Saturday 26 June 2021 03:45 PM IST : By Text | Photo: Russel Shahul

‘‘കുപ്പത്തൊട്ടിയിലെ ഭക്ഷണത്തിനു കാത്തു നിന്ന ലക്ഷ്മണൻ: അവൻ ചിരിച്ചപ്പോൾ ഞങ്ങളുടെ കണ്ണു നിറഞ്ഞു’’

1 - manali

ന്യൂ ഡൽഹിയിൽ നിന്ന് കുളു മനാലിയിലേക്കൊരു കാർ യാത്ര , ഉച്ച ഭക്ഷണവും കഴിഞ്ഞ് പുറപ്പെട്ടപ്പൊേഴക്കും വൈകിട്ട് നാലായി . ജോലി കഴിഞ്ഞ് മടങ്ങുന്നവരുടെ വാഹന നിര പിന്നിട്ട് , അംബാല ഹൈവേയിലേക്ക്. ‌ രണ്ടിടത്ത് ഭക്ഷണത്തിനായി നിർത്തി. രാത്രി അല്പം ഉറങ്ങിയിട്ട് വണ്ടി ഓടിക്കാം എന്നു പറഞ്ഞെങ്കിലും ഡ്രൈവർ ചൗധരി ചുണ്ടിലൊരു നാടൻ പാട്ടും പാടി ഇന്നോവ പറത്തുകയാണ്. ഇടയ്ക്കൊന്നു നിർത്തി ബീഡി പുകയ്ക്കും. രണ്ട് നേരമായി ഒരു ഔൺസ് വലുപ്പത്തിലുള്ള രണ്ട് ഗ്ലാസ് ചായ മാത്രം കുടിച്ചാണ് നാല് സംസ്ഥാനങ്ങൾ താണ്ടി 550 കിലോ മീറ്റർ വണ്ടി ഓടിച്ചത്. അംബാലയും , കുരുക്ഷേത്രയും പണ്ടു ചെറിയ ക്ലാസുകളിൽ കേട്ട പേരുകൾ പിന്നിട്ട യാത്ര. ഡൽഹിയിൽ നിന്ന് ഹരിയാനയും പഞ്ചാബും കടന്ന് ഹിമാചലിലേക്ക് .

നിലാവും മേഘങ്ങളും

ഹിമാലയത്തിനും മേലെ നിലാവിനെ മായ്ക്കുന്ന മേഘ പടലങ്ങൾ നിഴൽ ചിത്രമെഴുതിയ രാവ്. പുലർച്ചെ 3 ന് അടയ്ക്കാനൊരുങ്ങുന്ന ഒരു കടയുടെ വെളിച്ചം കണ്ട് ചൗധരി വണ്ടിയൊതുക്കി. ഹിമാലയം കയറിക്കൊണ്ടിരിക്കുന്നു എന്ന് അപ്പോഴാണ് അറിഞ്ഞത്. ഉറക്കം വിട്ട് പുറത്തേക്കിറങ്ങി , ശരീരം സെ്വറ്ററിലേക്ക് ചുരുങ്ങിപ്പോകുന്ന തണുപ്പ് . കടയിലൂടെ ഒഴുകിയിറങ്ങുന്ന കാട്ടു ചോലയിൽ നിന്നെടുത്ത വെള്ളത്തിലെ കട്ടൻ കാപ്പിയും മുളക് ബിസ്ക്കറ്റും ! ഉറക്കം കുടഞ്ഞെറിഞ്ഞു , തണുപ്പും ! ഹോ , അതൊരു അനുഭവമായിരുന്നു !

