസ്‌സി പരീക്ഷയെഴുതാൻ വന്നത്. അന്ന് വൈകിട്ട് ഒരു വിലാസം തന്നു. പരീക്ഷയെഴുതാൻ വന്ന തൃശൂരിൽ നിന്നു തന്നെയുള്ള ഒരു പെൺകുട്ടിയെ ഇഷ്ടമായെന്ന്. അച്ഛനും അമ്മയ്ക്കും അന്വേഷിച്ചു തൃപ്തിയാണെങ്കിൽ വിവാഹം ആലോചിക്കൂ എന്നാണ് ആവശ്യം. അങ്ങനെ മുതുവറയിലെ ആ പെൺകുട്ടി ഞങ്ങളുടെ മരുമകളായി ഇവിടേക്കു വലതുകാൽ വച്ചു കയറി വന്നു, അവളാണ് സ്വപ്ന.

വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് സാബുവിനൊപ്പം സ്വപ്നയും ഗൾഫിലേക്കു പോയി. വാഹനങ്ങളോടു ക്രേസ് ആയിരുന്നു സാബുവിന്, നാലു കാറുണ്ടായിരുന്നു. ലീവിനു വന്നാൽ മക്കളുമൊത്ത് യാത്ര പോകാനും വലിയ ഇഷ്ടമായിരുന്നു. ആയിടയ്ക്ക് സാബു ജോലി രാജിവച്ച് ബിസിനസ് തുടങ്ങി. നാട്ടിലേക്കു മടങ്ങുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, ‘മക്കളൊക്കെ നാടറിഞ്ഞ് ജീവിതം തുടങ്ങട്ടെ. ഗൾഫിലെ സുഖസൗകര്യങ്ങൾ ശീലിച്ചാൽ പിന്നെ, അവരെ നാട്ടിലേക്കു കൊണ്ടുവരാൻ പറ്റിയേക്കില്ല’ എന്നായിരുന്നു മറുപടി.

പിന്നീടാണ് സ്വപ്ന ബാങ്കു ജോലിക്കു വേണ്ടി ശ്രമിച്ചത്. കോച്ചിങ്ങിനും പോയിരുന്നു. അപ്പോൾ കുഞ്ഞുങ്ങളെ രുഗ്മിണി നോക്കും. പ്രായപരിധി കഴിയാറായതു കൊണ്ട് പഠിക്കാനും പരീക്ഷയിൽ ജയിക്കാനും സ്വപ്നയ്ക്കു വാശിയായിരുന്നു. ഐബിപിഎസ് പരീക്ഷയെഴുതി സെലക്‌ഷൻ വന്നപ്പോൾ മോൾ തന്നെയാണ് സിൻഡിക്കേറ്റ് ബാങ്ക് തിരഞ്ഞെടുത്തത്. പാലക്കാടായിരുന്നു പോസ്റ്റിങ്. ഒരു വർഷത്തിനകം തൃശൂർ പാറമേക്കാവ് മെയിൻ ബ്രാഞ്ചിലേക്കു മാറ്റം കിട്ടി. പിന്നീട് സാബുവിന് ബിസിനസുള്ള ബെംഗളൂരുവിലേക്കു മാറ്റം വാങ്ങി പോയി. 

