Saturday 06 July 2024 10:39 AM IST : By സ്വന്തം ലേഖകൻ

ചെന്നെത്തുന്നത് കാൻസറിലായിക്കും, ടാൽകം പൗഡറും, പെർഫ്യൂമും ശരീരത്തിന്റെ ഈ ഭാഗങ്ങളിൽ വേണ്ടേ വേണ്ട

sexual-gygeine

സ്ത്രീയായാലും പുരുഷനായാലും ലൈംഗിക അവയവങ്ങളുടെ ശുചിയായുള്ള സംരക്ഷണം ഏറെ പ്രധാനമാണ്. ചെറുരോഗങ്ങൾക്കു കാരണമാകുന്നതു മുതൽ പ്രത്യുൽപാദന വ്യവസ്ഥയെ തന്നെ ശുചിത്വപ്രശ്നങ്ങൾ ബാധിക്കാം. അവരവരുടെ ലൈംഗിക അവയവ ഘടന മനസ്സിലാക്കുകയെന്നതാണു ശുചിത്വ പരിപാലനത്തിന്റെ ആ ദ്യപടി.

സ്ത്രീകളിലെ ശുചിത്വം

സ്ത്രീകളിലെ ലൈംഗിക ശുചിത്വം സ്വന്തം ലൈംഗികാവയവത്തെ മനസ്സിലാക്കുന്നതിൽ തന്നെ ആരംഭിക്കുന്നു. യോനിയുെട ഘടന മനസ്സിലാക്കുമ്പോൾ ഏറ്റവും ബാഹ്യമായി സാധാരണ ചർമം ‍കൊണ്ട് ആവരണം ചെയ്യപ്പെട്ട ഭാഗമാണ് മെജോറ. ഋതുമതിയായാൽ ഈ ഭാഗം രോമവളർച്ച കൊണ്ട് സംപുഷ്ടമാകും.

ഏറ്റവും മൃദുലമായ രണ്ടു ദളങ്ങ ൾ പോലുള്ള ലേബിയ മൈനോറയാണ് അടുത്തത്.പിന്നെ കാണുന്ന ഒരു പ്രധാന ഭാഗമാണ് ഭഗശിശ്നിക (Clitoris) തൊട്ടടുത്തായി മൂത്രനാളികാണും. മൂത്രസഞ്ചിയിൽ നിന്ന് ഈ ദ്വാരത്തിലൂടെയാണ് മൂത്രം വിസ ർജിക്കപ്പെടുന്നത്. യോനിക്കു പിന്നിലായാണ് മലദ്വാരത്തിന്റെ സ്ഥാനം. ഈ മൂന്നു പ്രധാനപ്പെട്ട ദ്വാരങ്ങളും ഒരു നേർരേഖയിൽ അടുത്തടുത്തായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ അണുബാധയേൽക്കാനുള്ള സാധ്യത വളരെയേറെയാണ്.

മൂത്രമൊഴിക്കുക, സംഭോഗത്തിലേർപ്പെടുക, മലവിസർജനം ചെയ്യുക തുടങ്ങിയ പ്രധാന ശാരീരികാവശ്യങ്ങൾ നടക്കുന്ന സ്ഥലമായതിനാൽ വൃത്തിയാക്കി വച്ചില്ലെങ്കിൽ അണുബാധയ്ക്കു വളരെ സാധ്യതയുണ്ട്.

വിസർജന ശേഷം

കുട്ടിയായിരിക്കുമ്പോൾ തന്നെ മൂത്രവിസർജനത്തിനും മലവിസർജനത്തിനുശേഷം കഴുകി തുടച്ചു വയ്‌ ക്കുവാൻ മാതാപിതാക്കൾ അതീവ ശ്രദ്ധ പുലർത്തണം. രാത്രി കിടക്കുന്നതിനു മുൻപ് ആ ഭാഗങ്ങൾ വൃത്തിയായിരിക്കണം.

