Tuesday 19 October 2021 04:01 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകളിലെ ഇടുപ്പെല്ല് പൊട്ടൽ കൂടുന്നു; കാരണം അസ്ഥിതേയ്മാനം: ചികിത്സകൾ അറിയാം

osteo343

എൺപതു വയസ്സുണ്ടായിരുന്നെങ്കിലും ഒരു അസുഖവും ഇല്ലാത്ത ആളായിരുന്നു നാണി അമ്മൂമ്മ. മൂന്ന് വർഷം മുൻപ് ഒരുദിവസം കുളിമുറിയിൽ ചെറുതായി ഒന്ന് തെന്നിവീണു. എഴുന്നേൽക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല. ഉടനെ ആശുപത്രിയിൽ കൊണ്ടുപോയി. എക്സ്റേ എടുത്തപ്പോൾ ഇടുപ്പെല്ല് പൊട്ടിയതാണ്.

രണ്ടുദിവസത്തിനു ശേഷം ഓപ്പറേഷൻ നടത്തി. അമ്മൂമ്മയുടെ വേദനയൊക്കെ മാറി. പക്ഷേ ആ വീഴ്ചയോടുകൂടി ആരോഗ്യം ക്ഷയിച്ചു. മൂന്നു മാസത്തിനുശേഷം മൂത്രത്തിൽ പഴുപ്പു വന്ന് സോഡിയം കുറഞ്ഞു മരണപ്പെട്ടു. ചെറുതായി തെന്നി വീണതിൽ നിന്നും മരണത്തിലേക്കു പോലും എത്തുന്ന ഇത്തരം കേസുകൾ നമുക്കിടയിൽ ധാരാളം.

ഇടുപ്പിലെ പൊട്ടൽ

അടുത്തിടെയായി ഇടുപ്പെല്ല് ഒടിയുന്നത് കൂടുതലായി കണ്ടുവരുന്നുണ്ട്. പ്രായമേറിയവരിൽ ചെറിയ വീഴ്ചകൾ കൊണ്ടുതന്നെ ഇടുപ്പെല്ലിന് പൊട്ടലുണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇതിനുള്ള പ്രധാന കാരണമാണ് ഓസ്റ്റിയോപൊറോസിസ് അഥവാ എല്ലുതേയ്മാനം (അസ്ഥിബലക്ഷയം) എന്ന നിശ്ശബ്ദ കൊലയാളിയായ രോഗം.

50 വയസ്സിനുമുകളിലുള്ള സ്ത്രീകളിൽ മൂന്നിൽ ഒരാൾക്കു എല്ലു തേയ്മാനം മൂലം ഒടിവുകൾ ഉണ്ടാകുന്നുണ്ട്‌. നമ്മൾ സാധാരണയായി കേൾക്കുന്ന അസുഖങ്ങൾ ആണല്ലോ ഹൃദയാഘാതവും പക്ഷാഘാതവും സ്തനാർബുദവും ഒക്കെ. ഈ അസുഖം ബാധിച്ച ആളുകളുടെ എണ്ണത്തേക്കാളൊക്കെ വളരെ കൂടുതലാണ് ഒരുവർഷം എല്ലുതേയ്മാനം കാരണം ഇടുപ്പ്എല്ല് ഒടിയുന്നവരുടെ എണ്ണം. മാത്രമല്ല ഇടുപ്പെല്ല് ഒടിഞ്ഞവരിൽ 25% പേർ ഒരുവർഷത്തിനുള്ളിൽ മരണത്തിനു കീഴടങ്ങുന്നു എന്നതും ഇതെത്ര ഗൗരവമുള്ളതാണ് എന്ന് ഓർമിപ്പിക്കുന്നു.

