വടിവൊത്ത ശരീരം സിക്സ് പാക്സ്, മുഴച്ചു നിൽക്കുന്ന ബൈസെപ്സ്, ശരീരത്തിൽ നിറയെ തുളുമ്പി നിൽക്കുന്ന മസ്സിലുകൾ. ഇന്നത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും ഇടയിൽ ഫിറ്റ്നസ് ജ്വരം വീണ്ടും വ്യാപകമാകുകയാണ്. ഹൃതിക് റോഷന്റെയും സൽമാൻ ഖാന്റെയും പോലെയുള്ള ശരീരം യുവജനങ്ങൾ മാത്രമല്ല മധ്യവയസ്കരും ഇന്ന് ആഗ്രഹിക്കുന്നു. എന്നാൽ, അതിന് അവരെപ്പോലെ കഷ്ടപ്പെടാൻ പലർക്കും താൽപര്യമില്ല. പ്രോട്ടീൻ പൗഡർ ഉൾപ്പെടെയുള്ള ചില മരുന്നുകൾ കഴിച്ചാൽ, അത്തരം പേശീ മുഴുപ്പ് ഉണ്ടാകുമെന്നാണ് പലരുടെയും ധാരണ. ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് പ്രോട്ടീൻ പൗഡറുകളാണ്. എന്നാൽ ഇതുകൊണ്ടു പ്രതീക്ഷിക്കുന്ന ഗുണമുണ്ടോ? എന്തെങ്കിലും ദോഷങ്ങളുണ്ടോ? പ്രോട്ടീൻ പൗഡറുകളെ വിശദമായി അറിയാം.
അമിതമായി പ്രോട്ടീൻ കഴിച്ചാൽ അപകടം
പ്രോട്ടീൻ പൗഡർ അപകടസാധ്യത ഉണ്ടാക്കുന്നതു വളരെ അമിതമായി കഴിക്കുമ്പോഴാണ്. അമിത ഉപയോഗം കൊണ്ടുള്ള ദോഷഫലങ്ങൾ താഴെ പറയുന്നവയാണ്.
∙ ആവശ്യത്തിലധികം പ്രോട്ടീൻ നിരന്തരം കഴിച്ചാൽ ഗൗട്ട്, വൃക്കയിൽ കല്ല്. ചിലതരം കാൻസർ എന്നിവ ഉണ്ടാകാൻ വളരെ സാധ്യതയുണ്ട്. അമിതമായി പ്രോട്ടീൻ ഉണ്ടെങ്കിൽ രക്തത്തിലെ ആസിഡ് ലെവൽ കൂടും. ഇതു ശരീരത്തിലെ കാൽസ്യവുമായി ചേർന്ന് എല്ലുകളുടെ ബലം ക്ഷയിക്കാൻ സാധ്യതയുണ്ട്. അതായതു മസിലുകളുടെ ശക്തി കുറയുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കും.
∙ അമിതമായാൽ വൃക്ക, കരൾ, എല്ലുകൾ എന്നിവയെ ബാധിക്കുന്നു.
∙ പ്രോട്ടീൻ പൗഡർ വളരെ വിലക്കൂടുതൽ ഉള്ളതാണ്. സാമ്പത്തികപ്രശ്നങ്ങളുമുണ്ടാക്കാം.
∙ വളരെ പ്രധാനപ്പെട്ട പല സൂക്ഷ്മ പ്രോഷകങ്ങളും ഇതിലില്ല.
∙ അമിതമായി ഉള്ളിലേക്കെത്തുന്നത് പ്രോട്ടീനായാലും കാർബോ ഹൗഡ്രേറ്റായാലും കൊഴുപ്പായാലും ശരീരത്തിൽ സംഭരിക്കാനാവില്ല. പകരം അതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു.
