Friday 25 February 2022 03:18 PM IST : By സ്വന്തം ലേഖകൻ

‘ആന്റണിക്ക് മലദ്വാരം വച്ചുപിടിപ്പിച്ചില്ലെങ്കിൽ ജീവനോടെ ഇന്ത്യയിൽ‌ തിരിച്ചെത്തില്ല’: ജീവൻ രക്ഷിച്ച സമാധാനത്തിന്റെ വെടിയുണ്ട

santhosh-kumar-ss ആന്റണി വില്യംസിനൊപ്പം ലേഖകൻ

 ദുരന്തമുഖങ്ങളിലേക്കും സാംക്രമിക രോഗമേഖലകളിലേക്കും സധൈര്യം ഇറങ്ങിച്ചെന്ന്  സാന്ത്വനവും  പരിചരണവും നൽകുന്ന ഒരു
ഡോക്ടറുടെ അപൂർവ  അനുഭവങ്ങൾ– ഡോ.  സന്തോഷ്കുമാർ എസ്. എസ്. എഴുതുന്ന പംക്തി.

ആന്റണിയുടെ മലദ്വാരത്തിന്റെ കാര്യം ശരിയാക്കിയില്ലെങ്കിൽ അവിടെ നിന്നു ജീവനോടെ ഇന്ത്യയിൽ പോകില്ലെന്ന് വളരെ ശാന്തരായിട്ടാണ് അവർ പറഞ്ഞതെങ്കിലും അതിന്റെ പൊരുൾ ചാട്ടുളിപോലെ എന്റെ നെഞ്ചിലേക്കു കയറി. ഞാനൊരു ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് മനസിലായി. എന്തു ചെയ്യണമെന്ന് ആലോചിക്കാൻ ഞങ്ങൾ ഒരു ടീം മീറ്റിങ് നടത്തി. അവിടേക്ക് അക്കോബയിലെ ആരോഗ്യവകുപ്പ് മന്ത്രിയും, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയും വന്നു. അവരും വളരെ ഗൗരവമായി പറഞ്ഞു.

‘‘ഡോക്ടർ, നാടാകെ ആന്റണി വില്യംസ് ആളിപ്പടർന്നിരിക്കയാണ്. എല്ലാവരും ചർച്ച ചെയ്യുന്നത് ആന്റണിയുടെ സ്ഥാനംതെറ്റിയ മലദ്വാരത്തെ കുറിച്ചു മാത്രമാണ്. പള്ളികളിൽ ആന്റണിയുടെ ശസ്ത്രക്രിയ വിജയിക്കാൻ വേണ്ടിയുള്ള പ്രത്യേക പ്രാർഥനകളും കുർബാനകളും നടക്കുന്നു. നിങ്ങൾക്കു തിരിച്ചു പോകണമെങ്കിൽ എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തി ആന്റണിയുടെ മലദ്വാരം യഥാസ്ഥാനത്തു ഫിറ്റ് ചെയ്യണം. നിങ്ങൾക്ക് മുൻപിൽ വേറെ വഴികളൊന്നുമില്ല.’’

ഞാനൊരു എല്ലുരോഗ വിദഗ്ധനാണെന്നും, കൊളോസ്റ്റമിയെക്കുറിച്ച് ഒന്നുമറിയില്ലെന്നും അവരോടു പറഞ്ഞാൽ അവർക്ക് മനസിലാകില്ലെന്ന് മാത്രമല്ല, അപ്പോൾ തന്നെ തോക്കെടുത്ത് എല്ലാവരേയും തട്ടിക്കളയാനും മതി! ഇനി ഇതു വൈദ്യശാസ്ത്രത്തിനു സാധ്യമല്ലാത്ത കാര്യമാണെന്ന് വാദിച്ചു നോക്കിയിട്ടും കാര്യമില്ല. ഡോ. ജോൺസൺ ആ വഴിയും അടച്ചിട്ടാണ് പോയിരിക്കുന്നത്. കാര്യങ്ങൾ ഞങ്ങളുടെ ഹെഡ്ക്വാർട്ടേഴ്സിൽ അറിയിച്ചു. അക്കോബോയിലെ പരമോന്നത ഗവർണറെ കാണാൻ തീരുമാനിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രദേശത്തെ ഉന്നത ഉദ്യോഗസ്ഥന്മാർ ഇടപട്ടതു മൂലം ഗവർണർ ഒരു കൂടിക്കാഴ്ച സമ്മതിച്ചു.