രോഗികളിൽ ബഹുഭൂരിഭാഗത്തിനും ഒടിവിനു മുൻപ് ചെയ്തിരുന്ന പല ദൈനംദിന കാര്യങ്ങളും ചെയ്യാൻ പറ്റാത്ത രീതിയിലാകുന്നു. ഇതു ജീവിത നിലവാരത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു എന്നതും വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. ഇപ്പോഴത്തെകണക്കുകൾ അനുസരിച്ചു നമ്മുടെ ജനസംഖ്യയുടെ 15 % ആളുകൾ 50 വയസ്സിനു മുകളിൽ ആണ് ഉള്ളത്. അടുത്ത രണ്ട് ദശകങ്ങൾ കൊണ്ട് ഇത് 25 ശതമാനം എത്താനാണ് സാധ്യത.

സമൂഹത്തിൽ പ്രായംകൂടിയവരുടെ എണ്ണം കൂടുമ്പോൾ വരും വർഷങ്ങളിൽ എല്ലുതേയ്മാനം ഉണ്ടാകുന്നവരുടേയും അതുമൂലം ഇടുപ്പ് ഒടിയുന്നവരുടെയും എണ്ണം ഇനിയും കൂടിവരാൻ തന്നെയാണ് സാധ്യത.

അസ്ഥികളെ അടുത്തറിയാം

എല്ലുകളെ ബലമുള്ളതും വഴക്കമുള്ളതും ആക്കുന്നത്‌ അവ നിർമിച്ചിരിക്കുന്ന മൂന്ന് അടിസ്ഥാന ഘടകങ്ങളുെട സഹായത്താലാണ്.

1, കൊളാജന്‍ എന്ന പ്രോട്ടീന്‍ എല്ലുകളൂടെ വഴക്കത്തിനു വേണ്ട ആവരണം നല്‍കുന്നു.

2.കാത്സ്യം- ഫോസ്‌ഫേറ്റ്‌ -മിനറല്‍ കോംപ്ലക്സ്‌. എല്ലുകൾക്കു ബലവും ഘനവും നല്‍കുന്നു.

3. അസ്ഥി കോശങ്ങൾ: എല്ലുകളില്‍ പ്രധാനമായും രണ്ടുതരം കോശങ്ങളാണുള്ളത്.

∙ ഓസ്റ്റിയോബ്ലാസ്റ്റ്‌ (Osteoblast)-എല്ലുകളുടെ നിര്‍മാണത്തിനു സഹായിക്കുന്നു.

∙ ഓസ്റ്റിയോക്ലാസ്റ്റ്‌ (Osteoclast): പഴയ അസ്ഥികോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

ചെറുപ്പത്തിലെ അസ്ഥിയും വാർധക്യത്തിലെ ബലക്ഷയവും

എല്ലുകളുടെ നിര്‍മാണത്തിനു സഹായിക്കുന്ന ഓസ്റ്റിയോബ്ലാസ്റ്റ്‌ കോശങ്ങള്‍ ചെറുപ്പക്കാരില്‍ ഓസ്റ്റിയോക്ലാസ്റ്റ്‌ കോശങ്ങളെക്കാള്‍ സജീവമാണ്. അതു കൊണ്ടുതന്നെ എല്ലുകള്‍ രൂപീകരിക്കപ്പെടുകയും അവ കൂടുതൽ കരുത്തുള്ളതായി മാറുകയും ചെയ്യും. കുട്ടികളിലും കൗമാരപ്രായക്കാരിലും പഴയ അസ്ഥികോശങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനേക്കാളുപരി നിര്‍മിക്കപ്പെടുകയാണു ചെയ്യുന്നത്‌. അതായത്‌ ‘പീക്ക്‌ ബോൺ ‍ മാസ്‌ എന്ന അവസ്ഥ എത്തുന്നതുവരെ എല്ലുകള്‍ക്കു ഘനം വയ്ക്കുന്നു എന്നതാണ് ‌ഇതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌.

