Saturday 23 December 2023 04:24 PM IST

നടതുറപ്പ് മഹോത്സവത്തിനൊരുങ്ങുന്ന തിരുവൈരാണിക്കുളത്തെ തിരുനടയിൽ

Easwaran Namboothiri H

Sub Editor, Manorama Traveller

thiruvairanikkulam1 PHOTOS : Harikrishnan

ആകാശത്ത് പൊന്നൊളി വിതറി അരുണകിരണങ്ങളും പെരിയാറിൽ മുങ്ങിക്കയറിയ കുളിർ തെന്നലും തിരുമുറ്റത്ത് പ്രദക്ഷിണം വയ്ക്കവെ, കിഴക്കെ ഗോപുരനട കടന്നെത്തി ബ്രാഹ്മണിപ്പാട്ടിന്റെ ശീലുകളുമായി ബ്രാഹ്മണി അമ്മമാർ. തിരുവൈരാണിക്കുളത്തെ പാർവതീപരമേശ്വര സന്നിധിയിലേക്ക് വിശ്വാസികൾ ഒറ്റയ്ക്കും കൂട്ടമായും എത്തിച്ചേരവേ, അന്തരീക്ഷമാകെ പഞ്ചാക്ഷരീ മന്ത്രം മുഴങ്ങി.

മഹാദേവന്റെ തിരുനാളായ, ഇവിടത്തെ ദേവിയുടെ അപൂർവ ദർശന ഭാഗ്യം ലഭിക്കുന്ന സുദിനമായ ധനുമാസത്തിലെ തിരുവാതിരയിലേക്ക് എണ്ണി എടുക്കാവുന്ന ദിവസങ്ങൾ മാത്രം... തിരുവൈരാണിക്കുളത്ത് എത്തിയാൽ നടതുറപ്പ് ഉത്സവത്തിന്റെ കാര്യങ്ങളെ എല്ലാവർക്കും പറയാനുള്ളു. അപ്പോൾ ഈ തിരുവൈരാണിക്കുളം ഗ്രാമം മുഴുവൻ ഉത്സവ നാടാകും. സംസ്ഥാനത്ത് എമ്പാടുമുള്ളവർ മാത്രമല്ല, കേരളത്തിനു പുറത്തുനിന്നുള്ളവർ പോലും ദേവീദർശനത്തിനായി ഇവിടേക്ക് എത്തും. ക്ഷേത്രവും പരിസരങ്ങളും വനിതകളായ വിശ്വാസികളുടെ സാഗരമായി മാറും. വിശ്വാസവും ഐതിഹ്യവും കാഴ്ചകളും ഒരുമിക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്ര വിശേഷങ്ങൾ നടതുറപ്പ് ഉത്സവത്തിൽ മാത്രം ഒതുങ്ങുന്നതല്ല.

ദക്ഷിണ കൈലാസം

ആയിരത്തി നാനൂറിലേറെ വർഷങ്ങളുടെ പഴക്കമുള്ള മഹാക്ഷേത്രം അപൂർവതകളുള്ള പുണ്യസ്ഥലമായിട്ടാണ് കണക്കാക്കുന്നത്. ഉമാമഹേശ്വരൻമാരുടെ ഒരുമിച്ചുള്ള സാന്നിധ്യം ഈ സ്ഥലത്തെ ദക്ഷിണകൈലാസമാക്കുന്നു. വട്ടശ്രീകോവിലിൽ കിഴക്ക് ദർശനമായി ശ്രീപരമേശ്വരനും പടിഞ്ഞാറ് ദർശനമായി ശ്രീപാർവതിയും ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്നു.

