Friday 29 April 2022 02:43 PM IST : By സ്വന്തം ലേഖകൻ

മുട്ടിയുരുമ്മുന്ന ഫ്രോറ്റ്യൂറിസം, വേദനിപ്പിച്ച് ലൈംഗികാനന്ദം കണ്ടെത്തുന്ന സാഡിസം: പുരുഷൻമാരിൽ രതിവൈകൃതങ്ങൾ കൂടുമ്പോൾ

unhealthy-sex

രതിവൈകൃതങ്ങൾ കൂടുന്നു

അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാന്റസികളും പുലർത്തുന്നതിനെയാണ് രതിവൈകൃതമെന്നു പറയുന്നത്. പുരുഷന്മാരിൽ രതിവൈകല്യങ്ങൾ താരതമ്യേന കൂടുതലാണ്.ചില വിദേശസർവേകളിൽ ഒന്നുമുതൽ ഏഴു ശതമാനം പുരുഷന്മാരിൽ ഇത്തരം വൈകൃതങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ സമൂഹത്തിലും ചിലതരം രതിവൈകൃതങ്ങൾ കൂടുതലായി കാണുന്നുണ്ട്.

മുട്ടിയുരുമ്മി ആനന്ദം: നമ്മുെട നാട്ടിൽ പുരുഷൻമാർക്കിടയിൽ കൂടുതലായി കാണുന്ന ഒരു രതിവൈകൃതമാണ് ഫ്രോറ്റ്യൂറിസം എന്നു വിളിക്കുന്ന മുട്ടി യുരുമ്മി ആനന്ദം നേടുന്ന വൈകല്യം. ലൈംഗികാവയവം സ്ത്രീകളുടെ ശരീരത്തിൽ ഉരസുന്നതിലൂടെ പുരുഷന് ലൈംഗികാനുഭൂതി ലഭിക്കുന്നു. ബസ് യാത്രയിൽ സഹയാത്രികരായ പുരുഷന്മാരിൽനിന്നും സ്ത്രീകൾക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ട്.

‌പ്രദർശന താൽപര്യം: പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്ക് മുൻപിൽ ലൈംഗികാവയവം പ്രദർശിപ്പിച്ച് സ്വയംഭോഗം ചെയ്തു സുഖം നേടുന്ന വ്യക്തികളാണിവർ. ഇതു കാണുമ്പോൾ സ്ത്രീകൾക്കുണ്ടാകുന്ന ഞെട്ടൽ ഇവരെ കൂടുതൽ ലൈംഗികാനന്ദത്തിലേക്ക് എത്തിക്കുന്നു.

ഒളിഞ്ഞുനോട്ടം: വീടുകളുടെ കിടപ്പറകൾ, സ്ത്രീകളുടേയും കുട്ടികളുടേയും ബാത്ത്റൂം, സ്ത്രീകൾ കുളിക്കുന്ന കടവ് തുടങ്ങിയ ഇടങ്ങളിലേക്ക് ഒളിഞ്ഞുനോക്കി ലൈംഗികസംതൃപ്തി തേടുന്നവരാണിവർ. പലപ്പോഴും ഇത്തരം ഒളിഞ്ഞുനോട്ടക്കാരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുന്നതു സാധാരണമാണ്.

സെക്‌ഷ്വൽ സാഡിസം: പങ്കാളിയെ വേദനിപ്പിച്ച് ലൈംഗികാനന്ദം കണ്ടെത്തുന്നവരാണിവർ. ഇണയ്ക്കു വേദനിക്കുമ്പോൾ അല്ലെങ്കിൽ ശരീരത്തിൽ നിന്നും രക്തം ഒഴുകുമ്പോൾ ഇവർക്ക് വികാര തീവ്രത വർധിക്കുന്നു. സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നവരിൽ നല്ലൊരു ശതമാനവും ഇത്തരം രതിവൈകല്യമുള്ളവരാണ്.

ഫെറ്റിഷിസം: സ്ത്രീകളുടെ അടിവസ്ത്രങ്ങളെ താലോലിച്ച് ലൈംഗിക സംതൃപ്തി കണ്ടെത്തുന്നവരാണിവ ർ. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോ ഷണം പോയാൽ ഇത്തരക്കാരാണ് പിന്നിലെന്ന് സംശയിക്കണം.

