Friday 15 March 2024 10:30 AM IST : By സ്വന്തം ലേഖകൻ

അജ്ഞാത കേന്ദ്രത്തില്‍ രണ്ടാഴ്ചയോളം മർദനം; സിദ്ധാര്‍ഥന് മുന്‍പ് രണ്ട് വിദ്യാര്‍ഥികള്‍ സമാന മര്‍ദനത്തിനിരയായി, നടുക്കി റിപ്പോര്‍ട്ട്

sidha4566

വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ഥന്‍ നേരിട്ട ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദനത്തിനും സമാനമായി ക്യാംപസില്‍ മുന്‍പ് നടന്ന റാഗിങ്ങിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. ക്യാംപസില്‍ കോളജ് യൂണിയന്‍റെ സമാന്തര സംവിധാനം പ്രവര്‍ത്തിച്ചിരുന്നുവെന്ന ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് പുതിയ വിവരങ്ങള്‍. മുന്‍പ് നടന്ന രണ്ട് റാഗിങ് സംഭവങ്ങളില്‍, മുന്‍ യൂണിയൻ പ്രസിഡന്‍റ് ഉൾപെടെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ ആന്‍റി റാഗിങ് കമ്മിറ്റി നടപടിയെടുത്തു.‌

ക്യാംപസില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് വിധേയരായ രണ്ട് വിദ്യാര്‍ഥികളാണ് വ്യത്യസ്ത സംഭവങ്ങളിലായി സിദ്ധാര്‍ഥന്‍ നേരിട്ടതിന് സമാനമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. 2019 ബാച്ച് വിദ്യാർഥി 2021ലും 2021 ബാച്ച് വിദ്യാർഥി 2023 മേയിലും ക്രൂരമായ റാഗിങ്ങിന് ഇരയായി. പെൺകുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് വിദ്യാർഥികളെ ഹോസ്റ്റൽ മുറിയിലും ക്യാംപസിലെ പാറപ്പുറത്ത് എത്തിച്ചും മര്‍ദിച്ചു. അജ്ഞാതകേന്ദ്രത്തില്‍ ആഴ്ചകളോളം മര്‍ദിച്ചിരുന്നെന്നും ആന്റി റാഗിങ് സ്ക്വാഡിന് വിദ്യാർഥികൾ മൊഴി നൽകിയിട്ടുണ്ട്. 

ആള്‍ക്കൂട്ട വിചാരണകളില്‍ ആരോപണമുന്നയിച്ച പെണ്‍കുട്ടികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഒരു സംഭവത്തിൽ പെൺകുട്ടിയോട് മാപ്പു പറഞ്ഞശേഷവും മർദനം തുടര്‍ന്നു. റാഗിങ്ങിന് ഇരയായ രണ്ടു വിദ്യാർഥികളെയും സിദ്ധാർഥനു നേരിടേണ്ടിവന്നതുപോലെ കോളജിലെ വാട്സാപ് ഗ്രൂപ്പുകളിൽനിന്നു പുറത്താക്കി. ഇവര്‍ ഇപ്പോഴും ക്യാംപസിൽ ഏകാന്തജീവിതം നയിക്കുകയാണെന്ന് ആന്‍റി റാഗിങ് സ്ക്വാഡ് റിപ്പോർട്ടിൽ പറയുന്നു.

അജ്ഞാത കേന്ദ്രത്തില്‍ രണ്ടാഴ്ചയോളം മർദനമേൽക്കേണ്ടി വന്നിട്ടും റാഗിങ്ങിനിരയായ ഒരു വിദ്യാർഥി ഇപ്പോഴും പരാതി നൽകാൻ തയാറായിട്ടില്ല. 2 സംഭവങ്ങളിലും മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന് പറഞ്ഞ പെൺകുട്ടികളും പരാതി നൽകാൻ തയാറല്ല. ക്യാംപസിനുള്ളില്‍ നടക്കുന്ന സംഭവങ്ങളില്‍ നടപടിയെടുക്കാന്‍, കോളജ് യൂണിയൻ നേതൃത്വത്തിൽ 'സമാന്തര സംവിധാനം' വർഷങ്ങളായി പ്രവർത്തിക്കുന്നതിനാലാണ് ക്രൂരമായ സംഭവങ്ങള്‍ ഉണ്ടായിട്ടും വിവരങ്ങള്‍ പുറത്തുപോകാതിരുന്നതെന്ന വിലയിരുത്തലിലാണ് അധികൃതർ. 

2021ല്‍ നടന്ന സംഭവത്തിൽ കുറ്റക്കാരായ കോളജ് യൂണിയൻ മുന്‍ പ്രസിഡന്റുള്‍പടെയുള്ള 4 വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് ഇന്റേൺഷിപ് വിലക്കുകയും 5 വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ റദ്ദാക്കുകയും ചെയ്തു. 2023 മേയില്‍ നടന്ന സംഭവത്തിൽ 2 വിദ്യാർഥികളെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തു. 2 വിദ്യാർഥികളുടെ സ്കോളർഷിപ്പുകളും റദ്ദാക്കി. രണ്ടു സംഭവങ്ങളും പൊലീസിൽ റിപ്പോർട്ട് ചെയ്യാനുള്ള നീക്കത്തിലാണ് ആന്‍റി റാഗിങ് കമ്മിറ്റി. 

Tags:
  • Spotlight