Thursday 29 September 2022 10:38 AM IST : By സ്വന്തം ലേഖകൻ

അടിവയറ്റിൽ വേദനയോ ഛർദ്ദിയോ ഉണ്ടായാൽ നിസാരമാക്കരുത്: പിസിഒഡി വേദനയ്ക്കു കാരണങ്ങളുണ്ട്

pcod

പോളിസിസ്‌റ്റിക് ഒവേറിയൻ സി ൻഡ്രം (പിസിഒഡി) പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ സാധാരണ കാണുന്ന ഒരു ഹോർമോൺ തകരാറാണ്. പിസിഒഡി ഉള്ള സ്ത്രീകളിൽ അപൂർവമായോ നീണ്ടു നിൽക്കുന്നതോ ആയ ആർത്തവം അല്ലെങ്കിൽ അധിക പുരുഷ ഹോർമോൺ (ആൻഡ്രജൻ) അളവ് ഉണ്ടാകാം.

ഈസ്ട്രജൻ, പ്രോജസ്റ്ററോൺ, ഇൻഹിബിൻ, റിലാക്സിൻ തുടങ്ങിയ ഹോർമോണുകളുടെ ഉൽപാദനത്തെ നിയന്ത്രിക്കുന്ന അണ്ഡാശയങ്ങളാണ് ആർത്തവചക്രം നിയന്ത്രിക്കുന്നത്. പിസിഒഡി എന്ന അവസ്ഥയിൽ, സ്ത്രീ ഹോർമോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. ഇത് അണ്ഡോൽപാദനത്തിന്റെ അഭാവം, ക്രമരഹിതആർത്തവചക്രം, ഗർഭധാരണത്തിലെ ബുദ്ധിമുട്ട്, ശരീരഭാരം കൂടുക, മുഖക്കുരു, അമിത രോമവളർച്ചയായ ഹിർസ്യൂട്ടിസം എന്നിവയുൾപ്പെടെ വിവിധ ലക്ഷണങ്ങൾ പ്രകടമാക്കുന്നു. പിസിഒഡി ചികിത്സിച്ചില്ലെങ്കിൽ, പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ എന്നിങ്ങനെ കൂടുതൽ സങ്കീർണതകളിലേക്കു നയിക്കാം.

ഇതാണ് കാരണങ്ങൾ

∙ കുടുംബ ചരിത്രം - പിസിഒഡി ബാധിതരായ സ്ത്രീകളുടെ അടുത്ത ബന്ധുക്കൾക്കിടയിൽ പിസിഒഡി വരാനുള്ള സാധ്യത 50% ആണ്. പിസിഒഡി ഉള്ളവരിൽ പിൽക്കാലത്തു പ്രമേഹസാധ്യതയും വളരെ കൂടുതൽ ആണ്.

∙ ഇൻസുലിൻ പ്രതിരോധവും ജീവിതശൈലിയും

പി‌സിഒഡി ഉള്ള 70% സ്ത്രീകൾക്കും സ്വാഭാവിക ഇൻസുലിൻ പ്രതികരണത്തിൽ കുറവുണ്ടാകാം. പിസിഒഡിയിൽ ഇൻസുലിനോടുള്ള പ്രതികരണ കുറവുമൂലം കോശങ്ങൾക്ക് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയില്ല. അപ്പോൾ ശരീരത്തിന്റെ ഇൻസുലിൻ ആവശ്യം വർധിച്ച് പ്രമേഹരോഗിയായി മാറുന്നു.

∙ ഭാരം– ചിലപ്പോൾ ശരീരഭാരം വർധിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തെയും പിസിഒഡിയുടെ ലക്ഷണങ്ങളേയും വഷളാക്കും. പിസിഒ ഡി ഉള്ള ചില സ്ത്രീകൾ അവരുടെ ഭാരം, സാധാരണ പരിധിക്കുള്ളിൽ ആയിരിക്കുമ്പോൾ, ആർത്തവ ക്രമക്കേട് അല്ലെങ്കിൽ അമിത രോമവളർച്ച തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കണമെന്നു നിർബന്ധമില്ല.

ആർത്തവ തകരാറുകൾ

പിസിഒഡിയുടെ പ്രാഥമിക ലക്ഷണങ്ങൾ സാധാരണയായി പ്രായപൂർത്തിയാകുമ്പോൾ അഥവാ ആർത്തവത്തിനൊപ്പം തുടങ്ങാം. വർഷങ്ങളായി വർധിച്ചു വരുന്ന ശരീരഭാരം കാരണം പിസിഒഡിയും വർധിക്കാം.

ഇവയാണ് പൊതുവായ ചില ല ക്ഷണങ്ങൾ. ∙ ആൻഡ്രജന്റെ അളവ് കൂടുന്നു. അമിതമായ പുരുഷ ലൈംഗിക ഹോർമോണുകൾ കാരണം മുഖത്തും ശരീരത്തിലും അധിക രോമങ്ങൾ ഉ ണ്ടാകുന്നു. ∙ അണ്ഡത്തിന്റെ വികസനത്തിലെ അസാധാരണത്വം കാരണം ക്രമരഹിത ആർത്തവചക്രം അല്ലെങ്കിൽ കാലതാമസം വരാം .

