Friday 08 July 2022 10:31 AM IST : By സ്വന്തം ലേഖകൻ

അന്ന് ഇൻജക്‌ഷനെ പേടിച്ചോടിയിയ കുട്ടി, ഇന്ന് കോവിഡ് കരുതലിന് ദേശീയ അംഗീകാരം നേടിയ മാലാഖ: പ്രിയയുടെ കഥ

covid-vaccine-priya

ഈ കോവിഡ് കാലത്ത് നമ്മുടെ പ്രാണനെ കാത്തുവച്ചത് പ്രതിരോധത്തിന്റെ വാക്സീൻ തുള്ളികളാണ്. അതായിരുന്നു നമ്മുടെ ഉൾക്കരുത്തും. രാജ്യത്തെ മികച്ച കോവിഡ് വാക്സിനേറ്റർമാരായി 74 പേർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവരിൽ രണ്ടു പേർ കേരളത്തിൽ നിന്നായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിങ് ഒാഫിസർ ടി.ആർ. പ്രിയയും പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ ജൂനിയർ പബ്ലിക് ഹെൽത് നഴ്സ് ടി. ഭവാനിയും. 2022 മാർച്ച് എട്ടിന് വനിതാദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇരുവർക്കും അംഗീകാരം സമർപ്പിച്ചപ്പോൾ കേരളത്തിന് അത് അഭിമാനനിമിഷങ്ങളായി. പ്രിയയുടെയും ഭവാനിയുടെയും ജീവിതത്തിലൂടെ...

പ്രിയം ആതുരസേവനത്തോട്

എൻട്രൻസ് എഴുതി ഹോമിയോപ്പതിക്കു പ്രവേശനം ലഭിച്ചെങ്കിലും ജീവിതപരാധീനതകൾ മൂലം ഡോക്ടർ എന്ന സ്വപ്നം ഉപേക്ഷിച്ച ഒരു പെൺകുട്ടി. പരിഭവങ്ങളൊന്നുമില്ലാതെ നഴ്സിങ് എന്ന കർമപാതയിൽ അവൾ പുതിയൊരു ജീവിതം മെനഞ്ഞെടുക്കുന്നു. അങ്ങനെ കാലം കടന്നു പോകവേ, സ്വപ്നതുല്യമായ ഒരു സന്തോഷം തേടി വരുകയാണ്, ഒരു ദേശീയ പുരസ്‌കാരത്തിന്റെ രൂപത്തിൽ. ഇത് ഒരു കഥയല്ല, തിരുവനന്തപുരത്ത് പള്ളിച്ചൽ പുന്നമൂട് കേളേശ്വരത്ത് രാജന്റെയും തുളസിയുടെയും മകൾ പ്രിയയുടെ ജീവിതമാണ്.

ഈ കോവിഡ് കാലത്ത് 1,33,161 ഡോസ് വാക്സീൻ കുത്തിവച്ച് കേരളത്തിൽ ഏറ്റവുമധികം പേർക്ക് വാക്സീൻ നൽകിയ മാലാഖയാണ് മുപ്പത്തിയെട്ടുകാരി പ്രിയ. ‘‘നഴ്സിങ് മേഖലയിലേക്കു വന്നിട്ട് 17 വർഷങ്ങളായി. ഡോക്ടറാകണം എന്നായിരുന്നു ആഗ്രഹം. നഴ്സിങ്ങിലേക്ക് എത്തിയപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു ’’ – പ്രിയ പറയുന്നു. ആത്മസാഫല്യത്തോടെ ജോലി ചെയ്യാവുന്ന ഒരിടമാണിതെന്നു പ്രിയ തിരിച്ചറിയുകയായിരുന്നു.

ഇൻജക്‌ഷനെ പേടിച്ച കുട്ടിക്കാലം

‘‘ കുട്ടിക്കാലത്ത് എനിക്കു ശ്വാസംമുട്ടലുണ്ടായിരുന്നു. ഇപ്പോഴും ശ്വാസംമുട്ടലിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി ക്രിസ്‌റ്റലൈൻ പെനിസിലിൻ എന്നൊരു ആന്റിബയോട്ടിക് നൽകിയിരുന്നു. വളരെ വേദനയുള്ള ഇൻജക്‌ഷനാണത്. കുത്തിവയ്ക്കാൻ വരുന്നതു കാണുമ്പോൾ തന്നെ പേടിയാകും. അന്ന് ഇൻജക്‌ഷനെ പേടിച്ചോടിയിട്ടുണ്ട്. നഴ്സായ ശേഷം ഇൻജക്‌ഷ ൻ കൊടുക്കുമ്പോൾ പേടിയൊന്നും തോന്നിയിട്ടേയില്ല. രോഗിക്ക് ആശ്വാസം ലഭിക്കാനും ആരോഗ്യവും ജീവനുമൊക്കെ രക്ഷിക്കാനുമാണിതെന്നു ചിന്തിക്കുന്നതു കൊണ്ടാകാം.’’ – പ്രിയ പറയുന്നു.

