Wednesday 16 November 2022 02:58 PM IST : By സ്വന്തം ലേഖകൻ

മാറിടത്തിൽ മുഴ, കാൻസറെന്ന് സ്വയം വിധിയെഴുതി, ആത്മഹത്യ പ്രവണത, ഒടുവിൽ... ഡോക്ടറുടെ അനുഭവം

cancer-fear

രോഗത്തെക്കുറിച്ചുള്ള അനാവശ്യ പേടി പലപ്പോഴും നമ്മളെ വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിക്കും. ശാരീരികാവസ്ഥകളെ ഗൂഗിളിനു മുന്നിലേക്ക് വച്ച് രോഗമുണ്ടെന്ന് ഉറപ്പിക്കുന്ന എത്രയോ അരമുറി വൈദ്യൻമാർ നമുക്ക് ചുറ്റുമുണ്ട്. അനാവശ്യ കാൻസർ പേടിയുമായി തന്റെ അരികിലേക്ക് വന്ന വ്യക്തിയെക്കുറിച്ച് തുറന്നെഴുതുകയാണ് ഡോ. ദീപ്തി ടിആർ. തനിക്ക് കാൻസറാണെന്ന് സ്വയം വിധിയെഴുതി വിഷാദത്തിലേക്കും ആത്മഹത്യ പ്രവണതയിലേക്കും വരെ എത്തിപ്പെട്ട രോഗിയുടെ അനുഭവം ഓരോരുത്തരുടെയും കണ്ണുതുറപ്പിക്കുന്നതാണ്.

വനിത ഓൺലൈനുമായി ഡോ. ദീപ്തി പങ്കുവച്ച അനുഭവം...

ഒരു ഉച്ചയ്ക്ക് ശേഷമാണ് അവർ ഓപിയിലേക്ക് വന്നത്.. എനിക്ക് എവിടെയോ കണ്ടു പരിചയം ഉള്ളതുപോലുള്ള ഒരു മുഖം.. ഉച്ചവരെ പണി ചെയ്തതുകൊണ്ടോ എന്തോ മുഖത്ത് നല്ല ക്ഷീണം കാണാം ,എങ്കിലും സംസാരത്തിൽ നല്ല ചുറുചുറുക്കുണ്ട്. എന്തായിരുന്നു പ്രശ്നം എന്ന ചോദ്യത്തിനു മുന്നേ അവർ പറഞ്ഞു തുടങ്ങിയിരുന്നു..

"ഡോക്ടറേ കാൻസറാണ് എന്ന് എനിക്ക് ഉറപ്പാണ് ആറുമാസമായി കണ്ടു തുടങ്ങിയിട്ട്..ഏത് സ്റ്റേജ് ആയി എന്ന് പറഞ്ഞാൽ മതി, എനി അതെനിക്ക് ട്രീറ്റ് ചെയ്യാൻ പറ്റുമോ എന്ന് അറിയണം.." ഇതെന്നെ അത്ഭുതപ്പെടുത്തിയില്ല കാരണം ഗൂഗിൾ നോക്കി ചെറിയൊരു തലവേദന വരെ കൻസർ ആണെന്ന് പറഞ്ഞുവരുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്.. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു ഒന്ന് എക്സാമിനേഷൻ ചെയ്യട്ടെ എന്നിട്ട് നമുക്ക് തീരുമാനിച്ചാൽ പോരെ? മാറു പരിശോധിച്ചപ്പോൾ വലതു മാറിൽ മുകളിലായി ചെറിയൊരു മുഴ. കാൻസർ ആവാം അല്ലാതിരിക്കാം എനിക്കും നോക്കി ഉറപ്പു പറയാൻ കഴിയില്ലല്ലോ..

ആറുമാസമായി ഉള്ള ഈ മുഴ എന്തേ കാണിക്കാതിരുന്നത് എന്ന് ചോദ്യത്തിനുള്ള മറുപടി എന്നെ ഒരുപാട് വിഷമപ്പെടുത്തി. "എല്ലാവരും പറയുന്നത് കേട്ടു, കാൻസർ വന്നു കഴിഞ്ഞാൽ ആറുമാസം കൊണ്ടുതന്നെ മരണം ഉറപ്പാണെന്ന് ..ഞാനും ഭർത്താവും കൂടി ആക്രി കച്ചവടം ആണ് നടത്തുന്നത് ഞങ്ങളുടെ സാമ്പത്തിക സ്ഥിതി ഡോക്ടർക്ക് പറഞ്ഞാൽ മനസ്സിലാകുമല്ലോ ഭർത്താവിന്റെ അമ്മയ്ക്ക് കാൻസർ വന്നിട്ട് ചികിത്സയുടെ ഭാഗമായിട്ടുള്ള കടബാധ്യത ഇനിയും തീർന്നിട്ടില്ല.. എന്റെ ചികിത്സാഭാരം ആര് ഏറ്റെടുക്കും? കുട്ടികൾ ചെറുതല്ലേ..