മനുഷ്യജീവിതത്തിൽ ഏറ്റവും കൂടിയ അളവില്‍ എല്ലുകള്‍ കാണപ്പെടുന്ന പോയിന്‍റാണ് ‌പീക്ക്‌ ബോൺ ‍ മാസ്‌. ഇതു സാധാരണയായി സംഭവിക്കുന്നത്‌ 18 നും 25 നും മധ്യേയാണ്. പീക്ക്‌ ബോൺ ‍ മാസിന്റെ സമയത്ത്‌ എല്ലുകള്‍ എത്രത്തോളം കൂടുതലുണ്ടോ അത്രത്തോളം ഓസ്റ്റിയോപൊറോസിസ്‌ ഉണ്ടാകുവാനും എല്ലുകള്‍ ഒടിയുവാനും ഉള്ള സാധ്യത കുറവായിരിക്കും.

ആവശ്യാനുസരണം കാത്സ്യവും വൈറ്റമിന്‍ ഡി യും എടുക്കുക. ഒപ്പം വ്യായാമം ചെയ്യുക. അതിലൂടെ കൂട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും ഘനമുള്ള എല്ലുകള്‍ രൂപപ്പെടുത്തുന്നതിനും പ്രായമാകുമ്പോള്‍ ഓസ്റ്റിയോപൊറോസിസ്‍‌ ഉണ്ടാകുന്നതു തടയുവാനും സാധിക്കും.

ഒടിവുണ്ടാകും വരെ അറിയില്ല

ഓസ്റ്റിയോപൊറോസിസിന്റെ പ്രാരംഭഘട്ടത്തിൽ രോഗലക്ഷണങ്ങളോ മുന്നറിയിപ്പ് അടയാളങ്ങളോ ഉണ്ടാകില്ല. മിക്കപ്പോഴും, ഓസ്റ്റിയോപൊറോസിസ് ഉള്ളവർ ഒടിവുണ്ടാകുന്നതു വരെ തങ്ങൾക്ക് ഈ അവസ്ഥയുണ്ടെന്ന് അറിയില്ല. കുടുംബത്തിൽ ഓസ്റ്റിയോപൊറോസിസ് ഉള്ളവരുണ്ടെങ്കിൽ ഡോക്ടറുമായി സംസാരിക്കുന്നത് നിങ്ങളുടെ അപകടസാധ്യത വിലയിരുത്താൻ സഹായിക്കും. ഉചിതമായ ചികിത്സ എടുക്കാതിരുന്നാൽ ഓസ്റ്റിയോപൊറോസിസ് വഷളാകും. എല്ലുകൾ ഭാരം കുറഞ്ഞതും ദുർബലവുമാകുമ്പോൾ, ഒടിവുണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. വീഴ്ചയിൽ നിന്നു മാത്രമല്ല ശക്തമായ തുമ്മലിൽ നിന്നോ ചുമയിൽ നിന്നോ പോലും ഒടിവുണ്ടാകാം. പുറം അല്ലെങ്കിൽ കഴുത്തു വേദന, അല്ലെങ്കിൽ ഉയരം നഷ്ടപ്പെടൽ എന്നിവയും സംഭവിക്കാം. ഉയരം നഷ്ടപ്പെടുന്നത് കശേരുക്കളുടെ സമ്മർദ ഒടിവുമൂലമാണ്.

അപായസാധ്യതാ ഘടകങ്ങൾ

പ്രായം: ഓസ്റ്റിയോപൊറോസിസിന്റെ ഏറ്റവും വലിയ അപായ
സാധ്യതാ ഘടകം പ്രായം ആണ്.
ജീവിതകാലം മുഴുവൻ അസ്ഥി നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നുണ്ട്. എന്നിരുന്നാലും പ്രായം മുപ്പതുകളിൽ എത്തുമ്പോഴേക്കും നവീകരണ വേഗം കുറയുകയും അസ്ഥിക്ഷയിക്കുന്ന വേഗം കൂടുകയും ചെയ്യും. അങ്ങനെ പ്രായമേറുന്തോറും സാന്ദ്രത കുറഞ്ഞതും കൂടുതൽ ദുർബലവുമായ അസ്ഥികളിലേക്കു നീങ്ങുന്നു, അതിനാലാണ് അസ്ഥി പൊട്ടാനുള്ള സാധ്യത കൂടുന്നത്.

