ഒരു നർത്തകി നടിയാകുമ്പോൾ അഭിനയത്തിന് ഒരു പ്രത്യേക ചാരുത ഉണ്ടാകും. ഇതരഭാഷാചിത്രങ്ങളിലാണു കൂടുതൽ തിളങ്ങുന്നതെങ്കിലും ഇടയ്ക്കു മലയാളസിനിമയിലുമെത്തുന്ന ഷംനയെക്കുറിച്ചാണു പറയുന്നത്. അടുത്തയിടെ ഒരു കുട്ടനാടൻ ബ്ലോഗിലെ എസ് െഎ നീനാ കുറുപ്പായും മധുരരാജയിലെ അമലയായും ഷംനയെ കണ്ട് ആരാധകർ അതിശയിച്ചിരിപ്പാണ്. മെലിഞ്ഞ് മെലിഞ്ഞ് കൂടുതൽ മൊഞ്ചത്തിയായിരിക്കുന്നു നമ്മുടെ ഷംനാ കാസിം.
Q പ്രചോദനം?
കൊച്ചിയിലാണു താമസമെങ്കിലും ഞാൻ കണ്ണൂരുകാരിയാണ്. ഞങ്ങളുടെ എല്ലാ ആഹാരവും കൊഴുപ്പ് കൂടിയവയാണ്. മാത്രമല്ല വീട്ടിലെല്ലാവരും നല്ല ഭക്ഷണ പ്രിയരുമാണ്. എന്നാൽ പെർഫോമൻസ് ചെയ്യുമ്പോൾ വണ്ണമുണ്ടെങ്കിൽ അതു നമ്മുടെ സ്റ്റാമിനയെ ബാധിക്കും. ഇതരഭാഷാചിത്രങ്ങളിൽ അഭിനയിക്കുന്ന സമയത്തും യാത്രകളിലുമൊക്കെയാണ് ഡയറ്റിങിന്റെ കാര്യത്തിൽ ഞാൻ കൂടുതൽ ബോധവതിയായത്. പ്രത്യേകിച്ചും തെലുങ്കു സിനിമ ചെയ്തു തുടങ്ങിയപ്പോൾ. അവരൊക്കെ ഡയറ്റിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്നവരാണ്. അവരൊക്കെ ചിലപ്പോൾ വണ്ണത്തിന്റെ കാര്യം പറഞ്ഞു കളിയാക്കും. വസ്ത്രം ധരിക്കുമ്പോഴൊക്കെ വണ്ണമുണ്ടെങ്കിൽ അത് ആത്മവിശ്വാസത്തെ ബാധിക്കുമല്ലോ.
കന്ധകോട്ടൈ എന്ന സിനിമയുടെ സെറ്റിൽ കൂടെ അഭിനയിക്കുന്ന ഉത്തരേന്ത്യക്കാർ പഴങ്ങളും മറ്റും ഉൾപ്പെടുത്തി ചിട്ടയോടെ ആഹാരം ക്രമീകരിക്കുന്നതായി കണ്ടു. അപ്പോൾ എനിക്കും ഡയറ്റ് ചെയ്യണം, ജിമ്മിൽ പോകണം എന്നൊക്കെ തോന്നിത്തുടങ്ങി.
Q ഡയറ്റ് മെയ്ക് ഒാവർ?
5–6 വർഷത്തോളം ചെന്നൈ സ്വദേശിയായ ഒരു ഡയറ്റീഷന്റെ മാർഗനിർദേശത്തോടെയാണ് ഡയറ്റ് ക്രമീകരിച്ചത്. ഇപ്പോൾ സ്വന്തം അനുഭവങ്ങളിൽ നിന്ന് ഏതാണ് നല്ല ഭക്ഷണം എന്ന് അറിഞ്ഞു കഴിഞ്ഞു. ആവശ്യഘട്ടങ്ങളിൽ ഡയറ്റീഷന്റെ സഹായം തേടും. 2009–ൽ 70 കിലോ ആയിരുന്നു ഭാരം. 2011 ആയപ്പോഴേക്കും അത് 58 ലേക്കു കൊണ്ടു വന്ന് വർഷങ്ങളോളം നിലനിർത്തി. പിന്നീട് അൽപം വണ്ണം വച്ചു. അടുത്തയിടെ ഒരു ഡയറ്റ് മെയ്ക് ഒാവർ ചെയ്തപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്. ഇപ്പോൾ 60 കിലോ ഭാരമുണ്ട്. അത് കൊഴുപ്പല്ല... പേശീഭാരമാണ്. ബോഡി മാസ് ഇൻഡക്സ് പ്രകാരം 58 കിലോ മതി. ഒന്നിടവിട്ട ദിവസങ്ങളിൽ 45 മിനിറ്റ് വർക്ഒൗട്ട് ചെയ്യാറുണ്ട്.
