Saturday 05 April 2025 04:58 PM IST

10 വയസ്സിനു മുൻപ് ആർത്തവം വന്നാൽ പ്രശ്നമോ? അമ്മമാർ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

menstr324324

ആർത്തവം സ്ത്രീത്വത്തിലേയ്ക്കുള്ള കൗമാരക്കാരിയുടെ യാത്രയിലെ ആദ്യത്തെ നാഴികക്കല്ലാണ്. പഠനകാലം കൂടിയായതിനാൽ ആർത്തവവേദനയും രക്തസ്രാവവും ശാരീരിക ബുദ്ധിമുട്ടുകളുമെല്ലാം പെൺകുട്ടികളുടെ ആർത്തവകാലത്തെ അൽപം കഠിനമാക്കുന്നുണ്ട്. പന്ത്രണ്ടു വയസ്സിനു മുൻപായി ആർത്തവമെത്തുന്ന കാലം കൂടിയാണിത്.

കൗമാരത്തിലേക്ക് എത്തുമ്പോൾ പെൺകുട്ടികളുടെ അണ്ഡാശയം സ്ത്രീ ഹോർമോണായ ഈസ്ട്രജൻ പുറത്തു വിടും. അണ്ഡാശയത്തിലാണു പ്രൊജസ്ട്രോണും രൂപപ്പെടുന്നത്. ഈ ഹോർമോണുകൾ ഗർഭപാത്രത്തിന്റെ ഉൾവശത്തെ പാളിയായ എൻഡോമെട്രിയത്തിന്റെ കട്ടി വർധിപ്പിച്ച് സ്പോഞ്ച് പോലെയാക്കുന്നു. ഗർഭധാരണം നടക്കാത്ത സാഹചര്യത്തിൽ ഈ ഹോർമോണുകളുടെ അളവു കുറഞ്ഞ് എൻഡോമെട്രിയത്തിന്റെ അകത്തെ പാളി ഇളകി വരുന്നു. തൽഫലമായി യോനീനാളത്തിലൂടെ രക്തസ്രാവം ഉണ്ടാകുന്നു. ഈ പ്രകിയയാണ് ആർത്തവം. ഇത് ആവർത്തിക്കുന്നതിനാൽ ആർത്തവചക്രം എന്നു പറയുന്നു.

ഒാരോ ആർത്തവചക്രത്തിലും ഒരു അണ്ഡം വളർന്നു ഗർഭപാത്രത്തിലേക്കു യാത്ര ആരംഭിക്കുന്നു. ഈ യാത്രയാണ് അണ്ഡവിസർജ്ജനം അഥവാ ഒാവുലേഷൻ എന്നറിയപ്പെടുന്നത്.

നേരത്തേ വന്നാൽ

മുൻതലമുറയിലെ പെൺകുട്ടികളിൽ ആദ്യആർത്തവം വന്നിരുന്നത് 12 വയസ്സിനും 16 വയസ്സിനും ഇടയിലായിരുന്നു. ഇപ്പോൾ 11 വയസ്സു മുതൽ ആർത്തവം കുട്ടികളിൽ കാണാറുണ്ട്. ഇന്ന് ആർത്തവം നേരത്തേ വന്നു വൈകി നിലയ്ക്കുന്നതാണു കണ്ടു വരുന്നത്. അതിന്റെ ഒരു പ്രധാന കാരണം സാമൂഹിക സാമ്പത്തിക നില മെച്ചപ്പെട്ടതു തന്നെയാണ്. കുട്ടികളുടെ ആഹാര ജീവിതശൈലീമാറ്റങ്ങളും ആർത്തവത്തെ സ്വാധീനിക്കുന്നു. കുട്ടികളുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവുമായി നേരത്തേ എത്തുന്ന ആർത്തവത്തിനു ബന്ധമുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്. പെട്ടെന്നു വണ്ണം വയ്ക്കുന്ന കുട്ടികൾ പ്രോട്ടീൻ കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും കാരണമാണ്. അതേസമയം സമീകൃതാഹാരം കഴിക്കുന്നവരിലും കൊഴുപ്പു കൂടിയ ആഹാരം കഴിക്കുന്നവരിലും ആർത്തവം നേരത്തേ വരുന്നതായി കാണാറുണ്ട്.

പാരമ്പര്യവും ഘടകമാണ്. അമ്മയ്ക്കോ മുതിർന്ന സഹോദരിമാർക്കോ നേരത്തെ ആ ർത്തവം വന്നാൽ കുട്ടികൾക്ക്  ആർത്തവം വരാൻ സാധ്യതയുണ്ട്. വ്യായാമം ഇല്ലാത്തതും ഉയർന്ന കാലറിയുള്ള ആഹാരരീതിയും കാരണം ശരീരഭാരവും ഉയരവും വർധിക്കുന്നതും ആർത്തവത്തെ സ്വാധീനിക്കുന്നു. പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ ആർത്തവം വന്നാൽ മാത്രമേ അതു രോഗവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായി കണക്കാക്കേണ്ടതുള്ളൂ. പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ ആർത്തവം പ്രകടമായാൽ മസ്തിഷ്കവുമായി ബന്ധപ്പെട്ട പ്രശ്നമോ വയറിലോ മറ്റു ഭാഗത്തോ ഹോർമോൺ സ്രവിപ്പിക്കുന്ന മുഴകളോ ഹോർമോൺ പ്രശ്നങ്ങളോ കാരണമാകാം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ജിഷ ജോസ്

കൺസൽറ്റന്റ് ഗൈനക്കോളജിസ്‌റ്റ്

മേരിക്യൂൻസ് മിഷൻ ഹോസ്പി‌റ്റൽ , കാഞ്ഞിരപ്പള്ളി

Tags:
  • Manorama Arogyam