Saturday 05 March 2022 04:49 PM IST : By Christy Rodriguez

കശ്മീരിലെ ഗ്രാമീണർ പറയുന്നു ഞങ്ങളുടെ ഈ ഗ്രാമവും കേരളം തന്നെ. കശ്മീരിലെ മിനി കേരളത്തിലെത്തിയ മലയാളി ബൈക്ക് സഞ്ചാരി

mini kerala kashmir3

ഹോട്ടൽ മുറിയിലെ കട്ടിയുള്ള കമ്പിളിക്കിടയിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ് ഉറക്കം തടസ്സപ്പെടുത്തി. ഇരുട്ടിൽ തപ്പിത്തടഞ്ഞ് ചുമരിലെ ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തു. ബൾബ് തെളിഞ്ഞു എങ്കിലും വോൾട്ടേജ് ഇല്ലാത്തതിനാൽ അരണ്ട പ്രകാശം മാത്രം. പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തികൾ സന്ദർശിച്ച ശേഷം അമൃത്‌സറിൽ രണ്ടു മൂന്നു ദിവസം താമസിച്ചു. വിഖ്യാതമായ സുവർണ ക്ഷേത്രത്തിന്റെ സൗന്ദര്യവും സിഖ് ആതിഥേയത്വവും ആസ്വദിച്ചിട്ടാണ് പഞ്ചാബ് വിട്ടത്. ഉത്തരേന്ത്യൻ സമതലങ്ങളിലൂടെയുള്ള യാത്ര ഒരു ഭാഗം അപ്പോഴേക്ക് പൂർത്തിയാക്കി. ഇനി ഹിമാലയത്തിന്റെ താഴ്‌വരകളിലേക്കാണ് സഞ്ചരിക്കേണ്ടത്.

അമൃത്‌സറിലെ കൊടും ചൂടിൽ നിന്ന് ഒറ്റ ദിവസത്തെ മോട്ടോർസൈക്കിൾ സവാരി എത്തിച്ചത് കശ്മീരിൽ കത്വയിലെ കൊടും തണുപ്പിലേക്കാണ്. കേന്ദ്ര ഗവൺമെന്റ് ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ലഡാക്ക് പ്രദേശത്തെ വിഭജിക്കുകയും ചെയ്ത സമയം. അതിൽ ജനങ്ങൾക്കു പ്രതിഷേധം ഉണ്ട്. പഞ്ചാബിന്റെ അതിർത്തി കടന്നതോടെ കടകളും ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. വിജനമായ റോഡുകൾ. ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചിരിക്കുന്നു. ഒരുപാട് അന്വേഷിച്ച് അലഞ്ഞിട്ടാണ് ഈ ഹോട്ടൽ മുറി കിട്ടിയത്. വൈകിട്ട് ഭക്ഷണം കിട്ടിയതുമില്ല. തണുപ്പും വിശപ്പും ചേർന്നപ്പോൾ ഉറക്കം അകലെയായി.

mini kerala kashmir

കാശ്മീരിലൂടെ തുടർന്നു സഞ്ചരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഹിമാചൽപ്രദേശിലെ കില്ലാർ താഴ്‌വര ലക്ഷ്യമാക്കി യാത്ര ചെയ്യുന്നതാകും ഉചിതം. സാധനസാമഗ്രികൾ ബൈക്കിൽ വെച്ചുകെട്ടി പുലർച്ചെ 6 മണിക്ക് യാത്ര പുനരാരംഭിച്ചു. തണുപ്പു മാറിയിട്ടില്ല. വഴിയോരക്കാഴ്ചകൾ ഏറെ മനോഹരം. അൽപ സമയത്തിനുള്ളിൽ ഹിമാചൽ പ്രദേശിൽ പ്രവേശിച്ചു.