വീട്ടിലുള്ളപ്പോൾ മമ്മി ഉണ്ടാക്കുന്നതു കഴിക്കും. പാലും കുടിക്കാറുണ്ട്. ഷൂട്ടിങ് ദിവസങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ ഡയറ്റ് ചെയ്യും. ശനിയാഴ്ച രാവിലെ നല്ലൊരു ബ്രേക് ഫാസ്റ്റ് കഴിക്കും. ഡയറ്റിങ് തുടരും. ഞായറാഴ്ച നല്ലൊരു ലഞ്ച് കഴിക്കും. രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കും. ഇളംചൂടുവെള്ളത്തിൽ നാരങ്ങാനീരു ചേർത്താണ് ഇതു തയാറാക്കുന്നത്. പഞ്ചസാര ചേർക്കില്ല. ഡയറ്റ് ദിവസങ്ങളിലെ ബ്രേക്ഫാസ്റ്റിൽ മുട്ടവെള്ള മൂന്നെണ്ണം കഴിക്കും. ഇതിനൊപ്പം ആപ്പിളോ മാതളനാരങ്ങയോ ഏതെങ്കിലും ഒന്നിന്റെ പകുതി. കൂടെ ഗ്രീൻടീയും. ചായയും കാപ്പിയും കുടിക്കാറില്ല.
ഉച്ച ഭക്ഷണത്തിൽ സാധാരണ മില്ലറ്റ്സ് ആണ് കഴിക്കാറുള്ളത്. ചപ്പാത്തി എന്റെ ശരീരപ്രകൃതിക്കു ചേരില്ല. ഇടയ്ക്ക് അൽപം കുത്തരിച്ചോറു കഴിക്കും. അതിനൊപ്പം പച്ചക്കറികളും പ്രോട്ടീനും കഴിക്കും. വീട്ടിലാണെങ്കിൽ ഫിഷ് കഴിക്കും. ഫ്ളാക്സ് സീഡ്സ്, ചിയാ സീഡ്സ് ഇവ കൂടി ആഹാരത്തിനൊപ്പം ചേർത്താൽ സ്കിൻ തിളങ്ങും. ദിവസവും ഒരു ആഹാരത്തിനൊപ്പം ഒരു സ്പൂൺ നെയ് ചേർത്തു കഴിക്കാറുണ്ട്.
ഇപ്പോൾ മാംസവിഭവങ്ങളോട് തീരെ താൽപര്യമില്ല. ചിക്കൻ, ബീഫ് അതൊന്നും കഴിക്കില്ല.
രാത്രി പ്രോട്ടീനിനാണു പ്രാധാന്യം-ഫിഷും വെജിറ്റബിൾസും.. വൈകിട്ട് ഏഴുമണിക്കു ശേഷം ഒന്നും കഴിക്കില്ല. ഉച്ചയ്ക്കും രാത്രിയിലും പച്ചക്കറികൾ കഴിക്കും. ചെറുപയർ മുളപ്പിച്ചത്, നിലക്കടല പുഴുങ്ങിയത്, ഫ്രൂട്ട്സ് ഇതൊക്കെയാണ് സ്നാക്സ്. ഫ്രൂട്ട്സിനൊപ്പം വീട്ടിൽ തയാറാക്കിയ പീനട്ട് ബട്ടറും കഴിക്കും. മമ്മിയുണ്ടാക്കുന്ന നെയ്മീൻ ബിരിയാണിയാണ് പ്രിയഭക്ഷണം. ചോക്‌ലെറ്റിനോട് ഇത്തിരി കൊതി കൂടുതലുണ്ട്. ‘‘ഡാൻസ് വിഡിയോകൾ കണ്ടിട്ട് മെലിഞ്ഞു സുന്ദരിയായല്ലോ എന്ന് ആളുകൾ കമന്റ് ചെയ്യാറുണ്ട്. ’ – ഷംനയുടെ കണ്ണുകളിൽ നാണം വിടരുന്നു.