അപ്രതീക്ഷിതം ഈ നേട്ടം

വാക്സിനേഷൻ നൽകുമ്പോൾ ഒരിക്കലും ഇതൊരു റെക്കോർഡിലേക്കു നീങ്ങും എന്നു ചിന്തിച്ചതേയില്ലെന്നു പ്രിയ പറയുന്നു. കൂടുതൽ കൊടുത്തത് കോവിഷീൽഡ് വാക്സീനാണ്. തിരുവനന്തപുരം ജില്ലയിൽ ഒരു ദിവസം മാസ് വാക്സിനേഷൻ െഡ്രെവ് ഉണ്ടായിരുന്നു. അവിടെ പ്രിയയും ടീമും 1608 പേർക്കു വാക്സീൻ നൽകി. മന്ത്രിമാർ ഉൾപ്പെടെ ഉയർന്ന പദവികളിലിരിക്കുന്ന ഒട്ടേറെ പേർക്കും വാക്സിനേഷൻ നൽകി. ‘‘ സഹപ്രവർത്തകരാണെനിക്കു വാക്സിനേഷൻ നൽകിയത്. കോവിഷീൽഡ് വാക്സീനാണെടുത്തത്. ആദ്യ ഡോസ് നൽകിയത് ഹരിത, രണ്ടാം ഡോസ് നൽകിയത് ജീന, ബൂസ്‌റ്റർ ഡോസ് നൽകിയത് ദിവ്യ’’ ...പ്രിയ പറയുന്നു. കോവിഡ് പ്രിയയുടെ ജീവിതത്തിലേയ്ക്ക് എത്തിയില്ല എന്നതാണ് മറ്റൊരു സൗഭാഗ്യം.

സ്നേഹത്തോടെ ഒാർമിച്ചവർ

‘‘ വളരെ പ്രായമുള്ളവർക്കു തിരക്കിനിടയിൽ വന്നു വാക്സീൻ എടുക്കാനൊക്കെ ബുദ്ധിമുട്ടായിരിക്കുമല്ലോ. നടക്കാനൊക്കെ വയ്യാത്തവർക്കു വാഹനങ്ങളിൽ ചെന്നു വാക്സീൻ കൊടുത്തിരുന്നു. അങ്ങനെ വാഹനത്തിൽ ചെന്നു ഞാൻ വാക്സീൻ കൊടുത്ത ഒരാളുടെ മകൾ പിന്നീട് ദേശീയഅംഗീകാരം ലഭിച്ച വാർത്തയറിഞ്ഞ് എന്നെ ഫോൺ ചെയ്തു. ആ കാര്യങ്ങളൊക്കെ പറഞ്ഞു വല്ലാതെ ഇമോഷനലായാണ് സംസാരിച്ചത്... ഒരുപാടുപേർ അഭിനന്ദിക്കാനായി വിളിച്ചു. അതൊക്കെ സന്തോഷമുള്ള കാര്യങ്ങളാണ്.’’പ്രിയ ഒാർമകളിലേക്ക്...

ആ നിമിഷം മറക്കില്ല

‘‘ ആതുരസേവനജീവിതത്തിൽ ആത്മസംതൃപ്തി നൽകിയ ഒട്ടേറെ നിമിഷങ്ങളുണ്ട്. ജീവൻ തിരികെ കിട്ടിയ അ നുഭവങ്ങൾക്കു സാക്ഷിയായിട്ടുണ്ട്.

