Tuesday 22 April 2025 01:37 PM IST : By സ്വന്തം ലേഖകൻ

വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കി; കൊലപാതക ശേഷം ഡിവിആർ മോഷ്ടിച്ചു, മുൻ വീട്ടുജോലിക്കാരൻ കസ്റ്റഡിയിൽ

kottayam-couple-demise

കോട്ടയം തിരുവാതുക്കല്‍ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി അമിത് ആണെന്ന സംശയം ശക്തമാകുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. 

മാസങ്ങള്‍ക്ക് മുന്‍പ് സ്വഭാവദൂഷ്യം കാരണം അമിത്തിനെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. ഫോണ്‍ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാര്‍ പിരിച്ചുവിട്ടതെന്ന് പ്രദേശവാസികൾ പറയുന്നു.

സിസി ടിവി ദൃശ്യം റെക്കോർഡ് ചെയ്യുന്ന ഡിവിആർ (ഡിജിറ്റൽ വിഡിയോ റെക്കോർഡർ) പ്രതി മോഷ്ടിച്ചിട്ടുണ്ട്. വീടിന്റെ മുന്നിൽ സിസി ടിവിയുണ്ട്. ഈ സിസി ടിവിയുടെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ഡിവിആർ ആണ് പ്രതി മോഷ്ടിച്ചത്. വീട്ടിലെ ജോലിക്കാരൻ ആയിരുന്നതിനാൽ തന്നെ സിസി ടിവിയുണ്ട് എന്ന് മനസിലാക്കിയാണ് അമിതിന്റെ നീക്കമെന്ന് പൊലീസ് സംശയിക്കുന്നു.

വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു.

ഇന്ന് രാവിലെയാണു നാടിനെ നടുക്കിയ കൊലപാതകവിവരം പുറംലോകം അറിയുന്നത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.

Tags:
  • Spotlight