thiruvairanikkulam2 തിരുവൈരാണിക്കുളം ക്ഷേത്രം

ദിവ്യാസ്ത്രങ്ങൾക്ക് തപസ് ചെയ്ത അർജുനന് പാശുപതാസ്ത്രം സമ്മാനിച്ച് സന്തുഷ്ടനായ ഭാവത്തിലാണ് ഇവിടത്തെ മഹാദേവൻ. ഉമാദേവിയാകട്ടെ, മഹാദേവനുമായുള്ള പരിണയം കഴിഞ്ഞ് വരദായിനിയായിരിക്കുന്ന ഭാവത്തിലും. ഇവിടെ ഭജിക്കുന്നവർക്ക് സർവാഭീഷ്ടങ്ങളും സാധിക്കുന്നതിന്റെ കാരണം ഈ വിശേഷ ഭാവങ്ങളാണത്രേ. ഒരു ശ്രീകോവിലിൽ ആണെങ്കിലും പരസ്പരം അനഭിമുഖമായിട്ടാണ് ശിവ പാർവതി പ്രതിഷ്ഠകൾ. എല്ലാ ദിവസവും ഭക്തർക്ക് ദർശിക്കാൻ സാധിക്കുന്നത് മഹാദേവനെ മാത്രമാണ് എന്നത് മറ്റൊരു അപൂർവത. ധനു മാസത്തിൽ തിരുവാതിര മുതൽ 12 ദിവസം മാത്രമേ ദേവിയുടെ നട തുറക്കുകയുള്ളു. ഐതിഹ്യങ്ങളുടെ നടയിൽ

ക്ഷേത്ര ഉല്‍പത്തി സമീപത്തുള്ള അകവൂർ മനയുമായി ബന്ധപ്പെട്ടിരിക്കുന്നു. പറയിപെറ്റ പന്തിരുകുലത്തിൽ ഒരാളായ ചാത്തൻ മനയിൽ ആശ്രിതനായി കഴിഞ്ഞിരുന്ന കാലം. അന്നത്തെ മുതിർന്ന ബ്രാഹ്മണൻ, ചാത്തൻ മാന്തികവിദ്യയാൽ സൃഷ്ടിച്ച കരിങ്കൽ തോണിയിൽ കയറി ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നിത്യവും പോയി തൊഴുതു വന്നിരുന്നു. എന്നാൽ, വാർധക്യം തളർത്തിയതോടെ ബ്രാഹ്മണന് അത്ര ദൂരം പോയി മഹാദേവനെ തൊഴുത് വരാൻ സാധിക്കുകയില്ല എന്ന അവസ്ഥയായി. അതോർത്ത് ദുഃഖിച്ച അദ്ദേഹത്തിനൊപ്പം ഐരാണിക്കുളം മഹാദേവൻ എഴുന്നെള്ളി വന്നു എന്നാണ് ക്ഷേത്ര ഐതിഹ്യം. പിൽക്കാലത്ത് ഈ പ്രദേശത്ത് ദേവചൈതന്യം കണ്ടെത്തി ഇന്നത്തെ ക്ഷേത്രസ്ഥാനത്ത് പ്രതിഷ്ഠ നടത്തി.

ആ കാലങ്ങളിൽ എന്നും രണ്ടു നടകളും തുറന്നിരുന്നു. അക്കാലത്ത് നിവേദ്യം തയാറാക്കാൻ വേണ്ടസാധനസാമഗ്രികൾ തിടപ്പള്ളിയിൽ എടുത്ത് വെച്ച് ശാന്തിക്കാരൻ വാതിൽ ചാരി ശ്രീകോവിലിലേക്ക് പോരും. നിവേദ്യത്തിന്റെ സമയമാകുമ്പോൾ ശാന്തിക്കാരൻ തിടപ്പള്ളിയിലെത്തുമ്പോഴേക്ക് അവിടെ പായസവും മറ്റും തയാറായിട്ടുണ്ടാകും. പരമേശ്വരനു വേണ്ടി പാർവതീ ദേവി സ്വയം പാകം ചെയ്യുന്നു എന്നാണ് വിശ്വാസം. ഒരിക്കൽ അകവൂർ നമ്പൂതിരിപ്പാട് ഇതിന്റെ രഹസ്യം അറിയാൻ തിടപ്പള്ളിയുടെ വാതിൽ തുറന്ന് നോക്കി. സർവാഭരണ വിഭൂഷിതയായ പാർവതീ ദേവി നിവേദ്യം തയാറാക്കുന്നതു കണ്ട് അദ്ദേഹം ഭക്തി പൂർവം ദേവിയെ തൊഴുതു. പക്ഷേ, ദേവി ക്രുദ്ധയായി. ആചാരം തെറ്റിച്ചതുകൊണ്ട് തന്റെ സാന്നിദ്ധ്യം ഇനി ക്ഷേത്രത്തിലുണ്ടാകില്ല എന്നറിയിച്ചു. അകവൂർ നമ്പൂതിരിപ്പാട് ക്ഷമാപണത്തോടെ നടത്തിയ പ്രാർഥന സ്വീകരിച്ച ദേവി വർഷം തോറും ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ 12 ദിവസം തന്റെ ദർശനം ഇവിടെ ലഭിക്കുമെന്ന് അറിയിച്ചു. അങ്ങനെ 12 ദിവസങ്ങളൊഴികെ മറ്റു ദിവസങ്ങളിൽ പടിഞ്ഞാറെ നട അടഞ്ഞു കിടക്കുകയായി.