" എല്ലാം മുഴകളും കാൻസർ അല്ല എന്ന് പറഞ്ഞു മനസ്സിലാക്കാൻ കുറെ സമയം എടുത്തു. അൾട്രാ സൗണ്ട് സ്കാൻ എടുത്തു വരാൻ പറഞ്ഞു ഞാൻ അവരെ വിട്ടു. സ്കാൻ റിപ്പോർട്ടിൽ എഫ് എൻ എ സി കോറിലേഷൻ പറഞ്ഞതുകൊണ്ട് തന്നെ കുത്തിപരിശോധനയും നടത്തി. എല്ലാ മുഴകളും കാൻസർ അല്ലെന്നും ഒരു ബയോപ്സി വേണ്ടിവരും എന്നും ഞാൻ അവരെ വീണ്ടും ഓർമിപ്പിച്ചു.. പിറ്റേദിവസം അവരെന്നെ ഫോൺ വിളിച്ചു പറഞ്ഞു അവർ മംഗലാപുരം പോയി ചികിത്സ തുടങ്ങാൻ പോവുകയാണ് എന്ന്.. റിപ്പോർട്ടുകൾ വരാനുള്ള ക്ഷമ പോലും അവർ കാണിച്ചില്ല എത്ര പറഞ്ഞിട്ടും ഈ ചികിത്സയെക്കുറിച്ചും മരണത്തെക്കുറിച്ചുള്ള ചിന്തയൊക്കെ തന്നെ.. പിന്നെയും ഞാൻ ഓർമ്മപ്പെടുത്തി എല്ലാം മുഴകളും കാൻസർ അല്ല... മൂന്നുദിവസം കഴിഞ്ഞ് അറിയാത്ത നമ്പറിൽ നിന്ന് ഒരു കോൾ ആ ഭാഗത്തെ ആശാവർക്കർ ആണ്.. അതിവരുടെ ചേച്ചിയായിരുന്നു.. പണ്ട് ക്യാമ്പിൽ ഇവർക്ക് ട്രെയിനിങ് കൊടുക്കാൻ പോയതിന്റെ പരിചയം അവർ എന്നോട് പങ്കുവെച്ചു. ആദ്യം തോന്നിയ മുഖ പരിചയം അതുതന്നെയായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി..എനിക്ക് ചെറിയൊരു ആശ്വാസം തോന്നി..

ക്ലാസുകൾ അറ്റൻഡ് ചെയ്തത് കൊണ്ടും ഹെൽത്ത് റിലേറ്റഡ് ആയി വർക്ക് ചെയ്യുന്നതുകൊണ്ട് അവർക്ക് കുറച്ചുകൂടെ സപ്പോർട്ട് ചെയ്യാൻ പറ്റും എന്ന് എനിക്കുറപ്പുണ്ടായിരുന്നു.. പക്ഷേ ആ ഉറപ്പുകൾക്ക് എല്ലാം വിപരീതം എന്നോണം ആ ചേച്ചി പറഞ്ഞു എന്റെ അനിയത്തിക്ക് ഇപ്പോഴും ഒരു ആത്മഹത്യ പ്രവണതയാണ്..ഭക്ഷണം കഴിക്കാതെ ആയിട്ട് ദിവസങ്ങളായി.. ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ തോൽക്കുകയാണോ എന്ന് എനിക്ക് തോന്നിപ്പോയി..

സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു "എത്രയോ പേരെ ജീവിതത്തിലേക്ക് ഉയർത്തിക്കൊണ്ടു വന്നിട്ടില്ലേ പിന്നെന്താ! ഡോക്ടർ തളർന്നാൽ രോഗി അതിലും കൂടുതൽ തളരില്ലേ." എങ്ങനെയൊക്കെയോ ഞാൻ എന്റെ മനസ്സിനെ സ്ട്രോങ്ങ് ആക്കി വെച്ചു.. ഞാൻ അവരുടെ ചേച്ചിയോട് പറഞ്ഞു "നിങ്ങൾ എനിക്കൊരു ഉപകാരം ചെയ്യണം അനിയത്തിയെ ഒന്ന് എന്റെ ഓ പി എത്തിക്കണം, ഞാൻ ഒന്ന് കൂടെ സംസാരിക്കട്ടെ" എന്റെ ഫോൺ പോലും എടുക്കാൻ തയ്യാറാകാതിരുന്ന അവർ എന്നെ കാണാൻ വരുമോ എന്ന ചോദ്യം എൻ്റെ മനസ്സിലുണ്ടായിരുന്നു. സത്യത്തിൽ പേടി മാത്രമായിരുന്നു അവർക്ക്, കാൻസർ ആണെന്നുള്ള പേടി, ചികിത്സയെ കുറിച്ചുള്ള പേടി മരണത്തെ കുറിച്ചുള്ള പേടി ... ആ പേടിയെ ആണ് ആദ്യം അവരുടെ മനസ്സിൽ നിന്ന് എടുത്തു കളയേണ്ടത്.. രണ്ടുദിവസം കഴിഞ്ഞ് ഏകദേശം അഞ്ചു മണിയായി ഞാൻ ഇറങ്ങാൻ നിൽക്കുമ്പോൾ ഭർത്താവിനെയും കൂട്ടി ആ സ്ത്രീ വന്നു...കലങ്ങിയ കണ്ണുകളോടെ കൈയ്യിലുണ്ടായിരുന്ന ബയോപ്സി റിപ്പോർട്ട് എനിക്കു തന്നു.. "ഫൈബ്രോഡിനോമ (non cancerous tumor)" സത്യത്തിൽ എനിക്കു തുള്ളിച്ചാടാൻ ആണ് തോന്നിയത്..,എന്തും ഏതും സെലിബ്രേറ്റ് ചെയ്യുന്ന എനിക്ക് അതും ഒരു സെലിബ്രേഷൻ ആയി തോന്നി.. അതുവരെ കൂടെ കൊണ്ടുനടന്നിരുന്ന പേടി അവിടെ ഇറക്കി വച്ചാവണം അവരന്ന് തിരിച്ചു പോയത്..

അന്ന് വീട്ടിലേക്കു പോകുമ്പോൾ ട്രെയിനിൽ ഇരുന്ന് അതിന്റെ മറുവശം കൂടി ഞാൻ ചിന്തിച്ചു.. "രോഗമില്ലാഞ്ഞിട്ടും രോഗമാണെന്ന് വിശ്വസിച്ചു അവർ കഴിച്ചുകൂട്ടിയ ദിവസങ്ങൾ", "ആത്മഹത്യ വക്കിൽ എത്തിയ നിമിഷങ്ങൾ" അവർ ആത്മഹത്യ ചെയ്തിരുന്നെങ്കിലോ? അങ്ങനെയങ്ങനെ ഒരുപാടു ചോദ്യങ്ങൾ ട്രയിനിൻ്റെ ഇരമ്പൽ പോലെ ചിന്തകളിലേക്കു കടന്നുവന്നു.. ആ ചിന്തകൾ പോലും എൻ്റെ മനസ്സിനെ അസ്വസ്ഥമാക്കി.... ഒരു നിമിഷം കണ്ണുകളടച്ച് ആ ചിന്തകളിൽ നിന്നും എൻ്റെ മനസ്സിനെ സ്വതന്ത്രമാക്കി.. മനസ്സിൽ ക്യാൻസർ ബാധിച്ച ഒരുപാട് പേർ നമുക്കുചുറ്റുമുണ്ട്.. ക്യാൻസറോഫോബിയ (cancrophobia) അഥവാ ക്യാൻസറിനോടുള്ള പേടി.. ഇത് കാരണം ജീവിതത്തിനോട് പൊരുതുന്നവരും ആത്മഹത്യ ചെയ്തവരെയും നമുക്കറിയാം.. കാൻസറിനെക്കാളും ഭീകരമാണ് കാൻസറോ ഫോബിയ. ഈ ദേശീയ കാൻസർ അവബോധ ദിനത്തിൽ കാൻസർ നേരത്തെ കണ്ടെത്താനുള്ള വഴികളും സ്വയം പരിശോധനയെ പറ്റിയുള്ള വിവരങ്ങളും ആധുനിക ചികിത്സകളെ പറ്റിയൊക്കെ പറയുന്നതിനോടൊപ്പം ഞാനിതും കൂടെ ചേർത്തോട്ടെ, "കാൻസറിനെ മനസ്സിലാക്കുകയെ ചെയ്യാവൂ.. പേടിക്കരുത്" ..ആകുലതകൾ ഒന്നും ഇല്ലാതെ ഏതൊരു അസുഖത്തെ പോലെയും കാൻസറിനെയും ആത്മവിശ്വാസത്തോടെ നേരിടുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാം..