Saturday 03 September 2022 03:40 PM IST : By സ്വന്തം ലേഖകൻ

അഗ്രചർമത്തിൽ അടിഞ്ഞു കൂടുന്ന സ്മെഗ്മ നീക്കം ചെയ്തില്ലെങ്കിൽ സംഭവിക്കുന്നത്? ആണുങ്ങൾ അറിയാൻ

sex-survey-3

ലൈംഗിക ശുചിത്വം മനുഷ്യനെപ്പോലെ പ്രാധാന്യത്തോടെ നടപ്പിലാക്കുന്ന മറ്റൊരു ജീവിയും പ്രകൃതിയിലില്ല. ജനനേന്ദ്രിയ ഭാഗങ്ങളിൽ വിയർപ്പും വിസർജ്യവും തങ്ങിനിൽക്കാനുള്ള സാധ്യത മുതൽ ആസ്വാദനത്തിനുവേണ്ടിയുള്ള വിപുലമായ ലൈംഗിക ജീവിതം വരെയുള്ള കാര്യങ്ങളാൽ ലൈംഗിക ശുചിത്വം അനിവാര്യമായി മാറുന്നു.

പുരുഷൻമാരിലും ലൈംഗിക ശുചിത്വത്തിനു സ്ത്രീകളിലെന്ന പോ ലെ പ്രാധാന്യമുണ്ട്. നമ്മുടെ വസ്ത്രധാരണരീതിയിൽ ജനനേന്ദ്രിയത്തിനു ചുറ്റും വിയർപ്പും മറ്റ് സ്രവങ്ങളും അടിഞ്ഞു കൂടുന്നു. ഇത് അണുക്കൾ പെരുകാനിടയാക്കുന്നു. ജനനേന്ദ്രിയത്തിലെ പല രോഗങ്ങൾക്കും കാര ണം ഇതാണ്. ശുചിത്വം പാലിക്കുന്നത് ഇത്തരം പ്രയാസങ്ങളെ ഒഴിവാക്കാൻ സഹായിക്കും.

അഗ്രചർമം

ലിംഗത്തിന്റെ അഗ്രത്തിലെ ആവരണമാണ് അഗ്രചർമം. അഗ്ര ചർമത്തിനുള്ളിൽ ധാരാളം നിരുപദ്രവകാരികളായ അണുക്കളുണ്ട്. ചർമത്തിൽ നിന്നും സ്രവങ്ങൾ ഉണ്ടാകുന്നു. മൂത്രനാളിയിൽ നിന്നും പുറത്തേക്കു വരുന്ന സ്രവങ്ങളും കാണാം. ചർമത്തിൽ നിന്നു ബാക്കിയുള്ള ജീവനില്ലാത്ത കോശങ്ങളും ഉണ്ടാകുന്നു. ലിംഗാഗ്ര ചർമത്തിനടിയിൽ ഇവയെല്ലാം അടിഞ്ഞു കൂടുന്നു. കൊഴുത്ത ദ്രാവകരൂപത്തിലോ ഖരരൂപത്തിലോ ഇത് കാണപ്പെടാം. ഇത് ഉണ്ടാകുന്നതിന്റെ അളവ് പല ആളുകളിലും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ ഇത് വളരെ കട്ടിയായി (സ്മെഗ്മ) തൊലിക്കടിയിൽ കാണാം.

ലിംഗാഗ്രചർമം കൂടിയിരിക്കുന്ന കുട്ടികളിൽ ഇത് സാധാരണയായി കാണാറുണ്ട്. അഗ്രചർമത്തിന്റെ തുറന്ന ഭാഗങ്ങളിലൂടെ ചിലപ്പോൾ പഴുപ്പു പോലൊരു ദ്രാവകരൂപത്തിൽ ഇതു പുറത്തേക്കു വരും. അണുബാധയും പഴപ്പുമായി പരിഭ്രമിച്ചു വരുന്ന രോഗികളെ കാണാറുണ്ട്. ഇത് അണുബാധയുടെ ലക്ഷണമല്ല. എന്നാൽ ഇതു കാരണം ലിംഗാഗ്രത്തിൽ കലശലായ ചൊറിച്ചിലും നീറ്റലും അനുഭവപ്പെടാം.

ജനിക്കുമ്പോൾ അഗ്രചർമം ലിംഗാഗ്രത്തിനോടു ചേർന്ന് ഒട്ടിയാണിരിക്കുന്നത്. എന്നാൽ ക്രമേണ ഇതുവേർപെടുകയും അഗ്രചർമം പുറകോട്ടു നീക്കാവുന്ന സ്ഥിതിയിൽ എ ത്തുന്നു. മൂന്ന് വയസ്സിനുള്ളിൽ മിക്കവാറും എല്ലാ കുട്ടികളിലും ഇത് നടക്കാറുണ്ട്. എന്നാൽ ചിലരിൽ അഗ്രചർമം പുറകോട്ടു നീക്കാനാകാതെ വരാം. ഇത്തരം സന്ദർഭങ്ങളിൽ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

ദിവസവും ശുചിയാക്കാം

കുട്ടികളും പുരുഷന്മാരും എല്ലാ ദിവ സവും അഗ്രചർമം വൃത്തിയാക്കേണ്ടതുണ്ട്. അഗ്രചർമം നല്ലതുപോലെ പുറകോട്ടു നീക്കി വെള്ളം ഒഴിച്ചു കഴുകിയാൽ മതിയാകും. സോപ്പും ആന്റിസെപ്റ്റിക് ലായനികളും ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. ഇവയെല്ലാം അവിടുത്തെ ചർമത്തിനു ചൊറിച്ചിലും നീറ്റലും ഉണ്ടാക്കാവുന്നതാണ്. ചിലർക്കു നീർവീക്കവും ഉണ്ടാകാം.

