Thursday 25 November 2021 12:06 PM IST : By മിനി പി തോമസ്

സ്കാനിങ്ങിൽ കണ്ടത് ഗർഭസ്ഥ ശിശുവിന്റെ അസ്ഥികഷണങ്ങൾ! അമ്മയുടെ ഗർഭപാത്രം സ്വീകരിച്ച് കുഞ്ഞിന് ജന്മംനൽകിയ മീനാക്ഷി

meenakshi

സ്വന്തം അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു തന്നെ മകൾക്ക് കുഞ്ഞു പിറക്കുക. ഇന്ത്യയിലെ ആദ്യ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മീനാക്ഷി അമ്മയായപ്പോൾ പിറന്നത് അപൂർവമായ ഒരു ചരിത്രമാണ്.  

വഡോദര സ്വദേശിയായ മീനാക്ഷി മുൻപ് മൂന്നുതവണ ഗർഭിണി ആയെങ്കിലും മൂന്നും ഗർഭപാത്രത്തിൽ വച്ചേ നഷ്ടപ്പെട്ടു. മൂന്നാമത്തെ ഗർഭം നഷ്ടമായശേഷം സ്കാൻ ചെയ്തപ്പോൾ ഗർഭസ്ഥശിശുവിന്റെ അസ്ഥികഷണങ്ങൾ ഗർഭപാത്രത്തിൽ കണ്ടു. അതു നീക്കാനായുള്ള ശ്രമത്തിൽ ഗർഭപാത്രത്തിനു പരുക്കേറ്റു. ഒന്നുകിൽ ഗർഭപാത്രത്തിലെ മുറിവു തുന്നിക്കെട്ടണം, അല്ലെങ്കിൽ ഗർഭപാത്രം നീക്കം ചെയ്യണമെന്ന അവസ്ഥ. ഒരു അമ്മയാകാനുള്ള തീവ്രമായ ആഗ്രഹം മൂലം ഗർഭപാത്രത്തിലെ മുറിവ് തുന്നിക്കെട്ടാമെന്നു തീരുമാനിച്ചു. അതോടെ ആർത്തവം നിലച്ചു. ഗർഭപാത്രം പരിശോധിച്ച ഡോക്ടർമാർ കണ്ടത് അതിന്റെ ഉൾഭിത്തികൾ വൈറ്റ് സിമന്റ് പോലെ ഉറച്ചുപോയതാണ്. പ്രത്യുൽപാദനശേഷിയെ ബാധിക്കുന്ന ആഷർമാൻസ് സിൻഡ്രം എന്ന രോഗാവസ്ഥയും കണ്ടു. മീനാക്ഷി ഇനി ഗർഭിണി ആകുന്ന കാര്യം സംശയമാണെന്ന് അവർ വിധിയെഴുതി. അപ്പോഴാണ് പുണെയിലെ ഗാലക്സി കെയർ ആശുപത്രിയിലെ ഡോ. ശൈേലഷ് പുന്തംബെക്കറിനെ കണ്ടുമുട്ടിയത്. ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ ഗർഭിണിയാകാം എന്ന പ്രതീക്ഷ മീനാക്ഷിക്ക് പുതുജീവനായി.

ഇന്ത്യയിൽ ആദ്യത്തേത്

2017 മേയ് മാസത്തിൽ മീനാക്ഷിക്ക് ഗർഭപാത്രം മാറ്റിവയ്ക്കൽ നടത്തി. ലോകത്തിലെ തന്നെ 12–ാമത്തെതും ഏഷ്യ–പസഫിക് പ്രദേശത്തെ ആ ദ്യത്തേതുമായ ഗർഭപാത്രം മാറ്റിവയ്ക്കലായിരുന്നു അത്. 48 വയസ്സുള്ള അമ്മയുടെ ഗർഭപാത്രം താക്കോൽദ്വാര രീതിയിൽ പുറത്തെടുത്ത് ഇരുപത്തെട്ടുകാരിയായ മീനാക്ഷിയുടെ ശരീരത്തിലേക്ക് തുന്നിച്ചേർത്തു. ഡോ. പുന്തംബെക്കറും ടീമും അഞ്ചുമണിക്കൂർ 20 മിനിറ്റ് കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കി. ഇത്ര കുറഞ്ഞ സമയം കൊണ്ട് ശസ്ത്രക്രിയ നടന്നതും വലിയ സംഭവമായി. ലോകത്തിലെ ആദ്യത്തെ ഗർഭപാത്രം മാറ്റിവയ്ക്കൽ നടന്നത് സ്വീഡനിലാണ്, 15 മണിക്കൂറാണ് ആ ശസ്ത്രക്രിയയ്ക്കു വേണ്ടിവന്നത്.

