Monday 19 April 2021 02:25 PM IST : By സ്വന്തം ലേഖകൻ

അടിയും ഭീഷണിയും കുട്ടിയുടെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും; മക്കളെ തല്ലി വളർത്തുന്ന മാതാപിതാക്കൾ അറിയാൻ

beat-beltt

കുസൃതി കാണിച്ചതിന് ഒരടിയെങ്കിലും വാങ്ങാത്ത കുട്ടികളുണ്ടാകില്ല. തല്ലി വളർത്തിയാലേ മക്കൾ നേരായ പാതയിൽ സഞ്ചരിക്കൂ എന്നൊരു വിശ്വാസം മാതാപിതാൾക്കൾക്കിടയിലുണ്ട്. ചെറിയ കുസൃതികള്‍ക്കുപോലും മക്കളെ കഠിനമായി തല്ലുന്ന മാതാപിതാക്കളുണ്ട്. 

തല്ലു കൊടുത്തും ഭീഷണിപ്പെടുത്തിയും മക്കളെ നേർവഴിയ്ക്ക് നടത്താമെന്ന് കരുതുന്നവരാണ് ഇവര്‍. എന്നാല്‍ കുട്ടികളെ തല്ലി വളര്‍ത്തുന്നത് അവരുടെ തലച്ചോറിന്റെ ശരിയായ വികസനത്തെ ബാധിക്കുമെന്ന് ഹാര്‍വഡിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ചൈല്‍ഡ് ഡവലപ്‌മെന്റ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

മൂന്നു മുതല്‍ 11 വരെ വയസ്സിന് ഇടയിലുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. നിരന്തരം തല്ല് കിട്ടി വളരുന്ന കുട്ടികൾക്ക് ഭാവിയില്‍ ഉത്കണ്ഠ, വിഷാദരോഗം, പെരുമാറ്റ വൈകല്യങ്ങള്‍ തുടങ്ങി മറ്റ് മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. 

ഈ കുട്ടികളുടെ തലച്ചോറിന്റെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സ് മേഖലയിലെ ഒന്നിലധികം ഭാഗങ്ങളില്‍ നാഡീവ്യൂഹപരമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് തീരുമാനങ്ങള്‍ എടുക്കാനും സാഹചര്യങ്ങളെ വിലയിരുത്താനുമുള്ള കുട്ടികളുടെ ശേഷിയെ ബാധിക്കാനും സാധ്യതയുണ്ട്.

അമേരിക്കയില്‍ അടുത്തിടെ നടന്ന ഒരു പഠനത്തില്‍ മാതാപിതാക്കളില്‍ പകുതിപ്പേരും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടികളെ ഒരിക്കലെങ്കിലും തല്ലിയിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു ആഴ്ചയ്ക്കിടെ കുട്ടികളെ തല്ലിയത് സര്‍വേയില്‍ പങ്കെടുത്ത മാതാപിതാക്കളില്‍ മൂന്നിലൊന്ന് പേരാണ്. 

Tags:
  • Mummy and Me
  • Parenting Tips