മുൻപിൽ നിന്നും പിന്നിലേക്കായിരിക്കണം കഴുകുന്നത്. ഒരിക്കലും മലദ്വാരം കഴുകിയതിനുശേഷം മുൻഭാഗത്തേക്കു കൈ കൊണ്ടു വരരുത്. മലത്തിലുള്ള രോഗവാഹിയായ അണുക്കൾ മുൻഭാഗത്തുള്ള യോനിയിലും മൂത്രനാളിയിലും പ്രവേശിക്കാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണ് ഇങ്ങനെ ചെയ്യുന്നത്.

യോനീശുചിത്വം

യോനിയുടെ മൃദുലമായ ദളങ്ങളെ വൃത്തിയാക്കിയ കൈവിരലുകൾ കൊണ്ട് അകറ്റി ധാരാളം ശുദ്ധജലമുപയോഗിച്ചു വേണം കഴുകുവാൻ.

സോപ്പ്, സാവലോൺ, ഡെറ്റോൾ എന്നിവ ഉപയോഗിച്ച് ഒരിക്കലും ക ഴുകരുത്. അതു യോനിയുടെ സ്വതസിദ്ധമായ അമ്ല സ്വഭാവത്തിനു മാറ്റം വരുത്തുകയും ഉപകാരിയായ ഡോഡർലീൻ പോലുള്ള ബാക്ടീരിയകളെ ഉന്മൂലം ചെയ്യുകയും ചെയ്യുന്നു. പുറമെ നിന്നുള്ള രോഗവാഹിയായ ബാക്ടീരിയയുടെ യോനിയിലേക്കുള്ള പ്രവേശം തടയുന്ന ബാക്ടീരിയ ആണിത്. അവയുടെ അസാന്നിദ്ധ്യം യോനിയും സമീപപ്രദേശങ്ങളും രോഗാണുക്കളുെട താവളമാക്കുന്നു.

സെക്സ് കഴിഞ്ഞാൽ

ലൈംഗിക ബന്ധത്തിനു ശേഷവും ഗുഹ്യഭാഗം വൃത്തിയാക്കേണ്ടതാണ്. ലൈംഗികബന്ധത്തിനു ശേഷം ഉടനെ മൂത്രം ഒഴിച്ചു കളയുന്നതു മൂത്രനാളിയിലേക്കു പ്രവേശിച്ചിരിക്കാവുന്ന അണുക്കളെ പുറന്തള്ളാൻ സ ഹായിക്കും. ധാരാളം ശുക്ലവും മറ്റനുബന്ധ സ്രവങ്ങളും യോനിയിൽ അടിഞ്ഞു കിടക്കാൻ സാധ്യതയുള്ളതുകൊണ്ടു യോനിഭാഗവും ശുദ്ധജലം കൊണ്ടും വൃത്തിയാക്കുന്നതിന്റെ ആവശ്യകത പറയേണ്ടതില്ലല്ലോ.

വന്ധ്യതാ ചികിത്സയിലിരിക്കുന്നവർ സംഭോഗത്തിനുശേഷം ഒന്നോ രണ്ടോ മണിക്കൂർ അനങ്ങാതെ മലർന്നു കിടക്കുന്നതു നല്ലതാണ്. പുരുഷ ബീജം സങ്കലനത്തിനു പ്രാപ്തമാകുന്ന വിധത്തിൽ സമയലബ്ധിക്കു വേണ്ടിയാണത്.

പൗഡറും പെർഫ്യൂമും

മുഖത്തിടുന്ന ടാൽകം പൗഡർ ഒരിക്കലും ഗുഹ്യഭാഗത്ത് ഉപയോഗിക്കരുത്. ഇവ യോനിയിലൂടെ അകത്തു പ്രവേശിച്ച് എൻഡോമെട്രിയൽ കാൻസറും ട്യൂബിലൂടെ അണ്ഡാശയത്തിൽ പോയി അടിഞ്ഞ് അണ്ഡാശയ കാൻസറും ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്.

