Tuesday 22 June 2021 03:30 PM IST : By Staff Reporter

‘യോദ്ധ’യിൽ അശോകനും അപ്പുക്കുട്ടനും ഏറ്റുമുട്ടിയത് ഇവിടെയാണ്: പഗോഡകളുടെ നേപ്പാൾ

1 - nepal

തൈപ്പറമ്പിൽ അശോകനും അരിശുംമൂട്ടിൽ അപ്പുക്കുട്ടനും കുട്ടിമാമയെ കാണാൻ പൊക്രയിൽ പോയ സമയത്ത് നേപ്പാളിൽ നല്ല തണുപ്പായിരുന്നു. ബുദ്ധ ക്ഷേത്രങ്ങളുടെ പൂമുഖത്തും പഗോഡകൾക്കു ചുറ്റുമുള്ള വിശാലമായ പറമ്പുകളിലും സഞ്ചരിച്ച് അശോകനും അപ്പുക്കുട്ടനും യോദ്ധയിലൂടെ മലയാളികളെ ഒരുപാടു ചിരിപ്പിച്ചു. ഹിമാലയത്തിൽ നിന്നുള്ള മഞ്ഞിന്റെ കുളിരണിയുന്ന നേപ്പാളിന്റെ പ്രകൃതി കാഴ്ചയുടെ പുതിയ അനുഭവമാണ്. ഗൂർക്ക ദർബാർ പാലസ്, ഗോരക്നാഥ് ഗുഹ, ഉപൽകോട്ട് വ്യൂ പോയിന്റ് തുടങ്ങി പുരാതന നിർമിതികളും നിരവധി ക്ഷേത്രങ്ങളും നേപ്പാളിലുണ്ട്. നേപ്പാളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ചുറ്റിക്കറങ്ങാൻ മൂന്നു ദിവസം മതി. ഉത്തരേന്ത്യയിലേക്കുള്ള പാക്കേജ് ടൂറിനു ചിലവാക്കുന്നത്രയും പണം മാറ്റിവച്ചാൽ സുഖമായി പോയി വരാം. ഗൂർക്കകളുടെ നാട് സന്ദർശിക്കാൻ ഇന്ത്യയിൽ നിന്നുള്ളവർക്കു പാസ്പോർട്ട് ആവശ്യമില്ല.

നേപ്പാൾ രാജവംശത്തിന്റെ ജന്മനാടാണ് ഗോർക്ക. അവിടുത്തെ അരോഗദൃഢഗാത്രരായ ചെറുപ്പക്കാരെ ബ്രിട്ടിഷുകാർ കായികാഭ്യാസം പരിശീലിപ്പിച്ച് സൈന്യത്തിന്റെ മുൻനിരയിൽ നിർത്തി. ഗോർക്കയിലെ ധീരന്മാരായ ചെറുപ്പക്കാർക്ക് ഇംഗ്ലിഷുകാർ ‘ഗൂർക്ക’ എന്നു പേരിട്ടു. കാഠ്മണ്ഡു താഴ്‌വരയുടെ ഗ്രാമ ഭംഗിയാണ് ഗോർക്കയുടെ ആകർഷണം. ഗോർക്ക രാജവംശത്തിലെ ആദ്യത്തെ ഭരണാധികാരിയായ പൃഥ്വി നാരായൺ ഷായുടെ ജന്മദേശമാണു ഗോർക്ക. കാഠ്മണ്ഡു–പൊക്ര ദേശീയ പാതയിലൂടെയുള്ള യാത്രയിൽ സഞ്ചാരികൾക്ക് മുടക്കിയ പണം മുതലാകും. ദർബാർ പാലസാണ് ഈ പാതയോരത്തെ വലിയ കാഴ്ച. നേപ്പാളിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രമായ മനകമന ക്ഷേത്രവും ഇവിടെയാണ്.

ഗോർക്കയിൽ നിന്നു പൊക്രയിലേക്ക് ട്രെക്കിങ് ആരംഭിച്ചതോടെ നേപ്പാളിലേക്ക് യാത്രികരുടെ ഒഴുക്കാണ്. ട്രെക്കിങ് ഉൾപ്പെടുന്ന പത്തു ദിവസത്തെ ടൂറിസം പാക്കേജുകളുണ്ട്. നേപ്പാളിലെ പരമ്പരാഗത ഗ്രാമങ്ങളിലൂടെയുള്ള യാത്ര 1700 വർഷം പഴക്കമുള്ള സംസ്കാരങ്ങളും ആചാര രീതികളും കണ്ടറിയാൻ വഴിയൊരുക്കുന്നു. ഗോർക്കയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഹോട്ടലും ചെലവു കുറഞ്ഞ രീതിയിൽ താമസിക്കാവുന്ന ഹോം േസ്റ്റകളുമുണ്ട്. ദാൽ–ഭട്ടും സൂപ്പും പോലെയുള്ള പരമ്പരാഗത വിഭവങ്ങൾ കഴിച്ചാൽ ഭക്ഷണ ചെലവ് ചെറിയ ബജറ്റിലൊതുക്കാം. അരിയിൽ പച്ചക്കറികൾ വിതറി പുഴുങ്ങിയ ദാൽ–ഭട്ട് നേപ്പാളിന്റെ ട്രെഡീഷണൽ ഫൂഡ‍് എന്ന പേരിൽ പ്രശസ്തമാണ്.

നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

ഗോർക്ക ബസാർ: നേപ്പാൾ വംശജരുടെ കരകൗശല ഉത്പന്നങ്ങളാണ് മാർക്കറ്റിന്റെ ഭംഗി. രാവിലെ മുതൽ നേരം ഇരുട്ടുന്നതുവരെ ഇവിടെ വിനോദസഞ്ചാരികളുടെ തിരക്കാണ്. കാടും കാടുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരും തയാറാക്കുന്ന പലതരം കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമൊക്കെ ഇവിടെ കിട്ടും.

ഗോർക്ക ദർബാർ: ചരിത്ര പ്രാധാന്യമുള്ള കൊട്ടാരം നേപ്പാളിലെ ഗോർക്ക രാജവംശത്തിന്റെ പ്രതാപം എടുത്തു കാണിക്കുന്നു. കൊട്ടാരത്തിലെത്താൻ ബസ്സിറങ്ങിയ ശേഷം ഒരു മണിക്കൂർ നടക്കണം. കൊട്ടാരത്തിന്റെ പടിഞ്ഞാറു ഭാഗത്തായി അതിർത്തിയിലാണ് ഗോരാഖലി ക്ഷേത്രം. ദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം നേപ്പാളുകാരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. കൊട്ടാരം നിൽക്കുന്ന കുന്നിൻ ചെരിവിലെ വ്യൂ പോയിന്റുകളിൽ നിന്നാൽ ഗോർക്ക പട്ടണത്തിന്റെ മനോഹരമായ ദൃശ്യം ക്യാമറയിൽ പകർത്താം.

2 - nepal

ഗോരകനാഥ ഗുഹ: നേപ്പാളിന്റെ ആദിമ വംശമായ ഛേത്രികളുടെ വിശ്വാസങ്ങളിൽ തിളങ്ങി നിൽക്കുന്ന സ്ഥലമാണ് ഗോരകനാഥ ഗുഹ. ലോകത്തെമ്പാടുമുള്ള ബ്രാഹ്മണർ ഈ ഗുഹയെ പുണ്യ കേന്ദ്രമായി കരുതുന്നു. പാറ തുരുന്നുണ്ടാക്കിയിട്ടുള്ള ഗുഹ ഗോർക്ക പട്ടണത്തിനടുത്താണ്. പരമശിവന്റെ അവതാരമെന്നു വിശ്വസിക്കപ്പെടുന്ന ഗോരകനാഥന്റെ ധ്യാന കേന്ദ്രമായിരുന്നു ഈ ഗുഹയെന്നാണ് ഐതിഹ്യം.

ഉപൽകോട്ട്: മഞ്ഞു പുതച്ച ഹിമാലയത്തിന്റെ വൈഡ് ആംഗിൾ ഫോട്ടോ എടുക്കാൻ അനുയോജ്യമായ സ്പോട്ടാണ് ഉപൽകോട്ട്. ഗോർക്ക കൊട്ടാരത്തിൽ നിന്ന് ഇരുപതു മിനിറ്റു നടന്നാൽ ഉപൽകോട്ടിലെത്താം. ഹിമാലയത്തിന്റെ വ്യൂ കിട്ടുന്ന സ്ഥലം എന്ന നിലയ്ക്കാണ് ഉപൽകോട്ട് അറിയപ്പെട്ടത്.

മനകമന ക്ഷേത്രം: കാഠ്മണ്ഡു–പൊക്ര ദേശീയ പാതയിലുള്ള അൻപു ഖയിരേനിയിൽ നിന്നാണ് മനകമന ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത്. ക്ഷേത്രത്തിന്റെ മുറ്റത്ത് എത്താൻ ഖയിരേനിയിൽ നിന്നു നാലു മണിക്കൂർ നടക്കണം. ആഗോള തലത്തിൽ പ്രശസ്തമായ മനാകമന ക്ഷേത്രം കാണാൻ ആഗ്രഹിക്കുന്ന യാത്രികർ ദൂരമൊരു പ്രശ്നമായി കണക്കാക്കുന്നില്ല.