രോഗങ്ങളാൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയാണെങ്കിൽ എപ്പോഴും എന്തും സംഭവിക്കാമെന്ന ചിന്ത നമുക്കുണ്ടാകും. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗി മരിച്ചുവെന്നു കേട്ടാൽ വലിയ വിഷമമാകും. കാരണം ആ രോഗിയുടെ വരവു കാത്ത് ഒരുപാടു പേർ പുറത്തുണ്ട്. മൂന്നു വർഷങ്ങൾക്കു മുൻപാണ്. ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗിയുണ്ടായിരുന്നു. 52 വയസ്സുണ്ട്. അവിചാരിതമായി ആ രോഗിയുടെ ബിപി പെട്ടെന്നു താഴ്ന്ന് പൾസ് കിട്ടാത്ത അവസ്ഥയിലേക്കു പോയി. ആ സമയത്ത് കരുതലും ശ്രദ്ധയും നൽകി ഞാൻ കൂടെത്തന്നെയുണ്ടായിരുന്നു. അദ്ദേഹം ജീവൻ നിലനിർത്തുന്നതു വരെ വൈകാരികമായി ഏറെ വിഷമിച്ചു. അന്ന് എന്റെ കൂടെയുണ്ടായിരുന്ന സിസ്റ്റർ എനിക്ക് ദേശീയ അംഗീകാരം കിട്ടിയ വാർത്ത അറിഞ്ഞപ്പോൾ മെസ്സേജ് ചെയ്തു, ‘നീ അന്നു ചെയ്ത കാര്യങ്ങളോർത്താൽ ശരിക്കും നിനക്കിതു കിട്ടേണ്ടതാണ് എന്ന്’. പ്രിയ ഒാർമിക്കുന്നു.

a കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയിൽ നിന്നും പ്രിയ ദേശീയ പുരസ്കാരം സ്വീകരിക്കുന്നു

ഒന്നുമാഗ്രഹിക്കാതെ നൻമ ചെയ്യുമ്പോൾ

‘‘ ഞാൻ നഴ്സിങ് മേഖലയിൽ വന്നപ്പോൾ സീനിയർ സിസ്‌റ്റർമാരുടെ പ്രവൃത്തികളും ജീവിതവുമൊക്കെ എന്നെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. അവർ ചെയ്യുന്ന നൻമയുള്ള പ്രവൃത്തികളൊക്കെ നമുക്കും ചെയ്യണമെന്നു തോന്നും.

പുതിയ കുട്ടികളോടു പറയാനുള്ളത് മറ്റുള്ളവരുടെ മനസ്സിൽ നമുക്കൊരിടം ഉണ്ടാകണം എന്നതാണ്. എവിടെയായാലും ആത്മാർഥതയോടെ ജോലി ചെയ്യണം. മനസ്സിൽ നൻമ മാത്രമേ ഉള്ളൂവെങ്കിൽ നമുക്ക് നൻമ മാത്രമേ വരൂ. ഒന്നുമാഗ്രഹിക്കാതെ നല്ലതു ചെയ്യുമ്പോൾ എവിടെയെങ്കിലും നിന്ന് നമുക്ക് നല്ല അനുഭവങ്ങൾ വരും. പുറത്തിറങ്ങുമ്പോൾ ഒരാൾ നമ്മളെ ഒാർമിക്കുമ്പോൾ അവാർഡിനേക്കാൾ വിലയുള്ള അനുഭവമല്ലേ അത്?

‘‘ പുരസ്കാര സ്വീകരണത്തിനുള്ള കാര്യങ്ങളൊക്കെ ഗവൺമെന്റ് ക്രമീകരിച്ചിരുന്നു. ഭർത്താവിനൊപ്പം തലേന്നു രാത്രിയിലെ ഫ്ളൈറ്റിനാണു പോയത്. വിെഎപി പരിഗണനയായിരുന്നു അവിടെ ലഭിച്ചത് ’’ – പ്രിയ പറയുന്നു.

അതു പ്രിയയല്ലാതെ മറ്റാര്?

‘‘ 2021 ജനുവരി 19നാണ് ജനറൽ ആശുപത്രിയിൽ വാക്സിനേഷൻ തുടങ്ങുന്നത്. ഇപ്പോൾ ഒരു വർഷവും മൂന്നു മാസവും കഴിഞ്ഞു. ഈ കാലയളവിൽ എല്ലാ ദിവസവും വാക്സിനേഷൻ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു പ്രിയ. എല്ലാ അവധി ദിനങ്ങളും ഞായറാഴ്ചയും ഉൾപ്പെടെ. ഇപ്പോൾ രണ്ടുമൂന്നു മാസമായി ഞായറാഴ്ച വാക്സിനേഷൻ നൽകുന്നില്ല. 9 മുതൽ 5 മണി വരെയാണ് വാക്സിനേഷൻ സമയമെങ്കിലും പ്രിയ രാത്രി 10 -11 മണി വരെ ജോലി ചെയ്തിരുന്ന ദിവസങ്ങളുണ്ട്.

