Wednesday 19 June 2024 11:12 AM IST : By സ്വന്തം ലേഖകൻ

കൂടെക്കൂടെ മൂത്രശങ്ക, മൂത്രം പിടിച്ചു വയ്ക്കാൻ ബുദ്ധിമുട്ട്, നടുവേദന: ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? ഭയക്കണം ഈ സൂചനകളെ

prostate23

പുരുഷ പ്രത്യുൽപാദന സംവിധാനത്തിലെ പ്രധാനപ്പെട്ട അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രനാളി കടന്നു പോകുന്നത് ഈ ഗ്രന്ഥിയുടെ മധ്യത്തിലൂടെയാണ്. ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന സ്രവം പുരുഷ ബീജത്തിന്റെ പ്രവർത്തനത്തിനു പ്രധാനമാണ്. ഈ പുരുഷഗ്രന്ഥിയിൽ ഉണ്ടാകുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ. സ്‌ത്രീകളിൽ സ്‌തനാർബുദം എന്നപോലെയാണു പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ. പാശ്ചാത്യ രാജ്യങ്ങളിൽ രോഗം വളരെ കുടുതലാണ്. ഇന്ത്യയിലും ഇപ്പോൾ തോതു വർധിച്ചുവരുന്നു.

ചെറുപ്പത്തിൽ അപകടകാരി

പ്രായമായ പുരുഷന്മാരിൽ സാധാരണ ക ണ്ടുവരുന്ന കാൻസർ അല്ലാത്ത പ്രോസ്റ്റേറ്റ് വീക്കം ഉണ്ട്. ബിനൈൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (BPH) എന്നാണ് അത് അറിയപ്പെടുന്നത്. അൻപതു കഴിഞ്ഞ പുരുഷന്മാരിൽ ഇതു സാധാരണമാണ്. കാൻസർ അല്ലാത്ത ഈ വീക്കത്തിന്റെയും പ്രോസ്റ്റേറ്റ് കാൻസറിന്റെയും പ്രാരംഭ ലക്ഷണങ്ങൾ ഏകദേശം ഒന്നു പോലെയാണ്. ചെറുപ്പക്കാരിൽ ഉണ്ടാകുന്ന പ്രോസ്റ്റേറ്റ് കാൻസർ കൂടുതൽ അപകടകാരിയാണ്. ശ്രദ്ധിച്ചാൽ ആരംഭത്തിൽ കണ്ടെത്താനും കൃത്യമായ ചികിത്സയിലൂടെ പൂർണമായ രോഗമുക്തിയും സാധിക്കുന്ന കാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ.

പ്രായവും ഹോർമോണും

പ്രോസ്റ്റേറ്റ് അർബുദം രൂപപ്പെടാൻ വിവിധ കാരണങ്ങളുണ്ട്. ഏറ്റവും പ്രധാന ഘടകം പുരുഷനാണെന്നുള്ളതുതന്നെ.

∙ പ്രായം: പ്രായം കൂടുന്നതിന് അനുസരിച്ച് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂടും. 10 പ്രോസ്റ്റേറ്റ് രോഗികളിൽ 6 പേരും 60 വയസ്സ് പിന്നിട്ടവരായിരിക്കും.

∙ പാരമ്പര്യം: കുടുംബത്തിൽ പ്രോസ്റ്റേറ്റ് കാൻസർ, സ്‌തനാർബുദം, അണ്ഡാശയ കാൻസർ, കുടലിന്റെ കാൻസർ, പാൻക്രിയാസ് കാൻസർ എന്നിവ സംഭവിച്ചിട്ടുണ്ടെങ്കിൽ വരും തലമുറയിൽ പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യത കൂടുതലാണ്. അത്തരം രോഗികളിൽ ജനിതക പരിശോധന നടത്തുന്നതു നല്ലതാണ്. ഇവരിൽ കാൻസർ നേരത്തെ കണ്ടെത്താനുള്ള സ്‌ക്രീനിങ്ങ് നടപ്പാക്കണം

∙ജീവിതശൈലി / ഭക്ഷണക്രമം: കൊഴുപ്പേറിയ ഭക്ഷണത്തിന്റെ അമിതോപയോഗം, വ്യായാമക്കുറവ്, പൊണ്ണത്തടി എന്നിവ കാൻസർ സാധ്യത കൂട്ടുന്നു.

മൂത്രത്തിലെ സൂചനകൾ

പ്രോസ്റ്റേറ്റ് കാൻസറിൽ കൃത്യമായ ലക്ഷണങ്ങൾ പ്രകടമാവണമെന്നില്ല. അതിനാൽ ഈ അർബുദം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയും രോഗം സങ്കീർണമാവുകയും ചെയ്യാം . ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

∙ കൂടെക്കൂടെയുള്ള മൂത്രം ഒഴിക്കൽ, പ്രത്യകിച്ച് രാത്രിയിൽ

∙ മൂത്രം പിടിച്ചു വയ്ക്കാനുള്ള ബുദ്ധിമുട്ട്

∙ മൂത്രം ഒഴിച്ചാലും ഒഴിഞ്ഞു പോയില്ലെന്നുള്ള തോന്നൽ

∙ മൂത്രം തുടർച്ചയില്ലാതെ തുള്ളി തുള്ളിയായി പോകുക

∙ മൂത്രത്തിൽ രക്തം വരിക ∙ മൂത്ര തടസ്സം ∙ നടുവേദന

ഈ ലക്ഷണങ്ങൾ പ്രോസ്റ്റേറ്റ് കാൻസറിനു മാത്രം ഉള്ളതല്ല. പ്രായമായവരിൽ കാണുന്ന പ്രോസ്റ്റേറ്റ് വീക്കം, ഗ്രന്ഥിയുടെ അണുബാധ (Prostatis) എന്നിവയിലും ഇതേ ലക്ഷണങ്ങൾ കാണാം. അതുകൊണ്ട് ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരു യൂറോളജിസ്റ്റിനെ കണ്ടു പരിശോധനകൾ നടത്തണം.

ഡിജിറ്റൽ റെക്ടൽ എക്സാമിനേഷൻ (മലദ്വാരം വഴിയുള്ള പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പരിശോധന), ഗ്രന്ഥിയുടെ വലുപ്പവും മൂത്രം കെട്ടി കിടക്കുന്ന അവസ്ഥയും അറിയാൻ അൾട്രാ സൗണ്ട് സ്‌കാൻ, പിഎസ്എ എന്ന രക്ത പരിശോധന എന്നിവയാണ് പ്രാഥമിക പരിശോധനകൾ. പിഎസ്എ അളവു കൂടുതലാണെങ്കിൽ ബിയോപ്‌സി നടത്തി കാൻസർ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തും. കാൻസർ കണ്ടെത്തിയാൽ അതിന്റെ സ്റ്റേജ് അല്ലെങ്കിൽ വ്യാപ്‌തി അറിയാനുള്ള ടെസ്‌റ്റുകളായ വിവിധ സ്കാനുകളും വേണ്ടി വരും.

ചികിത്സ ഫലപ്രദം

രോഗത്തിന്റെ ഘട്ടം (സ്റ്റേജ്), കാഠിന്യം, രോഗിയുടെ വ്യക്‌തിഗത ആരോഗ്യം, മറ്റ് അസുഖങ്ങൾ, പ്രായം എന്നിവയെല്ലാം പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. യൂറോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, ന്യുക്ലിയർ മെഡിസിൻ ഫിസിഷൻ,റേഡിയോളോജിസ്റ്റ്, പതോളജിസ്റ്റ്, പാലിയേറ്റിവ് ഫിസിഷൻ എന്നിവരുൾപ്പെടുന്ന വിദഗ്ദ്ധ പാനൽ (ട്യുമർ ബോർഡ്) രോഗിയുടെ ചികിത്സ നിശ്ചയിക്കുന്നതാണ് അഭികാമ്യം.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാഠിന്യം കുറഞ്ഞ ആദ്യഘട്ട കാൻസർ മുഴയാണെങ്കിൽ ശസ്‌ത്രക്രിയയിലൂടെ ഗ്രന്ഥി നീക്കം ചെയ്‌തു (Radical Prostatectomy) ഭേദമാക്കാം. അപൂർവമായി ചില രോഗികൾക്കു റേഡിയേഷൻ ചികിത്സയും ആവശ്യമായി വരാറുണ്ട്.

അൽപം കൂടി തീവ്രമായ അടുത്ത ഘട്ടത്തിൽ, റിസ്‌ക് (High risk) കൂടിയ കാൻസറിൽ, സർജറിക്ക് അനുകൂലമായ ആരോഗ്യമില്ലാത്തവർ– എന്നിവർക്ക് ഹോർമോൺ ചികിത്സയും റേഡിയേഷൻ തെറപ്പിയും ഉപയോഗിച്ച് കാൻസർ സുഖപ്പെടുത്താം. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ തടയുന്നതിനായി ഹോർമോൺ കുത്തിവയ്പുകളാണ് ഇത്തരം രോഗികൾക്ക് ഉപയോഗിക്കുന്നത്.

ഇനി കാൻസർ മറ്റു അവയവങ്ങളിലേക്കു പടർന്ന ഘട്ടമാണെങ്കിൽ (Stage–4) ചികിത്സ കുറച്ചു വ്യത്യസ്തമായിരിക്കും. പ്രോസ്റ്റേറ്റ് കാൻസർ വളരാൻ പുരുഷ ഹോർമോണിനെ ഏറെ ആശ്രയിക്കുന്നു. അതിനാൽ പ്രധാന ചികിത്സ പുരുഷ ഹോർമോണിന്റെ ശരീരത്തിലെ അളവു കുറയ്ക്കുകയും പ്രവർത്തനം തടയുകയും ചെയ്യുക എന്നതാണ്. ഇതിനായി വൃഷണങ്ങൾ നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയ, പുറമെ താൽകാലികമായി കീമോതെറപ്പി കൂടി വേണ്ടി വന്നേക്കാം

പ്രോസ്റ്റേറ്റ് കാൻസറിന്റെ ഒരു സവിശേഷത, അതു നാലാം ഘട്ടത്തിൽ കണ്ടെത്തിയാലും താരതമ്യേന ലഘുവായ ചികിത്സകളിലൂടെ രോഗം നിയന്ത്രിക്കാനും രോഗിക്കു സാധാരണ ജീവിതത്തിലേക്കു മടങ്ങാനും, വർഷങ്ങളോളം ജീവിക്കാനും സാധിക്കും എന്നതാണ്.

ഡോ. വരുൺ രാജ്, സീനിയർ കൺസൽറ്റന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ,കൊച്ചി

Tags:
  • Manorama Arogyam