വളരെ സാധാരണമായി പുരുഷൻമാരിൽ കാണുന്ന ഈ വൈകല്യങ്ങൾക്കു പുറമേ കുട്ടികളോടു തോന്നുന്ന ലൈംഗികാകർഷണവും വൈകൃതമാണ്. ഇവ കൂടാതെ ക്രോസ് ഡ്രസ്സിങ്, സ്വന്തം ശരീരത്തിൽ വേദനയുണ്ടാക്കി ലൈംഗിക സംതൃപ്തി നേടുന്ന മസോക്കിസം, മറ്റുള്ളവരുടെ കൺമുൻപിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ആനന്ദം കണ്ടെത്തുന്ന ട്രോയിലിസം, ജീവനില്ലാത്ത പാവകളേയും പ്രതിമകളേയും ലൈംഗിക സംതൃപ്തിക്കായി ഉപയോഗിക്കുന്ന അഗാൽമാറ്റോഫിലിയ അങ്ങനെ വിവിധങ്ങളായ രതി വൈകൃതങ്ങളുണ്ട്.

പരിഹാരമുണ്ട്

രതിവൈകൃതങ്ങളുമായിട്ടല്ല ഒരാൾ ജ നിക്കുന്നത്. നാം കണ്ടും കേട്ടും വളരുന്ന സാഹചര്യങ്ങളിൽ നിന്നും ശീലിക്കുന്നവയാണിവ. ഉദാഹരണത്തിനു ബാല്യത്തിൽ ഒരു കുട്ടിെയ രതിവൈകല്യത്തിനായി ഉപയോഗിക്കുകയാണെങ്കിൽ മുതിരുമ്പോൾ ഈ കുട്ടി ഇതേ വൈകല്യം കാണിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതുവരെയും ഇത്തരം വൈകല്യങ്ങൾക്ക് വ്യക്തമായ ശാരീരിക കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

മനശ്ശാസ്ത്രപരമായ ചികിത്സകളാണ് ഇത്തരം രതിവൈകല്യങ്ങൾക്ക് അഭികാമ്യം. എന്നാൽ ഒരു മനോരോഗത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം വൈകല്യങ്ങൾ സംഭവിക്കുന്നത് എങ്കിൽ പ്രസ്തുത മനോരോഗത്തിനുള്ള മരുന്നു ചികിത്സകൂടി നൽകേണ്ടി വരും. ഇത്തരക്കാർ ഒരിക്കലും സ്വന്തമായി ചികിത്സ തേടി എത്താറില്ല. രതിവൈകല്യങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരോ വീട്ടുകാരോ പിടികൂടി ചികിത്സയ്ക്ക് കൊണ്ടുവരാറാണ് പതിവ്. രതിവൈകല്യമുള്ളവർക്കു തങ്ങൾ സമൂഹത്തിനു ദോഷകരമായ രീതിയിലാണ് പെരുമാറുന്നത് എന്നു തിരിച്ചറിയാൻ കഴിയണമെന്നില്ല.



സ്വയം ചികിത്സ കൂടുന്നു



സാക്ഷരതയുടെ കാര്യത്തി ൽ മുൻപിൽ ആണെങ്കിലും ലൈംഗികതയുടെയും ലൈംഗിക സംതൃപ്തിയുടെയും കാര്യത്തിൽ പിന്നിലാണ് നമ്മൾ. പുരുഷന്മാരുടെ ഇടയിൽ ലൈംഗിക പ്രശ്നങ്ങൾ വർധിച്ചു വരുന്നുണ്ട്. മാറി വരുന്ന ലൈംഗിക കാഴ്ചപ്പാടും തെറ്റായ വിവരങ്ങളുടെ അതിപ്രസരവും ജീവിതശൈലീരോഗങ്ങളുടെ വർധനവും ആണ് ഇതിന്റെ പ്രധാന കാരണങ്ങൾ.

ലൈംഗിക താൽപര്യക്കുറവ്, ഉദ്ധാരണ പ്രശ്നങ്ങൾ – ഉദ്ധാരണം ലഭിക്കാനും ഉദ്ധാരണം നിലനിർത്താനും ഉള്ള പ്രശ്നങ്ങൾ, ശീഘ്ര സ്ഖലനം, സ്ഖലനം നടക്കാൻ വളരെ കൂടുതൽ സമയം എടുക്കുന്ന അവസ്ഥ, സ്ഖലനം നടക്കാത്ത അവസ്ഥ, ലൈംഗിക സുഖം കുറയുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന പ്രശ്നങ്ങൾ– തുടങ്ങിയ കൂടുതലായി കാണുന്നുണ്ട്.

ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം, ഹൃദ്രോഗം തുടങ്ങിയവയുെട സാന്നിധ്യം കൂടിവരുന്നത് ലൈംഗികോത്തേജനക്കുറവ് അടക്കമുള്ള പ്രശ്നങ്ങളിലേക്കു നയിക്കുന്നുണ്ട്. ഇതു കൂടാതെ ടെസ്‌റ്റോസ്റ്റിറോണ്‍, ഈസ്ട്രജൻ, തൈറോയ്ഡ്, പ്രൊലാക്ടിൻ തുടങ്ങിയ ഹോർ‍മോണുകളുടെ അസന്തുലിതാവസ്ഥ, വിഷാദരോഗം, നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖങ്ങൾ എന്നിവയും പ്രശ്നമാകുന്നു.

