Saturday 15 October 2022 05:31 PM IST : By സ്വന്തം ലേഖകൻ

ടവൽ ചൂടുവെള്ളത്തിൽ മുക്കി ആവിപിടിക്കാം; നസ്യം ചെയ്യാം: സൈനസൈറ്റിസിന് ഉറപ്പായും ഫലം തരും ആയുർവേദചികിത്സകൾ

sinusitis31232

ആയുർവേദത്തിൽ സൈനസൈറ്റിസ് പീനസം, പ്രതിശ്യായം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. നെറ്റിയിൽ ആരോ ശക്തമായി അമർത്തുന്നതുപോലെയും കണ്ണുകൾക്കു പിന്നി ൽ കടുത്ത വേദനയും സമ്മർദവും അനുഭവപ്പെടാം. ജലദോഷമായി ആരംഭിക്കുന്ന പീനസം ക്രമേണ ശ്വാസംമുട്ടൽ വരെ ഉണ്ടാക്കാം.

ദുഷ്ടപീനസത്തിന്റെ ലക്ഷണങ്ങൾ

ആയുർവേദത്തിൽ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങൾ വർധിച്ചും രക്തത്തിന്റെ കോപം കൊണ്ടും പീനസം ഉണ്ടാകുന്നു. വാത പ്രധാനമായ പ്രതിശ്യായത്തിൽ തുമ്മൽ, മൂക്കടപ്പ്, മൂക്കുവേദന, തലവേദന, പുരികങ്ങൾക്കു ചുറ്റും വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും. പിത്തജമായ പ്രതിശ്യായത്തിൽ പനി, അമിത ദാഹം, മൂക്കിൽ കുരുക്കൾ, മൂക്കിൽ നിന്നും കഫം ഒഴുകുക എന്നീ ലക്ഷണങ്ങൾ കാണുന്നു. കഫജമായ പ്രതിശ്യായത്തിൽ ചുമ, അരുചി, ശ്വാസ തടസ്സം, ശരീരഭാരം കൂടുതൽ തോന്നുക, വായ്ക്കുള്ളിൽ മധുര രസം, മൂക്കിൽ നിന്നും കഫം ഒഴുകുക എന്നീ ലക്ഷണങ്ങൾ ഉണ്ടാകും.

വിവിധതരം പീനസങ്ങൾ സമയാസമയങ്ങളിൽ ചികിത്സിക്കാതിരുന്നാൽ അത് ക്രമേണ വർധിച്ചുണ്ടാകുന്ന അവസ്ഥയാണ് ദുഷ്ട പീനസം. പ നി, തുടർച്ചയായ വിശപ്പില്ലായ്മ, മൂക്കടപ്പ്, മൂക്കിലൂടെ കട്ടപിടിച്ച പഴുപ്പും കഫവും സ്രവിക്കുക, നെഞ്ചുവേദന, ചുമച്ചു കഫം തുപ്പുക, കണ്ണിനും ചെവിക്കും രോഗബാധ, അതിയായ ക്ഷീണം, കണ്ണിനുചുറ്റും കറുപ്പു ബാധിക്കുക, പ്രസരിപ്പില്ലായ്മ, കാഴ്ചമങ്ങുക, ചെവിവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും.

പീനസത്തിനു കാരണം സൈനസുകളിൽ നിന്നും ഉൽപാദിപ്പിക്കുന്ന കഫം അവിടെ കെട്ടിക്കിടന്ന് അണുബാധയുണ്ടാക്കി സങ്കീർണ്ണതകൾ ഉണ്ടാക്കും. അതിനാൽ അണുബാധ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ എടുക്കണം. സൈനസുകളിൽ കെട്ടിക്കിടക്കുന്ന കഫത്തെ പുറത്തേക്കു കളയുക, പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നതാണ് ആയുർവേദത്തിലെ ചികിത്സ രീതി.

ആവി പിടിക്കൽ : ആവി പിടിക്കുന്നത് കൊണ്ട് സൈനസുകളിൽ കെട്ടിക്കിടക്കുന്ന കഫത്തെ പുറത്തുകളയാൻ സാധിക്കും. തുമ്പയില, തുളസിയില, പനിക്കൂർക്കയില, ആടലോടകത്തിന്റെ ഇല, മുയൽച്ചെവിയൻ, പൂവാംകുരുന്തൽ, എന്നീ ചെടികളിൽ രണ്ടോ മൂന്നോ എല്ലാം കൂടി ചേർത്തോ ആവി പിടിക്കാം. കരിംജീരകം കൂടി ചേർക്കുന്നത് നല്ല ഫലം ഉണ്ടാക്കും. ആവി പിടിക്കുന്നതിനു മുൻപു