6 - manali

പിന്നെ ഉറങ്ങിയും ഉറങ്ങാതെയും , മഞ്ഞ് വീണ മല നിരകൾ കണ്ട് മുന്നോട്ട് , ബിയാസ് നദി റോഡിന് വലതു വശത്തു കൂടെ പളുങ്ക് പോലെ ഒഴുകുന്നു. ആകാര ഭീമനായ ഹിമാലയം വിസ്മയിപ്പിച്ച് കണ്ണിനു വഴങ്ങാതെ ഉയർന്നു നിൽക്കുന്നു. വയനാടൻ മലകളും ഇടുക്കിയിലെ ഹൈറേഞ്ചും കണ്ട കണ്ണുകൾക്കിത് അവിശ്വസനീയ കാഴ്ച. ഭൂട്ടാൻ , ചൈന , ഇന്ത്യ , നേപ്പാൾ , പാകിസ്ഥാൻ ആറ് രാജ്യങ്ങളിലൂടെ കടന്നു പോകുന്ന ലോകത്തിലെ വലിയ പർവതം. സിക്കിം , അരുണാചൽ പ്രദേശ് , നാഗാലാന്റ് , മേഘാലയ , ഹിമാചൽ പ്രദേശ് , കശ്മീർ എന്നീ സംസ്ഥാനങ്ങളിലുടെ ഇന്ത്യയിലുടെ വടക്കേ അതിർത്തിയിൽ കോട്ട കെട്ടുന്നു. അതിലൂടെ ഞാനിതാ പ്രിയ മിത്രങ്ങൾ സന്തോഷ് ജോൺ തുവലിനും പി.വി.കുട്ടനുമൊപ്പം സഞ്ചരിക്കുന്നു.

ഇതിനിടെ മല തുരന്ന് എലി പോകുന്ന പോലെ കാർ ഒരു ടണലിലൂടെ കടന്നു പോയി , പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പ്രധാന മന്ത്രി മറ്റൊരു ടണൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തെന്നറിഞ്ഞു .

ആപ്പിൾ വിളയുന്ന താഴ്‍വര

വഴിയിലൊരു കർഷക കുടുംബത്തിലേക്ക് നടന്നു കയറി , അവരെ വീടീനു മുന്നിലിരുത്തി ഒരു ഗ്രൂപ്പ് ഫോട്ടോ. ബ്രിട്ടീഷുകാർ ആപ്പിൾ നട്ടു . ആപ്പിളും , പ്ലം , പീർ എന്നിവയും രുചിയോടെ വിളയുന്ന ഹിമവാന്റെ മടിത്തട്ട്. സാൽമണനോട് സാമ്യമുള്ള ട്രൗട്ട് മത്സ്യം പുഴയിലെ രുചിയേറിയ വിഭവം. മൈനസ് 7 വരെ താഴുന്ന രാത്രികളാണ് മണാലിയെന്ന ചെറു പട്ടണത്തിലേത്. എൻഎച്ച് 1 – അംബാല , പിന്നെ എൻഎച്ച് 22 ചണ്ഡീഗഡ് , 21 ബിലാസ് പുർ , സുന്ദർ നഗർ , മണ്ടി , കുളു പിന്നിട്ട് മണാലിയിലെത്തി .

വൈകിട്ട് താമസിക്കുന്ന ഹോട്ടൽ മുറിയിലെ ജനാല തെന്നിത്തുറന്നപ്പോൾ , നേർത്ത മഴ പെയ്യുന്നു. കുട പിടിച്ചും ഇല്ലാതെയും കുട്ടികൾ അടുത്ത സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള ചെറു കയറ്റം കയറുന്നു. ഇത് കണ്ട് കുടയുമായി ഇറങ്ങി വരുന്ന അമ്മമാർ . തണുത്ത തെരുവുകളുടെ കാഴ്ചകൾ തേടി നൂൽ വിരിച്ച പോലെ പെയ്യുന്ന മഴയിലൂടെ ഞങ്ങൾ നടന്നു. നോർത്ത് ഈസ്റ്റ് സുന്ദരിമാർ നടത്തുന്ന മസാജ് പാർലറുകളുടെ ബോർഡുകൾ വഴി നീളെ. ചിക്കൻ ഫ്രൈ തൂക്കി വിൽക്കുന്ന ഭക്ഷണ ശാലയിൽ വെച്ച് പരിചയപ്പെട്ടവൾ വെറോണിക്ക , 4 വർഷമായി സ്വന്തം സ്ഥാപനം നടത്തുന്നു , അമ്മയും അനുജനും ഏക ആശ്രയം. മേഘാലയയിലെ വീട്ടിലേക്ക് കൃത്യമായി പണം അയക്കുന്നതിൽ അവൾ അഭിമാനിക്കുന്നു.