പുതിയൊരു അവയവം വച്ചുപിടിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ പ്രവർത്തിച്ചുതുടങ്ങിയാൽ ആ സർജറി വിജയമാണെന്നു പറയാം. എന്നാൽ ഗർഭപാത്രം മാറ്റിവയ്ക്കൽ വിജയിച്ചെന്നുറപ്പിക്കണമെങ്കിൽ ആർത്തവം ആ കണം. ശസ്ത്രക്രിയ കഴിഞ്ഞ് നാൽപത്തിയെട്ടാം ദിവസം ആർത്തവമായതോടെ മുന്നോട്ടുപോകാനുള്ള പച്ചക്കൊടി കിട്ടി. 2018 ജനുവരിയിൽ ഗർഭപാത്രത്തിലേക്ക് ഭ്രൂണം എടുത്തുവച്ചു. 48 ദിവസം കഴിഞ്ഞപ്പോൾ അത് അലസിപ്പോയി. അടുത്ത ഏപ്രിലിൽ വീണ്ടും ഒരു ശ്രമം കൂടി നടത്തി. ഇത്തവണ, എത്രയോ വർഷങ്ങളായി ഗർഭം ധരിക്കാൻ മറന്നുപോയ ആ ഗർഭാശയം സ്വന്തം മകളുടെ ജീവരക്തം തന്നോടുചേർത്തു.

m1

അണുബാധയ്ക്ക് സാധ്യത കൂടുതലായതിനാൽ ഗാലക്സി കെയർ ആശുപത്രിയിൽ പ്രത്യേകമായി ഒരുക്കിയ മുറിയായി പിന്നെ മീനാക്ഷിയുടെ വീട്. ആറാംമാസംവരെ സാധാരണപോലെ കടന്നുപോയി. അവയവം മാറ്റിവയ്ക്കൽ കഴിഞ്ഞവർ പതിവായി ഇമ്യൂണോ സപ്രസന്റ് മരുന്നുകൾ കഴിക്കാറുണ്ട്. അതുമൂലം ഗർഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതു മുൻകൂട്ടികണ്ട് അണ്ഡം വയ്ക്കുന്ന സമയത്തോടനുബന്ധിച്ച ദിവസങ്ങളിൽ മരുന്നളവുകൾ പ്രത്യേകം ക്രമീകരിച്ചിരുന്നു. എന്തായാലും രണ്ടാം ട്രൈെമസ്റ്ററിലെ അനോമലി സ്കാനിൽ കുഞ്ഞിനു കുഴപ്പമില്ലെന്നു കണ്ടു.

പറഞ്ഞതിലും നേരത്തേ

പ്ലാൻ ചെയ്തതിലും നേരത്തേ 32ാം ആഴ്ചയിൽ ഒക്ടോബർ 18 ന് മീനാക്ഷിക്ക് ഒരു പെൺകുഞ്ഞ് പിറന്നു–രാധ. അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവു കുറയുകയും രക്തസമ്മർദം പരിധി വിട്ടുയരുകയും ചെയ്തതോടെ മാസം തികയും മുൻപേ സിസേറിയനിലൂടെ രാധയെ പുറത്തെടുക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ എല്ലാ സൗകര്യങ്ങളുമുള്ള നിയോനേറ്റൽ ഐസിയു ഒരുക്കി കുഞ്ഞിനെ അങ്ങോട്ടുമാറ്റി.

ഇന്ത്യയിൽ 4000 സ്ത്രീകളിൽ ഒരാൾ വീതം ഗർഭപാത്രമില്ലാതെ പിറക്കുന്നുവെന്നാണ്. അവർക്ക് പ്രതീക്ഷയുടെ തിരിനാളമാവുകയാണ് രാധയുടെ പിറവി. എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും അതിജീവിച്ച് ഡിസംബർ 12ന് മീനാക്ഷിയും രാധയും ആശുപത്രി വിടുകയാണ്. ഇപ്പോൾ രാധയ്ക്ക് 2.5 കിലോ ഭാരമുണ്ട്. വഡോദരയിൽ വീടിനോടു ചേർന്നുതന്നെ ബ്യൂട്ടിപാർലർ നടത്തുകയായിരുന്ന മീനാക്ഷി, ഇനി രാധ വലുതാകുന്നതുവരെ മറ്റൊരു തിരക്കിലേക്കുമില്ലെന്നു പറയുന്നു. ഒരമ്മയുടെ കരുതലായി ആ ഗർഭപാത്രം മീനാക്ഷിയുടെ ശരീരത്തിൽ ഇപ്പോഴുമുണ്ട്; ഇനിയൊരു കുഞ്ഞിനുകൂടി ഇടമൊരുക്കാൻ.