രക്താതിസമ്മർദത്തിനും മാനസികരോഗങ്ങൾക്കും ന്യൂറോ പ്രശ്നങ്ങൾക്കും കാൻസർചികിത്സയ്ക്കും ഉപയോഗിക്കുന്ന ചില മരുന്നുകൾ പുരുഷൻമാരിൽ ലൈംഗികാസ്വാദനത്തിനു പ്രതിബന്ധമാകുന്നു.

അതുപോലെ പുകവലി, മദ്യപാനം, മയക്കുമരുന്ന്, വ്യായാമക്കുറവും പൊണ്ണത്തടിയും, ഉറക്കക്കുറവ്, പിരിമുറുക്കം, ഉത്കണ്ഠ, പങ്കാളിയുമായുള്ള മാനസിക പ്രശ്നങ്ങൾ, ലൈംഗികബന്ധത്തോടുള്ള ഭയം, സാഹചര്യ പ്രശ്നങ്ങൾ., ലൈംഗിക മിഥ്യാധാരണകൾ തുടങ്ങിയവയെല്ലാം പ്രശ്നംസൃഷ്ടിക്കുന്നുണ്ട്.

സ്വയം ചികിത്സിക്കുമ്പോൾ

ലൈംഗിക പ്രശ്നങ്ങൾക്ക് പുരുഷന്മാർ സ്വയം ചികിത്സ തേടുന്നതിന്റെ തോത് വളരെ കൂടുതലാണ്. പ്രധാനമായും ഉദ്ധാരണം ദീർഘിപ്പിക്കാനും സ്ഖലനം ദീർഘിപ്പിക്കാനുമുള്ള മരുന്നു ചികിത്സകളാണ് ഇതിൽ പ്രധാനം. ഓൺലൈനിൽ നിന്നും അനായാസമായി പ്രിസ്ക്രിപ്ഷൻ ഇല്ലാതെ പോലും രഹസ്യമായി മരുന്നുകൾ ലഭിക്കുമെന്നത് അതിനു തുണയാകുന്നു.

പോൺ വീഡിയോകളിൽ നിന്നും ലഭിക്കുന്ന യുക്തിവിരുദ്ധമായ പ്രതീക്ഷകൾ, കൂട്ടുകാരിൽ നിന്നും ലഭിക്കുന്ന തെറ്റായ അറിവുകൾ, ഏതു സ്പെഷലിസ്റ്റ് ഡോക്ടറിനെ കൺസൽ റ്റ് ചെയ്യണം എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മ, ഡോക്ടറെ കാണാനുള്ള ചമ്മലും ഭയവും, സെക്‌ഷ്വൽ മെഡിസിനിൽ യോഗ്യതയും പ്രാവീണ്യവും നേടിയ ഡോക്ടർമാരുടെ എണ്ണക്കുറവ്, യോഗ്യതയില്ലാത്ത വ്യാജന്മാരുടെ അതിപ്രസരം തുടങ്ങിയവയെല്ലാം സ്വയം ചികിത്സ നടത്താനോ വ്യാജ ചികിത്സയ്ക്കു വിധേയരാകാനോ അവരെ പ്രേരിപ്പിക്കുന്നുണ്ട്.

രോഗവും അതിന്റെ കാഠിന്യവും അനുസരിച്ചുള്ള ലൈംഗിക ആരോഗ്യ കൗൺസലിങ്, കപ്പിൾ തെറപ്പി, സെക്സ് തെറപ്പി, മരുന്നുകൾ, പ്രോസീജറുകൾ, ശസ്ത്രക്രിയകൾ എന്നിവയാണ് ലൈംഗിക പ്രശ്നങ്ങൾക്കുള്ള ചികിത്സാമാർഗങ്ങൾ.

വിവരങ്ങൾക്ക് കടപ്പാട്:

1.ഡോ. പി. എൻ. സുരേഷ് കുമാർ

ഡയറക്ടർ,        ചേതന–സെന്റർ ഫോർ ന്യൂറോ സൈക്യാട്രി, കോഴിക്കോട്.

2. ഡോ. എ. ചക്രവർത്തി

സീനിയർ കൺസൽറ്റന്റ് ഇൻ
റിപ്രൊഡക്ടീവ് & സെക്‌ഷ്വൽ മെഡിസിൻ, സെക്സോളജിസ്റ്റ്,
തിരുവനന്തപുരം