Saturday 05 April 2025 05:04 PM IST

ഗുളിക കഴിച്ചാലും മാറാത്ത അടിവയർ വേദന, കൃത്യമല്ലാത്ത ആർത്തവചക്രം ഇവയുണ്ടോ? ഡോക്ടർ പറയുന്നത്

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

mestpain23423

ഡിസ്മെനൂറിയ അഥവാ ആർത്തവകാലത്തുണ്ടാകുന്ന വേദന രണ്ടു തരമുണ്ട്. സ്പാസ്മോഡിക് ഡിസ്മെനൂറിയ, കൺജെസ്‌റ്റീവ് ഡിസ്മെനൂറിയ എന്നിവയാണവ.

ആർത്തവം തുടങ്ങുന്ന ദിവസം ആരംഭിച്ചു നന്നായി രക്‌തസ്രാവം വരുമ്പോഴേയ്ക്കും മാറുന്ന വേദനയാണു സ്പാസ്മോഡിക് ഡിസ്മെനൂറിയ. വേദന കുറയുന്നതിനു ചൂടു വയ്ക്കുകയോ ലഘു വേദനാ സംഹാരികൾ ഉപയോഗിക്കുകയോ ചെയ്യാം. ഒരു ആർത്തവചക്രത്തിൽ ഒന്നോ രണ്ടോ വേദനാസംഹാരികൾ കഴിക്കുന്നതിനു കുഴപ്പമില്ല. വേദന കുറയാത്തവർക്കു മെഫ്‌റ്റാൽ സ്പാസ് എന്ന ഗുളിക ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാം.

ചില കുട്ടികളിൽ ആർത്തവം തുടങ്ങുന്നതിന് ഒരാഴ്ച മുൻപെ ശക്തമായ അടിവയർവേദന ആരംഭിക്കുന്നു. വേദനാസംഹാരി കഴിച്ചാലും ഈ വേദന കുറയാത്തതായി കാണാറുണ്ട്. ആർത്തവവേദന ആർത്തവചക്രത്തിലുടനീളം ഉണ്ടാകും. ഇവരിൽ ചിലരിലെങ്കിലും എൻഡോമെട്രിയോസിസ് സംശയിക്കേണ്ടതാണ്. അണ്ഡാശയത്തിൽ ചെറിയ മുഴകളും സിസ്‌റ്റുകളും ഉണ്ടോ എന്നും അറിയണം.

രോഗാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആർത്തവവേദനയെ കൺജസ്‌റ്റീവ് ഡിസ്മെനൂറിയ എന്നു പറയുന്നു. ആർത്തവവേദനയുമായി ബന്ധപ്പെട്ടു ഛർദി ഉള്ള കുട്ടികൾക്കു ഡോക്ടർ ഛർദിക്കാതിരിക്കാനുള്ള മരുന്നുകൾ നൽകാറുണ്ട്. ആർത്തവവേദന കാരണം  സ്കൂളിൽ പോകാതിരിക്കേണ്ട ആവശ്യമില്ല. അധിക രക്തസ്രാവമില്ല എങ്കിൽ വേദനാസംഹാരികൾ കഴിച്ചു ക്ലാസിൽ പോകാം.

ഡോക്ടറെ കാണേണ്ടത്

ആർത്തവം തുടങ്ങി രണ്ടു വർഷത്തിനുശേഷവും ആർത്തവചക്രം കൃത്യമാകുന്നില്ലെങ്കിൽ ഡോക്ടറെ കാണുക പ്രധാനമാണ്. രക്തസ്രാവം തീരെ കുറയുക, ആർത്തവകാലം മുഴുവൻ വേദന, ഉയർന്ന അളവിൽ പുരുഷ

ഹോർമോണിന്റെ സാന്നിധ്യം, പത്തു ദിവസം കൂടുമ്പോൾ ആർത്തവം, അധികരക്തസ്രാവം ഇവ ശ്രദ്ധിക്കണം. ചില കുട്ടികളിൽ ഹോർമോൺ വ്യതിയാനങ്ങളും കാണാം. തീരെ രക്തസ്രാവം ഇല്ലാത്ത കുട്ടികളിൽ തലച്ചോറിൽ നിന്നുള്ള ഹോർമോണുകളുടെ പ്രവർത്തന വ്യത്യാസം പരിശോധിക്കണം. തൈറോയ്ഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ആർത്തവപ്രശ്നങ്ങൾ വരാം. ഇതിനു ടിഎസ് എച്ച് പോലെ രക്തപരിശോധനകളാണു ചെയ്യുന്നത്. പ്രൊലാക്‌റ്റിൻ ഹോർമോൺ നിലയും നിർണയിക്കാറുണ്ട്. വിളർച്ചയും പരിശോധിക്കാറുണ്ട്. പേഷകാഹാരക്കുറവ്, വിരയ്ക്കു ചികിത്സ ചെയ്യാത്തത് ഇവ രക്തക്കുറവിലേക്കു നയിക്കാം. ചില രോഗാവസ്ഥകളും കാരണമാകാം.


വിവരങ്ങൾക്കു കടപ്പാട്
ഡോ. ജിഷ ജോസ്
കൺസൽറ്റന്റ്  ഗൈനക്കോളജിസ്‌റ്റ്
മേരിക്യൂൻസ് മിഷൻ ഹോസ്പി‌റ്റൽ , കാഞ്ഞിരപ്പള്ളി

Tags:
  • Daily Life
  • Manorama Arogyam