2 - manali

വെയിലിൽ തിളങ്ങുന്ന ഹിമവാൻ

രാവിലെ മുറിയുടെ ജനാല കർട്ടൻ നീക്കിയപ്പോൾ കണ്ടത് വിസ്മയിപ്പിക്കുന്ന കാഴ്ച . മഞ്ഞിൻ തലപ്പിൽ വെയിലേറ്റ് തിളങ്ങി നിൽക്കുന്ന ഹിമാലയ ശൃഗം , ആഹ്ലാദം ഇരട്ടിച്ചു . പ്രാതൽ കഴിച്ച് ഉടനെ ഇറങ്ങി പുറം കാഴ്ചകൾ കാണാൻ.

കുട്ടികളൊക്കെ സ്കൂളിൽ പോകുവാൻ വഴിയിലേക്കിറങ്ങി നിൽക്കുന്ന കൗതുക കാഴ്ചയാണ്. പ്രതീക്ഷയുടെ പ്രകാശവുമായി കുഞ്ഞിക്കണ്ണുകൾ. എല്ലാവർക്കും സെ്വറ്ററും ഓവർ കോട്ടും ഒപ്പം സ്കൂൾ ബസ് എത്തുന്നതു വരെ അമ്മമാരുടെ കരുതലും.

മഞ്ഞിൻ തണുപ്പിൽ നിന്ന് രക്ഷ തേടി യുണിഫോമിന്റെ മൂന്നു മേലുടുപ്പണിഞ്ഞിരുന്നു അവരെല്ലാം. കുന്നിറങ്ങി വന്നൊരു മുത്തഛന്റെ പുറത്തോട് ചേർന്ന് രണ്ട് കണ്ണുകൾ എത്തി നോക്കുന്നു. അപരിചിതരെപ്പോലും കൗതുകത്തെടെയും ആദരവോടെയും നോക്കുന്ന ഗ്രാമീണർ . അധികം ജന സംഖ്യയില്ലാത്ത് പട്ടണം ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്നതിന്റെ കരുതലാവാം ആ മുഖങ്ങളിൽ , അല്ലെങ്കിൽ അതവരുടെ നാട്ടു മര്യാദ.

സോലാങ് വാലിയിലെ മഞ്ഞ്

ചൂടൻ ഉടുപ്പുകൾ വാടകയ്ക്ക് കൊടുക്കുന്നിടത്തും കളിക്കാറുമായി ഒരു കുരുന്ന്് , കടത്തിണ്ണയിൽ ഓടിച്ച് കളിക്കുന്നു. നായ്ക്കളും കുട്ടികളും വഴിയിൽ കാണുന്ന നായ്ക്കൾ പോലും കുരുന്നുകളെ കൗതുകത്തോടെ നോക്കുന്ന പോലെ. സോളാങ് വാലിയിലെത്തി കുതിര സവാരിയും മഞ്ഞിൽക്കളിയും , വെലിയിൽ പ്രകാശിക്കുന്ന മഞ്ഞ് മലകൾക്ക് എന്തു ചന്തമാണ്.

മടങ്ങുന്ന വഴി കലാത്തിൽ ബിയാസ് നദിയിയിലെ തേരണങ്ങൾ അണിയിച്ച നടപ്പാലത്തിനു കീഴിൽ ചെറു തടയണ ഒരുക്കി കുളിക്കുന്ന സ്ത്രീകളും കുട്ടികളും. സ്ത്രീകളൊക്കെ തുണി കഴുകിയെടുക്കുന്നു. പൂവിട്ട ആപ്പിൾ , പ്ലം മരങ്ങൾക്കിടയിലൂടെ ഓടിക്കളിക്കുന്ന കുട്ടികൾ. ഇവിടെ തുണിക്കട നടത്തുന്ന രാജസ്ഥാൻ കാരനും കുടുംബവുമാണ് , അവധി ദിവസമായതിനാൽ ഔട്ടിങിന് ഇറങ്ങിയതാണ്.

ബിയാസിലൂടെ റാഫ്റ്റിങ് സംഘം ഉല്ലസിച്ച് പായുന്നു . ബിസി 326 ൽ അലക്സാണ്ടറുടെ കിഴക്കേ അതിർത്തി ഈ നദീ തടം വരെയായിരുന്നു , അലക്സാണ്ടറുടെ പടയോട്ടത്തെ തടഞ്ഞു നിർത്തിയ നദി. കുളു താഴ്‍വരയുടെ വടക്കേ അറ്റത്തെ റോത്താങ് പാസിൽ നിന്ന് ഉത്ഭവിച്ച് സിന്ധു നദിയിൽ ലയിക്കുന്നു.