bankk6643fgcgvgvffg

വിധിയുടെ ചതി

ആയിടയ്ക്കാണ് വീടുപണി തുടങ്ങിയത്. രണ്ടാംനിലയുടെ കോൺക്രീറ്റിങ്ങിന്റെ തലേന്ന് സാബു വന്നു. പിറ്റേന്നു ഞാൻ നടക്കാൻ പോയിട്ടു വന്നപ്പോൾ മോന് നെഞ്ചുവേദന, ആശുപത്രിയിലേക്കു പോയി എന്നു ഭാര്യ പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ കണ്ടത് കാഷ്വാലിറ്റിയിൽ മരണത്തോടു മല്ലിടുന്ന മോനെയാണ്. അൽപം കഴിഞ്ഞ് ഡോക്ടർ വന്നു പറഞ്ഞു അവൻ പോയെന്ന്. ആ ഷോക്കിലായിരുന്നു മോൾ കുറേക്കാലം. 2018 ഡിസംബർ 14 നാണ് സാബു പോയത്. 2019 ജൂണിൽ മോൾക്ക് നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടി. 2020 ഓഗസ്റ്റ് 30നാണ് പുതിയ വീട്ടിലേക്കു താമസം മാറിയത്. അതിനു പിന്നാലെ പ്രമോഷനോടെ കണ്ണൂരിലേക്കു ട്രാൻസ്ഫറായി.

ആയിടെ നാട്ടിൽ വന്നപ്പോൾ സാബുവിന്റെ സഹോദരി സുമിയും മക്കളുമൊത്ത് പുറത്തു ഭക്ഷണം കഴിക്കാൻ പോയിരുന്നു. അന്നു തിരികെ വന്നിട്ട് ‘ചേച്ചി ഭക്ഷണമൊന്നും കഴിക്കാതെ വിഷമിച്ച് ഇരുന്നു’ എന്നു സുമി പറഞ്ഞു. അന്വേഷിച്ചപ്പോൾ ഓഫിസിലെ ടെൻഷനാണ് എന്നാണു പറഞ്ഞത്. ബാങ്കു ലയനത്തെ തുടർന്ന് കനറാ ബാങ്കിന്റെ കീഴിലേക്കു മോൾക്ക് മാറേണ്ടി വന്നിരുന്നു. പുതിയ സോഫ്റ്റ്‌വെയറുമായി പൊരുത്തപ്പെടാൻ പറ്റുന്നില്ല എന്നാണു പറഞ്ഞത്. തൃശൂരിൽ കേന്ദ്രീയവിദ്യാലയത്തിൽ ആറും എട്ടും ക്ലാസുകളിൽ പഠിക്കുന്ന മക്കളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് നാട്ടിൽ തന്നെ എവിടെയെങ്കിലും പോസ്റ്റിങ് നൽകണമെന്നും അവൾ അപേക്ഷിച്ചിരുന്നു. പക്ഷേ, അതൊന്നും നടന്നില്ല.’’ ശ്രീധരനും രുഗ്മിണിയും ഓർമകളില്‍ മൗനമായിരുന്നു.

പുതിയ വെളിച്ചത്തിലേക്ക്

അച്ഛന്റെ വിയോഗദു:ഖത്തിൽ നിന്ന് അമ്മയെ താങ്ങി നിർത്തിയത് ചേച്ചിയായിരുന്നു എന്ന് സ്വപ്നയുടെ അനിയത്തി ഡോ. സൗമ്യ പറയുന്നു. ‘‘സ്കൂൾ മുതൽ തന്നെ ചേച്ചി വളരെ ആക്ടീവായിരുന്നു. പാട്ടുപാടാനും പ്രസംഗിക്കാനും പരിപാടികൾ ആങ്കർ ചെയ്യാനുമൊക്കെ മുന്നിലുണ്ടാകും. ഞങ്ങൾ മൂന്നു പെൺമക്കളാണ്. സ്വപ്നയുടെ അനിയത്തി എന്നും ചേച്ചി എന്നുമാണ് ഞാനും സ്മിത ചേച്ചിയും അറിയപ്പെട്ടിരുന്നത്. എൻജിനീയറിങ് കഴിഞ്ഞ സമയത്തായിരുന്നു ചേച്ചിയുടെ കല്യാണം.