ആർത്തവവിരാമം:

45 മുതൽ 55 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലെ മറ്റൊരു പ്രധാന അപായഘടകമാണ് ആർത്തവവിരാമം. ഈ സമയത്തെ ഹോർമോൺ അളവുകളിലുള്ള മാറ്റം കാരണം സ്ത്രീയുടെ അസ്ഥികളുെടയും ബലം കുറയുന്നു.

ഈ പ്രായത്തിൽ പുരുഷന്മാർക്കും അസ്ഥിയുെട ബലക്ഷയം തുടരുന്നുണ്ട്. പക്ഷേ സ്ത്രീകളേക്കാൾ വേഗത കുറവാണ്. എന്നിരുന്നാലും, 65 നും 70 നും ഇടയിൽ പ്രായമാകുമ്പോൾ അസ്ഥിബലക്ഷയമെന്ന ഓസ്റ്റിയോ പൊറോസിസിന്റെ കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരേ നിരക്കിൽ എത്തുന്നു.

ഓസ്റ്റിയോപൊറോസിസ്: മറ്റ് അപായഘടകങ്ങൾ

∙ഓസ്റ്റിയോപൊറോസിസിന്റെ കുടുംബ പാരമ്പര്യം

∙അപര്യാപ്തമായ അളവിലുള്ള കാത്സ്യം, വൈറ്റമിന്‍ ഡി, പഴങ്ങള്‍, പച്ചക്കറി ഉപയോഗം

∙അമിതമായ അളവില്‍ പ്രോട്ടീന്‍, ഉപ്പ്‌, കാപ്പി എന്നിവയുടെ ഉപഭോഗം. കാപ്പിയിലുള്ള കഫീന്‍ എന്ന രാസവസ്തു കാത്സ്യത്തിന്റെ ആഗിരണത്തെ കുറയ്ക്കുന്നു

∙പുകവലി, അമിത മദ്യപാനം, അലസമായ ജീവിതരീതി

∙ ശരീരഭാരം കുറഞ്ഞുപോകൽ തൈറോയ്ഡും കാരണമാകാം

ഓസ്റ്റിയോപൊറോസിസിന്റെ കാരണങ്ങളിൽ ഹൈപ്പർതൈറോയ്ഡിസം പോലുള്ള ചില രോഗാവസ്ഥകളും ഉൾപ്പെടുന്നു. ചില മരുന്നുകളുടെ ഉപയോഗവും കാരണമാകാം. ഉദാഹരണത്തിന് - ദീർഘകാല സ്റ്റിറോയ്ഡ് ഉപയോഗം, കാന്‍സറിനുപയോഗിക്കുന്ന മരുന്നുകള്‍, ഫീനോബാര്‍ബിറ്റല്‍ പോലെയുള്ള അപസ്മാരത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയും കാരണമാകാറുണ്ട്.

ഗർഭാവസ്ഥയും മുലയൂട്ടലും

ഗർഭധാരണത്തിന്റെയും മുലയൂട്ടുന്നതിന്റെയും ഒരു സാധാരണ ഭാഗമാണ് അസ്ഥികളുടെ സാന്ദ്രത താൽക്കാലികമായി കുറയുക എന്നത്. ഇതിനു കാരണം അമ്മമാരുടെ എല്ലുകളിലുള്ള കാത്സ്യവും വൈറ്റമിന്‍ ഡി യുമാണ് കുഞ്ഞുങ്ങളിലേക്ക്‌ പോകുന്നത് എന്നതാണ്. അതിനാല്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ആവശ്യത്തിന്‌ കാത്സ്യവും വൈറ്റമിന്‍ ഡിയും കിട്ടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ടത്‌ ഓസ്റ്റിയോപൊറോസിസ്‍‌ തടയാന്‍ അത്യന്താപേക്ഷിതമാണ്.