കരളുലച്ച സങ്കട ബാല്യം

3 - manali

കലാത്തിനു അല്പം കൂടി മുന്നിലായി റിവർ റാഫ്റ്റിങ് ബുക്കിങ് ബോർഡുകൾക്ക് അടുത്തായി ബബേലിയിൽ ഉച്ച ഭക്ഷണം കഴിക്കാൻ നിർത്തി , ചാർളീസ് കിച്ചൻ – പഞ്ചാബി ആൻഡ് വെജ് , പഞ്ചാബി തന്നെ കഴിക്കാം എന്നു വിചാരിച്ചു , സമയം മൂന്നര . തുഴച്ചിലിന് ഇറങ്ങുന്നവർക്ക് തുഴക്കാരൻ നിർദ്ദേശം കൊടുക്കുന്നത് അല്പ നേരം നോക്കി നിന്നപ്പോഴാണ് ഉച്ചയ്ക്കും ശീതക്കാറ്റ് വീശിയടിക്കുന്ന നദിക്കരയിൽ ഞങ്ങൾ ചോളം ചുട്ടത് വാങ്ങിയ ശേഷം പാതി കടിച്ച് കളഞ്ഞത് ശ്രദ്ധിച്ചു കൊണ്ടൊരു ബാലൻ. മഞ്ഞു മലയിൽ ട്രക്കിങ്ങിനു പോകുന്നവർ വാടകയ്ക്ക് എടുക്കുന്ന പോലൊരു മുഷിഞ്ഞ കുട്ടിക്കുപ്പായം . കയ്യിലൊരു ഒടിഞ്ഞ പങ്കായം , അവനു ചേരാത്തൊരു ഗം ബൂട്ട് കാലിലുണ്ട് , ഒറ്റക്കാഴ്ചയിൽ തന്നെ അവൻ ആരുടെയും കരളുലയ്ക്കും , അലക്ഷ്യമായി ആരോ ഉപേക്ഷിച്ചു പോയ സങ്കട ബാല്യം പോലൊരു കുരുന്ന്.

അവന്റെ വിളറിയ കണ്ണുകൾ ഞങ്ങളെ പിന്തുടരുകയാണ് , അടുത്തു വിളിച്ച് പേരു ചോദിച്ചു ‘ ലക്ഷ്മൺ ’ . ഇവിടെ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് വിശക്കുന്നുണ്ടന്നും രാവിലെ ഒന്നും കഴിച്ചില്ലെന്നും സങ്കടത്തോടെ പറഞ്ഞു. വല്ലായ്മ കണ്ട് നെറ്റിയിൽ തെട്ടപ്പോൾ നല്ല ചൂട് , തണുപ്പത്ത് നിൽക്കാതെ വീട്ടിൽ പോകാൻ പറഞ്ഞപ്പോൾ വീടു ദുരെയാണന്നും , വീട്ടിൽ ഇപ്പോൾ പോയാൽ അമ്മ അടിക്കുമെന്നവൻ പറഞ്ഞു , 3 മണി നേരത്തെ വെയിലിലും പനിയിൽ വിറയ്ക്കുന്ന ചുണ്ടുമായി അവൻ അതു തന്നെ ആവർത്തിച്ചു.

ചാർളീസിൽ ഒപ്പം ഇരുത്തി കഴിച്ച ശേഷം കൂടുതൽ ചോദിച്ചപ്പോൾ ഹോട്ടലുകാർ പറഞ്ഞു , ഇവിടെ ഇടയ്ക്ക് വരുന്ന പയ്യനാണ് . ലക്ഷ്മണെക്കുറിച്ച് മറ്റൊന്നും അവർക്കറിയില്ല , കൂടുതലൊന്നും ലക്ഷ്മണും പറഞ്ഞില്ല.