മുഖത്തും കഴുത്തിന്റെ ഭാഗത്തും നെഞ്ചിലും ഏതെങ്കിലും ബാം പുരട്ടുന്നത് നല്ലതാണ്. വേണമെങ്കിൽ കർപ്പൂരാദി എണ്ണ പുരട്ടാം. ആവി നേരിട്ട് കണ്ണിൽ തട്ടാതെ സൂക്ഷിക്കണം. വേദന കൂടുതലുള്ള ഭാഗങ്ങളിൽ ഇതേ തിളപ്പിച്ച വെള്ളത്തിൽ ഒരു ടവൽ മുക്കി വെള്ളം പിഴിഞ്ഞു കളഞ്ഞിട്ടു ടവലിൽ നിന്നുള്ള ആവി പിടിപ്പിക്കുന്നതും നല്ല ഫലം ചെയ്യും. 10 മുതൽ 15 മിനിട്ട് വരെ ആവി പിടിക്കാം. ദിവസത്തിൽ രാവിലെയും വൈകിട്ടും ചെയ്യാം. കഫം പോകുന്നതുവരെ മൂന്നു മുതൽ ഏഴ് ദിവസം വരെ ആവർത്തിക്കാം.

വൈദ്യനിർദേശപ്രകാരം നസ്യം

പഞ്ചകർമ്മ ചികിത്സയുടെ ഭാഗമായ നസ്യം വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ചെയ്യാവൂ. നെഞ്ചിലും പുറത്തുമെല്ലാം എണ്ണ തേച്ചു നന്നായി വിയർപ്പിച്ച ശേഷമാണു നസ്യം ചെയ്യുന്നത്. രോഗസ്വഭാവം അനുസരിച്ചുള്ള ഔഷധങ്ങൾ ഓരോ മൂക്കിലും ഇറ്റിച്ചശേഷം മുഖത്തും സൈനസുകളുടെ ഭാഗത്തും കഴുത്തിലും തോളുകളിലും നന്നായി തടവി കഫത്തിനെ പുറത്തേക്കു വലിച്ചു തുപ്പിക്കളയുന്ന രീതിയാണു നസ്യത്തിലൂടെ ചെയ്യുന്നത്. ഏഴു ദിവസമാണ് നസ്യം ചെയ്യുക. എല്ലാ ദിവസവും ചെയ്യുന്ന നസ്യവും ഉണ്ട്.

തളങ്ങൾ : യുക്തമായ പച്ചിലകളുടെ നീരോ എണ്ണയോ ചൂർണങ്ങളിൽ ചാലിച്ചു ചൂടാക്കി വറ്റിച്ചു നെറുകയിൽ വയ്ക്കുന്നതാണു തളങ്ങൾ. ചില ചൂർണങ്ങൾ യുക്തമായ എണ്ണകളിലോ നീരുകളിലോ ചൂടാക്കിയും തളം വയ്ക്കും. തുടർച്ചയായ ജലദോഷം പീനസത്തിന്റെ പ്രകടമായ ലക്ഷണമാണ്. ഇതിൽ കച്ചൂരാദി ചൂർണം, രാസനാദി ചൂർണ്ണം എന്നിവ ചെറുനാരങ്ങ നീരിൽ ചൂടാക്കി തളം വയ്ക്കുന്നതിലൂടെ തുടർച്ചയായ ജലദോഷം ശമിപ്പിക്കാൻ കഴിയും.

ആഹാരത്തിന് പീനസത്തിൽ വളരെ സ്വാധീനമുണ്ടാക്കാൻ കഴിയും. എണ്ണയിൽ വറുത്ത ആഹാരസാധനങ്ങൾ, അന്നജം അധികമായ ഭക്ഷണം എന്നിവ കുറയ്ക്കണം. ഉപ്പ് അധികം കഴിക്കരുത്. പച്ചക്കറികളും ഇലവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം മത്സ്യമാംസാദികൾ കുറയ്ക്കുന്നതാണ് നല്ലത്. ശീതീകരിച്ച വെള്ളം കുടിക്കുക, പച്ചവെള്ളത്തിലെ കുളി എന്നിവ ഒഴിവാക്കണം. രോഗം മൂർച്ഛിച്ചിരിക്കുമ്പോൾ തല കുളി ഒഴിവാക്കാം.

ഡോ. രാജ്കുമാർ ബി.

റിട്ട. ഗവൺമെന്റ് സീനിയർ മെ‍ഡിക്കൽ ഒാഫിസർ.

മെഡിക്കൽ സൂപ്രണ്ട്, ശാന്തിഗിരി മെഡിക്കൽ സർവീസസ്

Tags:
  • Daily Life
  • Manorama Arogyam