ഒരിക്കലും ഒരു സുഗന്ധദ്രവ്യവും ആ ഭാഗത്ത് ഉപയോഗിക്കരുത്. എന്തെന്നാൽ യോനിയ്ക്ക് അതിന്റേതായ ഒരു ഗന്ധമുണ്ട്. അതാണു നാം സൂക്ഷിക്കേണ്ടത്. ഒരിക്കലും യോനിയുടെ ഗന്ധം പുറത്തേക്കു വരില്ല. എ ന്നാൽ രോഗബാധിതമായ യോനിയി ൽ നിന്നു ദുർഗന്ധമാണു വമിക്കുക. ചിലപ്പോൾ ചൊറിച്ചിൽ ഉണ്ടാകാം. വെള്ളപോക്കും അധികമായി ഉണ്ടാകാം.

മാസമുറയ്ക്കു തൊട്ടു മുൻപ് അണ്ഡോൽപാദന സമയത്തും വർധിച്ച യോനി സ്രവമുണ്ടാകുന്നത് സാധാരണമാണ്. അത് നിറമില്ലാതെ കൊഴുപ്പു രൂപത്തിൽ ആയിരിക്കും. പക്ഷേ, മഞ്ഞനിറമോ പച്ചനിറമോ ചോര കലർന്ന സ്രവം ആണെങ്കി ൽ അതീവ ശ്രദ്ധ ആവശ്യമാണ്.

രക്തക്കറ കണ്ടാൽ

സംഭോഗശേഷം രക്തക്കറ കാണുന്നതു ഗൗരവത്തോടെ എടുക്കണം. അതുപോലെ മാസമുറ നിന്ന സ്ത്രീകളിലും യോനിയിലെ അണുബാധ വളരെയധികമാകുന്നു. ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അഭാവത്തിൽ യോനി വറ്റി വരണ്ടതാകുന്നു. അതും അണുബാധക്കു വഴി തെളിക്കുന്നു. മാസമുറ നിന്നതിനുശേഷം രക്തക്കറ കാണുകയാണെങ്കിൽ ഗർഭപാത്രത്തിന്റെയോ ഗർഭപാത്രഗളത്തിന്റെയോ അർബുദ ബാധയെ സൂചിപ്പിക്കുന്നു.

ചില ഗർഭപാത്ര ഗള കാൻസറിന്റെ ആദ്യ ലക്ഷണം വെള്ളം പോലെ നിറമില്ലാത്ത അല്ലെങ്കിൽ അൽപം രക്തക്കറ ചേർന്ന സ്രവം ആയിരിക്കും. വിധവകളുടെയും വിവാഹിതരല്ലാത്തതുമായ സ്ത്രീകളിൽ ഗർഭപാത്ര ഗള കാൻസർ നിർണയിക്കാൻ കാലതാമസം നേരിടുന്നു. ഇവരിൽ സംഭോഗാനന്തരമുള്ള രക്തം പോക്ക് കണ്ടുപിടിക്കാൻ സാധ്യമല്ലല്ലോ.

ചികിത്സയ്ക്കായി സ്ത്രീരോഗ വിദഗ്ധയെ സമീപിക്കുമ്പോൾ നാം മനസ്സിലാക്കിയ ലക്ഷണങ്ങൾ, അസ്വസ്ഥതകൾ പൂർണമായും വിവരിക്കണം. ഒരു യോനീപരിശോധന എന്തായാലും ആവശ്യമാണ്.