അഗ്രചർമം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പലതരം അണുബാധയ്ക്കു കാരണമാകാം. ബാക്ടീരിയയും വൈറസും, ഫംഗസുകളും ലിംഗാഗ്രത്തിൽ അസുഖങ്ങൾ ഉണ്ടാക്കാം. പ്രമേഹരോഗികൾക്കു മൂത്രത്തിൽ അണുബാധ അടിക്കടി വരുത്താനും ഇതു കാരണമാകും. അഗ്രചർമം ബലം പ്രയോഗിച്ച് പുറകോട്ടു നീക്കുന്നത് അപകടമാണ്. പുറകോട്ടു നീക്കിയ ചർമം മുൻപോട്ടു വരാതിരിക്കുകയും (Paraphimosis) നീരു വന്ന് വീക്കം വയ്ക്കാനും സാധ്യതയുണ്ട്. വളരെയധികം വേദനയുണ്ടാക്കുന്ന അവസ്ഥയാണിത്. കൃത്യമായി ചികിത്സിക്കാതെയിരുന്നാൽ ലിംഗാഗ്രത്തിലേക്കുള്ള രക്തയോട്ടം നിലച്ചു പോകാനും സാധ്യതയുണ്ട്. ലിംഗത്തിൽ വരുന്ന കാൻസറിന് (Penile Cancer) പ്രധാനമായ കാരണം ശുചിത്വമില്ലായമയാണ്. ഭാഗ്യവശാൽ കേരളത്തിൽ ഈ കാൻസര്‍ കുറവാണ്.

ലൈംഗിക ശുചിത്വം ആരോഗ്യത്തിന് ആവശ്യമാണ്. എന്നാൽ എങ്ങനെ ഇതു കൈവരിക്കണമെന്ന് ഓരോ വ്യക്തിയുടെയും താൽപര്യം കൂടി അനുസരിച്ചാണ്. ശുചിത്വത്തെ പറ്റിയുള്ള അധികമായ വ്യാകുലതയും ഒഴിവാക്കണം. ആന്റിസെപ്റ്റിക് ലായനിയുടെയും സോപ്പിന്റെയും അധിക ഉപയോഗവും പലപ്പോഴും ഗുണത്തെക്കാൾ ദോഷം ചെയ്യും.

ലൈംഗിക ബന്ധത്തിലെ ശുചിത്വം

ഒന്നിൽ കൂടുതൽ പങ്കാളികളുമായുള്ള ലൈംഗികബന്ധം പലതരം അസുഖങ്ങൾക്കും കാരണാകാറുണ്ട്. പങ്കാളിക്ക് എന്തെങ്കിലും അസുഖ ലക്ഷണങ്ങൾ കാണണമെന്നില്ല. പലരും രോഗവാഹകരായിരിക്കാം. ലൈംഗികബന്ധത്തിലൂടെ വരുന്ന ഇത്തരം രോഗങ്ങൾ ഉടൻ പ്രത്യക്ഷപ്പെടണമെന്നുമില്ല. ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞായിരിക്കും അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുന്നത്. ഗർഭനിരോധന ഉറകളുടെ (കോണ്ടം) ശരിയായ ഉപയോഗം ഇത്തരം രോഗങ്ങളിൽ നിന്നും ഒരു പരിധിവരെ സുരക്ഷ നൽകും. എല്ലാ വിധത്തിലുള്ള ലൈംഗികബന്ധങ്ങളിലും അണുബാധയുടെ സാധ്യതയുണ്ട്. അതിനാൽ വേണ്ട മുൻകരുതലുകൾ എടുക്കണം. ഉറകളും അവയിൽ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളും ചിലരിൽ അലർജിക്കു കാരണമാകാറുണ്ട്. ലൈംഗികബന്ധത്തിനുശേഷം ലിംഗം വൃത്തിയാക്കുന്നത് ഇത്തരം പദാർത്ഥങ്ങളും സ്രവങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്നു.

ലൈംഗികബന്ധത്തിനു ശേഷം സ്ത്രീകളിൽ മൂത്രത്തിൽ അണുബാധ കാണാറുണ്ട്. ഇത് പങ്കാളിയിൽ നിന്നും പകരുന്നതല്ല. കൃത്യമായ ചികിത്സയും മുൻകരുതലുകളും കൊണ്ട് ഇത്തരം അണുബാധ– തടയാൻ സാധിക്കും.