4 - manali

വയറു നിറഞ്ഞ് സംതൃപ്തിയോടെ ചിരിക്കുന്ന ലക്ഷ്മണെ പിതൃ നിർവിശേഷമായ സ്നേഹത്തൊടെ സന്തോഷ് കെട്ടിപ്പിടിച്ചു , അതിലേറെ വാത്സ്യല്യത്തോടെ ഞാനവനെ ക്യാമറയിലുടെ കണ്ടു. കണ്ടു നിന്ന കുട്ടനും ഉള്ളിലുയർന്ന വിഷാദം കടിച്ചമർത്തി , നേരം വൈകുന്നതിൽ ചൗധരി ആശങ്കപ്പെട്ട് എന്തോ പുലമ്പുന്നുണ്ട് , അയാളുടെ നാട്ടു ഭാഷയിലെ പുലഭ്യമാവണം . നാളെ രാവിലെ 10 മണിയോടെ ന്യൂഡൽഹി വിമാനത്താവളത്തിന് അടുത്തെത്തണം രാത്രി മുഴുവൻ കണ്ണു ചിമ്മാതെ ഓടിയാലെ ഹിമാലയം ഇറങ്ങാൻ പറ്റൂ. കാറിൽ കയറിയിട്ടും കുറെ നേരം ഞങ്ങളൊന്നും സംസാരിച്ചില്ല , അപരിചിതരെപ്പോെല ബിയാസ് നദിയെയും ദൂരെ മലഞ്ചരുവിലെ ചിനാർ മരങ്ങളെയും പക്ഷികൾ പറക്കാത്ത ആകാശത്തെയും നോക്കിയിരുന്നു.

ഇടത്തേ കാതിൽ കടുക്കനിട്ട അവനിപ്പോൾ 3 വയസു കൂടി വളർന്നിട്ടുണ്ടാകും , എന്തെടുക്കയാവും ഈ ലോക് ഡൗൺ കാലത്ത് ലക്ഷ്മണിപ്പോൾ . സ്കൂളിൽ പോയി പഠിക്കുന്ന മിടുക്കനായി വളരുന്നുണ്ടാവും , പഠനം കഴിഞ്ഞവൻ വലിയ ആളായി ജോലി തേടി ബിയാസ് നദിയിലെ പാറക്കൂട്ടത്തിലുടെ റാഫ്റ്റ് തുഴഞ്ഞ് പോകട്ടെ , അതുമല്ലങ്കിൽ അവനൊരു വലിയ ജോലിക്കാരനായി വരട്ടെ , എവിടായാലും അവന്റെ അമ്മയുടെ സങ്കടം അകറ്റുന്ന ഒരു മകനായി വളരുന്നുണ്ടാകും ...

പിറ്റേന്ന് ഉച്ചക്ക് ശേഷമാണ് മടക്ക ടിക്കറ്റ് , മടക്കം മണ്ടിയിൽ ഹോട്ടൽ നടത്തുന്ന സുകേഷ് ഭക്ഷണം ഒരുക്കിയിരുന്നു , കണ്ണൂർ കണ്ണപുരം കാരനാണ് , മണ്ടിയുടെ മരുമകനായി കഴിയുന്നു.

5 - manali

കുട്ടന്റെ ബന്ധു അഞ്ജനപ്പുഴ സ്വദേശി എൻഎസ്ജി കമാൻഡോ സുരേഷിന്റെ ക്വാട്ടേഴ്സിലേക്ക് , എയർ പോർട്ടിന് തൊട്ടടുത്ത് , കുത്തരിച്ചോറും മീനും കോഴിക്കറിയും കൂട്ടി ഉൗണ് . വീട്ടിൽ നിന്നിറങ്ങിയിട്ട് അധികമായില്ലെങ്കിലും ചോറും നാടൻ കറികളും മറു നാട്ടിൽ കിട്ടുന്നത് അനുഭവിച്ചറിയണം.

മനസിൽ ബിയാസിന്റെ കളകളാരവം മഞ്ഞിന്റെ കരിമ്പടത്തിന് ഇരുട്ടിനൊപ്പം കടുപ്പമേറുന്നു. പുഴയോട് ചേർന്ന ഇരിപ്പിടത്തിൽ തണുപ്പ് അലിയിക്കുന്ന അന്തരീക്ഷം , ഇരുട്ടിലും ശക്തമായ സാന്നിധ്യമറിയിച്ച് ബിയാസ് ഒഴുകുന്നു. ജനലിലുടെ നദിക്ക് അക്കരെയുള്ള മിന്നാ മിന്നി വെളിച്ചം പോലെ മല മുകളിലെ വീടുകൾ . ഞങ്ങൾ ന്യൂ ഡൽഹിയോട് യാത്ര പറയുകയാണ് .