അസ്ഥി ആരോഗ്യം കൂട്ടാൻ

എല്ലാ പ്രായത്തിലും അസ്ഥികളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണ്. എങ്കിലും ഓസ്റ്റിയോപൊറോസിസ്‍ പ്രതിരോധം കുട്ടിക്കാലത്ത് ആരംഭിക്കേണ്ടതാണ്.

∙കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളായ പാൽ, തൈര്, പച്ച ഇലക്കറികൾ, കാത്സ്യം കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടെ സമീകൃതാഹാരം കുട്ടികൾക്കു നൽകുക.

∙കുട്ടിക്ക് ശരിയായ അളവിൽ വൈറ്റമിൻ ഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

∙കുട്ടികളും കൗമാരക്കാരും ദിവസവും സജീവമായിരിക്കുകയും കുറഞ്ഞത് 60 മിനിറ്റ് മിതമായ വ്യായാമം നേടുകയും വേണം.

∙പുകവലി, മദ്യപാനം ഒഴിവാക്കുക.

മരുന്നു ചികിത്സ

ഓസ്റ്റിയോപൊറോസിസിന്‌ ഉപയോഗിക്കുന്ന മരുന്നുകള്‍ പ്രധാനമായും മൂന്നു തരമുണ്ട്‌.

ബിസ്ഫോസ്ഫൊനേറ്റ്സ് (Bisphosphonates), ടെറിപാരറ്റൈഡ് (Teriparatide), ഡിനോസുമാബ്(Denosumab) എന്നിവയാണവ.
1. ബിസ്ഫോസ്ഫൊനേറ്റ്സ്:

അസ്ഥിയെ ക്ഷയിപ്പിക്കുന്ന ഓസ്റ്റിയോക്ലാസ്റ്റ്‌ കോശങ്ങളുടെ പ്രവര്‍ത്തനത്തെ തടയുകയാണ് ഈ മരുന്നുകളുെട പ്രധാന ലക്ഷ്യം. അതിന്റെ ഫലമായി എല്ലുകളുടെ ശോഷണം കുറയും. ഈ മരുന്നുകള്‍ ആഹാരത്തിനു മുമ്പ് വെറും വയറ്റില്‍ കഴിക്കേണ്ടവയും ഒരു മണിക്കൂറോളം മറ്റ്‌ ആഹാരപദാർഥങ്ങൾ ഒഴിവാക്കേണ്ടതും നിവര്‍ന്നിരിക്കേണ്ടതും ആണ്.

ദിവസേന കഴിക്കേണ്ടതോ ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കേണ്ടതോ ആയ വിധത്തില്‍ ഈ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. വര്‍ഷത്തിലൊരിക്കല്‍ എടുക്കുന്ന ഇ ഞ്ചക്‌ഷന്‍ ആയും ഈ മരുന്നുകള്‍ ലഭ്യമാണ് ‌.

2. ടെറിപാരറ്റൈഡ്: എല്ലുകളുടെ പുനര്‍ നിര്‍മാണത്തിന്റെ ആക്കം കൂട്ടുകയും അതുവഴി എല്ലുകള്‍ ഒടിയുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

3. ഡിനോസുമാബ്: ഇത് അസ്ഥി തകരുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും ഇത് സഹായിക്കുന്നു.ഓരോ ആറുമാസത്തിലും എടുക്കുന്ന കുത്തിവെയ്പ് ആണ് ഈ മരുന്ന്.

ഈ മരുന്നുകൾ കൂടാതെ ഈസ്ട്രജൻ, കാൽസിടോണിൻ തുടങ്ങിയവയും ഓസ്റ്റിയോപൊറോസിസ് ചികിത്സയിൽ ഉപയോഗിക്കാറുണ്ട്.

ഡോ. പത്മനാഭ ഷേണായി

മെഡി. ഡയറക്ടർ & കൺസൽറ്റന്റ്

റുമറ്റോളജിസ്റ്റ്
സെന്റർ ഫോർ ആർത്രൈറ്റിസ് & റുമാറ്റിസം, കൊച്ചി

Tags:
  • Fitness Tips
  • Manorama Arogyam
  • Health Tips