∙ അണ്ഡോൽപാദനം നടക്കാതിരിക്കുന്നതും ക്രമരഹിതമാകുന്നതും കാലതാമസം സംഭവിക്കുന്നതും ഗർഭസാധ്യത കുറയ്ക്കുന്നു.

∙ പുരുഷഹോർമോണിന്റെ ഉൽപാദനം വർധിക്കുന്നതു കാരണം മുടി കൊഴിച്ചിൽ അല്ലെങ്കിൽ മുടിയുടെ കനംകുറയാം. ∙ മുഖക്കുരു ധാരാളമായി ഉണ്ടാകാം. ∙ ശരീരഭാരം കൂടുന്നു. പിസിഒഡി പ്രസവിക്കുന്ന പ്രായത്തിലുള്ള (12 മുതൽ 45 വയസ്സ് വരെ) ഏകദേശം 20% സ്ത്രീകളെ ബാധിക്കുന്നു.

വേദന അസഹ്യമായാൽ

പിസിഒഡിയിൽ സാധാരണയായി വേദന വരാറില്ല. അസഹ്യമായ വേദന ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടെത്തേണ്ടി വരും. സിസ്‌റ്റു വലുതായി അണ്ഡാശയത്തിന്റെ വ ലുപ്പം കൂടുമ്പോൾ അത് തിരിയാനുള്ള സാധ്യത ഉണ്ട്. തിരിഞ്ഞാൽ അ തിലേയ്ക്കുള്ള രക്തയോട്ടം നിൽക്കും. അങ്ങനെ വന്നാൽ  കടുത്ത വയറുവേദനയും ഛർദിയും വരാം. ആർത്തവപ്രശ്നങ്ങളുമായി ബന്ധപ്പെട്ടും വയറുവേദന വരാം. ആർത്തവം വൈകുമ്പോൾ രക്തസ്രാവം കൂടുതലാകാനിടയുണ്ട്. അപ്പോൾ ക്രാംപ് പോലുള്ള വേദന വരാനിടയുണ്ട്.

ചികിത്സാപരിഹാരങ്ങൾ

ചികിത്സയുടെ ആദ്യപടി ജീവിതശൈലി മെച്ചപ്പെടുത്തുകയാണ്. അമിതഭാരവും പൊണ്ണത്തടിയും ഉള്ള രോഗികളിൽ ഭക്ഷണക്രമത്തിലും ശാരീരിക പ്രവർത്തനങ്ങളിലുമുള്ള മാറ്റങ്ങൾ മൂലം ശരീരഭാരം കുറയ്ക്കുന്നത്, സീറം, ഇൻസുലിൻ, ആൻഡ്രജൻ എന്നിവയുടെ അളവു കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് പ്രശ്നങ്ങൾ, ടൈപ് 2 പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പ്രോജസ്റ്റിൻ തെറപ്പി – ആർത്തവചക്രം ക്രമീകരിക്കാനായി എല്ലാ മാസവും പത്തു മുതൽ പതിനാലുദിവസംവരെ പ്രോജസ്റ്റിൻ മരുന്ന് കഴിക്കാൻ ഡോക്ടർ ഉപദേശിക്കും.അണ്ഡോൽപാദനം മെച്ചപ്പെടുത്തുന്നതിന് ക്ലോമിഫെൻ, ലെട്രോസോൾ, മെറ്റ്ഫോമിൻ, ഗോണ‍ഡോട്രോഫിൻസ് തുടങ്ങിയ മരുന്നുകളും നിർദേശിക്കാം. രോമവളർച്ച കുറയ്ക്കാൻ സഹായിക്കുന്നതിനു വിവിധ ഗർഭനിരോധനഗുളികകൾ അല്ലെങ്കിൽ സ്‌പൈറോനോല ക്േറ്റാൺ നിർദ്ദേശിക്കാറുണ്ട്.

മരുന്നുകൾ ഒന്നും ഫലിച്ചില്ലെങ്കിൽ മാത്രമേ ശസ്ത്രക്രിയ നിർദേശിക്കാറുള്ളൂ. പിസിഒഡി  ബാധിച്ച സ്ത്രീകൾ ജീവിതശൈലി മെച്ചപ്പെടുത്തണം. കൊഴുപ്പും കാർബോഹൈ‍ഡ്രേറ്റും കുറവുള്ള പിസിഒഡി ഡയറ്റ് കഴിക്കേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അശോക് കുമാർ പിള്ള

കൺസൽറ്റന്റ്

ഗൈനക്കോളജിസ്‌റ്റ്

മെഡിക്കൽ ട്രസ്റ്റ്

ഹോസ്പിറ്റൽ,

എറണാകുളം