അപകടം വന്ന വഴി

ചമ്പാ തടാകക്കരയിലൂടെയാണ് യാത്ര. കുതിച്ചൊഴുകുന്ന രാവി നദിയെ അണകെട്ടി തടഞ്ഞു നിർത്തിയപ്പോൾ രൂപപ്പെട്ടതാണ് ചമ്പാ തടാകം. പ്രസിദ്ധ സുഖവാസ കേന്ദ്രമായ ഡൽഹൗസി വഴിയുള്ള യാത്രയിൽ ഉദ്ദേശം 30 കിലോ മീറ്റർ ചമ്പാ തടാകത്തിന്റെ ഓരം ചേർന്നാണ് സഞ്ചരിച്ചത്. സ്തൂപികാഗ്ര മരങ്ങളും പുൽമേടുകളും മലകളും താഴ്‌വരകളും ചേർന്ന് വിസ്തൃതമായ കാൻവാസില്‍ ആരോ വരച്ചുവച്ച മനോഹരചിത്രം പോലുള്ള പ്രകൃതി.

മുഹൽ എന്ന സ്ഥലത്തെത്തിയപ്പോൾ മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് പാറക്കെട്ടിൽ ഇടിച്ചു മറിഞ്ഞു. കാലിലും കയ്യിലുമൊക്കെ മുറിവുകൾ, കടുത്ത വേദനയും. ഒരു ജീപ്പിലെത്തിയ നാട്ടുകാരായ ചെറുപ്പക്കാർ സഹായിക്കാൻ ഓടി വന്നു. അവർ എന്നെ എടുത്ത് ജീപ്പിൽ കിടത്തി. ബൈക്കിൽ വച്ചിരുന്ന സാധനസാമഗ്രികളെല്ലാം അവർ ജീപ്പിലേക്കു മാറ്റി. ഒരു യുവാവ് ബൈക്കുമായി ജീപ്പിനെ പിന്തുടർന്നു. അതിനു വലിയ കേടുപാടുകൾ ഉണ്ടായിട്ടില്ല. കാരിയർ ഒടിഞ്ഞു, കണ്ണാടി പൊട്ടി, ക്രാഷ് ഗാർഡ് വളഞ്ഞു... അത്രമാത്രം. കുണ്ടും കുഴിയും നിറഞ്ഞ മലഞ്ചെരുവിലൂടെ 30 കിലോ മീറ്റർ സഞ്ചരിച്ച് ചെറിയ ഒരു ആശുപത്രിയുടെ മുന്നിൽ എത്തി. മുറിവിലൂടെ തണുപ്പ് അരിച്ചു കയറി. അസഹ്യമായ വേദന... സഹായിക്കാൻ എത്തിയ ചെറുപ്പക്കാർ എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയ ശേഷം യാത്ര പറഞ്ഞു. എന്ത് ആവശ്യം വന്നാലും വിളിക്കണം എന്നു പറഞ്ഞ് ഫോൺ നമ്പറും തന്നു. മുറിവുകളിൽ മരുന്നു വച്ചു കെട്ടി. ഒരു കുത്തിവെയ്പും എടുത്തു. ഭാഗ്യവശാൽ ഭയപ്പെട്ടതുപോലെ വലിയ മുറിവുകള്‍ ആയിരുന്നില്ല ഒന്നും. വേദനസംഹാരി മരുന്നുകൾ എനിക്ക് അലർജിയായതിനാൽ വേദന മുഴുവൻ സഹിക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. കുറേ സമയം വിശ്രമിക്കാൻ ഡോക്ടർ പറഞ്ഞു. ഇടയ്ക്ക് അദ്ദേഹം തന്നെ വന്ന് ചൂടു ചായ നൽകി. സായാഹ്നമായതോടെ ആശുപത്രിയിൽ നിന്ന് യാത്ര പറഞ്ഞു. നിസാം എന്ന ആ ഡോക്ടർ ഫീസ് ഒന്നും വാങ്ങിയില്ല. ഇന്ന് ഇനി സഞ്ചരിക്കേണ്ട എന്ന് പറയുകയും ചെയ്തു. ഡോക്ടറുടെ സഹായത്തോടെ സാധനങ്ങൾ വണ്ടിയിൽ കെട്ടി വച്ചു. 10 കിലോ മീറ്റർ സഞ്ചരിച്ച് ഒരു ഹോട്ടലിൽ മുറിയെടുത്തു.

mini kerala kashmir2

അടുത്ത ദിവസം ഉണർന്ന് എഴുന്നേറ്റപ്പോൾ വേദന നന്നേ കുറഞ്ഞു. കില്ലാറിലേക്കുള്ള യാത്ര വൈകണ്ട എന്നു കരുതി. അൽപ ദൂരം സഞ്ചരിച്ചപ്പോൾ മുന്നോട്ടുള്ള വഴി അടച്ചിരിക്കുന്നു.