∙പ്രോട്ടീൻ പൗഡർ അമിതമായി കഴിക്കുന്നത് വേസ്റ്റായി മാറുന്നു. ഏറ്റവും പ്രചാരം നേടിയ വേയ് പ്രോട്ടീൻ (whey protein) ഉണ്ടാക്കുന്നതു പാലിൽ നിന്നുമാണ്. എന്നാൽ പാലിൽ നിന്നും ലഭിക്കുന്ന പല പോഷകങ്ങളും പ്രോട്ടീൻ വേർതിരിക്കുന്ന സമയത്ത് നഷ്ടപ്പെടുന്നു.
∙ ഏതു പോഷകവും വൈറ്റമിനുകൾ മുതൽ വെള്ളം വരെ അമിതമായാൽ ആരോഗ്യത്തിനു നല്ലതല്ല. ഉയർന്ന കാർബോഹൈഡ്രേറ്റ്–ഉയർന്ന കൊഴുപ്പ് ആഹാരരീതിയും ഹാനികരമാണ്. പ്രോട്ടീൻ പൗഡർ കഴിക്കുന്നത് ആൺകുട്ടികൾ മാത്രം ചെയ്യുന്നതാണെന്നു കരുതരുത്. ഇന്ത്യയിലെ മെട്രോസിറ്റികളിൽ ഒട്ടേറെ പെൺകുട്ടികളും ഇതു തുടങ്ങിക്കഴിഞ്ഞു.
പ്രോട്ടീൻ സപ്ലിമെന്റ് കഴിക്കേണ്ട ആവശ്യമുണ്ടോ?
കൂടുതൽ പ്രോട്ടീൻ കൂടുതൽ മസിൽ തരും എന്ന ധാരണ ആദ്യം മാറ്റുക. ഒരു ദിവസം നാലുതരം പ്രോട്ടീനടങ്ങിയ ആഹാരം കഴിച്ചാൽ സപ്ലിമെന്റിന്റെ ആവശ്യമില്ല. ജിമ്മിൽ പോകാൻ തുടങ്ങുമ്പോഴേ പെട്ടെന്നു മസിലുണ്ടാകാൻ വേണ്ടി അമിതമായി പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കരുത്. തൂക്കം കൂടുന്നതനുസരിച്ച് എത്ര മണിക്കൂർ ഏതുതരം എക്സ്ർസൈസ് ചെയ്യുന്നു എന്നതിനനുസരിച്ചു സാവധാനം മാത്രം അളവു കൂട്ടുക. പ്രോട്ടീൻ എത്ര കഴിക്കണം എന്നു നിശ്ചയിക്കുന്നത് ആ വ്യക്തിയുടെ പ്രായം, ലിംഗം ശരീരവലുപ്പവും രീതിയും, വ്യായാമത്തിന്റെ രീതിയും സമയ ദൈർഘ്യവും എന്നിവയെ ആശ്രയിച്ചാണ്. നിങ്ങളുടെ പൊക്കത്തിനും തൂക്കത്തിനും വ്യായാമത്തിനും ആനുപാതികമായ പ്രോട്ടീൻ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ തീർച്ചയായും സപ്ലിമെന്റ് കഴിക്കണം. 170 സെന്റി മീറ്റർ പൊക്കവും 70 കിലോഗ്രാം തൂക്കവും ഉള്ള വ്യക്തിക്കു 70 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. 1–1.5 മണിക്കൂർ അധികം കഠിനമല്ലാത്ത വർക്ഔട്ട് ചെയ്യുന്ന ഒരാൾക്ക് 80–90– ഗ്രാം പ്രോട്ടീൻ മതിയാകും.
സോളി ജയിംസ്
പോഷകാഹാര വിദഗ്ധ
കൊച്ചി
അളവു കൂടരുത്, വൃക്കയ്ക്ക് ദോഷകരമാകാം : പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
പ്രോട്ടീന്‍ എന്ന ബില്‍ഡിങ് ബ്ലോക്ക് ; ഭക്ഷണങ്ങളിലെ പ്രോട്ടീന്‍ അളവ് അറിയാം