thiruvairanikkulam5 ബലിക്കൽപുര

പെരുന്തച്ചന്റെ കരവിരുത്

ശിവവാഹനമായ നന്ദിയെ പ്രതിഷ്ഠിച്ച മണ്ഡപത്തിന് അപ്പുറം ശ്രീകോവിൽ നടയിൽ നിന്ന് മഹാദേവനെയും പടിഞ്ഞാറേ നടയിൽ അടഞ്ഞ വാതിലുകൾക്ക് പിറകിലുള്ള ദേവീസാന്നിധ്യത്തെയും തൊഴുത് പ്രദക്ഷിണം പൂർത്തിയാക്കി. കിഴക്കെ നടയിലൂടെ പുറത്തേക്ക് ഇറങ്ങവേയാണ് ബലിക്കൽപുരയുടെ മുകളിലെ കൊത്തുപണികളോടു കൂടിയ തട്ട് ശ്രദ്ധിക്കുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ മറ്റൊരു അംഗമായ പെരുന്തച്ചന്റെ മാന്ത്രിക കരങ്ങൾ കൊത്തിയതാണ് അതെന്നു കരുതുന്നു. അർജുനൻ പാശുപതാസ്ത്രം നേടുന്ന കഥയും രാമായണത്തിലെ പുത്രകാമേഷ്ടി മുതൽ പട്ടാഭിഷേകം വരെയുള്ള സന്ദർഭങ്ങളുമാണ് കൊത്തുപണിയിലുള്ളത്. ഈ ക്ഷേത്ര മതിൽക്കെട്ട് അപൂർവമായ ദേവസംഗമ ഭൂമി കൂടിയാണ്. ദക്ഷപുത്രിയും മഹാദേവ പത്നിയുമായിരുന്ന സതീ ദേവിയുടെയും ഭദ്രകാളിയുടെയും ഉപക്ഷേത്രങ്ങൾ ഇവിടെയുണ്ട്. സതീദേവി ക്ഷേത്രങ്ങൾ തന്നെ അപൂർവമാണ്, സതീ ദേവിയും പാർവതീ ദേവിയും ഒരേ സങ്കേതത്തിൽ കുടികൊള്ളുന്നത് അത്യപൂർവവും.

thiruvairanikkulam6 പെരുന്തച്ചന്റെ മാന്ത്രിക കരങ്ങൾ കൊത്തിയ ബലിക്കൽപുരയുടെ തട്ട്

ഞായറാഴ്ചകളിലും തിരുവാതിര നാളുകളിലും മംഗല്യസിദ്ധിക്കായി നടത്തുന്ന ഉമാമഹേശ്വര പൂജയാണ് ഇവിടത്തെ മറ്റൊരു വിശേഷത. നാലമ്പലത്തിനകത്ത്, പാർവതീപരമേശ്വരൻമാരെ പ്രത്യേകം പൂജിക്കുന്ന സന്ദർഭത്തിൽ ബ്രാഹ്മണിപ്പാട്ടും നടക്കും. ‌

thiruvairanikkulam4 ഉമാമഹേശ്വര പൂജയും ബ്രാഹ്മണിപ്പാട്ടും

നടതുറപ്പ് മഹോത്സവം

കേരളത്തിലെ സ്ത്രീകളുടെ ഉത്സവമായ ധനുമാസ തിരുവാതിരയിലാണ് നടതുറപ്പ് ഉത്സവം ആരംഭിക്കുന്നത്. അന്ന് വൈകുന്നേരം അകവൂർ മനയിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങും. രാത്രി എട്ടു മണിയോടെ ആചാരപരമായ ചടങ്ങുകളോടെ ശ്രീകോവിലിന്റെ പടിഞ്ഞാറെ വാതിൽ തുറക്കും. സർവാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ദേവീരൂപം ഒരു നോക്ക് കാണാൻ ആയിരക്കണക്ക് ആളുകൾ അപ്പോൾ ക്ഷേത്ര സങ്കേതത്തിലുണ്ടാകും. തുടർന്നുള്ള പതിനൊന്ന് ദിവസങ്ങളിൽ ശ്രീകോവിലിലും പുറത്ത് പ്രത്യേകം തയാറാക്കുന്ന പാട്ടുപുരയിലുമായി ദേവിയെ ദർശിക്കാം.