വാക്സിനേഷൻ അഞ്ചുമണിക്കു കഴിഞ്ഞാലും പോർട്ടലിന്റെ ചില പ്രശ്നങ്ങൾ കാരണം വിശദാംശങ്ങൾ അ തിൽ എന്റർ ചെയ്യാൻ കഴി‍ഞ്ഞെന്നു വരില്ല. അതെല്ലാം എഴുതിവച്ചിട്ട് പ്രിയ വാക്സിനേഷൻ ചെയ്യും. പിന്നീട് അഞ്ചുമണിക്കുശേഷം പോർട്ടൽ ശരിയാകുമ്പോൾ മുഴുവൻ ഡേറ്റയും എൻട്രി ചെയ്തിട്ടേ പ്രിയ പോകാറുള്ളൂ.

‘‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് മോസ്റ്റ് ഡെഡിക്കേറ്റഡ‍് സ്റ്റാഫ് നഴ്സ് എന്നാണു പ്രിയയെക്കുറിച്ചു പറയാനുള്ളത്. ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ ആണ് ബെസ്റ്റ് വാക്സിനേറ്ററെ നോമിനേറ്റ് ചെയ്യേണ്ടത്. ഞങ്ങളുടെയടുത്ത് നിർദേശം നൽകാൻ ആവശ്യപ്പെട്ടപ്പോൾ തിരുവനന്തപുരത്തു നിന്ന് നാഷനൽ ലെവലിൽ കൊടുക്കാൻ ഞങ്ങൾക്ക് ഒരു പേരെ ഉണ്ടായിരുന്നുള്ളൂ. അത് പ്രിയയുടേതായിരുന്നു. പ്രിയ തന്നെയായിരുന്നു കേരളത്തിലെ മികച്ച വാക്സിനേറ്റർ ’’ – ജില്ലാ ആർ സി എച്ച് ഒാഫിസർ ഡോ. ദിവ്യാ സദാശിവൻ പറയുന്നു.

കൊല്ലം ഇഎസ്െഎ ഹോസ്പിറ്റലിലെ ജീവനക്കാരനായ സുന്ദർസിങ്ങാണ് പ്രിയയുടെ ഭർത്താവ്. രണ്ടു മക്കളുണ്ട്. ആറാം ക്ലാസ് വിദ്യാർഥിയായ അമൻ പി. സുന്ദറും എൽകെജി വിദ്യാർഥിനി അമന്യാ പി.സുന്ദറും. തിരുവനന്തപുരത്ത് മലയിൻകീഴ് കരിപ്പൂരാണു പ്രിയ താമസിക്കുന്നത്.

എഴുതുകയാണ് അനുഭവങ്ങൾ

ഡയറിയെഴുതുന്നതാണ് പ്രിയയുടെ ഹോബി. ഈ കോ വിഡ് കാലം നൽകിയ അനുഭവങ്ങളും ജീവിതപാഠങ്ങളും ഡയറിയിൽ കുറിച്ചു വയ്ക്കുന്നുണ്ട് പ്രിയ.

‘‘ കോവിഡ് കാലത്തെ തിരക്കിനിടയിൽ ഡയറി എഴുതുന്നതു കുറഞ്ഞു പോയി. രണ്ടു വർഷത്തെ അനുഭവങ്ങൾ ഇപ്പോൾ കുറിച്ചുവയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ശ രിക്കും പറഞ്ഞാൽ രണ്ടു പുസ്തകമെഴുതാനുള്ള അനുഭവങ്ങളുണ്ട്. എന്നാൽ പുസ്തകമെഴുതുന്നതിനെക്കുറിച്ചൊന്നും ഇപ്പോൾ ചിന്തിച്ചിട്ടില്ല. പിന്നീടെപ്പോഴെങ്കിലും ഇൗ കുറിപ്പുകൾ വായിക്കുമ്പോൾ അതൊരു പ്രത്യേക സന്തോഷമായിരിക്കില്ലേ? ’’ ... പ്രിയയുടെ വാക്കുകളിൽ അഭിമാനം നിറയുന്നു.