നാലു വർഷം മുൻപാണ് ഞങ്ങളുടെ അച്ഛൻ മരിച്ചത്. അതിനു ശേഷം അമ്മയുടെ വലിയ ബലം ചേച്ചിയായിരുന്നു. ഇന്റേണൽ ഇവാല്യുവേഷൻ ഒക്കെ കഴിഞ്ഞാണ് പ്രമോഷൻ കിട്ടി കണ്ണൂരേക്കു പോയത്. അപ്പോഴും, ‘കണ്ണൂരല്ലേ, 210 കിലോമീറ്ററല്ലേ ഉള്ളൂ’ എന്നാണ് ചേച്ചി പറഞ്ഞത്. അവിടെ വീടു വാടകയ്ക്കെടുത്ത് ഫർണിഷിങ്ങൊക്കെ ചെയ്തു. എന്തായാലും മൂന്നു വർഷം നിൽക്കേണ്ടതല്ലേ എന്നായിരുന്നു പ്ലാൻ. ഓൺലൈൻ ക്ലാസായിരുന്നതു  കൊണ്ട് മക്കളുടെ സ്കൂൾ മാറ്റിയില്ല.

_BAP5220

സമ്മർദം താങ്ങാനാകാതെ

ചേട്ടനായിരുന്നു ചേച്ചിയുടെ എല്ലാം. ചേട്ടൻ ഉപയോഗിച്ചിരുന്ന ഫോക്സ് വാഗൺ വെന്റോ ആണ് പിന്നീട് ചേച്ചി ഉ പയോഗിച്ചത്. ആദ്യം എല്ലാ ആഴ്ചയും തൃശൂരേക്കു കാറോടിച്ചു വരുമായിരുന്നു. പിന്നീട് രണ്ടാഴ്ചയിൽ ഒരിക്കലായി മാറി. ഇടയ്ക്കു വിളിക്കുമ്പോൾ ‘ജോലിയിൽ സമ്മർദം ഉണ്ട്, പേടിയാണ്’ എന്നൊക്കെ പറയും. പക്ഷേ, ‘ഏതു ജോലിക്കാണ് ടെൻഷനില്ലാത്തത്. ധൈര്യമായിരിക്കൂ’ എന്നാണ് മറുപടി പറഞ്ഞിരുന്നത്.

ഒരിക്കൽ മോന് ഇവിടെ നിൽക്കണമെന്നു പറഞ്ഞു. അന്നു ചേച്ചിയും മോളും കൂടിയാണ് തിരിച്ചുപോയത്. തൊട്ടടുത്ത ആഴ്ച തിരികെ പോകുമ്പോൾ മോനെയും കൂട്ടി. പക്ഷേ, പോകുന്ന വഴിക്ക് മോനു പിന്നെയും ഇവിടെ തന്നെ നിൽക്കണമെന്ന് ആഗ്രഹം പറഞ്ഞു. 30 കിലോമീറ്റർ പിന്നിട്ടിരുന്നു. അവനു വിഷമമാകേണ്ട എന്നു കരുതി തിരിച്ചു വ ന്ന് വിട്ടിട്ടാണു പോയത്. വാർഷിക കണക്കെടുപ്പും മറ്റുമായതിനാൽ പിന്നീട് വന്നില്ല.

രണ്ടുദിവസം മുൻപേ വിളിച്ചപ്പോഴും ശനിയാഴ്ച വരുന്നതിനെ കുറിച്ചൊക്കെ സംസാരിച്ചു. ബന്ധുവിന്റെ വീട്ടിൽ ചടങ്ങുണ്ട്. അവിടേക്കു വരുമെന്ന് ഉറപ്പു പറഞ്ഞു. മറ്റു ബന്ധുവീടുകളിലേക്കു പോകാനും പ്ലാൻ ചെയ്തിരുന്നു. ഏ പ്രിൽ ഒൻപതിനു രാവിലെ എനിക്കു ഫോൺ വന്നു. ചേച്ചിക്ക് എന്തോ അപകടം പറ്റിയെന്നേ പറഞ്ഞുള്ളൂ. പക്ഷേ, കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും മനസ്സിലായി ഇനി ചേച്ചി കൂടെയില്ല എന്ന്. തൃശൂരിലെ ശാന്തിഘട്ടിൽ ചേട്ടനൊപ്പം ചേച്ചിയും ഉറങ്ങുന്നുണ്ട് ഇപ്പോൾ. മക്കളായ നിരഞ്ജന്റെയും നിവേദിതയുടെയും മുഖം പോലും മറന്ന്, ജോലിയോട് അത്രമാത്രം സ്നേഹമുണ്ടായിരുന്ന ചേച്ചി ജോലിസ്ഥലത്തു വച്ചു തന്നെ ജീവിതം അവസാനിപ്പിച്ചത് ജോലിയുടെ സമ്മർദം കൊണ്ടല്ലാതെ മറ്റെന്താണ്...’’