thiruvairanikkulam3 പടിഞ്ഞാറെ നടപ്പന്തൽ

പാട്ടുപുരയിലായിരിക്കുമ്പോൾ ദേവിക്കു വേണ്ടി ബ്രാഹ്മണിപ്പാട്ടുകൾ പാടിക്കൊണ്ടിരിക്കും. ഈ ദിവസങ്ങളിൽ ദേവീ സാന്നിധ്യത്തിനൊപ്പം കഴിയുന്ന ബ്രാഹ്മണി അമ്മമാരെ ദേവിയുടെ തോഴിമാരായി കണക്കാക്കുന്നു. ആ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തി തൊഴുന്നവർക്ക് ഐശ്വര്യവും ശ്രേയസ്സുമുള്ള കുടുംബജീവിതവും മംഗല്യഭാഗ്യവും നൽകി പാർവതീ ദേവി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ഈ വർഷത്തെ നടതുറപ്പ് ഉത്സവം ഡിസംബർ 26 മുതൽ 2024 ജനുവരി ആറ് വരെയാണ്. വിശ്വാസത്തിന്റെ കുളിർമയും ഐതിഹ്യങ്ങളുടെ സുഗന്ധവും പകരുന്ന നറുചന്ദനമാണ് തിരുവൈരാണിക്കുളം ക്ഷേത്ര സങ്കേതം.

ദേവന്റെ ചൈതന്യം ആദ്യമായി കണ്ട ശ്രീമൂലസ്ഥാനവും അകവൂർ മനയും ക്ഷേത്രത്തിനു സമീപം തന്നെ. ക്ഷേത്ര ട്രസ്റ്റ് ഏറ്റെടുത്തു നടത്തുന്ന സ്കൂളും ഹോസ്പിറ്റലും വഴിയരികിൽ തന്നെ കാണാം. കഥകളും ചരിത്രവും ചേർത്ത് പിടിച്ച് ഒഴുകുന്ന പെരിയാറിന്റെ തീരത്ത് എത്തിയാൽ ആദിശങ്കരന്റെ ജൻമഭൂമിയിലേക്കോ കോടനാട് ആനവളർത്തൽ കേന്ദ്രത്തിലേക്കോ സഞ്ചാരം തുടരാം ഇവിടെ നിന്നു ലഭിച്ച ആത്മവിശുദ്ധിയുമായി... .

How to Reach

ഈ വർഷത്തെ നടതുറപ്പ് ഉത്സവം ഡിസംബർ 26 മുതൽ 2024 ജനുവരി ആറ് വരെയാണ്.

ആലുവ–പെരുമ്പാവൂർ റൂട്ടിൽ മാറമ്പിള്ളി ജംക്‌ഷനിൽ നിന്ന് വടക്കോട്ട് തിരിഞ്ഞ് ശ്രീമൂലം പാലം വഴി ഒരു കിലോമീറ്റർ. ദേശീയപാതയിൽ നിന്ന് ദേശം, ചൊവ്വര, ശ്രീമൂലനഗരം വഴി ക്ഷേത്രത്തിലെത്താം.

സമീപ റെയിൽവേ സ്റ്റേഷൻ–ആലുവ സമീപ റെയിൽവേ സ്‌റ്റേഷൻ ആലുവ

ദർശനം സുഗമമാക്കാൻ വെർച്വൽ ക്യൂ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. www.thiruvairanikkulamtemple.org ആണ് ബുക്കിങ് സൈറ്റ്.

സ്വകാര്യ വാഹനങ്ങളിൽ എത്തിച്ചേരുന്നവർക്ക് ദേവസ്വം പാർക്കിങ് ഗ്രൗണ്ടുകളായ സൗപർണിക, കൃഷ്ണഗിരി, കൈലാസം എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യാം. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന തീർഥാടകർക്ക് പാർക്കിങ് സ്ലോട്ടും ബുക്ക് ചെയ്യാം.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Travel Stories