ജിപിഎസ്സിനെ പിന്തുടർന്നു, വഴിക്ക് ഇന്റർനെറ്റ് കൈവിട്ടു

അടച്ചിട്ട പാതയ്ക്കു ബദലായി മറ്റൊരു പാത ജിപിഎസ്സിൽ കാട്ടുന്നുണ്ട്. കൂടുതൽ ആലോചിക്കാൻ‌ ‍നിന്നില്ല. ആ വഴി യാത്ര തുടർന്നു. ചമ്പ ഡാമിന്റെ പവർ പ്രൊജക്ടർ പരിസരത്തുകൂടി ആ വഴി നീണ്ടു. അധികം താമസിയാതെ ഒരു കൊടുങ്കാട്ടിനുള്ളിൽ എത്തിച്ചേർന്നു. ഇന്റർനെറ്റ് കണക്ഷൻ നഷ്ടമാകുകയും ചെയ്തു. പിന്നെ മുന്നിൽ കാണുന്ന കാട്ടുവഴികളിൽക്കൂടി സഞ്ചരിച്ചു. ഇടയ്ക്ക് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരു നായ വഴികാട്ടിയെപ്പോലെ ബൈക്കിനു മുന്നിൽ സഞ്ചരിക്കാൻ തുടങ്ങി. ഉദ്ദേശം രണ്ടു കിലോ മീറ്റർ നായയുടെ പിന്നാലെ സഞ്ചരിച്ചപ്പോൾ ഒരു പട്ടാള ചെക്ക് പോസ്‌റ്റിനു മുന്നിൽ എത്തി.

mini kerala kashmir4

തോക്കേന്തിയ പട്ടാളക്കാരുടെ മുന്നിൽ ബൈക്ക് നിന്നു. അതുവരെ എന്റെ വഴികാട്ടിയെന്നോണം കൂടെ വന്ന നായ കാട്ടിൽ എവിടെയോ മറഞ്ഞിരിക്കുന്നു. അവിടെ വച്ച് ഹിമാചൽ പ്രദേശ് അവസാനിക്കുകയാണ്. ആ ഗേറ്റിന് മറുവശത്ത് കാശ്മീർ ആരംഭിക്കുകയാണ്. പട്ടാളക്കാരുടെ വാക്കുകൾ കേട്ട് ഉള്ളിൽ ഒരാന്തൽ... രണ്ടു ദിവസം മുൻപ് കാശ്മീരിൽക്കൂടി സഞ്ചരിച്ചതിന്റെ അനുഭവം ഉള്ളതുകൊണ്ട് വന്നവഴി തിരികേ പോകുന്നതാകും നല്ലത് എന്നു തോന്നി. ബൈക്ക് തിരിക്കാൻ ഒരുങ്ങിയപ്പോൾ പട്ടാളക്കാർ വീണ്ടും വിലക്കി. ‘ഈ കാട്ടിൽക്കൂടി ഇനി മടങ്ങേണ്ട. കരടികൾ ധാരാളമുള്ള കാട്ടിൽക്കൂടി അപകടമൊന്നും പറ്റാതെ ഇവിടെ എത്തിയതുതന്നെ ഭാഗ്യം. ’ അപ്പോഴേക്കും 3 മണി ആയിരുന്നു. ഇരുട്ടുന്നതിനു മുൻപ് ഏതെങ്കിലും ഗ്രാമത്തിൽ എത്തിച്ചേരുകയും വേണം. എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധനായി നിന്ന എന്നെ ആശ്വസിപ്പിച്ചുകൊണ്ട് പട്ടാളക്കാരിൽ മുതിർന്ന ഉദ്യോഗസ്ഥൻ സംസാരിച്ചു, ‘ഒരു കാര്യം ചെയ്യൂ, കാശ്മീർ ഭാഗത്തേക്കു കടന്ന് ഈ കാനനപാതയിലൂടെ തന്നെ സഞ്ചരിക്കുക. ബദർവ എന്ന മനോഹരമായ ഗ്രാമത്തിലാണ് ഈ വഴി ചെന്നെത്തുന്നത്. ഇടത്തരം ടൂറിസ്‌റ്റ് കേന്ദ്രമായതിനാൽ താമസസൗകര്യം ലഭിക്കും, ഉറപ്പ്. നാളെ രാവിലെ ഇതുവഴി തിരികെ പൊയ്ക്കോളൂ.’ ആശ്വാസമായി. ചെക്പോസ്‌റ്റിനു താഴെ പട്ടാള ബാരക്കിൽനിന്ന് ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും കഴിച്ചശേഷമേ അവിടെ നിന്നു പോകാൻ അവർ അനുവദിച്ചുള്ളു.

