പ്രോട്ടീൻ പൗഡറിനെ സംബന്ധിച്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അതിലെ ചേരുവകളാണ്. അതുപോലെ റെഗുലേറ്ററി ബോഡിയുടെ അംഗീകാരം ഉണ്ടോ എന്നും നോക്കണം. അംഗീകൃത വിൽപ്പനശാലകളിൽ നിന്നു വാങ്ങുന്നതാണ് നല്ലത്. ലൈസൻസ് ഉള്ള സ്ഥാപനത്തിൽ നിന്നു വാങ്ങുമ്പോൾ കുറച്ചുകൂടി സുരക്ഷിതത്വം ഉറപ്പാക്കാം. പ്രോട്ടീൻ പൗഡർ ഉപയോഗിക്കാനൊരുങ്ങുന്ന വ്യക്തി അതു തനിക്ക് ആവശ്യമുണ്ടോ അല്ലെങ്കിൽ തനിക്ക് ആവശ്യമുള്ള അളവെത്ര എന്നു ചിന്തിക്കണം. അതെക്കുറിച്ച് വൈദഗ്ധ്യമുള്ള ട്രെയിനറോടും സംസാരിക്കണം. പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവർ അതിന്റെ ഉപയോഗയോഗ്യമായ കാലാവധിയെക്കുറിച്ചും അറിഞ്ഞിരിക്കണം.
ശരീരഭാരത്തിനും ഉദ്ദേശിക്കുന്ന പേശീവികസനത്തിനും അനുസൃതമായാണ് പ്രോട്ടീൻ കഴിക്കേണ്ടത്. പ്രോഫഷണൽ ബോഡി ബിൽഡർമാർ സാധാരണ ഗതിയിൽ നാലിരട്ടി പ്രോട്ടീൻ ഉപയോഗിക്കാറുണ്ട്. സാധാരണക്കാർക്ക് അത്രയും ആവശ്യമുണ്ടോ എന്നതാണ് ചിന്തിക്കേണ്ടത്. പ്രോട്ടീൻ പൗഡർ കഴിക്കുന്നതിനൊപ്പം ചിട്ടയായി വർക്ഔട്ട് കൂടി ചെയ്താൽ മാത്രമേ മസിൽ വികസിക്കുകയുള്ളൂ എന്നും അറിയണം. അതുപോലെ ഏതെങ്കിലും രോഗാവസ്ഥയിലുള്ളവർ പ്രോട്ടീൻ പൗഡർ ഉപയോഗിക്കും മുമ്പ് വിദഗ്ധ നിർദ്ദേശം തേടണം.
വേയ് പ്രോട്ടീൻ ചുരുക്കമായി അലർജി പ്രതിപ്രവർത്തനങ്ങളുണ്ടാക്കാറുണ്ട്. ആവശ്യത്തിലധികമായി പ്രോട്ടീൻ ഉള്ളിലെത്തുകയും വർക്ഔട്ട് ചെയ്യാതിരിക്കുകയുമാണെങ്കിൽ വൃക്കയിൽ കല്ലുകളുണ്ടുണ്ടാകാനിടയുണ്ട്. പ്രമേഹം, കൊളസ്ട്രോൾ പ്രശ്നങ്ങളുള്ളവരും അമിത അളവിൽ പ്രോട്ടീൻ പൗഡർ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വൃക്കത്തകരാറുള്ളവരിൽ പ്രശ്നങ്ങളുടെ സങ്കീർണത കൂടാം. സ്വാഭാവിക വേയ് പ്രോട്ടീൻ സാധാരണ ഗതിയിൽ കുഴപ്പമുണ്ടാക്കാറില്ല. എന്നാൽ പ്രോട്ടീൻ പൗഡറിൽ ക്രിയാറ്റിനിനോ സ്റ്റിറോയിഡോ ചേർന്നിട്ടുണ്ടെങ്കിൽ അത് അനാരോഗ്യകരമാണ്.
ഡോ. ജയപ്രകാശ് പി.
പ്രോട്ടീന്‍ കഴിച്ചാല്‍ മസില്‍ കൂടുമോ? ജിമ്മില്‍ പോകുന്ന എല്ലാവരും പ്രോട്ടീന്‍ പൗഡര്‍ കഴിക്കണോ?