ഗവർണറുടെ ഒാഫിസിലെത്തി അദ്ദേഹത്തെ കണ്ടപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. അദ്ദേഹത്തിനും കാര്യങ്ങൾ വ്യക്തമായി അറിയാം. ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥർ ഇടപെട്ടതുകൊണ്ടു മാത്രം ഞാൻ ഒരു വിപുലമായ യോഗം വിളിക്കാം. അവിടെ നമുക്കു കാര്യങ്ങൾ തീരുമാനിക്കാം എന്നു പറഞ്ഞു.

ജീവൻമരണപോരാട്ടം

‌അങ്ങനെ ഒരു തിങ്കളാഴ്ച, ആശുപത്രിയിൽ വന്ന രോഗികളെയെല്ലാം കാത്തുനിർത്തിയിട്ട്, ഞങ്ങളെല്ലാവരും ഗവർണറുടെ ഒാഫിസിലേക്ക് തിരിച്ചു. രണ്ടു മുറികളുള്ള ഓല മേഞ്ഞ ഒരു പുരയായിരുന്നു അത്. മുറ്റത്തെ മരത്തണലിൽ എല്ലാവരുമുണ്ട്. പട്ടാളമേധാവികൾ, വിവിധ മന്ത്രിമാർ, ആന്റണിയുടെ കുടുംബം, സാമൂഹിക പ്രവർത്തകർ തുടങ്ങി അക്കോബോയിലെ മിക്കവരും എത്തിയിട്ടുണ്ട്. ചർച്ച വീക്ഷിക്കാനുമുണ്ട് ഏറെ ജനങ്ങൾ. ഗവർണർ യോഗം തുടങ്ങി.

ഇന്ത്യയിൽ നിന്നെത്തിയ പ്രഫസറുടെ അഭിപ്രായം കേൾക്കാനാണ് എല്ലാവർക്കും താൽപര്യം. എല്ലാവരും പ്രസംഗത്തിൽ അത് ഊന്നിപ്പറഞ്ഞു. എന്റെ ഊഴമെത്തി. ഞാൻ രണ്ടും കൽപ്പിച്ച് ജീവൻ മരണ പോരാട്ടത്തിന് ഒരുങ്ങി. അവിടെയുള്ള ബ്ലാക്ക് ബോർഡിൽ ഗുദദ്വാരത്തിന്റെയും അതിലെ പേശികളുടേയും പടം വരച്ചു, അതിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സിരാബന്ധങ്ങളും മറ്റും പ്രതിപാദിച്ച് ഒരു മണിക്കൂർ നീണ്ട ക്ലാസിനൊടുവിൽ ഞാൻ പറഞ്ഞു.

വൈദ്യശാസ്ത്ര‌ത്തിൽ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം ലഭിക്കണമെന്നില്ല. മനുഷ്യശരീരത്തിൽ വളരെ പ്രധാനപ്പെട്ടതും, സങ്കീർണ്ണമായതുമായ ഒരു ഭാഗമാണ് ഗുദദ്വാരവും അതിനു ചുറ്റുമുള്ള വിവിധതരം പേശികളും. അതൊക്കെ മാറ്റി വെയ്ക്കാൻ മാത്രം ആധുനികശാസ്ത്രം വളർന്നിട്ടില്ല. വൻകുടലിൽ കാൻസർ ബാധിച്ച ലക്ഷോപലക്ഷം ജനങ്ങൾ ലോകമെമ്പാടും കൊളോസ്റ്റമി ബാഗുമായി ശിഷ്ടജീവീതം നയിക്കുന്നുണ്ടെന്നും ഞാൻ പറഞ്ഞു.

സ്ഥിതി വഷളാകുന്നു

എന്റെ പ്രസംഗമൊന്നും ഏറ്റില്ല. ആരോഗ്യമന്ത്രി എഴുന്നേറ്റുനിന്ന് ഡോ. ജോൺസൺ നടത്തിയ വാഗ്ദാനത്തെക്കുറിച്ച് പറഞ്ഞതോടെ ഞങ്ങളുടെ സ്ഥിതി വഷളായി. അന്തരീക്ഷം കലുഷിതമാവുകയാണ്. കേണൽ ജോഷ്വ െമാറീറ്റയാണ് തുടർന്ന് സംസാരിച്ചത്. 15 വയസ്സ് മുതൽ പല യുദ്ധങ്ങളിൽ പങ്കെടുത്ത് ഏഴുപത്തിനാലാം വയസിലും പയറ്റു തുടരുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ശാന്തവും, ഗാംഭീര്യം നിറഞ്ഞതുമായിരുന്നു.