ഒരു സ്ത്രീരോഗ വിദഗ്ധയ്ക്ക് നഗ്നനേത്രങ്ങൾകൊണ്ട് ഒരുപാടു കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും ശരിയായ ചികിത്സ നിശ്ചയിക്കാനും സാധിക്കും. കണ്ടു മനസ്സിലാക്കാവുന്ന ഗർഭപാത്ര ഗള കാൻസറും പുണ്ണും (Erosion) തൊട്ടാൽ രക്തസ്രാവമുണ്ടാകുന്ന ഗർഭപാത്ര ഗളത്തിന്റെ അവസ്ഥയും പരിശോധനയിലൂെട നോക്കിത്തന്നെ മനസ്സിലാക്കണം. ഇതൊന്നും സ്കാനിങ്ങിൽ കാണുകയില്ല.

യോനിക്കുള്ളിൽ കൈകടത്തി പ രിശോധിക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ വ്യക്തമാകും. ഗർഭപാത്രത്തിന്റെ കട്ടി, തൊടുമ്പോൾ വേദനയുണ്ടോ, അടുത്തുള്ള മൂത്രസഞ്ചി മലാശയം തുടങ്ങിയവയുമായി ഒട്ടിച്ചേരലുണ്ടോ എന്നെല്ലാം മനസ്സിലാകും.

30 വയസു കഴിഞ്ഞവർ ഗർഭപാത്ര ഗള കാൻസർ വളരെ മുൻകൂട്ടി നിർണയിക്കുന്നതിനുള്ള പരിശോധനകൾ ചെയ്യണം. അത് ചെയ്യുന്നതുകൊണ്ട് കാൻസറായി മാറുന്നതിനും മുൻപു തന്നെയുള്ള അവസ്ഥയിൽ രോഗം കണ്ടു പിടിക്കാനും ചികിത്സിക്കാനും സാധിക്കും.

തുടക്കത്തിലുള്ള അവസ്ഥയിൽ കാൻസർ കണ്ടുപിടിച്ചാൽ ഗർഭപാത്ര ഗള കാൻസർ പൂർണമായും ചികിത്സിച്ചു മാറ്റാം.

മാസമുറയിലെ കരുതൽ

മാസമുറ വരുമ്പോൾ വൃത്തിയുടെ കാര്യത്തിൽ അതീവശ്രദ്ധ ആവശ്യമാണ്. ഓരോ പ്രാവശ്യം മൂത്രമൊഴിക്കുമ്പോഴും ശുദ്ധജലം കൊണ്ടു കഴുകണം. ഗുഹ്യഭാഗത്തുള്ള രോമങ്ങൾ കത്രിക കൊണ്ടോ മറ്റോ ട്രിം ചെയ്തുവയ്ക്കുന്നതാണ് ഉത്തമം. ഷേവ് ചെയ്യുമ്പോൾ തൊലിയിൽ പോറലുണ്ടായി അണുബാധയുണ്ടാകാം. പാഡിനു പകരം തുണി ഉപയോഗിക്കുന്നവർ വൃത്തിയായി കഴുകി പുഴങ്ങി അലക്കി വെയിലത്തിട്ടുണക്കി ഇസ്തിരിയിട്ടുപയോഗിക്കണം.

ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ വായു സഞ്ചാരമില്ലെങ്കിൽ വിയർപ്പു കൊണ്ടും മറ്റും ഫംഗസ് എന്നിവ ബാധിക്കും. ലൈംഗികാവയവങ്ങളിലെ രോഗാവസ്ഥയെ സ്വയം ചികിത്സകൊണ്ടു മാറ്റാമെന്നു കരുതരുത്. അതു രംഗം വഷളാക്കും. തക്കതായ സന്ദർഭങ്ങളിൽ ഒരു വിദഗ്ധ സഹായം തേടുകതന്നെയാണ് ആരോഗ്യകരമായ വഴി.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. രേണുക     രാധാകൃഷ്ണൻ

കൺസൽറ്റന്റ്
ഒബ്സ്റ്റട്രീഷൻ &  ഗൈനക്കോളജിസ്റ്റ്, മലബാർ ഹോസ്പിറ്റൽസ്, കോഴിക്കോട്

  </p>