mini kerala kashmir1

വഴിതെറ്റിയാണെങ്കിലും പുതിയൊരു ഗ്രാമത്തിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷം ഉണ്ടായിരുന്നു. വനത്തിലൂടെ തന്നെ 10 കിലോ മീറ്റർ സഞ്ചരിച്ചപ്പോൾ മറ്റൊരു പട്ടാള ചെക്പോസ്‌റ്റ്. അവിടെ വച്ച് നാട്ടുകാരനായ ഒരു വൃദ്ധനുമായി സംസാരിച്ചു. രണ്ടാഴ്ച കഴിഞ്ഞാൽ ഞാൻ സഞ്ചരിച്ച ആ വഴിയിലൂടെ ഗതാഗതം സാധ്യമല്ലാതെവരുമത്രേ. മഞ്ഞുവീഴ്ച തുടങ്ങിയാൽ രണ്ടടി ഉയരത്തിൽ മഞ്ഞുവീണ് വഴി മൂടുമത്രേ. കാശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടപ്പിലാക്കിയ നിയമങ്ങള്‍ ജനജീവിതത്തെ ബാധിച്ചു. ടൂറിസ്‌റ്റ് സീസൺ നഷ്ടപ്പെട്ടത് ജനങ്ങളെ കൊടും ദാരിദ്ര്യത്തിലേക്കു തള്ളിയിട്ടു. ഈ അവസരം മുതലെടുക്കുന്ന ഭീകരവാദികൾ പല ഗ്രാമങ്ങളിലും ഉണ്ടെന്നാണ് ആ വൃദ്ധൻ സൂചിപ്പിച്ചത്. അദ്ദേഹത്തോട് യാത്ര പറഞ്ഞ് ബദർവ ലക്ഷ്യമാക്കി സഞ്ചാരം തുടർന്നു.

അജ്ഞാതസുന്ദരി ബദർവ

പുൽമേടുകളും കരിമലകളും ആകർഷകമായ നിറങ്ങളിലുള്ള ചെറുപൂക്കളും ആ പാതയ്ക്കു നിറം പകർന്നു. കുറച്ചു സമയം മുൻപ് കൊടുങ്കാടിനുള്ളിൽ വഴിതെറ്റി ദിശാബോധമില്ലാതെ അലഞ്ഞു തിരിഞ്ഞയാളാണ് ഇപ്പോൾ സുന്ദരസ്വപ്നംപോലെ മനോഹരമായൊരു താഴ്‌വരയിലൂടെ അജ്ഞാതമായ ഗ്രാമം തേടി സഞ്ചരിക്കുന്നത്... ഇടയ്ക്ക് ഒരു സ്ഥലത്തു വച്ച് ഒരു പട്ടാളക്കാരൻ ഓടി വന്നു വിവരങ്ങൾ ചോദിച്ചു. ആൾ മലയാളിയാണ്. കെഎൽ07 വണ്ടി കണ്ട് പരിചയപ്പെടാൻ വന്നതായിരുന്നു. 4 മണികഴിഞ്ഞപ്പോൾ ബദർവയിൽ എത്തി.

വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറുപട്ടണമാണ് ബദർവ. മിക്കവാറും സീസണുകളിൽ കാശ്മീരിലെ മഞ്ഞുവീഴ്ചയുടെ തുടക്കം ഇവിടുത്തെ താഴ്‌വരയിലാണ്. എങ്കിലും രാജ്യാന്തര ടൂറിസം രംഗത്ത് ഈ സ്ഥലം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. കശ്മീരിലെ പ്രാദേശിക സഞ്ചാരികളുടെ ഡെസ്‌റ്റിനേഷനുകളിൽ ഒന്നാണ്. കുടുംബവുമൊത്ത് വാരാന്ത്യ യാത്രയ്ക്ക് ഒട്ടേറെ പേർ തിരഞ്ഞെടുക്കുന്ന സ്ഥലവും ആണ് ബദർവ. മഞ്ഞുകാലത്ത് നീണ്ട ഒരു കാലയളവ് മഞ്ഞു മൂടിക്കിടക്കുന്നു എന്നതും ബദർവയിലേക്ക് ആളുകളെ ആകർഷിക്കുന്നു. എന്നാൽ ഞാൻ അവിടെത്തുമ്പോൾ ഇതൊക്കെ ഗതകാല പ്രൗഢിയെന്നോണമാണ് ആളുകൾ ഓർത്തെടുത്തത്.

ടൂറിസ്റ്റുകൾ ആരും എത്താത്തതിനാൽ ഹോട്ടലുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. വഴിയിൽ കണ്ടുമുട്ടിയ ഏതാനും കുട്ടികൾ എവിടെയൊക്കെയോ നടന്ന് ഒരു മുറി സംഘടിപ്പിച്ചു. ‘സീസണിൽ 3000 രൂപയൊക്കെയാണ് ചാർജ്. ഇപ്പോള്‍ സ്ഥിതി തീർത്തും മോശം. നിങ്ങൾ ഒരു രാത്രിക്ക് 500 രൂപ തന്നാൽ മതി.’ എന്നു പറഞ്ഞുകൊണ്ടാണ് ഹോട്ടലുകാരൻ ചാവി കൈമാറിയത്.

കേരളത്തിൽ എത്തി!

mini kerala kashmir5

കൂടെക്കൂടിയിരിക്കുന്ന കുട്ടികൾ കൗതുകത്തോടെ ബൈക്ക് പരിശോധിക്കുകയാണ്. ‘എവിടെ നിന്നു വരുന്നു?’ ‘കേരളത്തിൽ നിന്ന്.‍’‘അരേ! ഞങ്ങളുടെ ഈ നാടും കേരളം തന്നെ...’ കാശ്മീരിന്റെ കോണിൽ കേരളമോ? ആ കുട്ടി പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ അന്തിച്ചു നിൽക്കവേ 10ാം ക്ലാസ് വിദ്യാർഥിയായ അഫ്സൽ ഒരു പണ്ഡിതനെപ്പോലെ ചരിത്രം വിശദമാക്കാൻ തുടങ്ങി. ‘1988 ൽ ഇവിടുത്തെ അധികാരികൾ നിങ്ങളുടെ കേരളം സന്ദർശിച്ചു. സാക്ഷരതയും സ്വയംതൊഴിലും ശുചിത്വവും പാർപ്പിട സൗകര്യവും മനസ്സിലാക്കി. മടങ്ങിവന്ന് കേരളത്തെ മാതൃകയാക്കി അവ ജനങ്ങളിൽ എത്തിച്ചു. ‘‘മിനി കേരള’’ എന്ന് ഈ പ്രദേശത്തെ വിളിക്കാൻ തുടങ്ങി. കേരളത്തിലെ സാക്ഷരതാ പ്രവർത്തനത്തിനു സമാനമായ ശ്രമങ്ങളിലൂടെ ഈ മുനിസിപ്പാലിറ്റി 100 ശതമാനം സാക്ഷരതയും കൈവരിച്ചു. ഗ്രാമീണർ നിർമിക്കുന്ന വസ്ത്രങ്ങളും കരകൗശല വസ്തുക്കളും സഹകരണസംഘങ്ങളിലൂടെ വിറ്റഴിച്ചു. മികച്ച നിലവാരത്തിലുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിച്ച് ആളുകളെ പുനരധിവസിപ്പിച്ചു. ഇന്ന് അതെല്ലാം പഴങ്കയായിരിക്കുന്നു. പുതിയ അധികാരികൾ ‘‘മിനി കേരള’’ എന്ന പേര് ‘‘മിനി കാശ്മീർ’’ എന്നു മാറ്റി. ഫണ്ടുകൾ വെട്ടിക്കുറച്ചു. ’ അവകാശ നിഷേധത്തിന് എതിരേയുള്ള പ്രതിഷേധം കുട്ടികളുടെ സംസാരത്തിലും വ്യക്തമാണ്.