ബാങ്കിലെ സമ്മർദം

പുറമേ കാണുന്നതു പോലെ അത്ര ആകർഷകമല്ല ബാങ്ക് ഓഫിസർ ജോലിയെന്ന് ഓൾ ഇന്ത്യാ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ മുൻ സംസ്ഥാന സെക്രട്ടറി എബ്രഹാം ഷാജി ജോൺ പറയുന്നു.

‘‘ഡെപ്പോസിറ്റ്, അഡ്വാൻസ്, റിക്കവറി, കിട്ടാക്കടം കുറയ്ക്കൽ തുടങ്ങി എല്ലാത്തിനും ടാർജറ്റുണ്ട്. മത്സരാധിഷ്ഠിത സാമ്പത്തിക മേഖല എന്നതു കൊണ്ട് ടാർജറ്റ് പൂർണമായി ഒഴിവാക്കാനും സാധ്യമല്ല.

കിട്ടാക്കടം കൂടുന്നു എന്നതാണ് ബാങ്കുകളുടെ പ്രധാന പ്രശ്നം. അറ്റാദായം കൂട്ടാനായി എല്ലാ ബാങ്കുകളും കിട്ടാക്കടം പിരിക്കാനും ഏതു വിധേനയും കടം കുറച്ചു കാണിക്കാനുമായി ഓഫിസർമാരെ നിർബന്ധിക്കും. ജോലിക്കൂ   ടുതൽ അനുസരിച്ച് ജീവനക്കാരുടെ എണ്ണം ഇല്ലാത്തതും പ്രശ്നങ്ങൾ കൂട്ടും.

കേരളമടക്കമുള്ള കാഡറുകളിൽ റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ 65 ശതമാനത്തിനു മുകളിൽ വനിതകളാണ്. ഇരട്ട റോളിന്റെ സമ്മർദത്തിനിടയിൽ ഈ ടെൻഷൻ കൂടിയാകുമ്പോൾ എത്രപേർ അതിജീവിക്കും എന്നത് വലിയ ചോദ്യചിഹ്നമാണ്.’’ 

സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിവില്ലാതെ ജോലി ചെയ്യുമ്പോൾ സമ്മർദം അതിജീവിക്കാൻ സ്വയം പഠിക്കുന്നതാണ് നല്ലതെന്ന് ഫെഡറൽ ബാങ്ക് കോട്ടയം, വാകത്താനം ബ്രാഞ്ച് മാനേജർ നിഷ കെ.ഡി പറയുന്നു. ‘‘വീടും കുടുംബവും ഒന്നിച്ചു കൊണ്ടുപോകുന്നവർക്ക് ഏറ്റവും സപ്പോർട്ട് കിട്ടേണ്ടത് കുടുംബത്തിൽ നിന്നു തന്നെയാണ്. ഒരേ സമയത്ത് ജോലി കഴിഞ്ഞ് എത്തുന്ന ഭാര്യയും ഭർത്താവും ഒന്നു മനസ്സുവച്ചാൽ വീട്ടിലെ ജോലികൾ ഷെയർ ചെയ്യാമല്ലോ. ജോലിയിലെയും വീട്ടിലെയും സമ്മർദമെല്ലാം കൂടി സഹിക്കാനാകാതെ വരുമ്പോഴാണ് ഒരു ദിവസം പൊട്ടിത്തെറിക്കുന്നത്.’’