‘‘പ്രിയപ്പെട്ട സുഹൃത്തുക്കളേ, എനിക്കു പറയാനുളളത് ഏഴ് വർഷം മുൻപുള്ള ഒരു കഥയാണ്. അന്ന് ഞങ്ങൾ ഖാർത്തുമീൽ യുദ്ധത്തിലേർപ്പെട്ടിരുന്നപ്പോൾ നമ്മുടെ ജനറൽ റെയ്നോൾഡിന് വെടിയേറ്റു. അദ്ദേഹത്തിന്റെ വലതു കയ്യുടെ മുട്ടിനു മുകളിലൂടെ വളരെ ചെറിയ മുറിവുണ്ടാക്കി ഉള്ളിൽക്കടന്ന ആ വെടിയുണ്ട അവിടെത്തന്നെ തങ്ങിക്കിടന്നു. ഖാർത്തൂമിലെ സർജന്മാർ പറഞ്ഞത് മുട്ടിനു മുകളിൽ വച്ചു കൈ മുറിച്ചു കളയണമെന്നാണ്. ചെറുപ്പക്കാരനായ ജനറലിന്റെ കൈ മുറിക്കാൻ ഞങ്ങളാരും തയാറായിരുന്നില്ല. പ്രത്യേക വിമാനം ചാർട്ടർ ചെയ്ത് ഞങ്ങൾ അദ്ദേഹത്തെ ലണ്ടനിലെത്തിച്ചു. അവിടെ അവർ ഒട്ടേറെ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവരും പറഞ്ഞു ൈക മുറിച്ചു കളയണമെന്ന്. ലണ്ടനിലെ ചെലവേറിയ ചികിത്സ ഞങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഞങ്ങൾക്ക് ജനറലിനെ വീണ്ടും ഖാർത്തൂമിലേക്കു കൊണ്ടുവരേണ്ടി വന്നു. കൈ മുറിച്ചു കളയണമെന്ന് ആദ്യം വിധിച്ച സർജന്മാർ തന്നെ അത് ചെയ്തുതന്നു.’’കേണൽ ജോഷ്വ മൊറീറ്റോ തന്റെ പ്രസംഗം ഇങ്ങനെയാണ് അവസാനിപ്പിച്ചത്.

‘‘വെടിയുണ്ടകളുടെ സഞ്ചാരപഥം നമുക്ക് ഒരിക്കലും പ്രവചിക്കാൻ കഴിയില്ല. ചിപ്പോൾ അത് ഒരു ജീവിതം കൊണ്ട് പറക്കും. മറ്റ് ചിലപ്പോൾ അത്ഭുതകരമായി ജീവിതം അവശേഷിപ്പിക്കുകയും ചെയ്യും. ഇതിനിടയിൽ ചില ജീവിതങ്ങളെ ജീവച്ഛവങ്ങളാക്കി മാറ്റുവാനും അവയ്ക്ക് കഴിയും. ഏതായാലും വെടിയുണ്ടകൾ മനുഷ്യ ജീവിതത്തിൽ മായാത്ത മുറിപ്പാടുകൾ സൃഷ്ടിക്കും. ആ മുറിപ്പാടുകളോട് സമരസപ്പെടാനല്ലാതെ കലഹിച്ചിട്ട് കാര്യമില്ല.’’

സദസ് മൂകമായി. എന്റെ അന്നനാളത്തിൽ ഒരു തണുപ്പ്. ബന്ദിയാക്കപ്പെട്ട ശ്വാസം നേരെ വീണ് തുടങ്ങിയപോലെ... അന്നത്തെ ആ പ്രതിസന്ധിയിൽ നിന്നുള്ള രക്ഷയായിരുന്നു കേണൽ ജോഷ്വ. സമാധാനത്തിന്റെ ഒരു തണുത്ത വെടിയുണ്ട.