അറിയാതെ എത്തിയെങ്കിലും

മുറിയിൽ സാധനങ്ങളെല്ലാം വച്ച ശേഷം ബദർവ എന്ന മിനി കേരളത്തിലൂടെ ഒന്നു കറങ്ങി. ചരിത്രം എന്നു രേഖപ്പെടുത്താൻ കാര്യമായൊന്നും ആ നാട്ടിലില്ല. നാടോടിക്കഥകളിലെയും വാമൊഴി അറിവുകളിലെയും ചില ചില പരാമർശങ്ങളുണ്ട്. ഹെറ്ററി നഗർ എന്നാണത്രേ പണ്ട് ആ പ്രദേശം അറിയപ്പെട്ടിരുന്നത്. വർഷങ്ങൾക്കു മുൻപ് ഒരു പേമാരിയിൽ പൂർണമായും തകർന്നതിനുശേഷം രൂപപ്പെട്ടു വന്നതാണത്രേ ഇന്നത്തെ ബദർവ. പട്ടണത്തിൽ പല ഇടങ്ങളിലായി കാണാൻ സാധിക്കുന്ന പാറക്കല്ലുകൾ കാലങ്ങൾക്കു മുൻപുണ്ടായ പ്രകൃതി ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ഹിന്ദിയും ഉറുദുവും കാശ്മീരിയും കൂടാതെ ബദർവാഹി എന്നൊരു പ്രാദേശിക ഭാഷയും ഇവിടെ പ്രചാരത്തിലുണ്ട്. ബദർവ താഴ്‌വരയിൽ വിളവെടുക്കുന്ന രാജ്മ (വൻപയർ) രാജ്യത്തെ മുന്തിയ നിലവാരമുള്ള വൻപയറുകളിൽ ഒന്നാണ്. ഈ താഴ്‌വരയിൽ വിളയുന്ന പഴവർഗങ്ങളെ നൂറ്റാണ്ടുകൾക്കു മുൻപുള്ള ബ്രിട്ടിഷ് ഗസറ്റിയറുകളിൽ വലിയ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

വഴിതെറ്റിയാണെങ്കിലും ഏറെ പ്രത്യേകതകളുള്ള ഈ ഗ്രാമത്തിൽ എത്താൻ സാധിച്ചതിൽ വലിയ സന്തോഷം തോന്നി. മലഞ്ചെരുവിൽ പല നിറങ്ങളിലുള്ള ഗ്രാമീണഭവനങ്ങൾ മനോഹരമായ കാഴ്ച ഒരുക്കി. നമ്മുടെ കൊച്ചു സംസ്ഥാനം ഇവിടുത്തുകാർക്ക് സുപരിചിതമാണെന്ന് അറിഞ്ഞപ്പോൾ അഭിമാനം തോന്നി.

ബദർവയിലെ വൃത്തിയുള്ള ചായക്കടകളിൽ പ്രധാന വിഭവമായി കണ്ടത് കബാബ് ആയിരുന്നു. റുമാൽ റൊട്ടിയും മട്ടൻ കബാബും നല്ല ഒന്നാന്തരം രുചി... ബദർവ ഗ്രാമത്തെ തഴുകി ഒഴുകുന്ന നീരൂ നദിക്കരയിൽ ഒരു ചൂടു നീരുറവയുണ്ട്. തണുപ്പു നിറയുന്ന അന്തരീക്ഷമായിരുന്നെങ്കിലും ആ ചൂടുനീരുറവയിലെ വെള്ളത്തിൽ കുളിച്ചു കയറിയപ്പോൾ എന്തെന്നില്ലാത്ത ആനന്ദം. ഒരുപക്ഷേ, സഞ്ചാരപാതയിൽ അപ്രതീക്ഷിതമായി മാറ്റം വരുത്തേണ്ടി വന്നതും യാത്രയില്‍ ആദ്യമായി സംഭവിച്ച ചെറിയ അപകടവും പിന്നെ വഴിതെറ്റി അലഞ്ഞതും ഒക്കെ ഈ ‘കാശ്മീരി കേരളത്തെ’ കണ്ടറിയാൻ ആയിരുന്നിരിക്കാം.