വിട്ടുവീഴ്ച വേണോ?

ഇഷ്ടമുള്ള കാര്യങ്ങൾക്കു വേണ്ടി ചെലവഴിക്കാൻ ‘വെന്റിലേഷൻ ഗ്യാപ്’ ഇല്ലാത്തതാണ് സമ്മർദം ഇരട്ടിപ്പിക്കുന്നതെന്ന് ഓൾ ഇന്ത്യാ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ ദേശീയ നിർവാഹക സമിതി അംഗവും കോഴിക്കോട് ബാങ്ക് ഉദ്യോഗസ്ഥയുമായ കെ.പി. ജ്യോതി പറയുന്നു. ‘‘9.45 നു ബാങ്കിലെത്തിയാൽ വൈകിട്ട് ഏഴര കഴിയാതെ ഇറങ്ങാനാകില്ല. കോവിഡ് പോലുള്ള സമയത്തും അവധിയില്ല. സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ ഇടപാടുകൾക്ക് എന്നു പറഞ്ഞ് ട്രഷറിക്ക് ഇലക്‌ഷൻ ഡ്യൂട്ടി ഒഴിവാക്കി കൊടുത്തപ്പോഴും ബാങ്കിനെ ഒഴിവാക്കിയില്ല. രണ്ടോ മൂന്നോ പേർ ഡ്യൂട്ടിക്കു പോകുമ്പോൾ ബാക്കിയുള്ളവരാണ് ആ ജോലിഭാരം കൂടി താങ്ങേണ്ടത്.

ഇതിനു പുറമേയാണ് ‘പാരാ ബാങ്കിങ്’ ജോലികൾ. ആ ധാർ കാർഡ് എടുക്കുന്നതിന് ആഴ്ചയിൽ എട്ട് എന്നാണ് ടാർജറ്റ്. അതല്ലെങ്കിൽ പിഴയുമുണ്ട്. ഉത്തരവാദിത്തം എടുക്കാൻ മടിച്ച് പ്രമോഷൻ വേണ്ടെന്നു വച്ചാൽ കീഴ്ജീവനക്കാർ മുകളിലെത്തുന്നതിന്റെ സങ്കടവും വേറെ.’’

ജോലിയിലെ സമ്മർദം അതിജീവിക്കാൻ താങ്ങാകേണ്ട ഭർത്താവിന്റെ വിയോഗം സ്വപ്നയ്ക്ക് ഇരട്ടി ദുഃഖമായിട്ടുണ്ടാകും എന്നാണ് കനറാ ബാങ്ക് റീട്ടെയ്ൽ അസറ്റ് ഹബ് തിരുവനന്തപുരം ഡിവിഷനൽ മാനേജർ റാണി മാത്യു പറയുന്നത്.

‘‘എല്ലാ ജോലിയിലുമെന്ന പോലെ ബാങ്കുജോലിയിലും സമ്മർദമുണ്ട്. വാർഷിക കണക്കെടുപ്പ് വരുമ്പോൾ ബാങ്കു ജീവനക്കാർക്ക് ഉണ്ടാകുന്ന സമ്മർദവും അതുപോലെ തന്നെ. ഉയർന്ന തസ്തികകളിലേക്കു പോകുമ്പോൾ സമ്മർദവും ഉയരും.

അതിനെ ബാലൻസ് ചെയ്യാനുള്ള ശക്തി ആർജിച്ചെടുക്കേണ്ടതാണ്. നമ്മുടെ ജോലിയെക്കാളും വലുതാണ് ജീവിതവും കുടുംബവും. കുടുംബത്തിന്റെ സന്തോഷം കളഞ്ഞ് ജോലിയുടെ പേരിൽ അവസാനിപ്പിക്കാനുള്ളതല്ല നമ്മുടെ വിലപ്പെട്ട ജീവിതം.’’

Tags:
  • Spotlight